വിവരങ്ങള്‍ കാണിക്കുക

ആരായി​രു​ന്നു ധനവാ​നും ലാസറും?

ആരായി​രു​ന്നു ധനവാ​നും ലാസറും?

ബൈബി​ളി​ന്റെ ഉത്തരം

 യേശു പറഞ്ഞ ഒരു കഥയിലെ രണ്ടു കഥാപാ​ത്ര​ങ്ങ​ളാണ്‌ ധനവാ​നും ലാസറും. (ലൂക്കോസ്‌ 16:19-31) ഈ രണ്ടു പേർ രണ്ടു കൂട്ടം ആളുക​ളെ​യാണ്‌ ചിത്രീ​ക​രി​ച്ചത്‌: (1) യേശു​വി​ന്റെ കാലത്തെ അഹങ്കാ​രി​ക​ളായ ജൂതമ​ത​നേ​താ​ക്ക​ന്മാർ. (2) എളിയ​വ​രെ​ങ്കി​ലും യേശു​വി​ന്റെ സന്ദേശം സ്വീക​രിച്ച ആത്മാർഥ​ത​യുള്ള ആളുകൾ.

ഈ ലേഖന​ത്തിൽ

 ധനിക​നായ മനുഷ്യ​നെ​യും ലാസറി​നെ​യും കുറിച്ച്‌ യേശു എന്താണ്‌ പറഞ്ഞത്‌?

 ലൂക്കോസ്‌ 16-ാം അധ്യാ​യ​ത്തിൽ ജീവി​ത​സാ​ഹ​ച​ര്യ​ത്തിൽ വലിയ മാറ്റങ്ങൾ സംഭവി​ക്കുന്ന രണ്ടു പേരെ​ക്കു​റിച്ച്‌ യേശു പറഞ്ഞു.

 യേശു പറഞ്ഞ കഥയുടെ ചുരുക്കം ഇതാണ്‌: ആഢംബ​ര​ത്തോ​ടെ സുഖിച്ച്‌ ജീവി​ച്ചി​രുന്ന ഒരു ധനികൻ ഉണ്ടായി​രു​ന്നു. ലാസർ എന്നു പേരുള്ള ഒരു യാചക​നും ഉണ്ടായി​രു​ന്നു. ധനികന്റെ മേശപ്പു​റ​ത്തു​നിന്ന്‌ എന്തെങ്കി​ലും ഭക്ഷണം വീണു​കി​ട്ടു​ന്ന​തും കാത്ത്‌ ഈ യാചകൻ അയാളു​ടെ പടിവാ​തിൽക്കൽ ഇരുന്നു. അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ലാസർ മരിച്ചു. ദൂതന്മാർ അദ്ദേഹത്തെ എടുത്തു​കൊ​ണ്ടു​പോ​യി അബ്രാ​ഹാ​മി​ന്റെ അരികിൽ ഇരുത്തി. പിന്നീട്‌ ധനിക​നും മരിച്ചു. അയാളെ അടക്കം ചെയ്‌തു. മരിച്ചു​പോ​യെ​ങ്കി​ലും ഈ രണ്ടു പേർക്കും കാര്യ​ങ്ങ​ളൊ​ക്കെ കാണാ​നും അറിയാ​നും സംസാ​രി​ക്കാ​നും കഴിയു​ന്ന​താ​യാണ്‌ ഈ കഥയിൽ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. മരണ​ശേഷം ധനികൻ തീജ്വാ​ല​യിൽ കിടന്ന്‌ യാതന അനുഭ​വി​ക്കു​ന്നു. ഒരിറ്റു വെള്ളം നൽകി നാവിനെ തണുപ്പി​ക്കാൻ ലാസറി​നെ അയയ്‌ക്കാ​മോ എന്ന്‌ അദ്ദേഹം അബ്രാ​ഹാ​മി​നോ​ടു ചോദി​ക്കു​ന്നു. എന്നാൽ അബ്രാ​ഹാം അതിനു സമ്മതി​ക്കു​ന്നില്ല. രണ്ടു പേരു​ടെ​യും സാഹച​ര്യ​ങ്ങൾ നേരെ തിരി​ഞ്ഞെ​ന്നും രണ്ടു പേർക്കും ഇടയിൽ കടന്നു​ചെ​ല്ലാൻ പറ്റാത്തത്ര വലിയ ഒരു ഗർത്തം ഉണ്ടായി​രി​ക്കു​ക​യാ​ണെ​ന്നും അബ്രാ​ഹാം പറഞ്ഞു.

 ശരിക്കും നടന്ന ഒരു സംഭവ​മാ​ണോ ഇത്‌?

 അല്ല. ഒരു പ്രധാ​ന​പ്പെട്ട പാഠം പഠിപ്പി​ക്കാൻ യേശു ഉപയോ​ഗിച്ച ഒരു ദൃഷ്ടാ​ന്തകഥ മാത്ര​മാണ്‌ ഇത്‌. ഈ വസ്‌തുത പണ്ഡിത​ന്മാർപോ​ലും അംഗീ​ക​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ലൂഥർ ബൈബി​ളി​ന്റെ (മലയാ​ള​ത്തിൽ ലഭ്യമല്ല) 1912-ലെ പതിപ്പിൽ ഇത്‌ ഒരു ദൃഷ്ടാ​ന്ത​ക​ഥ​യാണ്‌ എന്ന ഉപതല​ക്കെ​ട്ടുണ്ട്‌. ഇനി, കത്തോ​ലി​ക്ക​രു​ടെ യെരൂ​ശ​ലേം ബൈബി​ളി​ന്റെ (ഇംഗ്ലീഷ്‌) ഒരു അടിക്കു​റി​പ്പിൽ പറയു​ന്നത്‌ ഇത്‌ “ചരി​ത്ര​ത്തി​ലെ ഏതെങ്കി​ലും വ്യക്തിയെ പരാമർശി​ക്കാ​തെ കഥാരൂ​പ​ത്തി​ലുള്ള ഒരു ഉപമ മാത്ര​മാണ്‌” എന്നാണ്‌.

 മരണ​ശേ​ഷ​വും ഒരു ജീവിതം ഉണ്ടെന്ന്‌ യേശു പഠിപ്പി​ക്കു​ക​യാ​യി​രു​ന്നോ? മരിച്ചു​ക​ഴിഞ്ഞ്‌ ചിലർ തീനര​ക​ത്തിൽ യാതന അനുഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അബ്രാ​ഹാ​മും ലാസറും സ്വർഗ​ത്തിൽ പോ​യെ​ന്നും ആണോ യേശു ഉദ്ദേശി​ച്ചത്‌? അത്‌ അങ്ങനെയല്ല എന്ന്‌ പല വസ്‌തു​ത​ക​ളും തെളി​യി​ക്കു​ന്നു.

 ഉദാഹ​ര​ണ​ത്തിന്‌:

  •   ധനിക​നായ മനുഷ്യൻ ശരിക്കും തീനര​ക​ത്തിൽ ആയിരു​ന്നെ​ങ്കിൽ ലാസർ ഒരു തുള്ളി വെള്ളവു​മാ​യി ചെല്ലു​മ്പോൾ ആ വെള്ളം ആവിയാ​യി പോകു​മാ​യി​രു​ന്നി​ല്ലേ?

  •   ഇനി ആ വെള്ളം ആവിയാ​യി പോയി​ല്ലെ​ങ്കിൽത്തന്നെ ശരിക്കുള്ള തീയിൽ കിടന്ന്‌ വേദന അനുഭ​വി​ക്കുന്ന ആ മനുഷ്യന്‌ ഒരു തുള്ളി വെള്ളം കിട്ടി​യ​തു​കൊണ്ട്‌ എന്താകാ​നാണ്‌?

  •   യേശു ഭൂമി​യിൽ ആയിരി​ക്കെ പറഞ്ഞത്‌ അതുവരെ ആരും സ്വർഗ​ത്തി​ലേക്കു കയറി​യി​ട്ടില്ല എന്നാണ്‌. അപ്പോൾപ്പി​ന്നെ അബ്രാ​ഹാം എങ്ങനെ​യാണ്‌ സ്വർഗ​ത്തിൽ ജീവ​നോ​ടെ ഉണ്ടായി​രി​ക്കുക?—യോഹ​ന്നാൻ 3:13.

 ഈ കഥ അഗ്നിന​ര​ക​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്ക​ലി​നെ പിന്താ​ങ്ങു​ന്നു​ണ്ടോ?

 ഇല്ല. ഇത്‌ ശരിക്കു​മുള്ള ഒരു കഥയ​ല്ലെ​ങ്കി​ലും, നല്ല ആളുകൾ സ്വർഗ​ത്തിൽ പോകു​മെ​ന്നും മോശം ആളുകൾ തീനരകത്തിൽ a യാതന അനുഭ​വി​ക്കു​മെ​ന്നും ഈ കഥ സൂചി​പ്പി​ക്കു​ന്നു​ണ്ട​ല്ലോ എന്നാണ്‌ ചിലരു​ടെ വാദം.

 അങ്ങനെ ചിന്തി​ക്കു​ന്നതു ശരിയാ​യി​രി​ക്കു​മോ? അല്ല.

 കാരണം തീനര​ക​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ മരിച്ചു​പോ​യ​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യ​വു​മാ​യി ചേരു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, എല്ലാ നല്ല ആളുക​ളും സ്വർഗ​ത്തിൽ പോയി സന്തോ​ഷ​ത്തോ​ടെ കഴിയു​മെ​ന്നോ മോശം ആളുകൾ അഗ്നിന​ര​ക​ത്തിൽ യാതന അനുഭ​വി​ക്കു​മെ​ന്നോ അതു പറയു​ന്നില്ല. പകരം ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കു​മെന്ന്‌ അറിയു​ന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നില്ല.”—സഭാ​പ്ര​സം​ഗകൻ 9:5.

 ധനവാ​നെ​യും ലാസറി​നെ​യും കുറി​ച്ചുള്ള കഥയുടെ അർഥം എന്താണ്‌?

 രണ്ടു കൂട്ടം ആളുക​ളു​ടെ ജീവി​ത​ത്തിൽ പെട്ടെ​ന്നു​തന്നെ വരാനി​രുന്ന ഒരു വലിയ മാറ്റ​ത്തെ​ക്കു​റി​ച്ചാണ്‌ ഈ കഥ പറഞ്ഞത്‌.

 ധനിക​നാ​യ മനുഷ്യൻ ചിത്രീ​ക​രി​ച്ചത്‌ തെളി​വ​നു​സ​രിച്ച്‌ അന്നത്തെ “പണക്കൊ​തി​യ​ന്മാ​രായ” ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​യാണ്‌. (ലൂക്കോസ്‌ 16:14) യേശു പറഞ്ഞ കാര്യ​ങ്ങ​ളൊ​ക്കെ അവർ കേട്ടു. പക്ഷേ യേശു പറഞ്ഞ സന്ദേശത്തെ അവർ എതിർത്തു. സാധാ​ര​ണ​ക്കാ​രായ ആളുകളെ വളരെ പുച്ഛ​ത്തോ​ടെ​യാണ്‌ ഈ മതനേ​താ​ക്ക​ന്മാർ കണ്ടിരു​ന്നത്‌.—യോഹ​ന്നാൻ 7:49.

 ലാസർ ചിത്രീ​ക​രി​ച്ചത്‌ യേശു​വി​ന്റെ സന്ദേശം സ്വീക​രിച്ച സാധാ​ര​ണ​ക്കാ​രായ ആളുക​ളെ​യാണ്‌, ജൂതമ​ത​നേ​താ​ക്ക​ന്മാർ അവജ്ഞ​യോ​ടെ കണ്ടിരു​ന്ന​വരെ.

 രണ്ടു കൂട്ടരു​ടെ​യും സാഹച​ര്യ​ത്തിൽ വന്ന മാറ്റം വളരെ വലുതാ​യി​രു​ന്നു.

  •   ജൂതമ​ത​നേ​താ​ക്ക​ന്മാർ ചിന്തി​ച്ചി​രു​ന്നത്‌ ദൈവ​ത്തി​ന്റെ പ്രീതി തങ്ങൾക്കുണ്ട്‌ എന്നാണ്‌. എന്നാൽ യേശു​വി​ന്റെ സന്ദേശം സ്വീക​രി​ക്കാ​തി​രുന്ന അവരെ​യും അവരുടെ ആരാധ​ന​യെ​യും ദൈവം തള്ളിക്ക​ള​ഞ്ഞ​പ്പോൾ അവർക്കു മരണം സംഭവി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നു. ഇനി, അവർ യാതന അനുഭ​വി​ക്കാൻ ഇടയാ​ക്കി​യത്‌ എന്താണ്‌? യേശു​വും യേശു​വി​ന്റെ അനുഗാ​മി​ക​ളും അറിയിച്ച സന്ദേശം.—മത്തായി 23:29, 30; പ്രവൃ​ത്തി​കൾ 5:29-33.

  •   മതനേ​താ​ക്ക​ന്മാർ കാലങ്ങ​ളാ​യി അവഗണി​ച്ചി​ട്ടി​രുന്ന സാധാ​ര​ണ​ക്കാ​രായ ആളുകൾക്ക്‌ ഇപ്പോൾ ദൈവത്തെ അറിയാ​നും ദൈവ​ത്തോട്‌ അടുക്കാ​നും ഉള്ള അവസരം ലഭിച്ചു. യേശു പഠിപ്പിച്ച തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള സന്ദേശം അവരിൽ പലരും സ്വീക​രി​ക്കു​ക​യും അതിൽനിന്ന്‌ പ്രയോ​ജനം നേടു​ക​യും ചെയ്‌തു. അങ്ങനെ അവർക്ക്‌ എന്നെന്നും ദൈവ​പ്രീ​തി​യിൽ ആയിരി​ക്കാ​നുള്ള അവസരം തുറന്നു​കി​ട്ടി.—യോഹ​ന്നാൻ 17:3.

a പി.ഒ.സി. പോലുള്ള ചില ബൈബിൾ പരിഭാ​ഷകൾ, മരണ​ശേഷം ധനവാൻ ആയിരി​ക്കുന്ന സ്ഥലത്തെ സൂചി​പ്പി​ക്കാൻ “നരകം” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. എന്നാൽ ലൂക്കോസ്‌ 16:23-ൽ ശരിക്കും ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം (ഹേഡിസ്‌) മനുഷ്യ​വർഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി​യെ മാത്ര​മാണ്‌ അർഥമാ​ക്കു​ന്നത്‌.