വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സാഹസം നിറഞ്ഞ സ്‌പോർട്‌സ്‌” അതു നിങ്ങൾക്കുള്ളതോ?

“സാഹസം നിറഞ്ഞ സ്‌പോർട്‌സ്‌” അതു നിങ്ങൾക്കുള്ളതോ?

ബൈബിളിന്റെ വീക്ഷണം

“സാഹസം നിറഞ്ഞ സ്‌പോർട്‌സ്‌” അതു നിങ്ങൾക്കുള്ളതോ?

“വെറുതെ ഒരു നിരീക്ഷകനായിരിക്കുന്നതിനു പകരം, പർവത അവരോഹണം, പാരച്യൂട്ടിൽ ഇറങ്ങൽ, വെള്ളച്ചാട്ടത്തിലൂടെയുള്ള വഞ്ചിയാത്ര, സ്രാവുകളോടുകൂടെ നീന്തൽ എന്നിവയിൽ ഏർപ്പെടാനാണ്‌ ഇക്കാലത്ത്‌ കൂടുതൽ ആളുകൾക്കും താത്‌പര്യം.”—ദ വില്ലോ ഗ്ലെൻ റെസിഡൻറ്‌ ന്യൂസ്‌ പേപ്പർ.

സ്‌പോർട്‌സിനോടുള്ള ആളുകളുടെ കമ്പമാണ്‌ ഈ പ്രസ്‌താവന വെളിപ്പെടുത്തുന്നത്‌. സ്‌കൈ ഡൈവിങ്‌, ഐസ്‌ ക്ലൈംബിങ്‌, പാരാഗ്ലൈഡിങ്‌, ബേസ്‌ ജമ്പിങ്‌ * എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ആളുകൾക്കുള്ള വർധിച്ചുവരുന്ന താത്‌പര്യം ഭാഗ്യപരീക്ഷണം നടത്തുന്നതിൽ ഹരം തോന്നുന്ന ഒരു ലോകത്തിന്റെ പ്രതിഫലനമാണ്‌. ചെങ്കുത്തായ പർവതങ്ങളെയും ഏറ്റവും ഉയരമുള്ള പാറക്കെട്ടുകളെയും കീഴടക്കാനും ഏറ്റവും കൂടുതൽ ദൂരത്തിൽ ചാടാനും ശ്രമിച്ചുകൊണ്ട്‌ പ്രകടനം മെച്ചപ്പെടുത്താൻ സ്‌നോബോർഡുകൾ, മൗണ്ടൻ ബൈക്കുകൾ, സ്‌കേറ്റ്‌ബോർഡുകൾ, ഇൻ-ലൈൻ സ്‌കേറ്റ്‌സ്‌ എന്നിവയും ഉപയോഗിക്കപ്പെടുന്നുണ്ട്‌. ടൈം മാസിക പ്രസ്‌താവിക്കുന്നതുപോലെ, ‘സാഹസം നിറഞ്ഞ സ്‌പോർട്‌സിനുള്ള’​—⁠അതിൽ പങ്കെടുക്കുന്നവർക്ക്‌ അപകടം പറ്റാനുള്ള സാധ്യത കൂടുതലാണ്‌​—⁠വർധിച്ചുവരുന്ന ജനപ്രീതി, ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള ദശലക്ഷക്കണക്കിനാളുകളുടെ ആഗ്രഹത്തെയാണ്‌ എടുത്തുകാണിക്കുന്നത്‌. വാരാന്തങ്ങളിൽ മാത്രം ഏർപ്പെടുന്നവരായാലും അത്‌ തൊഴിലാക്കിയിരിക്കുന്നവരായാലും, അപകടവും വൈദഗ്‌ധ്യവും ഭയവും ഉൾപ്പെട്ടിരിക്കുന്ന ഇത്തരം സ്‌പോർട്‌സിൽ ഏർപ്പെടുന്നത്‌ തങ്ങളുടെ പ്രാപ്‌തികൾക്ക്‌ അതീതമായി എന്തോ ചെയ്യുന്നുവെന്ന ഒരു തോന്നൽ അവരിൽ ഉളവാക്കുന്നു.

എന്നിരുന്നാലും, ഇത്തരം സ്‌പോർട്‌സിന്‌ ജനപ്രീതിയേറുന്നതിന്റെ ഫലമായി കനത്ത വിലയും ഒടുക്കേണ്ടിവരുന്നു. താരതമ്യേന സുരക്ഷിതമായ സ്‌പോർട്‌സുകളിൽപോലും അങ്ങേയറ്റം പോകുമ്പോൾ കൂടുതൽ പേർക്ക്‌ പരിക്കുകളേൽക്കുന്നു. ഐക്യനാടുകളിൽ 1997-ൽ അടിയന്തിര ചികിത്സാ കേന്ദ്രങ്ങളിൽ സ്‌കേറ്റ്‌ബോർഡിങ്‌, സ്‌നോബോർഡിങ്‌, പർവതാരോഹണം എന്നിവയുമായി ബന്ധപ്പെട്ട പരിക്കുകളുമായി വന്നവരുടെ എണ്ണത്തിൽ യഥാക്രമം 33-ഉം 31-ഉം 20-ഉം ശതമാനം വർധനവ്‌ ഉണ്ടായി. മറ്റ്‌ സ്‌പോർട്‌സുകളുടെ കാര്യത്തിൽ ഫലം അതിലും ഭയങ്കരമായിരുന്നു. സാഹസം നിറഞ്ഞ സ്‌പോർട്‌സിന്റെ ഫലമായി ഉണ്ടാകുന്ന വർധിച്ച മരണനിരക്കുകൾ കാണിക്കുന്നത്‌ അതാണ്‌. ഈ സ്‌പോർട്‌സുകളെ പിന്തുണയ്‌ക്കുന്നവർക്ക്‌ അതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ അറിയാം. സാഹസം നിറഞ്ഞ സ്‌കീയിങ്ങിൽ ഏർപ്പെടുന്ന ഒരു സ്‌ത്രീ പറയുന്നു: “ഞാൻ എപ്പോഴും മരണത്തെ മുഖാമുഖം കാണുകയാണ്‌.” ഒരു പ്രൊഫഷണൽ സ്‌നോബോർഡർ പറയുന്നു: “പരിക്കേൽക്കുന്നില്ലെങ്കിൽ അതിന്റെ അർഥം നിങ്ങൾ വേണ്ടത്ര കഠിനമായി ശ്രമിക്കുന്നില്ലെന്നാണ്‌.”

ഈ വസ്‌തുതകളുടെ വീക്ഷണത്തിൽ, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ ഒരു ക്രിസ്‌ത്യാനി എങ്ങനെ വീക്ഷിക്കണം? സാഹസം നിറഞ്ഞ സ്‌പോർട്‌സിൽ ഏർപ്പെടണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിൽ ബൈബിളിന്‌ എങ്ങനെ സഹായിക്കാൻ കഴിയും? ജീവനെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ സഹായിക്കും.

ജീവനെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം

‘യഹോവ ജീവന്റെ ഉറവ്‌’ ആണെന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 36:9) അവൻ മനുഷ്യരെ സൃഷ്ടിക്കുക മാത്രമല്ല ചെയ്‌തത്‌, അവരുടെ ജീവിതം ആസ്വാദ്യമാക്കുന്ന സംഗതികൾ നൽകുന്നതിൽ ശ്രദ്ധിക്കുകയും ചെയ്‌തിരിക്കുന്നു. (സങ്കീർത്തനം 139:14; പ്രവൃത്തികൾ 14:​16, 17; 17:​24-28) അവൻ വളരെ ദയാപുരസ്സരം നമുക്കു നൽകിയിരിക്കുന്നതിനെ അമൂല്യമായി കരുതാൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നുവെന്ന്‌ ന്യായമായും നിഗമനം ചെയ്യാവുന്നതാണ്‌. ഇസ്രായേൽ ജനതയ്‌ക്കു കൊടുത്ത നിയമങ്ങളും തത്ത്വങ്ങളും ആ വസ്‌തുതയെ വിലമതിക്കാൻ നമ്മെ സഹായിക്കും.

മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ ഒരു വ്യക്തി എടുക്കണമെന്നു മോശൈക നിയമം ആവശ്യപ്പെട്ടിരുന്നു. ഇതു ചെയ്യാതിരിക്കുകയും ജീവാപായം സംഭവിക്കുകയും ചെയ്യുന്നപക്ഷം ഉത്തരവാദിത്വപ്പെട്ട വ്യക്തിയെ രക്തപാതകിയായി കണക്കാക്കുമായിരുന്നു. ദൃഷ്ടാന്തത്തിന്‌, പുതിയ വീടിന്റെ പരന്ന മേൽക്കൂരയ്‌ക്കു ചുറ്റുമായി വീടിന്റെ ഉടമസ്ഥൻ കൈമതിൽ എന്ന്‌ വിളിക്കപ്പെടുന്ന ഉയരം കുറഞ്ഞ മതിലോ വേലിയോ നിർമിക്കണമെന്ന കൽപ്പന ദൈവം നൽകിയിരുന്നു. അങ്ങനെ ചെയ്യാത്തപക്ഷം, വീടിന്റെ മുകളിൽനിന്ന്‌ ആരെങ്കിലും വീണുമരിച്ചാൽ രക്തപാതക കുറ്റം അയാളുടെ മേൽ വരുമായിരുന്നു. (ആവർത്തനപുസ്‌തകം 22:8) ഒരു കാള ഒരാളെ അവിചാരിതമായി കുത്തിക്കൊന്നാൽ കാളയുടെ ഉടമ അതിന്‌ ഉത്തരവാദി ആകുമായിരുന്നില്ല. എന്നാൽ, കാള അപകടകാരിയാണെന്ന്‌ അറിയാമെന്നിരിക്കെ മുൻകരുതൽ എടുക്കാതെയാണ്‌ അത്തരമൊരു ദുരന്തം സംഭവിക്കുന്നതെങ്കിൽ അതിന്റെ ഉടമ രക്തപാതക കുറ്റം വഹിക്കുമായിരുന്നു, അയാൾ മരണ ശിക്ഷ അനുഭവിക്കണമായിരുന്നു. (പുറപ്പാടു 21:28, 29) ജീവൻ യഹോവയ്‌ക്കു വിലപ്പെട്ടതാണ്‌. അതുകൊണ്ട്‌ തന്റെ ന്യായപ്രമാണത്തിൽ അവൻ ജീവന്റെ സംരക്ഷണത്തിന്‌ വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നു.

തന്റെതന്നെയോ മറ്റുള്ളവരുടെയോ ജീവൻ നഷ്ടപ്പെടുന്നതിലേക്ക്‌ നയിച്ചേക്കാമെന്ന്‌ അറിഞ്ഞുകൊണ്ട്‌ ചെയ്യുന്ന പ്രവർത്തനങ്ങളുടെ സംഗതിയിലും ഈ തത്ത്വം ബാധകമാണെന്നു ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ മനസ്സിലാക്കിയിരുന്നു. ‘ബേത്ത്‌ളേഹെം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നുള്ള വെള്ളം’ കുടിക്കാൻ ദാവീദ്‌ ആഗ്രഹം പ്രകടിപ്പിച്ചതായി ബൈബിളിലെ ഒരു വിവരണം പറയുന്നു. അക്കാലത്ത്‌ ബേത്ത്‌ലേഹെം ഫെലിസ്‌ത്യരുടെ നിയന്ത്രണത്തിൽ ആയിരുന്നു. ദാവീദിന്റെ അപേക്ഷ കേട്ട, അവന്റെ മൂന്ന്‌ പടയാളികൾ ഫെലിസ്‌ത്യരുടെ പാളയത്തിൽ ചെന്ന്‌ ബേത്ത്‌ലേഹെം പട്ടണവാതിൽക്കലെ കിണറ്റിൽനിന്ന്‌ വെള്ളം കോരി ദാവീദിന്റെ അടുത്ത്‌ കൊണ്ടുവന്നു. ദാവീദ്‌ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? അവൻ അതു കുടിക്കാതെ നിലത്ത്‌ ഒഴിച്ചുകളഞ്ഞു. അവൻ പറഞ്ഞു: “ഇതു ചെയ്‌വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു.” (1 ദിനവൃത്താന്തം 11:17-19) തന്റെ സംതൃപ്‌തിക്കുവേണ്ടി ഒരു ജീവൻ അപകടത്തിലാക്കുന്നത്‌ ദാവീദിനെ സംബന്ധിച്ചിടത്തോളം അചിന്തനീയമായിരുന്നു.

സാധ്യതയനുസരിച്ച്‌ ഒരു ദർശനത്തിൽ സാത്താൻ യേശുവിനെ, ദൈവദൂതന്മാർ അവനെ അപകടമുണ്ടാകാതെ സംരക്ഷിക്കുമോ എന്നു കാണാനായി ദൈവവാലയത്തിന്റെ അഗ്രഭാഗത്തുനിന്ന്‌ ചാടാൻ പ്രേരിപ്പിച്ചപ്പോൾ, അവൻ സമാനമായ രീതിയിൽ പ്രതികരിച്ചു. യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു.” (മത്തായി 4:5-7) മനുഷ്യജീവന്‌ അപകടകരമായേക്കാവുന്ന അനാവശ്യ കാര്യങ്ങൾ ചെയ്യുന്നത്‌ ദൈവദൃഷ്ടിയിൽ തെറ്റാണെന്നു ദാവീദും യേശുവും തിരിച്ചറിഞ്ഞിരുന്നു.

മേൽപ്പറഞ്ഞ രണ്ട്‌ ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ നാം ഇങ്ങനെ ചിന്തിച്ചേക്കാം. ‘അങ്ങേയറ്റത്തെ അല്ലെങ്കിൽ അപകടകരമായ സ്‌പോർട്‌സ്‌ ഏതാണെന്നു വ്യക്തമായി എങ്ങനെ നിശ്ചയിക്കാനാകും? സാധാരണമായ വിനോദരൂപം, അതിൽത്തന്നെ തെറ്റല്ലെങ്കിലും, അതിരുകവിഞ്ഞു പോയേക്കാം. എത്രത്തോളം പോകാമെന്ന്‌ നമുക്ക്‌ എങ്ങനെ തീരുമാനിക്കാൻ കഴിയും?’

ശ്രമത്തിനു തക്ക മൂല്യമുള്ളതോ?

നാം ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാൻ ആസൂത്രണം ചെയ്യുന്നെങ്കിൽ അതു സംബന്ധിച്ച സത്യസന്ധമായ ഒരു വിലയിരുത്തൽ അത്‌ ശ്രമത്തിനു തക്ക മൂല്യമുള്ളതാണോ എന്നു കണ്ടെത്താൻ നമ്മെ സഹായിക്കും. ഉദാഹരണമായി നമുക്ക്‌ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘ഈ സ്‌പോർട്‌സ്‌ എന്തുമാത്രം അപകടകരമാണ്‌? പരിക്ക്‌ ഏൽക്കാതിരിക്കാൻ ആവശ്യമായ പരിശീലനമോ സംരക്ഷണാത്മക ഉപകരണങ്ങളോ എനിക്കുണ്ടോ? ഞാൻ വീഴുകയോ തെറ്റായ കണക്കുകൂട്ടൽ നടത്തി ചാടുകയോ അല്ലെങ്കിൽ എന്റെ സുരക്ഷാ ഉപകരണം പ്രവർത്തിക്കാതിരിക്കുകയോ ചെയ്‌താൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ എന്തായിരിക്കും? അത്‌ ചെറിയൊരു അപകടമായിരിക്കുമോ അതോ ഗുരുതരമായ പരിക്കോ മരണമോ ആയിരിക്കാനുള്ള സാധ്യതയുണ്ടോ?’

വിനോദത്തിന്റെ പേരിൽ അനാവശ്യമായ സാഹസത്തിന്‌ മുതിരുന്നത്‌ യഹോവയുമായുള്ള ഒരു ക്രിസ്‌ത്യാനിയുടെ വിലയേറിയ ബന്ധത്തെയും സഭയിൽ പ്രത്യേക പദവികൾക്കുള്ള അദ്ദേഹത്തിന്റെ യോഗ്യതയെയും പ്രതികൂലമായി ബാധിക്കും. (1 തിമൊഥെയൊസ്‌ 3:2, 8-10; 4:12; തീത്തൊസ്‌ 2:6-8) വ്യക്തമായും, വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ പോലും ക്രിസ്‌ത്യാനികൾ ജീവന്റെ പവിത്രതയെ സംബന്ധിച്ച ദൈവിക വീക്ഷണം പരിചിന്തിക്കുന്നത്‌ ജ്ഞാനമാണ്‌.

[അടിക്കുറിപ്പ്‌]

^ ബേസ്‌ എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌ കെട്ടിടം, ആന്റീന, പാലങ്ങൾ, കിഴുക്കാം തൂക്കായ പാറകൾ എന്നിവയെയാണ്‌. ഇവയിൽനിന്നും പാരച്യൂട്ടിൽ ഇറങ്ങുന്നത്‌ വളരെ അപകടകരമായതിനാൽ ഐക്യനാടുകളിലെ നാഷണൽ പാർക്ക്‌ സർവീസ്‌ അതിനു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു.