വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!

ക്ഷമ

ക്ഷമ

“എന്‍റെ കുടും​ബ​ത്തിൽ ഒച്ചപ്പാ​ടും ബഹളവും പരിഹാ​സ​വും ഒക്കെ ഒരു നിത്യ​സം​ഭ​വ​മാ​യി​രു​ന്നു” എന്ന് പട്രീഷ്യ പറയുന്നു. “ക്ഷമിക്കാൻ എനിക്ക് അറിയി​ല്ലാ​യി​രു​ന്നു. മുതിർന്നി​ട്ടും, മറ്റുള്ളവർ എന്നോടു എന്തെങ്കി​ലും ചെയ്‌താൽ അത്‌ ആലോ​ചിച്ച് ദിവസ​ങ്ങ​ളോ​ളം ഞാൻ എന്‍റെ ഉറക്കം കെടു​ത്തി​യി​രു​ന്നു.” ദേഷ്യ​വും നീരസ​വും നിറഞ്ഞ ഒരു ജീവിതം സന്തോ​ഷ​ക​ര​മാ​യി​രി​ക്കില്ല, ആരോ​ഗ്യ​പ്ര​ദ​വു​മാ​യി​രി​ക്കില്ല. പഠനങ്ങൾ കാണി​ക്കു​ന്നത്‌ ക്ഷമിക്കാൻ കൂട്ടാ​ക്കാ​ത്ത​വർക്ക് താഴെ പറയു​ന്ന​തു​പോ​ലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയു​ണ്ടെ​ന്നാണ്‌:

  • അവരുടെ ദേഷ്യ​വും വിദ്വേ​ഷ​വും ബന്ധങ്ങൾ ശിഥി​ല​മാ​ക്കു​ന്നു. ഇത്‌ അവരെ ഏകാന്ത​ത​യി​ലേ​ക്കും ഒറ്റപ്പെ​ട​ലി​ലേ​ക്കും തള്ളിവി​ടു​ന്നു

  • അവർ പെട്ടെന്നു മുറി​പ്പെ​ടു​ന്നു. ആശങ്കാ​കു​ല​രാ​കു​ന്നു. ചില​പ്പോൾ കഠിന​മായ വിഷാ​ദ​ത്തി​നു​പോ​ലും അടിമ​പ്പെ​ടു​ന്നു

  • മറ്റുള്ളവർ തങ്ങളോ​ടു ചെയ്‌ത എന്തെങ്കി​ലും കാര്യ​ത്തെ​ക്കു​റിച്ച് എപ്പോ​ഴും ഓർക്കു​ന്ന​തു​കൊണ്ട് അവർക്കു ജീവി​ത​ത്തിൽ സന്തോ​ഷി​ക്കാ​നാ​കു​ന്നില്ല

  • ക്ഷമി​ക്കേ​ണ്ട​താ​ണെന്ന് അവർക്കു​തന്നെ അറിയാം. ഇത്‌ അവരെ കൂടുതൽ അസ്വസ്ഥ​രാ​ക്കു​ന്നു

  • ടെൻഷ​നും ഗുരു​ത​ര​മായ പല ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ഉണ്ടാകു​ന്നു. ഉയർന്ന രക്തസമ്മർദം, ഹൃ​ദ്രോ​ഗം, വാതം, തലവേദന എന്നിങ്ങ​നെ​യുള്ള പ്രശ്‌നങ്ങൾ *

ക്ഷമിക്കുക എന്നാൽ എന്താണ്‌? തെറ്റു ചെയ്‌ത വ്യക്തിക്കു മാപ്പു കൊടു​ക്കുക, ദേഷ്യ​വും നീരസ​വും പ്രതി​കാ​ര​ചി​ന്ത​യും ഒക്കെ മനസ്സിൽനിന്ന് മായ്‌ച്ചു​ക​ള​യുക എന്നൊ​ക്കെ​യാണ്‌ അതിനർഥം. അല്ലാതെ, തെറ്റിനു നേരെ കണ്ണടയ്‌ക്കു​ക​യോ അതിനെ നിസ്സാ​രീ​ക​രി​ക്കു​ക​യോ അങ്ങനെ​യൊ​ന്നും സംഭവി​ച്ചി​ട്ടില്ല എന്നു ചിന്തി​ക്കു​ക​യോ എന്നല്ല. മറിച്ച്, തെറ്റു ചെയ്‌ത വ്യക്തി​യു​മാ​യി സമാധാ​ന​ബന്ധം സ്ഥാപിച്ച് അത്‌ നിലനി​റു​ത്താ​നോ വളർത്താ​നോ വേണ്ടി ഒരു വ്യക്തി ചിന്തിച്ച് എടുക്കുന്ന നല്ലൊരു തീരു​മാ​ന​മാണ്‌ ക്ഷമ.

ക്ഷമിക്കു​ന്ന​തിൽ മറ്റൊ​രാ​ളെ മനസ്സി​ലാ​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. ക്ഷമയുള്ള ഒരു വ്യക്തി എല്ലാവർക്കും തെറ്റു​പ​റ്റു​മെ​ന്നും വാക്കി​ലും പ്രവൃ​ത്തി​യി​ലും തെറ്റാത്ത ആരുമി​ല്ലെ​ന്നും അംഗീ​ക​രി​ക്കും. (റോമർ 3:23) ബൈബി​ളും അതുത​ന്നെ​യാണ്‌ പറയു​ന്നത്‌: “ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.”​—കൊ​ലോ​സ്യർ 3:13.

ആളുകളെ ‘ഒറ്റക്കെ​ട്ടാ​യി നിറു​ത്തു​ന്നത്‌’ സ്‌നേ​ഹ​മാണ്‌. അതിന്‍റെ പ്രധാ​ന​പ്പെട്ട ഒരു വശമാണ്‌ ക്ഷമ. (കൊ​ലോ​സ്യർ 3:14) മായോ ക്ലിനിക്ക് വെബ്‌​സൈറ്റ്‌ പറയു​ന്നത്‌ അനുസ​രിച്ച് ക്ഷമിക്കു​ന്നത്‌ . . .

  • നല്ല ബന്ധങ്ങളു​ണ്ടാ​യി​രി​ക്കാൻ സഹായി​ക്കും. അതിൽ സഹാനു​ഭൂ​തി​യും മറ്റൊ​രാ​ളെ മനസ്സി​ലാ​ക്കു​ന്ന​തും തെറ്റു ചെയ്‌ത വ്യക്തി​യോട്‌ അനുകമ്പ കാണി​ക്കു​ന്ന​തും ഉൾപ്പെ​ടും

  • നല്ല മാനസി​കാ​വ​സ്ഥ​യി​ലേ​ക്കും ദൈവ​വു​മാ​യി നല്ലൊരു ബന്ധത്തി​ലേ​ക്കും നയിക്കു​ന്നു

  • ആശങ്കയും ടെൻഷ​നും പകയും ഒക്കെ കുറയ്‌ക്കാൻ സഹായി​ക്കു​ന്നു

  • വിഷാദം കുറയ്‌ക്കു​ന്നു

നിങ്ങ​ളോ​ടു​ത​ന്നെ ക്ഷമിക്കുക. ഇത്‌ “ഏറ്റവും ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​മാ​യി​രി​ക്കാം. എന്നാൽ ഇത്‌ മനസ്സി​ന്‍റെ​യും ശരീര​ത്തി​ന്‍റെ​യും ആരോഗ്യത്തിന്‌ വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌” എന്നാണ്‌ വൈക​ല്യ​ങ്ങ​ളെ​യും പുനര​ധി​വാ​സ​ത്തെ​യും കുറി​ച്ചുള്ള ഒരു മാസിക പറയു​ന്നത്‌. നിങ്ങ​ളോ​ടു​തന്നെ ക്ഷമിക്കാൻ ഏതൊക്കെ കാര്യങ്ങൾ നിങ്ങളെ സഹായി​ക്കും?

  • നിങ്ങൾ എല്ലാം തികഞ്ഞ​വ​രാ​ണെന്നു ചിന്തി​ക്കാ​തി​രി​ക്കുക. എല്ലാവ​രെ​യും​പോ​ലെ നിങ്ങൾക്കും തെറ്റുകൾ പറ്റും എന്ന സത്യം അംഗീ​ക​രി​ക്കുക.​—സഭാ​പ്ര​സം​ഗകൻ 7:20

  • തെറ്റു​ക​ളിൽനിന്ന് പഠിക്കുക. അപ്പോൾ അത്‌ ആവർത്തി​ക്കാ​തി​രി​ക്കാൻ നിങ്ങൾക്കു കഴിയും

  • നിങ്ങ​ളോ​ടു​തന്നെ ക്ഷമിക്കുക. വ്യക്തി​ത്വ​ത്തി​ലെ കുഴപ്പ​ങ്ങ​ളും ചില ചീത്തശീ​ല​ങ്ങ​ളും ഒറ്റ രാത്രി​കൊണ്ട് മാറ്റാ​നാ​കില്ല.​—എഫെസ്യർ 4:23, 24

  • നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും നിങ്ങ​ളോ​ടു ദയ കാണി​ക്കു​ക​യും അതോ​ടൊ​പ്പം സത്യസ​ന്ധ​മാ​യി കാര്യങ്ങൾ പറയു​ക​യും ചെയ്യു​ന്ന​വരെ കൂട്ടു​കാ​രാ​ക്കുക.​—സുഭാ​ഷി​തങ്ങൾ 13:20

  • നിങ്ങൾ ആരെ​യെ​ങ്കി​ലും വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അത്‌ അംഗീ​ക​രി​ക്കുക. എത്രയും പെട്ടെന്നു ക്ഷമ ചോദി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾക്ക് മനസ്സമാ​ധാ​നം കിട്ടും.​—മത്തായി 5:23, 24

ബൈബിൾത​ത്ത്വ​ങ്ങൾ പ്രയോ​ജനം ചെയ്യും

ലേഖനാ​രം​ഭ​ത്തിൽ കണ്ട പട്രീഷ്യ, ബൈബിൾ പഠിച്ച​തി​നു ശേഷം ക്ഷമിക്കാൻ പഠിച്ചു. പട്രീഷ്യ പറയുന്നു: “എന്‍റെ ജീവിതം നശിപ്പി​ച്ചു​കൊ​ണ്ടി​രുന്ന കോപ​ത്തിൽനിന്ന് ഞാൻ ഇപ്പോൾ മോചി​ത​യാണ്‌. മുമ്പ​ത്തെ​പ്പോ​ലെ ഞാൻ വിഷമി​ച്ചി​രി​ക്കാ​റില്ല. മറ്റുള്ള​വരെ കഷ്ടപ്പെ​ടു​ത്താ​റു​മില്ല. ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നമ്മുടെ നന്മയാണ്‌ ആഗ്രഹി​ക്കു​ന്ന​തെ​ന്നും ഉള്ള ഉറപ്പ് ബൈബിൾത​ത്ത്വ​ങ്ങൾ തരുന്നു.”

റോൺ പറയുന്നു: “എനിക്കു മറ്റുള്ള​വ​രു​ടെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും നിയ​ന്ത്രി​ക്കാൻ കഴിയില്ല. എന്നാൽ എന്‍റേത്‌ എനിക്കു നിയ​ന്ത്രി​ക്കാൻ കഴിയും. നീരസം വെച്ചു​കൊണ്ട് സമാധാ​ന​മു​ണ്ടെന്നു പറയാൻ പറ്റില്ല. എനിക്കു സമാധാ​നം വേണ​മെ​ങ്കിൽ ഞാൻ നീരസം വിട്ടു​ക​ള​യണം. ഇപ്പോൾ എനിക്ക് ഒരു നല്ല മനസ്സാ​ക്ഷി​യുണ്ട്.”

^ ഖ. 8 ഉറവിടങ്ങൾ: മായോ ക്ലിനിക്ക്, ജോൺസ്‌ ഹോപ്‌കിൻസ്‌ മെഡി​സിൻ എന്നീ വെബ്‌​സൈ​റ്റു​കൾ, മനഃശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചുള്ള ഒരു ഇംഗ്ലീഷ്‌ മാസിക (Social Psychiatry and Psychiatric Epidemiology).