വഴി തെറ്റിക്കുന്ന സുഹൃത്ത്
വഴി തെറ്റിക്കുന്ന സുഹൃത്ത്
യുവപ്രായത്തിൽ കണ്ടുമുട്ടിയ ഒരു “സുഹൃത്ത്” നിങ്ങൾക്കുണ്ട്. കൂടുതൽ പക്വതയുണ്ടെന്നു തോന്നിപ്പിക്കാനും നിങ്ങളുടെ കൂട്ടുകാരോടൊത്ത് ചേരാനും സഹായിക്കുന്ന ഒരു സുഹൃത്ത്. ടെൻഷനടിച്ചിരിക്കുമ്പോൾ “ആശ്വാസത്തിനായി” നിങ്ങൾ പോകുന്നത് ആ സുഹൃത്തിന്റെ അടുത്തേക്കാണ്. അങ്ങനെ ഉറപ്പായും പല സാഹചര്യങ്ങളിലും നിങ്ങൾക്ക് ആ സുഹൃത്തിനെ ആശ്രയിക്കേണ്ടിവരുന്നു.
കുറച്ച് കഴിഞ്ഞപ്പോഴാണ് ആ സുഹൃത്തിന്റെ തനിനിറം നിങ്ങൾക്കു മനസ്സിലാകുന്നത്. ഈ സുഹൃത്ത് എപ്പോഴും നിങ്ങളുടെകൂടെ ഉള്ളതുകൊണ്ട് നിങ്ങളെ പലരും ഒഴിവാക്കുന്നതായിപ്പോലും നിങ്ങൾക്കു തോന്നുന്നു. അദ്ദേഹവുമായുള്ള കൂട്ടുകെട്ട് നിങ്ങൾക്കു കുറച്ച് പക്വതയുണ്ടെന്നൊക്കെ തോന്നിപ്പിച്ചേക്കാമെങ്കിലും അതു നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചു. ഇതിനെല്ലാം പുറമേ നിങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും അദ്ദേഹത്തിനുവേണ്ടി ചെലവാക്കേണ്ടിവരുന്നു.
ആ ബന്ധം അവസാനിപ്പിക്കാൻ കുറച്ചുനാളായി നിങ്ങൾ ശ്രമിക്കുന്നു. പക്ഷേ അദ്ദേഹം അതിനു സമ്മതിക്കുന്നില്ല. എങ്ങനെയൊക്കെയോ നിങ്ങൾ അദ്ദേഹത്തിന്റെ അടിമയായിപ്പോയി. അതുകൊണ്ട് എന്തിനാണ് അദ്ദേഹത്തെ പരിചയപ്പെട്ടത് എന്നോർത്ത് നിങ്ങൾ ഇപ്പോൾ ദുഃഖിക്കുകയാണ്.
ഇതുപോലെതന്നെയാണു പുകവലിക്കുന്ന പലർക്കും സിഗരറ്റുമായുള്ള ബന്ധം. അമ്പതുവർഷത്തിലധികമായി പുകവലിക്കുന്ന ശീലത്തിന് അടിമയായിരുന്നു എർലീൻ എന്ന സ്ത്രീ. അവർ ഇങ്ങനെ പറയുന്നു: “ഒരു സിഗരറ്റ് കൈയിലുണ്ടെങ്കിൽപ്പിന്നെ ആരെങ്കിലും കൂടെയുള്ളതിനെക്കാൾ സന്തോഷമായിരുന്നു എനിക്ക്. ചിലപ്പോൾ അതുമാത്രം മതിയായിരുന്നു കൂട്ടിന്. എന്റെ ബാല്യകാല സുഹൃത്തിനെക്കാൾ അടുപ്പമുണ്ടായിരുന്നു എനിക്ക് സിഗരറ്റിനോട്.” എന്നാൽ പിന്നീട് എർലീൻ ഒരു കാര്യം തിരിച്ചറിഞ്ഞു. സിഗരറ്റ് ഒരു വ്യാജസുഹൃത്ത് മാത്രമല്ല, അപകടകാരിയും കൂടെയാണ് എന്ന്. തുടക്കത്തിൽ പറഞ്ഞ പല കാര്യങ്ങളും അവളുടെ കാര്യത്തിൽ ശരിയായിരുന്നു, ഒന്നൊഴികെ. ദൈവം തന്ന ശരീരം പുകവലി കാരണം മലിനമാകുന്നതു ദൈവത്തിന് ഇഷ്ടമല്ല എന്നു മനസ്സിലാക്കിയപ്പോൾ അവൾ ആ ശീലം ഉപേക്ഷിച്ചു.—2 കൊരിന്ത്യർ 7:1.
ഫ്രാങ്ക് എന്ന വ്യക്തിയും ദൈവത്തെ സന്തോഷിപ്പിക്കാനായി പുകവലി ഉപേക്ഷിച്ചു. എന്നാൽ തൊട്ടടുത്ത ദിവസംതന്നെ മുമ്പു വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റികൾക്കുവേണ്ടി അദ്ദേഹം നിലത്തൊക്കെ പരതാൻ തുടങ്ങി. ഫ്രാങ്ക് പറയുന്നു: “എത്ര നാണംകെട്ട കാര്യമാണു ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്കു മനസ്സിലായി. ഞാൻ ഇങ്ങനെ മണ്ണിലും ചെളിയിലും ഒക്കെ കിടക്കുന്ന സിഗരറ്റു കുറ്റികൾ തോണ്ടിയെടുക്കുകയാണല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് എന്നോടുതന്നെ അറപ്പാണു തോന്നിയത്. പിന്നെ ഞാൻ ഒരിക്കലും വലിച്ചിട്ടില്ല.”
പുകവലി നിറുത്താൻ ഇത്രയ്ക്കു ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ടാണ്? ഗവേഷകർ കണ്ടെത്തിയ ചില കാരണങ്ങൾ നോക്കാം: (1) പുകയില ഉത്പന്നങ്ങൾ മയക്കുമരുന്നുപോലെതന്നെ ആസക്തിയുണ്ടാക്കുന്നതാണ്. (2) പുകവലിക്കുമ്പോൾ ഉള്ളിലെത്തുന്ന നിക്കോട്ടിൻ വെറും ഏഴു സെക്കന്റിനുള്ളിൽ തലച്ചോറിലെത്തിയേക്കാം. (3) ഭക്ഷണവും മദ്യവും കഴിക്കുന്നതിന്റെ കൂടെയും ആരോടെങ്കിലും സംസാരിച്ചിരിക്കുമ്പോഴും ടെൻഷൻ മാറ്റാനും ഒക്കെ പതിവായി പുകവലിച്ച് തുടങ്ങുന്നതോടെയാണ് അതു പലപ്പോഴും ഒരാളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമായി മാറുന്നത്.
എങ്കിലും എർലീനെയും ഫ്രാങ്കിനെയും പോലെ ഹാനികരമായ ഈ ദുശ്ശീലം ഉറപ്പായും ഉപേക്ഷിക്കാൻ പറ്റും. നിങ്ങൾക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ തുടർന്നുള്ള ലേഖനങ്ങൾ വായിക്കുന്നതു പുതിയൊരു ജീവിതം തുടങ്ങാൻ നിങ്ങളെ സഹായിക്കും.