ബൈബിളിൽ എന്തെങ്കിലും മാറ്റങ്ങളോ തിരിമറികളോ വരുത്തിയിട്ടുണ്ടോ?
ഇല്ല. നശിച്ചുപോകുന്ന വസ്തുക്കളിലാണ് ബൈബിൾ പകർത്തിയെഴുതിയത് എങ്കിലും ബൈബിളിന്റെ പുരാതന കൈയെഴുത്തുപ്രതികൾ ഒത്തുനോക്കിയാൽ അതിന് അടിസ്ഥാനപരമായി യാതൊരു മാറ്റവും വന്നിട്ടില്ലെന്നു മനസ്സിലാക്കാനാകും.
അതിന് അർഥം ബൈബിൾപകർപ്പുകളിൽ ഒരു തെറ്റും വന്നിട്ടില്ലെന്നാണോ?
പല നൂറ്റാണ്ടുകളിലായി പകർത്തിയ ആയിരക്കണക്കിന് പുരാതന ബൈബിൾ കൈയെഴുത്തുപ്രതികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പലതിലും ഏതാനും വ്യത്യാസങ്ങൾ കാണാം. അത് സൂചിപ്പിക്കുന്നത് പകർപ്പെഴുത്തിൽ ചില തെറ്റുകൾ വന്നിട്ടുണ്ടെന്നാണ്. എന്നാൽ ഈ വ്യത്യാസങ്ങളിൽ ഭൂരിഭാഗവും വളരെ നിസ്സാരമാണ്. അത് മൂലപാഠത്തിന്റെ അർഥം മാറ്റിയിട്ടുമില്ല. പക്ഷേ ചില സ്ഥലങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കാണാം. അത് അനേകവർഷങ്ങൾക്കു മുമ്പ് ബൈബിളിന്റെ സന്ദേശത്തിൽ മാറ്റങ്ങൾ വരുത്താൻ മനഃപൂർവം നടത്തിയ ശ്രമങ്ങളായിരുന്നു. രണ്ട് ഉദാഹരണങ്ങൾ കാണാം:
ചില പഴയ ബൈബിൾ പരിഭാഷകളിൽ 1 യോഹന്നാൻ 5:7-ൽ ഇങ്ങനെ കാണാം: “സ്വർഗത്തിലെ പിതാവ്, വചനം, പരിശുദ്ധാത്മാവ്: ഇവർ മൂന്നു പേരും ഒന്നാണ്.” പക്ഷേ ആശ്രയയോഗ്യമായ ചില കൈയെഴുത്തുപ്രതികൾ പരിശോധിച്ചാൽ ഈ വാക്കുകൾ മൂലപാഠത്തിൽ ഇല്ല എന്ന കാര്യം നമുക്ക് മനസ്സിലാകും. ഇവ പിന്നീട് കൂട്ടിച്ചേർത്തതാണ്. a അതുകൊണ്ട് ആശ്രയയോഗ്യമായ ആധുനിക ബൈബിൾപരിഭാഷകൾ ഇവ ഒഴിവാക്കിയിരിക്കുന്നു.
ബൈബിളിന്റെ പഴയ കൈയെഴുത്തുപ്രതികളിൽ ആയിരക്കണക്കിനു പ്രാവശ്യം ദൈവത്തിന്റെ പേര് കാണാൻ കഴിയും. എന്നിട്ടും ധാരാളം ബൈബിൾഭാഷാന്തരങ്ങളിൽ ആ പേരിനു പകരം “കർത്താവ്” എന്നും “ദൈവം” എന്നും കൊടുത്തിരിക്കുന്നു.
ഇനിയും പല തെറ്റുകൾ കണ്ടെത്തുകയില്ലെന്ന് എന്താണ് ഉറപ്പ്?
ഇന്ന് ധാരാളം കൈയെഴുത്തുപ്രതികൾ കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മുമ്പെന്നത്തെക്കാൾ എളുപ്പത്തിൽ തെറ്റുകൾ കണ്ടുപിടിക്കാം. b ഈ കൈയെഴുത്തുപ്രതികൾ താരതമ്യം ചെയ്താൽ ഇന്നു നമ്മുടെ കൈയിലുള്ള ബൈബിളിന്റെ കൃത്യതയെക്കുറിച്ച് എന്തു മനസ്സിലാക്കാം?
(“പഴയ നിയമം” എന്നു പൊതുവെ അറിയപ്പെടുന്ന) എബ്രായതിരുവെഴുത്തുകളെക്കുറിച്ച് വില്യം എച്ച്. ഗ്രീൻ എന്ന പണ്ഡിതൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “മറ്റൊരു പുരാതനകൃതിയും ഇത്ര കൃത്യതയോടെ കൈമാറപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം.”
പുതിയ നിയമം അഥവാ ഗ്രീക്കുതിരുവെഴുത്തുകളെക്കുറിച്ച് ബൈബിൾപണ്ഡിതനായ എഫ്. എഫ്. ബ്രൂസ് ഇങ്ങനെ എഴുതി: “വിശ്വപ്രസിദ്ധരായ ഗ്രന്ഥകാരന്മാരുടെ എഴുത്തുകൾ ആധികാരികമാണ് എന്നതിനുള്ള തെളിവുകളെക്കാൾ അധികമാണു പുതിയ നിയമം ആധികാരികമാണ് എന്നതിനുള്ള തെളിവുകൾ. അതു ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ആരും സ്വപ്നത്തിൽപ്പോലും ചിന്തിക്കുന്നില്ല.”
ബൈബിൾ കൈയെഴുത്തുപ്രതികളെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിയുന്ന പ്രമുഖനായ ഒരു വ്യക്തിയാണ് സർ ഫ്രഡൈറിക് കെനിയൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഒരു വ്യക്തിക്കു “മുഴു ബൈബിളും കൈയിൽ പിടിച്ചുകൊണ്ട് സാരാംശ കാര്യങ്ങൾക്കു നഷ്ടം ഭവിക്കാതെ നൂറ്റാണ്ടുകളിലുടനീളം തലമുറകൾ കടന്നുവന്നിട്ടുള്ള ദൈവത്തിന്റെ സത്യ വചനമാണ് തന്റെ കൈയിലിരിക്കുന്നതെന്നു ഭയമോ സംശയമോ കൂടാതെ പറയാൻ കഴിയും.”
ബൈബിൾ കൃത്യമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നെന്ന് ബോധ്യത്തോടെ പറയാൻ കഴിയുന്നതിന്റെ മറ്റ് എന്തൊക്കെ കാരണങ്ങളുണ്ട്?
ജൂതപകർപ്പെഴുത്തുകാരും ക്രിസ്തീയപകർപ്പെഴുത്തുകാരും ദൈവത്തിന്റെ ജനം വരുത്തിയ ഗുരുതരമായ പിശകുകൾ അവരുടെ പകർപ്പെഴുത്തുകളിൽനിന്ന് ഒഴിവാക്കിയില്ല. c (സംഖ്യ 20:12; 2 ശമുവേൽ 11:2-4; ഗലാത്യർ 2:11-14) അതുപോലെ ജൂതജനത കാണിച്ച അനുസരണക്കേടിനെയും അവരുടെ മനുഷ്യനിർമിതമായ പഠിപ്പിക്കലിനെയും കുറ്റപ്പെടുത്തുന്ന ബൈബിൾഭാഗങ്ങളും അവർ അങ്ങനെതന്നെ നിലനിറുത്തി. (ഹോശേയ 4:2; മലാഖി 2:8, 9; മത്തായി 23:8, 9; 1 യോഹന്നാൻ 5:21) ഈ വിവരണങ്ങൾ കൃത്യമായി പകർത്തി എഴുതിയപ്പോൾ പകർപ്പെഴുത്തുകാർ അവരുടെ വിശ്വസ്തതയും ദൈവത്തിന്റെ പവിത്രവചനത്തോടുള്ള ആദരവും ആണ് പ്രകടമാക്കിയത്.
ബൈബിൾ എഴുതാൻ ദൈവം പ്രചോദിപ്പിച്ചെങ്കിൽ അതിന്റെ കൃത്യതയും ദൈവം ഉറപ്പുവരുത്തും എന്നു ചിന്തിക്കുന്നത് ന്യായമല്ലേ? d (യശയ്യ 40:8; 1 പത്രോസ് 1:24, 25) അതിനുപുറമേ, മുമ്പ് ജീവിച്ചിരുന്ന ആളുകൾ മാത്രമല്ല ഇന്നുള്ളവരും അതിൽനിന്ന് പ്രയോജനം നേടാൻ ദൈവം ആഗ്രഹിക്കുന്നു. (1 കൊരിന്ത്യർ 10:11) അതെ, “മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമുക്കുവേണ്ടിയാണ്. അതായത്, നമ്മളെ പഠിപ്പിക്കാനും അങ്ങനെ നമ്മുടെ സഹനത്താലും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്.”—റോമർ 15:4.
യേശുവും അനുഗാമികളും ഹീബ്രു തിരുവെഴുത്തുകളുടെ പകർപ്പുകളിൽനിന്ന് അവയുടെ കൃത്യത സംശയിക്കാതെ ഉദ്ധരിച്ചു.—ലൂക്കോസ് 4:16-21; പ്രവൃത്തികൾ 17:1-3.
a ഈ വാചകങ്ങൾ കോഡക്സ് സൈനാറ്റിക്കസ്, കോഡക്സ് അലക്സാൻഡ്രിനസ്, 1209-ലെ വത്തിക്കാൻ കൈയെഴുത്തുപ്രതി, തനത് ലാറ്റിൻ വൾഗേറ്റ് , ഫിലോക്സെനിയൻ-ഹാർക്ലീൻ സുറിയാനി പതിപ്പ്, സുറിയാനിയിലുള്ള പ്ശീത്താ എന്നിവയിൽ കാണുന്നില്ല.
b ഉദാഹരണത്തിന്, പുതിയ നിയമം എന്ന് അറിയപ്പെടുന്ന ഗ്രീക്ക് തിരുവെഴുത്തുകളുടെ 5,000-ത്തിലധികം ഗ്രീക്ക് കൈയെഴുത്തുപ്രതികൾ കണ്ടെടുത്തിട്ടുണ്ട്.
c ദൈവത്തിന്റെ മനുഷ്യപ്രതിനിധികൾക്ക് തെറ്റ് വരില്ലെന്ന് ബൈബിൾ ഒരിക്കലും പറയുന്നില്ല. ഒരു പ്രധാനപ്പെട്ട വസ്തുത ബൈബിൾ തിരിച്ചറിയിക്കുന്നു: “പാപം ചെയ്യാത്ത മനുഷ്യരില്ലല്ലോ.”—1 രാജാക്കന്മാർ 8:46.
d ദൈവവചനത്തിലെ ഓരോ വാക്കുകളും ദൈവം പറഞ്ഞുകൊടുക്കുകയായിരുന്നില്ല. മനുഷ്യ എഴുത്തുകാരുടെ ചിന്തകളെ ദൈവം നയിച്ചു.—2 തിമൊഥെയൊസ് 3:16, 17; 2 പത്രോസ് 1:21.