വിവരങ്ങള്‍ കാണിക്കുക

ഇന്നത്തെ ആളുകൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്കു​മെന്ന്‌ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടോ?

ഇന്നത്തെ ആളുകൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്കു​മെന്ന്‌ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഉണ്ട്‌. നമ്മുടെ ഈ കാലത്ത്‌ പൊതു​വെ ആളുക​ളു​ടെ സ്വഭാവം വളരെ മോശ​മാ​കു​മെന്ന്‌ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. അങ്ങനെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളൊ​ക്കെ തരംതാ​ണു​പോ​യിട്ട്‌ സമൂഹം അധഃപ​തി​ക്കു​മെന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. a (2 തിമൊ​ഥെ​യൊസ്‌ 3:1-5) എന്നാൽ അപ്പോ​ഴും ധാർമി​ക​നി​ല​വാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാത്ത കുറെ ആളുകൾ ഉണ്ടായി​രി​ക്കു​മെന്ന്‌ ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ സഹായം​കൊണ്ട്‌ അവർ മോശ​മായ സ്വഭാ​വ​ഗു​ണ​ങ്ങ​ളൊ​ക്കെ മാറ്റി​യെ​ടു​ക്കു​ന്നു. ദൈവ​ത്തിന്‌ ഇഷ്ടപ്പെട്ട രീതി​യിൽ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും അവർ പഠിക്കു​ന്നു.—യശയ്യ 2:2, 3.

ഈ ലേഖന​ത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യും:

 നമ്മുടെ കാലത്തെ ആളുക​ളു​ടെ ചിന്താ​രീ​തി​ക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും കുറിച്ച്‌ ബൈബിൾ എന്തൊ​ക്കെ​യാണ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ള്ളത്‌?

 നമ്മുടെ കാലത്തെ ആളുക​ളു​ടെ മോശ​മായ പല സ്വഭാ​വ​രീ​തി​ക​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും കുറിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നുണ്ട്‌. അതി​ന്റെ​യെ​ല്ലാം അടിസ്ഥാ​നം സ്വാർഥ​ത​യാണ്‌. ആളുകൾ “ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും,” “സ്വസ്‌നേ​ഹി​ക​ളും,” “ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും” ആയിരി​ക്കു​മെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌.—2 തിമൊ​ഥെ​യൊസ്‌ 3:2-4.

 ഈ പ്രവച​ന​ത്തിൽ പറയു​ന്ന​തു​പോ​ലെ​യാണ്‌ ഇന്നത്തെ ആളുക​ളും. സ്വന്തം കാര്യം നടക്കണം എന്ന ഒറ്റ ചിന്തയേ അവർക്കു​ള്ളൂ. ‘എന്റെ ഇഷ്ടങ്ങൾ, എന്റെ താത്‌പ​ര്യ​ങ്ങൾ, എന്റെ ആഗ്രഹങ്ങൾ.’ ഇതില​പ്പു​റം ഒന്നും അവർക്കില്ല. അവർ ജീവി​ക്കു​ന്നത്‌ അവർക്കു​വേണ്ടി മാത്ര​മാണ്‌. ‘സ്വന്തം കാര്യം സിന്ദാ​ബാദ്‌’ എന്നൊരു മനോ​ഭാ​വം. അവർ അങ്ങേയറ്റം സ്വാർഥ​രാ​യ​തു​കൊണ്ട്‌ ‘നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രാണ്‌.’ നല്ല ഗുണങ്ങ​ളൊ​ന്നും അവർക്ക്‌ ഇഷ്ടപ്പെ​ടാൻ കഴിയു​ന്നില്ല. അവർ “നന്ദിയി​ല്ലാ​ത്ത​വ​രും” ആണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:2, 3) ആര്‌ എന്തു ചെയ്‌തു​കൊ​ടു​ത്താ​ലും നന്ദി കാണി​ക്ക​ണ​മെന്ന്‌ അവർക്കു തോന്നു​ന്നേ ഇല്ല. ഒന്നി​നോ​ടും നന്ദിയും വിലമ​തി​പ്പും ഇല്ലാത്ത ഒരു മനോ​ഭാ​വം.

 നമ്മുടെ കാലത്തി​ന്റെ പ്രത്യേ​ക​ത​യാ​യി ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന വേറെ​യും സ്വഭാ​വ​രീ​തി​ക​ളുണ്ട്‌. അവയു​ടെ​യും അടിസ്ഥാ​നം സ്വാർഥ​ത​യാണ്‌. അവയിൽ ചിലതി​നെ​ക്കു​റി​ച്ചാണ്‌ താഴെ പറയു​ന്നത്‌:

  •   അത്യാ​ഗ്ര​ഹി​കൾ. ‘പണക്കൊ​തി​യു​ള്ളവർ’ ഇന്നു ധാരാ​ള​മുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:2) കുറെ വരുമാ​നം ഉണ്ടാക്കുക, വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടുക. ഇതൊ​ക്കെ​യാണ്‌ അവരുടെ ലക്ഷ്യം. അതാണ്‌ ജീവി​ത​വി​ജയം എന്നാണ്‌ അവരുടെ വിശ്വാ​സം.

  •   അഹങ്കാ​രി​കൾ. “പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും” “അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും” ആണ്‌ പലരും. (2 തിമൊ​ഥെ​യൊസ്‌ 3:2, 4) അങ്ങനെ​യു​ള്ളവർ തങ്ങൾക്കുള്ള കഴിവു​ക​ളെ​യോ ഗുണങ്ങ​ളെ​യോ സമ്പത്തി​നെ​യോ കുറി​ച്ചൊ​ക്കെ ഊതി​പ്പെ​രു​പ്പിച്ച്‌ പൊങ്ങച്ചം പറയും.

  •   പരദൂ​ഷണം പറയു​ന്നവർ. ഇന്ന്‌ ഒരുപാ​ടു പേർ “ദൈവ​നി​ന്ദ​ക​രും” “പരദൂ​ഷണം പറയു​ന്ന​വ​രും” ആണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:2, 3) ദൈവ​ത്തെ​യോ മറ്റ്‌ ആളുക​ളെ​യോ നിന്ദി​ക്കു​ക​യും അവരെ​ക്കു​റിച്ച്‌ ഇല്ലാത്തത്‌ പറയു​ക​യും ചെയ്യു​ന്ന​വ​രെ​യാണ്‌ ഈ വാക്കുകൾ അർഥമാ​ക്കു​ന്നത്‌.

  •   കടും​പി​ടി​ത്ത​ക്കാർ. ഇന്നു പലരും “വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും” “ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും” “ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും” ആണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:2-4) ഇങ്ങനെ​യു​ള്ളവർ ഒരു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറാ​കില്ല, ഒത്തുതീർപ്പി​ലെ​ത്താൻ ശ്രമി​ക്കില്ല, വാക്കു പാലി​ക്കു​ക​യും ഇല്ല.

  •   അക്രമ​സ്വ​ഭാ​വ​മു​ള്ളവർ. ഇന്നു പലരും ‘ക്രൂര​ന്മാ​രാണ്‌.’ (2 തിമൊ​ഥെ​യൊസ്‌ 3:3) അവർക്ക്‌ പെട്ടെന്നു ദേഷ്യം വരും. ദേഷ്യം വന്നാൽപ്പി​ന്നെ എന്തു ക്രൂര​ത​യും അവർ കാണി​ച്ചു​കൂ​ട്ടും.

  •   നിയമം ലംഘി​ക്കു​ന്നവർ. നമ്മുടെ കാലത്ത്‌ ‘നിയമ​ലം​ഘനം വർധി​ച്ചു​വ​രു​മെന്ന്‌’ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്തായി 24:12) പലയി​ട​ങ്ങ​ളി​ലും ‘പ്രക്ഷോ​ഭ​ങ്ങ​ളും’ ‘കലാപ​ങ്ങ​ളും’ ഉണ്ടാകു​മെ​ന്നും യേശു പ്രവചി​ച്ചു.—ലൂക്കോസ്‌ 21:9, അടിക്കു​റിപ്പ്‌.

  •   കുടും​ബാം​ഗ​ങ്ങ​ളോട്‌ സ്‌നേ​ഹ​മി​ല്ലാ​ത്തവർ. ഇന്നു പലരും “മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും” കുടും​ബാം​ഗ​ങ്ങ​ളോട്‌ “സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും” ആണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:2, 3) ഇവർ കുടും​ബ​ത്തി​ലു​ള്ള​വരെ അവഗണി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും പീഡി​പ്പി​ക്കു​ക​യും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ഇന്ന്‌ കൂടി​വ​രു​ക​യാണ്‌.

  •   കപടഭക്തർ. ഇന്ന്‌ ഒരുപാ​ടു പേർക്ക്‌ “ഭക്തിയു​ടെ വേഷം” മാത്രമേ ഉള്ളൂ. (2 തിമൊ​ഥെ​യൊസ്‌ 3:5) ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നു പകരം തങ്ങളെ സുഖി​പ്പി​ക്കുന്ന കാര്യങ്ങൾ പറയുന്ന മതനേ​താ​ക്ക​ന്മാ​രു​ടെ പിന്നാലെ പോകു​ന്ന​വ​രാണ്‌ അവർ.—2 തിമൊ​ഥെ​യൊസ്‌ 4:3, 4.

 സ്വാർഥ​രായ ആളുക​ളു​ടെ പ്രവൃ​ത്തി​കൾ മറ്റുള്ള​വരെ എങ്ങനെ ബാധി​ക്കും?

 സ്വാർഥ​രായ ആളുക​ളാണ്‌ ഇന്ന്‌ എവി​ടെ​യും. അതു​കൊ​ണ്ടു​തന്നെ അവർ കാരണം മാനസി​ക​വും വൈകാ​രി​ക​വും ആയി വേദന അനുഭ​വി​ക്കുന്ന ആളുക​ളു​ടെ എണ്ണവും മുമ്പെ​ന്ന​ത്തേ​തി​ലും കൂടു​ത​ലാണ്‌. (സഭാ​പ്ര​സം​ഗകൻ 7:7) പണസ്‌നേ​ഹി​കൾ പണത്തി​നു​വേണ്ടി എങ്ങനെ​യും മറ്റുള്ള​വരെ മുത​ലെ​ടു​ക്കും. സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കിൽ കുടും​ബാം​ഗ​ങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വ​രാണ്‌. ഇങ്ങനെ ഉപദ്ര​വ​മേൽക്കു​ന്നവർ വിഷാ​ദ​ത്തിന്‌ അടിമ​പ്പെ​ടു​ന്നു അല്ലെങ്കിൽ ജീവ​നൊ​ടു​ക്കു​ന്നു. ഇനി, വഞ്ചനയും അവിശ്വ​സ്‌ത​ത​യും ഒക്കെ കാണി​ക്കു​ന്നവർ മറ്റുള്ള​വ​രു​ടെ മനസ്സിനെ വല്ലാതെ മുറി​വേൽപ്പി​ക്കും. ആ മുറി​പ്പാ​ടു​ക​ളു​മാ​യി അവർക്ക്‌ നീറി​നീ​റി കഴി​യേ​ണ്ടി​വ​രു​ന്നു.

 ആളുക​ളു​ടെ സ്വഭാവം ഇങ്ങനെ മോശ​മാ​യി​ത്തീ​രു​ന്ന​തി​ന്റെ കാരണം എന്താണ്‌?

 ആളുക​ളിൽ കാണുന്ന ഈ മാറ്റത്തി​ന്റെ കാരണങ്ങൾ എന്താ​ണെന്ന്‌ ബൈബിൾ പറയു​ന്നുണ്ട്‌:

  •   ഇന്ന്‌ ആളുകൾക്ക്‌ ദൈവ​ത്തോ​ടും സഹമനു​ഷ്യ​നോ​ടും ഉള്ള ആത്മാർഥ​സ്‌നേഹം കുറഞ്ഞു​വ​രു​ക​യാണ്‌. (മത്തായി 24:12) അതു കുറയു​ന്ന​തിന്‌ അനുസ​രിച്ച്‌ സ്വാർഥത കൂടുന്നു.

  •   പിശാ​ചായ സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ വലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ക​യാണ്‌. അവന്റെ പ്രവർത്തനം മുഴു​വ​നും ഇപ്പോൾ ഭൂമി​യി​ലാണ്‌. (വെളി​പാട്‌ 12:9, 12) മനുഷ്യ​രു​ടെ സ്വാർഥത ഇത്രയ​ധി​കം കൂടി​വ​ന്നി​രി​ക്കു​ന്ന​തി​ന്റെ കാരണം സാത്താന്റെ ഈ ദുഷ്ടസ്വാ​ധീ​ന​മാണ്‌.—1 യോഹ​ന്നാൻ 5:19.

 ആളുക​ളു​ടെ സ്വഭാ​വ​രീ​തി​കൾ ഇങ്ങനെ അധഃപ​തി​ക്കു​മ്പോൾ നമ്മൾ എന്താണ്‌ ചെയ്യേ​ണ്ടത്‌?

 “ഇവരിൽനിന്ന്‌ അകന്നു​മാ​റുക” എന്ന്‌ ദൈവ​വ​ചനം പറയുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:5) മറ്റു മനുഷ്യ​രിൽനി​ന്നെ​ല്ലാം അകന്നു​മാ​റി എവി​ടെ​യെ​ങ്കി​ലും ഒറ്റപ്പെട്ട്‌ കഴിയ​ണ​മെന്നല്ല പറഞ്ഞു​വ​രു​ന്നത്‌. ദൈവ​ഭ​ക്തി​യി​ല്ലാത്ത, സ്വാർഥ​രായ ആളുക​ളു​മാ​യി വലിയ കൂട്ടി​നൊ​ന്നും പോക​രുത്‌ എന്നാണ്‌ അതിന്റെ അർഥം.—യാക്കോബ്‌ 4:4.

 എല്ലാ മനുഷ്യ​രു​ടെ​യും സ്വഭാവം മോശ​മാ​കു​മോ?

 ഇല്ല. “നടമാ​ടുന്ന എല്ലാ വൃത്തി​കേ​ടു​ക​ളും കാരണം നെടു​വീർപ്പിട്ട്‌ ഞരങ്ങുന്ന” ചിലർ ഉണ്ടായി​രി​ക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (യഹസ്‌കേൽ 9:4) ചിന്തയി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും ഒന്നും സ്വാർഥത കടന്നു​വ​രാ​തി​രി​ക്കാൻ അവർ ശ്രദ്ധി​ക്കും. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ച്ചാ​യി​രി​ക്കും അവർ ജീവി​ക്കു​ന്നത്‌. സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും എല്ലാം അവർ മറ്റുള്ള​വ​രിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​രാ​യി​രി​ക്കും. (മലാഖി 3:16, 18) ഉദാഹ​ര​ണ​ത്തിന്‌, അവർ എല്ലാവ​രു​മാ​യും എപ്പോ​ഴും സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ ശ്രമി​ക്കും. യുദ്ധങ്ങ​ളി​ലും അക്രമ​ങ്ങ​ളി​ലും ഒന്നും ഉൾപ്പെ​ടില്ല.—മീഖ 4:3.

 മനുഷ്യ​സ​മൂ​ഹം അധഃപ​തിച്ച്‌ അധഃപ​തിച്ച്‌ അവസാനം ആകപ്പാടെ ക്രമസ​മാ​ധാ​ന​മി​ല്ലാത്ത അവസ്ഥയി​ലാ​യി​പ്പോ​കു​മോ?

 ഇല്ല. അങ്ങനെ ഒരിക്ക​ലും സംഭവി​ക്കില്ല. പകരം ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ലംഘി​ക്കാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്ന​വരെ ദൈവം പെട്ടെ​ന്നു​തന്നെ നീക്കി​ക്ക​ള​യും. (സങ്കീർത്തനം 37:38) ദൈവം ഒരു “പുതിയ ഭൂമി” സ്ഥാപി​ക്കും, എന്നു​വെ​ച്ചാൽ ഒരു പുതിയ മനുഷ്യ​സ​മൂ​ഹ​മാ​യി​രി​ക്കും പിന്നെ ഈ ഭൂമി​യിൽ ഉണ്ടായി​രി​ക്കുക. (2 പത്രോസ്‌ 3:13) സൗമ്യ​ത​യുള്ള ആ മനുഷ്യർ എന്നെന്നും സമാധാ​ന​ത്തോ​ടെ കഴിയും. (സങ്കീർത്തനം 37:11, 29) ഇതൊ​ന്നും വെറുതെ പറയു​ന്നതല്ല. ഇപ്പോൾപ്പോ​ലും ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ബൈബിൾ ആളുകളെ സഹായി​ക്കു​ന്നുണ്ട്‌.—എഫെസ്യർ 4:23, 24.

a ബുദ്ധിമുട്ടു നിറഞ്ഞ അവസാ​ന​കാ​ലം നമ്മൾ ജീവി​ക്കുന്ന ഈ കാലഘ​ട്ട​മാ​ണെന്ന്‌ ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും ലോകാ​വ​സ്ഥ​ക​ളും തെളി​യി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) കൂടുതൽ വിവരങ്ങൾ അറിയാൻ, “അന്ത്യകാ​ല​ത്തി​ന്റെ അല്ലെങ്കിൽ അവസാ​ന​നാ​ളു​ക​ളു​ടെ അടയാളം എന്താണ്‌?” എന്ന ലേഖനം വായി​ക്കുക.