വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയ നിയമ​ത്തിൽ ദൈവ​നാ​മം പുനഃ​സ്ഥാ​പിച്ച രണ്ട്‌ പരിഭാ​ഷകർ

പുതിയ നിയമ​ത്തിൽ ദൈവ​നാ​മം പുനഃ​സ്ഥാ​പിച്ച രണ്ട്‌ പരിഭാ​ഷകർ

 പല ആളുകൾക്കും പരിചി​ത​മായ ഒരു പ്രാർഥ​ന​യാണ്‌ കർത്താ​വി​ന്റെ പ്രാർഥന. യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പിച്ച പ്രാർഥ​ന​യാണ്‌ ഇത്‌. പൊതു​വേ പുതിയ നിയമം എന്നറി​യ​പ്പെ​ടുന്ന ബൈബിൾ ഭാഗത്താണ്‌ ഈ പ്രാർഥന കാണു​ന്നത്‌. അത്‌ ഇങ്ങനെ തുടങ്ങു​ന്നു: “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ (അല്ലെങ്കിൽ “പൂജി​ത​മാ​ക​ണമേ,” പി.ഒ.സി.).” (മത്തായി 6:9) എന്നാൽ, ഇംഗ്ലീ​ഷിൽ “ജഹോവ” എന്നോ “യാഹ്‌വെ” a എന്നോ അറിയ​പ്പെ​ടുന്ന ദൈവ​ത്തി​ന്റെ പേര്‌ പുതിയ നിയമ​ത്തി​ന്റെ ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളിൽ ചുരു​ക്ക​മാ​യേ കാണു​ന്നു​ള്ളൂ. പക്ഷേ ഈ പരിഭാ​ഷ​ക​ളിൽ സീയൂസ്‌, ഹെർമിസ്‌, അർത്തെ​മിസ്‌ എന്നിങ്ങ​നെ​യുള്ള വ്യാജ​ദൈ​വ​ങ്ങ​ളു​ടെ പേരുകൾ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അപ്പോൾപ്പി​ന്നെ ബൈബി​ളി​ന്റെ യഥാർഥ എഴുത്തു​കാ​ര​നായ സത്യ​ദൈ​വ​ത്തി​ന്റെ പേര്‌ അവർ അതിൽ ഉൾപ്പെ​ടു​ത്തേ​ണ്ട​തല്ലേ?പ്രവൃ​ത്തി​കൾ 14:12; 19:35; 2 തിമൊ​ഥെ​യൊസ്‌ 3:16.

പുതിയ നിയമ​ത്തിൽ പല വ്യാജ​ദൈ​വ​ങ്ങ​ളു​ടെ​യും പേരുകൾ ഉൾപ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്ഥിതിക്ക്‌ സത്യ​ദൈ​വ​ത്തി​ന്റെ പേരും ഉണ്ടായി​രി​ക്കാൻ നിങ്ങൾ പ്രതീ​ക്ഷി​ക്കി​ല്ലേ?

 ഇംഗ്ലീഷ്‌ ബൈബിൾ പരിഭാ​ഷ​ക​രായ ലാൻസ​ലോട്ട്‌ ഷാഡ്വെ​ലും ഫ്രെഡ​റിക്‌ പാർക്ക​റും പുതിയ നിയമ​ത്തിൽ ദൈവ​നാ​മം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടേ​ണ്ട​താ​ണെന്നു വിശ്വ​സി​ച്ചു. ദൈവ​നാ​മം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? കാരണം ബൈബി​ളിൽ ആദ്യം ദൈവ​നാ​മം ഉണ്ടായി​രു​ന്നെ​ന്നും അതു പിന്നീട്‌ നീക്കം ചെയ്‌ത​താ​ണെ​ന്നും അവർ മനസ്സി​ലാ​ക്കി. അവർ എങ്ങനെ​യാണ്‌ അത്തര​മൊ​രു നിഗമ​ന​ത്തിൽ എത്തിയത്‌?

 പ്രധാ​ന​മാ​യും എബ്രായ ഭാഷയിൽ എഴുതിയ, പഴയ നിയമ​ത്തി​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ദൈവ​ത്തി​ന്റെ പേര്‌ ആയിര​ക്ക​ണ​ക്കി​നു തവണ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി ഷാഡ്വെ​ലി​നും പാർക്ക​റി​നും അറിയാ​മാ​യി​രു​ന്നു. എന്നാൽ പുതിയ നിയമ​ത്തി​ന്റെ ലഭ്യമായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ദൈവ​നാ​മ​ത്തി​ന്റെ പൂർണ​രൂ​പം നീക്കം ചെയ്‌തി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർക്ക്‌ അതിശയം തോന്നി. b ഇനി ഷാഡ്വെൽ മറ്റൊരു കാര്യ​വും ശ്രദ്ധിച്ചു. പഴയ നിയമ​ത്തിൽ സാധാ​ര​ണ​യാ​യി കാണുന്ന ചില പദപ്ര​യോ​ഗങ്ങൾ പുതിയ നിയമ​ത്തി​ലും കാണാം. അത്തരം സ്ഥലങ്ങളിൽ, ഉദാഹ​ര​ണ​ത്തിന്‌ “യഹോ​വ​യു​ടെ ദൂതൻ” എന്നതു​പോ​ലുള്ള പദപ്ര​യോ​ഗങ്ങൾ പുതിയ നിയമ​ത്തിൽ വരുന്നി​ടത്ത്‌ യഹോവ എന്ന നാമത്തി​നു പകരം “കർത്താവ്‌” എന്ന്‌ അർഥം വരുന്ന കിരി​യോസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ കാണു​ന്നത്‌. പുതിയ നിയമ​ത്തി​ന്റെ പകർപ്പെ​ഴു​ത്തു​കാർ യഹോവ എന്ന നാമം നീക്കി കിരി​യോസ്‌ എന്ന പദം ചേർത്ത​താ​യി​രി​ക്കാ​മെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി.—2 രാജാ​ക്ക​ന്മാർ 1:3, 15; പ്രവൃ​ത്തി​കൾ 12:23.

എബ്രായഭാഷയിൽ ദൈവ​നാ​മം

 ഷാഡ്വെ​ലും പാർക്ക​റും അവരുടെ ഇംഗ്ലീഷ്‌ പരിഭാ​ഷകൾ പുറത്തി​റ​ക്കു​ന്ന​തി​നു മുമ്പു​തന്നെ മറ്റു പല പരിഭാ​ഷ​ക​രും അവരുടെ പുതിയ നിയമ​ത്തി​ന്റെ ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളിൽ ദൈവ​നാ​മം പുനഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. പക്ഷേ, വളരെ കുറച്ച്‌ ഭാഗങ്ങ​ളി​ലേ ആ പരിഭാ​ഷകർ അങ്ങനെ ചെയ്‌തു​ള്ളൂ. c 1863-ലാണ്‌ പാർക്കർ പുതിയ നിയമ​ത്തിന്‌ ഒരു പദാനു​പദ പരിഭാഷ പുറത്തി​റ​ക്കി​യത്‌. അതിനു മുമ്പ്‌ മറ്റൊരു ഇംഗ്ലീഷ്‌ പരിഭാ​ഷ​യി​ലും ദൈവ​ത്തി​ന്റെ നാമം ഇത്രയ​ധി​കം പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടില്ല. ആരാണ്‌ ലാൻസ​ലോട്ട്‌ ഷാഡ്വെ​ലും ഫ്രെഡ​റിക്‌ പാർക്ക​റും?

ലാൻസ​ലോട്ട്‌ ഷാഡ്വെൽ

 ലാൻസ​ലോട്ട്‌ ഷാഡ്വെൽ (1808-1861) ഒരു വക്കീലും ഇംഗ്ലണ്ടി​ലെ വൈസ്‌ ചാൻസ​ല​റായ സർ ലാൻസ​ലോട്ട്‌ ഷാഡ്വെ​ലി​ന്റെ മകനും ആണ്‌. മകൻ ഷാഡ്വെൽ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ടി​ലെ അംഗമാ​യി​രു​ന്നു. അദ്ദേഹം ത്രിത്വ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും ദൈവ​നാ​മത്തെ വളരെ​യ​ധി​കം ആദരിച്ചു. “യഹോവ എന്ന മഹനീ​യ​നാ​മം” എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും സുവി​ശേ​ഷങ്ങൾ എന്ന തന്റെ പരിഭാ​ഷ​യിൽ “യഹോവ” എന്ന നാമം, തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളിൽ 28 തവണയും ഒപ്പമുള്ള കുറി​പ്പു​ക​ളിൽ 465 പ്രാവ​ശ്യ​വും അദ്ദേഹം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

 പഴയ നിയമ​ത്തി​ന്റെ ആദ്യകാല എബ്രായ പാഠത്തിൽനി​ന്നാ​യി​രി​ക്കാം ഷാഡ്വെൽ ദൈവ​നാ​മ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യത്‌. പഴയ നിയമ​ത്തി​ന്റെ ഗ്രീക്കു​പ​രി​ഭാ​ഷ​ക​ളിൽ ദൈവ​നാ​മ​ത്തി​നു പകരം കിരി​യോസ്‌ എന്ന പദം ചേർത്തവർ “സത്യസ​ന്ധ​ര​ല്ലാത്ത പരിഭാ​ഷ​ക​രാണ്‌” എന്ന്‌ അദ്ദേഹം പറഞ്ഞു.

The Gospel according to Matthew rendered into English with notes, by L. Shadwell (1859), provided by the Bodleian Libraries. Licensed under CC BY-NC-SA 2.0 UK. Modified: Text highlighted

ഷാഡ്വെ​ലി​ന്റെ പരിഭാ​ഷ​യിൽ മത്തായി 1:20

 തന്റെ പരിഭാ​ഷ​യിൽ ഷാഡ്വെൽ ആദ്യമാ​യി “യഹോവ” എന്ന നാമം ഉപയോ​ഗി​ക്കു​ന്നത്‌ മത്തായി 1:20-ലാണ്‌. ആ വാക്യ​ത്തി​ന്റെ കുറി​പ്പിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പുതിയ നിയമ​ത്തി​ലെ ഈ വാക്യ​ത്തി​ലും മറ്റു പല വാക്യ​ങ്ങ​ളി​ലും കൊടു​ത്തി​രി​ക്കുന്ന പദം (കിരി​യോസ്‌) യഹോ​വ​യെ​യാണ്‌ കുറി​ക്കു​ന്നത്‌. അതാണ്‌ ദൈവ​ത്തി​ന്റെ ശരിക്കുള്ള പേര്‌. ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളിൽ ആ പേര്‌ പുനഃ​സ്ഥാ​പി​ക്കേ​ണ്ടത്‌ വളരെ പ്രധാ​ന​മാണ്‌.” അദ്ദേഹം ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്താൻ നമ്മൾ ഇതു ചെയ്‌തേ മതിയാ​കൂ. കാരണം, യഹോവ എന്നാണ്‌ തന്റെ പേരെന്ന്‌ ദൈവം​തന്നെ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കാൾ ശരിയായ ഒരു കാര്യ​മില്ല.” ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറഞ്ഞു: “അതിൽ യഹോവ എന്ന നാമം വളരെ കുറച്ചേ കാണു​ന്നു​ള്ളൂ.  . . . പലയി​ട​ത്തും ദൈവ​ത്തി​ന്റെ പേരിനു പകരം നമ്മൾ കാണു​ന്നത്‌ ദ ലോർഡ്‌ എന്നാണ്‌ (മലയാ​ള​ത്തിൽ “കർത്താവ്‌” എന്ന്‌ അർഥം വരുന്നു.).” ദൈവ​ത്തി​ന്റെ പേരിനു പകരം “ദ ലോർഡ്‌ എന്നു വിളി​ക്കു​ന്നത്‌ . . . ഒരിക്ക​ലും അംഗീ​ക​രി​ക്കാൻ പറ്റുന്ന ഒന്നല്ല” എന്ന്‌ അദ്ദേഹം തറപ്പിച്ച്‌ പറയുന്നു. കാരണം തന്റെ നാട്ടിൽ തന്നെ​പ്പോ​ലും മറ്റുള്ളവർ “ദ ലോർഡ്‌” എന്നു വിളി​ക്കാ​റുണ്ട്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.

‘യഹോവ എന്നാണ്‌ തന്റെ പേരെന്ന്‌ ദൈവം​തന്നെ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കാൾ ശരിയാ​യൊ​രു കാര്യ​മില്ല.’­—ലാൻസ​ലോട്ട്‌ ഷാഡ്വെൽ

 മത്തായി​യു​ടെ പരിഭാഷ ഷാഡ്വെൽ 1859-ലും മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും ഒരുമി​ച്ചുള്ള പതിപ്പ്‌ 1861-ലും പുറത്തി​റക്കി. പിന്നീ​ടുള്ള പരിഭാഷ ജോലി​കൾ അദ്ദേഹ​ത്തി​നു തുടരാ​നാ​യില്ല. കാരണം, 1861 ജനുവരി 11-ന്‌ 52-ാം വയസ്സിൽ അദ്ദേഹം മരണമ​ടഞ്ഞു. പക്ഷേ, അദ്ദേഹ​ത്തി​ന്റെ ശ്രമങ്ങ​ളൊ​ന്നും വെറു​തെ​യാ​യില്ല.

ഫ്രെഡ​റിക്‌ പാർക്കർ

 ഷാഡ്വെൽ ചെയ്‌ത മത്തായി​യു​ടെ സുവി​ശേ​ഷ​ത്തി​ന്റെ പരിഭാഷ ലണ്ടനിലെ ഒരു സമ്പന്ന ബിസി​നെ​സ്സു​കാ​ര​നായ ഫ്രെഡ​റിക്‌ പാർക്ക​റി​ന്റെ (1804-1888) ശ്രദ്ധയിൽപ്പെട്ടു. പാർക്കർ, തനിക്ക്‌ ഏതാണ്ട്‌ 20 വയസ്സു​ള്ള​പ്പോൾ മുതൽ പുതിയ നിയമം പരിഭാഷ ചെയ്യാൻ തുടങ്ങി​യി​രു​ന്നു. ഷാഡ്വെ​ലിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി ത്രിത്വ​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ പാർക്കർ വിശ്വ​സി​ച്ചില്ല. “ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം ഈ സത്യം അംഗീ​ക​രി​ക്ക​ണ​മെ​ന്നും അത്യു​ന്ന​ത​നായ യഹോ​വയെ മാത്രം ആരാധി​ക്ക​ണ​മെ​ന്നും” അദ്ദേഹം എഴുതി. പുതിയ നിയമ​ത്തി​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കിരി​യോസ്‌ എന്ന പദം കർത്താ​വായ ദൈവ​ത്തെ​യും കർത്താ​വായ യേശു​വി​നെ​യും കുറി​ക്കാൻ ഉപയോ​ഗി​ച്ച​തു​കൊണ്ട്‌ ഇവർ തമ്മിലുള്ള വ്യത്യാ​സം മനസ്സി​ലാ​ക്കാൻ പറ്റുന്നി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി. അതു​കൊണ്ട്‌ ഷാഡ്വെ​ലി​ന്റെ പരിഭാ​ഷ​യിൽ ചില സ്ഥലങ്ങളിൽ കിരി​യോസ്‌ എന്ന പദത്തെ “യഹോവ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു കണ്ടപ്പോൾ പാർക്ക​റിന്‌ അതിൽ താത്‌പ​ര്യം തോന്നി.

 പാർക്കർ ഇതെല്ലാം എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കി​യത്‌? അദ്ദേഹം ഗ്രീക്കു​ഭാഷ പഠിക്കു​ക​യും ഗ്രീക്കു വ്യാക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള പല പുസ്‌ത​ക​ങ്ങ​ളും ലഘു​ലേ​ഖ​ക​ളും എഴുതു​ക​യും ചെയ്‌തി​രു​ന്നു. അദ്ദേഹം ആഗ്ലോ ബിബ്ലിക്കൽ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ ഒരു അംഗവും ആയിരു​ന്നു. മെച്ചപ്പെട്ട ഇംഗ്ലീഷ്‌ ബൈബി​ളു​കൾ പുറത്തി​റ​ക്കാ​നാ​യി ബൈബി​ളി​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഗവേഷണം ചെയ്യാൻ ആ ഇൻസ്റ്റി​റ്റ്യൂട്ട്‌ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. 1842 മുതൽ പാർക്കർ പുതിയ നിയമ​ത്തി​ന്റെ പരിഭാഷ പല ഭാഗങ്ങ​ളും പതിപ്പു​ക​ളും ആയി പുറത്തി​റ​ക്കാൻ തുടങ്ങി. d

പാർക്കർ (ഹെയ്‌ൻഫെറ്റർ) പുറത്തി​റ​ക്കിയ പുതിയ നിയമ​ത്തി​ന്റെ ഒരു പരിഭാഷ

ദൈവ​നാ​മം പുനഃ​സ്ഥാ​പി​ക്കാ​നുള്ള പാർക്ക​റി​ന്റെ ശ്രമങ്ങൾ

 കുറച്ച്‌ വർഷങ്ങ​ളാ​യി പാർക്കർ ഇത്തരം ചില ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എഴുതു​ന്നു​ണ്ടാ​യി​രു​ന്നു: “കിരി​യോസ്‌ എന്ന പദം കാണു​മ്പോൾ അത്‌ കർത്താ​വായ യേശു​വി​നെ​യാ​ണോ അതോ കർത്താ​വായ ദൈവ​ത്തെ​യാ​ണോ കുറി​ക്കു​ന്നത്‌ എന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കും?” “ഗ്രീക്കു​വ്യാ​ക​ര​ണ​മ​നു​സ​രിച്ച്‌ ഒരു പേര്‌ പ്രതീ​ക്ഷി​ക്കുന്ന പല സ്ഥലങ്ങളി​ലും എന്തു​കൊ​ണ്ടാണ്‌ കിരി​യോസ്‌ എന്ന സ്ഥാന​പ്പേര്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌?”

 1859-ലെ ഷാഡ്വെ​ലി​ന്റെ മത്തായി​യു​ടെ പരിഭാ​ഷ​യും അതോ​ടൊ​പ്പം കിരി​യോ​സി​നെ​ക്കു​റിച്ച്‌ കൊടു​ത്തി​രി​ക്കുന്ന കുറി​പ്പു​ക​ളും കണ്ടപ്പോൾ പാർക്ക​റിന്‌ ഒരു കാര്യം മനസ്സി​ലാ​യി. ചില സന്ദർഭ​ങ്ങ​ളിൽ കിരി​യോസ്‌ എന്നതിന്റെ സ്ഥാനത്ത്‌ “യഹോവ എന്നു പരിഭാഷ ചെയ്യണം.” അങ്ങനെ പാർക്കർ തന്റെ പുതിയ നിയമ ബൈബി​ളി​ന്റെ പരിഭാഷ പരിഷ്‌ക​രി​ക്കാൻ തീരു​മാ​നി​ച്ചു. സന്ദർഭ​മോ ഗ്രീക്കു​വ്യാ​ക​ര​ണ​മോ അനുസ​രിച്ച്‌ എവി​ടെ​യെ​ല്ലാം യഹോ​വ​യു​ടെ പേര്‌ വരണ​മെന്നു തോന്നി​യോ അവി​ടെ​യെ​ല്ലാം അദ്ദേഹം അത്‌ പുനഃ​സ്ഥാ​പി​ച്ചു. അങ്ങനെ പുതിയ നിയമ​ത്തിന്‌ ഒരു പദാനു​പദ പരിഭാഷ മുഴു​വ​നാ​യി പരിഷ്‌ക​രിച്ച്‌ 1863-ൽ ഒരൊറ്റ വാല്യ​മാ​യി പാർക്കർ പുറത്തി​റക്കി. അതിന്റെ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളിൽ 187 തവണ ദൈവ​ത്തി​ന്റെ പേരു​ണ്ടാ​യി​രു​ന്നു. ഇതുവ​രെ​യുള്ള അറിവ​നു​സ​രിച്ച്‌, ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉടനീളം ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ആദ്യത്തെ ഇംഗ്ലീഷ്‌ പരിഭാ​ഷ​യാണ്‌ ഇത്‌ (ആദ്യം പുറത്തി​റ​ങ്ങി​യത്‌). e

1864-ലെ പാർക്ക​റി​ന്റെ പുതിയ നിയമ പരിഭാ​ഷ​യു​ടെ ആമുഖ​പേജ്‌

 1864-ൽ പാർക്കർ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ന്റെ​യും . . . പുതിയ നിയമ​ത്തി​ന്റെ ഇംഗ്ലീഷ്‌ പതിപ്പി​ന്റെ​യും ഒരു സമാഹാ​രം പുറത്തി​റക്കി. പുതിയ നിയമ​ത്തി​ന്റെ ഈ രണ്ട്‌ പരിഭാ​ഷ​യും ഒരുമിച്ച്‌ ഒരൊറ്റ വാല്യ​മാ​യി പുറത്തി​റ​ക്കി​യ​തു​കൊണ്ട്‌ പാർക്ക​റി​ന്റെ പരിഭാ​ഷ​യും ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​വും തമ്മിൽ എന്തൊക്കെ വ്യത്യാ​സങ്ങൾ ഉണ്ടെന്ന്‌ വായന​ക്കാർക്കു മനസ്സി​ലാ​കു​മാ​യി​രു​ന്നു. f

 ദൈവ​ത്തി​ന്റെ നാമം പുനഃ​സ്ഥാ​പി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലെ പല വാക്യ​ങ്ങ​ളും പാർക്കർ ചൂണ്ടി​ക്കാ​ണി​ച്ചു. അതി​ലൊ​ന്നാ​യി​രു​ന്നു റോമർ 10:13. അവിടെ ഇങ്ങനെ പറയുന്നു: “‘കർത്താ​വി​ന്റെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും’ എന്നുണ്ട​ല്ലോ.” എന്നിട്ട്‌ പാർക്കർ ചോദി​ച്ചു: ‘ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌ യഹോ​വ​യെ​ക്കു​റി​ച്ചാണ്‌ അല്ലാതെ മകനായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചല്ല എന്ന്‌ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം വായി​ക്കുന്ന ആർക്കെ​ങ്കി​ലും മനസ്സി​ലാ​കു​മോ?’

ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലും (മുകളിൽ) 1864-ലെ പാർക്ക​റി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലും റോമർ 10:13

 പാർക്കർ തന്റെ ലഘു​ലേ​ഖകൾ, പ്രബന്ധങ്ങൾ, മറ്റ്‌ എഴുത്തു​കൾ എന്നിവ പുറത്തി​റ​ക്കു​ന്ന​തി​നും അതു പരസ്യം ചെയ്യു​ന്ന​തി​നു​മാ​യി ആയിര​ക്ക​ണ​ക്കിന്‌ പൗണ്ടാണ്‌ ചെലവാ​ക്കി​യത്‌. അന്നത്തെ​ക്കാ​ലത്ത്‌ അത്‌ വലി​യൊ​രു തുകയാ​യി​രു​ന്നു. വെറും ഒരു വർഷം​തന്നെ അദ്ദേഹം 800 പൗണ്ട്‌ ചെലവാ​ക്കി. ഇന്നത്തെ കണക്കനു​സ​രിച്ച്‌ അത്‌, ഒരു ലക്ഷത്തി​ല​ധി​കം ബ്രിട്ടീഷ്‌ പൗണ്ട്‌ (ഒരു കോടി​യി​ല​ധി​കം രൂപ) വരും. അതു​പോ​ലെ അദ്ദേഹം തന്റെ പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും കോപ്പി​കൾ, പരിച​യ​മു​ള്ള​വർക്കും ഉന്നത സ്ഥാനത്തുള്ള പുരോ​ഹി​ത​ന്മാർക്കും വിലയി​രു​ത്തു​ന്ന​തി​നു​വേണ്ടി സൗജന്യ​മാ​യി അയച്ചു​കൊ​ടു​ത്തു.

 പാർക്ക​റി​ന്റെ എഴുത്തു​ക​ളും അദ്ദേഹ​ത്തി​ന്റെ ബൈബിൾ പരിഭാ​ഷ​ക​ളും കുറച്ച്‌ മാത്രമേ അച്ചടി​ക്ക​പ്പെ​ട്ടു​ള്ളൂ. ചില പണ്ഡിത​ന്മാർ ആ ശ്രമങ്ങളെ പരിഹ​സി​ച്ചു. പുതിയ നിയമ​ത്തി​ന്റെ ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളിൽ ദൈവ​നാ​മം പുനഃ​സ്ഥാ​പി​ക്കാ​നുള്ള പാർക്ക​റി​ന്റെ​യും ഷാഡ്വെ​ലി​ന്റെ​യും മറ്റുള്ള​വ​രു​ടെ​യും ആത്മാർഥ​മായ ശ്രമങ്ങൾക്ക്‌ അവർ ഒരു വിലയും കൊടു​ത്തില്ല.

 ധാരാളം വിവരങ്ങൾ അടങ്ങിയ ഈ പത്തു മിനിട്ട്‌ വീഡി​യോ നിങ്ങൾക്ക്‌ ഇഷ്ടമാ​യേ​ക്കാം: വാർവിക്ക്‌ മ്യൂസി​യം ടൂർ: “ബൈബി​ളും ദിവ്യ​നാ​മ​വും.”

a ദൈവത്തിന്റെ പേര്‌ മലയാ​ള​ത്തിൽ “യഹോവ” എന്നോ ചില​പ്പോൾ “യാഹ്‌വെ” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു.

b “യഹോവ” എന്ന നാമത്തി​ന്റെ ചുരു​ക്ക​രൂ​പ​മാണ്‌ “യാഹ്‌.” വെളി​പാട്‌ 19:1, 3, 4, 6 വാക്യ​ങ്ങ​ളിൽ കാണുന്ന “ഹല്ലേല്ലൂയ” എന്ന വാക്കിൽ ഈ ചുരു​ക്ക​രൂ​പം അടങ്ങി​യി​ട്ടുണ്ട്‌. കാരണം, “ഹല്ലേല്ലൂയ” എന്ന വാക്കിന്റെ അർഥം “ജനങ്ങളേ, നിങ്ങൾ യാഹിനെ സ്‌തു​തി​പ്പിൻ!” എന്നാണ്‌.

c പുതിയ നിയമം പൂർണ​മാ​യി പരിഭാഷ ചെയ്യാൻ ഷാഡ്വെ​ലി​നു കഴിഞ്ഞില്ല. അദ്ദേഹ​ത്തി​ന്റെ പുതിയ നിയമ പരിഭാ​ഷ​യിൽ ഫിലിപ്പ്‌ ഡോ​ഡ്രി​ഡ്‌ജ്‌, എഡ്വേഡ്‌ ഹാർവുഡ്‌, വില്യം ന്യൂക്കം, എഡ്‌ഗേർ ടെയ്‌ലർ, ഗിൽബേർട്ട്‌ വെയ്‌ക്ക്‌ഫീൽഡ്‌ എന്നിവ​രു​ടെ പരിഭാ​ഷ​ക​ളി​ലെ ചില ഭാഗങ്ങ​ളു​മുണ്ട്‌.

d പാർക്കർ തന്റെ ബിസി​നെസ്സ്‌ കാര്യ​ങ്ങ​ളും ബൈബിൾ ഗവേഷ​ണ​വും തമ്മിൽ ഇടകല​രാ​തി​രി​ക്കാൻ, ഹെർമൻ ഹെയ്‌ൻഫെറ്റർ എന്ന തൂലി​കാ​നാ​മം ഉപയോ​ഗി​ച്ചു. തന്റെ മതപര​മായ എഴുത്തു​ക​ളും ബൈബിൾ പരിഭാ​ഷ​ക​ളും അദ്ദേഹം ആ പേരി​ലാണ്‌ എഴുതി​യത്‌. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ അനുബ​ന്ധ​ത്തിൽ ഈ പേര്‌ കാണാം.

e 1864-ൽ പാർക്കർ പുറത്തി​റ​ക്കിയ പുതിയ നിയമ​ത്തി​ന്റെ ഇംഗ്ലീഷ്‌ പതിപ്പിൽ ദൈവ​ത്തി​ന്റെ നാമം 186 തവണയുണ്ട്‌.

f പാർക്കറിന്റെ പരിഭാ​ഷ​കൾക്കു മുമ്പു​തന്നെ പുതിയ നിയമ​ത്തി​ന്റെ പല ഹീബ്രൂ പരിഭാ​ഷ​ക​ളി​ലും ദൈവ​നാ​മം പല വാക്യ​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. കൂടാതെ, 1795-ൽ യൊ​ഹോൻ യൊ​ക്കൊബ്‌ ഷ്ടോൾസ്‌ പുറത്തി​റ​ക്കിയ ജർമൻ പരിഭാ​ഷ​യിൽ മത്തായി മുതൽ യൂദ വരെയുള്ള ഭാഗങ്ങ​ളിൽ 90-ലധികം തവണ ദൈവ​ത്തി​ന്റെ നാമം കാണാം.