വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ എന്താണു കുഴപ്പം?

ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ എന്താണു കുഴപ്പം?

ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടു​ന്ന​തിൽ എന്താണു കുഴപ്പം?

“ഏകദേശം 2,90,000 ഓസ്‌​ട്രേ​ലി​യ​ക്കാർ ചൂതാട്ട ആസക്തരാണ്‌. അവർ പ്രതി​വർഷം 14,400 കോടി​യി​ല​ധി​കം രൂപയു​ടെ നഷ്ടം വരുത്തി​വെ​ക്കു​ന്നു. ചൂതാട്ട ആസക്തരെ മാത്രമല്ല ഇതു പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നത്‌. മറിച്ച്‌ ഇവരുടെ പാപ്പരത്തം, വിവാ​ഹ​മോ​ചനം, ആത്മഹത്യ, ജോലി​സമയ നഷ്ടം എന്നിവ​യാൽ നേരിട്ടു ബാധി​ക്ക​പ്പെ​ടുന്ന 15 ലക്ഷത്തോ​ളം ആളുക​ളു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌.”—ജെ. ഹൗവാർഡ്‌, ഓസ്‌​ട്രേ​ലി​യൻ പ്രധാ​ന​മ​ന്ത്രി, 1999.

കഴിഞ്ഞ ലേഖന​ത്തിൽ പരാമർശിച്ച ജോൺ ഒരു ചൂതാട്ട ആസക്തൻ ആയിത്തീർന്നു. a ഓസ്‌​ട്രേ​ലി​യ​യി​ലേക്കു കുടി​യേ​റിയ അദ്ദേഹം വിവാഹം ചെയ്‌ത ലിൻഡ​യും ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നു. ജോണി​ന്റെ ആസക്തി ഒന്നി​നൊ​ന്നു വർധിച്ചു. അദ്ദേഹം പറയുന്നു: “ഭാഗ്യ​ക്കു​റി​കൾ വാങ്ങി​ക്കൊ​ണ്ടാ​യി​രു​ന്നു തുടക്കം. പിന്നീട്‌ ഞാൻ കുതി​ര​പ്പ​ന്ത​യ​ങ്ങ​ളിൽ വാതു​വെ​ക്കാ​നും ചൂതാ​ട്ട​ശാ​ലകൾ സന്ദർശി​ക്കാ​നു​മൊ​ക്കെ തുടങ്ങി. ഏതാണ്ട്‌ എല്ലാ ദിവസ​വും​തന്നെ ഞാൻ ചൂതാ​ട്ട​ത്തിൽ ഏർപ്പെട്ടു. ചില​പ്പോൾ വായ്‌പ തിരി​ച്ച​ട​യ്‌ക്കാ​നോ കുടും​ബ​ത്തി​നു വേണ്ട ഭക്ഷ്യവ​സ്‌തു​ക്കൾ വാങ്ങാൻ പോലു​മോ ഉള്ള പണം മാറ്റി വെക്കാതെ കിട്ടുന്ന ശമ്പളം മുഴുവൻ ഞാൻ ചൂതാ​ട്ട​ത്തി​നാ​യി ചെലവ​ഴി​ച്ചി​രു​ന്നു. എത്രതന്നെ പണം കിട്ടി​യാ​ലും ഞാൻ ചൂതാട്ടം അവസാ​നി​പ്പി​ച്ചി​രു​ന്നില്ല. ജയിക്കു​ന്ന​തി​ന്റെ ഹരമാണ്‌ എന്നെ അടിമ​പ്പെ​ടു​ത്തി​യത്‌.”

ജോണി​നെ പോലുള്ള വ്യക്തികൾ വിരളമല്ല. ചില സമൂഹ​ങ്ങളെ ഒന്നാകെ ചൂതാട്ട ജ്വരം പിടി​കൂ​ടി​യി​രി​ക്കു​ന്ന​താ​യി കാണാം. ഐക്യ​നാ​ടു​ക​ളിൽ നിയമ​പ​ര​മായ ചൂതാ​ട്ട​ത്തി​നാ​യി ചെലവ​ഴി​ക്ക​പ്പെട്ട തുകയിൽ 1976-നും 1997-നും ഇടയ്‌ക്ക്‌ അതിശ​യ​ക​ര​മായ 3,200 ശതമാനം വർധന ഉണ്ടായ​താ​യി യുഎസ്‌എ ടുഡേ എന്ന മാസിക പറഞ്ഞു.

“ചൂതാട്ടം ധാർമി​ക​വും സാമൂ​ഹി​ക​വു​മായ ഒരു തിന്മയാ​യി​ട്ടാ​ണു വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. എന്നാൽ ഇന്ന്‌ അത്‌ സാമൂ​ഹിക അംഗീ​കാ​ര​മുള്ള ഒരു നേര​മ്പോ​ക്കാണ്‌” എന്ന്‌ കാനഡ​യി​ലെ വർത്തമാ​ന​പ്പ​ത്ര​മായ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പറയുന്നു. പൊതു​ജ​ന​ങ്ങ​ളു​ടെ മനോ​ഭാ​വ​ത്തി​ലെ ഈ മാറ്റത്തി​നുള്ള ഒരു കാരണത്തെ കുറിച്ചു പത്രം പറയുന്നു: “കനേഡി​യൻ ചരി​ത്ര​ത്തി​ലെ ഒരുപക്ഷേ ഏറ്റവും ചെല​വേ​റി​യ​തും സുദീർഘ​വു​മായ സർക്കാർ പിന്തു​ണ​യുള്ള പരസ്യ പരിപാ​ടി​യു​ടെ നേരി​ട്ടുള്ള ഫലമാണ്‌ മനോ​ഭാ​വ​ത്തിൽ വന്നിരി​ക്കുന്ന ഈ മാറ്റം.” ചൂതാ​ട്ടത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾക്ക്‌ ചില സമൂഹ​ങ്ങ​ളു​ടെ​മേൽ എന്തു ഫലമാണ്‌ ഉണ്ടായി​രു​ന്നി​ട്ടു​ള്ളത്‌?

ചൂതാട്ട ആസക്തി എന്ന ബാധ

ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂ​ളി​ലെ ‘ആസക്തി വിഭാ​ഗ​ത്തി​ന്റെ’ കണക്കനു​സ​രിച്ച്‌, 1996-ൽ “അമേരി​ക്ക​യിൽ ചൂതാട്ട ആസക്തരായ—അത്യാ​സക്തർ ഉൾപ്പെടെ—75 ലക്ഷം മുതിർന്ന​വ​രും 79 ലക്ഷം കൗമാ​ര​പ്രാ​യ​ക്കാ​രും” ഉണ്ടായി​രു​ന്നു. യു.എസ്‌. കോൺഗ്ര​സ്സി​നു സമർപ്പിച്ച ‘ദേശീയ ചൂതാട്ട ഫല പഠന കമ്മീഷന്റെ’ (എൻജി​ഐ​എ​സ്‌സി) ഒരു റിപ്പോർട്ടിൽ ഈ കണക്കുകൾ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. ചൂതാ​ട്ട​സം​ബ​ന്ധ​മായ പ്രശ്‌ന​ങ്ങ​ളുള്ള അമേരി​ക്ക​ക്കാ​രു​ടെ എണ്ണം വാസ്‌ത​വ​ത്തിൽ രേഖകൾ പ്രകട​മാ​ക്കു​ന്ന​തി​നെ​ക്കാൾ വളരെ കൂടുതൽ ആയിരു​ന്നേ​ക്കാം എന്ന്‌ ആ റിപ്പോർട്ട്‌ പ്രസ്‌താ​വി​ച്ചു.

ചൂതാട്ട ആസക്തരു​ടെ ജോലി നഷ്ടം, ആരോ​ഗ്യ​ക്കു​റവ്‌, അവർക്കു നൽകേണ്ടി വരുന്ന തൊഴി​ലി​ല്ലായ്‌മ വേതനം, ചികിത്സാ ചെലവു​കൾ എന്നിവ ഓരോ വർഷവും യു.എസ്‌. സമൂഹ​ത്തിന്‌ ശതകോ​ടി​ക്ക​ണ​ക്കി​നു രൂപയു​ടെ നഷ്ടം വരുത്തി​വെ​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ ചൂതാട്ട ആസക്തി മനുഷ്യ​നു കൈവ​രു​ത്തുന്ന ദുരി​തങ്ങൾ—മോഷണം, പണാപ​ഹ​രണം, ആത്മഹത്യ, വീട്ടിലെ അക്രമം, ശിശു​ദ്രോ​ഹം എന്നിവ​യു​ടെ ഫലമായി കുടും​ബ​ത്തി​നും സുഹൃ​ത്തു​ക്കൾക്കും സഹപ്ര​വർത്ത​കർക്കും നേരി​ടേ​ണ്ടി​വ​രുന്ന വേദന​യും ബുദ്ധി​മു​ട്ടും—ഈ കണക്കിൽ പെടു​ന്നില്ല. ഓരോ വ്യക്തി​യു​ടെ​യും ചൂതാട്ട ആസക്തിക്ക്‌ പത്തു പേരെ വരെ നേരിട്ട്‌ ബാധി​ക്കാ​നാ​കു​മെന്ന്‌ ഓസ്‌​ട്രേ​ലി​യ​യിൽ നടത്തിയ ഒരു പഠനം വെളി​പ്പെ​ടു​ത്തി. ഐക്യ​നാ​ടു​ക​ളി​ലെ ‘ദേശീയ ഗവേഷക സമിതി’യുടെ ഒരു റിപ്പോർട്ടു പറയു​ന്ന​ത​നു​സ​രിച്ച്‌, “50 ശതമാ​ന​ത്തോ​ളം ഇണകളും 10 ശതമാ​ന​ത്തോ​ളം കുട്ടി​ക​ളും ചൂതാട്ട അത്യാ​സ​ക്ത​രിൽനി​ന്നുള്ള ശാരീ​രിക ഉപദ്ര​വ​ത്തിന്‌ ഇരയാ​കു​ന്നു.”

പകരുന്ന ആസക്തി

ചില രോഗങ്ങൾ പോലെ ചൂതാട്ട ആസക്തി​യും മാതാ​പി​താ​ക്ക​ളിൽനി​ന്നു മക്കളി​ലേക്കു പകരു​ന്ന​താ​യി കാണ​പ്പെ​ട്ടേ​ക്കാം. “ചൂതാട്ട ആസക്തരു​ടെ കുട്ടികൾ പുകവലി, മദ്യപാ​നം, മയക്കു​മ​രുന്ന്‌ ദുരു​പ​യോ​ഗം എന്നിങ്ങ​നെ​യുള്ള മോശ​മായ കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടാ​നും ചൂതാട്ട ആസക്തി—അത്യാ​സക്തി പോലും—വളർത്തി​യെ​ടു​ക്കാ​നും ഉള്ള സാധ്യത ഏറെയാണ്‌” എന്ന്‌ എൻജി​ഐ​എ​സ്‌സി റിപ്പോർട്ടു പറയുന്നു. അതു​പോ​ലെ “ചൂതാട്ട ആസക്തി—അത്യാ​സക്തി പോലും—വളർത്തി​യെ​ടു​ക്കാൻ മുതിർന്ന​വ​രെ​ക്കാൾ കൂടുതൽ സാധ്യത ഉള്ളത്‌ ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടുന്ന കൗമാ​ര​പ്രാ​യ​ക്കാ​രാണ്‌” എന്നും റിപ്പോർട്ട്‌ മുന്നറി​യി​പ്പു നൽകുന്നു.

ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂ​ളി​ലെ ആസക്തി പഠന വിഭാ​ഗ​ത്തി​ന്റെ ഡയറക്ട​റായ ഡോ. ഹൗവാർഡ്‌ ജെ. ഷാഫർ പറയുന്നു: “അംഗീ​കൃത ചൂതാ​ട്ട​ത്തി​നുള്ള അവസരങ്ങൾ വർധി​ക്കു​ന്ന​തിന്‌ ആനുപാ​തി​ക​മാ​യെ​ങ്കി​ലും യുവജ​ന​ങ്ങൾക്കി​ട​യി​ലെ നിയമ​വി​രുദ്ധ ചൂതാ​ട്ട​വും വർധി​ക്കു​ന്നു​ണ്ടെന്നു സൂചി​പ്പി​ക്കുന്ന ധാരാളം തെളി​വു​കൾ ഉണ്ട്‌.” ചൂതാട്ട അത്യാ​സക്തർ ഇന്റർനെ​റ്റി​നെ ദുരു​പ​യോ​ഗം ചെയ്യാ​നുള്ള സാധ്യ​തയെ കുറിച്ച്‌ അദ്ദേഹം പറയുന്നു: “ക്രാക്‌ കൊ​ക്കെ​യ്‌ന്റെ രംഗ​പ്ര​വേശം കൊ​ക്കെയ്‌ൻ അനുഭൂ​തി​യെ പാടേ മാറ്റി​മ​റി​ച്ച​തു​പോ​ലെ ഇലക്‌​ട്രോ​ണി​ക്‌സ്‌ ചൂതാട്ട രംഗത്തെ മാറ്റി​മ​റി​ക്കു​മെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.”

ചൂതാട്ടം മിക്ക​പ്പോ​ഴും നിരു​പ​ദ്ര​വ​ക​ര​മായ വിനോ​ദ​മാ​യാ​ണു ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌. എന്നാൽ കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ കാര്യ​ത്തിൽ ചൂതാ​ട്ട​ത്തിന്‌ മയക്കു​മ​രു​ന്നു​കൾ പോ​ലെ​തന്നെ ആസക്തി ഉളവാ​ക്കാ​നും കുറ്റകൃ​ത്യ​ത്തി​ലേക്കു നയിക്കാ​നും കഴിയും. യുകെ-യിൽ നടത്തിയ ഒരു സർവേ ചൂതാട്ട ശീലമു​ണ്ടാ​യി​രുന്ന കൗമാ​ര​പ്രാ​യ​ക്കാ​രിൽ “46 ശതമാനം” അതിൽ ഏർപ്പെ​ടു​ന്ന​തി​നാ​യി “സ്വന്തം വീട്ടിൽനി​ന്നു മോഷണം നടത്തി​യ​താ​യി” വെളി​പ്പെ​ടു​ത്തി.

ഈ വസ്‌തു​ത​ക​ളെ​ല്ലാം ഉണ്ടായി​രു​ന്നി​ട്ടും ഒരു പ്രമുഖ ചൂതാട്ട സംഘടന തങ്ങൾ ചൂതാ​ട്ടത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നെ ഇപ്രകാ​രം പറഞ്ഞു​കൊ​ണ്ടു ന്യായീ​ക​രി​ക്കു​ന്നു: “ചൂതു​ക​ളി​യിൽ ഏർപ്പെ​ടുന്ന അമേരി​ക്ക​ക്കാ​രിൽ ഭൂരി​ഭാ​ഗ​ത്തി​നും അതുനി​മി​ത്തം പ്രശ്‌ന​ങ്ങ​ളൊ​ന്നും ഉണ്ടാകു​ന്നില്ല.” ഇനി, ചൂതാട്ടം നിങ്ങളു​ടെ സാമ്പത്തിക സ്ഥിതി​യെ​യോ ശാരീ​രിക ആരോ​ഗ്യ​ത്തെ​യോ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നി​ല്ലെന്നു തോന്നി​യാൽത്തന്നെ, അതു നിങ്ങളു​ടെ ആത്മീയ ആരോ​ഗ്യ​ത്തെ എങ്ങനെ ബാധി​ക്കും? ചൂതാട്ടം ഒഴിവാ​ക്കു​ന്ന​തിന്‌ ഈടുറ്റ കാരണങ്ങൾ ഉണ്ടോ? അടുത്ത ലേഖനം ഈ ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ന്ന​താണ്‌. (g02 7/22)

[അടിക്കു​റിപ്പ്‌]

a 4, 5 പേജു​ക​ളി​ലെ “ഞാൻ ഒരു ചൂതാട്ട ആസക്തനാ​ണോ?” എന്ന ചതുരം കാണുക.

[4, 5 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഞാൻ ഒരു ചൂതാട്ട ആസക്തനാ​ണോ?

അമേരി​ക്കൻ സൈക്യാ​ട്രിക്‌ അസോ​സി​യേ​ഷന്റെ അഭി​പ്രാ​യ​പ്ര​കാ​രം പിൻവ​രുന്ന പട്ടിക ഒരാൾ ചൂതാട്ട അത്യാ​സ​ക്ത​നാ​ണോ എന്നു നിർണ​യി​ക്കാൻ സഹായി​ക്കും. 5-ാം പേജിൽ നൽകി​യി​രി​ക്കുന്ന ലക്ഷണങ്ങ​ളിൽ പലത്‌ പ്രകട​മാ​ണെ​ങ്കിൽ നിങ്ങ​ളൊ​രു ചൂതാട്ട ആസക്തനാ​ണെ​ന്നും ഏതെങ്കി​ലും ഒരു ലക്ഷണമേ ഉള്ളു​വെ​ങ്കിൽ ചൂതാട്ട ആസക്തി വളർത്തി​യെ​ടു​ക്കാൻ സാധ്യത ഉണ്ടെന്നു​മുള്ള കാര്യ​ത്തിൽ മിക്ക വിദഗ്‌ധ​രും യോജി​ക്കു​ന്നു.

ആമഗ്നത​ചൂ​താ​ട്ടം നിങ്ങളു​ടെ സമയത്തി​ലേ​റെ​യും കവർന്നെ​ടു​ക്കു​ന്നു. ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ടാത്ത സമയത്ത്‌ നിങ്ങൾ ഒന്നുകിൽ മുൻ ചൂതാട്ട അനുഭ​വ​ങ്ങളെ കുറിച്ചു ചിന്തി​ക്കു​ക​യോ അടുത്ത നീക്കം ആസൂ​ത്രണം ചെയ്യു​ക​യോ ചൂതാ​ട്ട​ത്തി​നുള്ള പണം എങ്ങനെ സ്വരൂ​പി​ക്കാം എന്നതിനെ കുറിച്ച്‌ ആലോ​ചി​ക്കു​ക​യോ ചെയ്യുന്നു.

പണത്തിന്റെ അളവു വർധി​പ്പി​ക്കൽആ​ഗ്ര​ഹി​ക്കുന്ന അനുഭൂ​തി ലഭിക്ക​ണ​മെ​ങ്കിൽ ചൂതാ​ട്ട​ത്തി​നാ​യി ഉപയോ​ഗി​ക്കുന്ന പണത്തിന്റെ അളവ്‌ വർധി​പ്പി​ക്കേണ്ടി വരുന്നു.

പിന്മാറ്റ ലക്ഷണങ്ങൾചൂ​താ​ട്ട​ശീ​ലം കുറയ്‌ക്കാ​നോ നിറു​ത്താ​നോ ശ്രമി​ക്കു​മ്പോൾ നിങ്ങൾക്ക്‌ അസ്വസ്ഥ​ത​യോ ഈർഷ്യ​യോ അനുഭ​വ​പ്പെ​ടു​ന്നു.

ഒളിച്ചോട്ടംപ്രശ്‌നങ്ങളിൽനിന്നു രക്ഷപ്പെ​ടാ​നോ നിസ്സഹാ​യത, കുറ്റ​ബോ​ധം, ഉത്‌കണ്‌ഠ, വിഷാദം എന്നിവ​യിൽ നിന്ന്‌ ആശ്വാസം നേടാ​നോ ഉള്ള വഴിയാ​യി നിങ്ങൾ ചൂതാ​ട്ടത്തെ കാണുന്നു.

പിന്തുടരൽചൂതാട്ടത്തിൽ പണം നഷ്ടപ്പെ​ട്ടാൽ അതു തിരി​ച്ചു​പി​ടി​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ മറ്റൊരു ദിവസം നിങ്ങൾ മടങ്ങി​യെ​ത്തു​ന്നു. ഈ സ്വഭാ​വ​വി​ശേ​ഷ​തയെ ഒരുവന്റെ നഷ്ടങ്ങളു​ടെ പിന്നാ​ലെ​യുള്ള ഓട്ടം എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു.

നുണ പറയൽചൂ​താ​ട്ട​ത്തിൽ എത്രമാ​ത്രം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌ എന്നതു മറച്ചു​വെ​ക്കാൻ നിങ്ങൾ കുടും​ബാം​ഗ​ങ്ങ​ളോ​ടോ ചികി​ത്സ​ക​രോ​ടോ മറ്റുള്ള​വ​രോ​ടോ നുണ പറയുന്നു.

നിയന്ത്രണ നഷ്ടംചൂ​താ​ട്ടം നിറു​ത്താ​നോ നിയ​ന്ത്രി​ക്കാ​നോ വെട്ടി​ച്ചു​രു​ക്കാ​നോ പല തവണ ശ്രമിച്ച്‌ നിങ്ങൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

നിയമവിരുദ്ധ പ്രവൃ​ത്തി​കൾചൂ​താ​ട്ട​ത്തി​നുള്ള പണത്തി​നാ​യി നിങ്ങൾ തട്ടിപ്പോ കളവോ പണാപ​ഹ​ര​ണ​മോ പോലുള്ള നിയമ​വി​രുദ്ധ നടപടി​ക​ളിൽ ഏർപ്പെ​ട്ടി​ട്ടുണ്ട്‌.

പ്രധാനപ്പെട്ട ഒരു ബന്ധം അപകട​ത്തി​ലാ​ക്ക​പ്പെ​ട്ടു​ചൂ​താ​ട്ടം നിമിത്തം വിലപ്പെട്ട ഒരു ബന്ധം അപകട​ത്തി​ലാ​വു​ക​യോ നഷ്ടപ്പെ​ടു​ക​യോ ചെയ്‌തു. അല്ലെങ്കിൽ ഒരു തൊഴിൽ അവസര​മോ വിദ്യാ​ഭ്യാ​സ അവസര​മോ തൊഴി​ലോ നഷ്ടപ്പെട്ടു.

ജാമ്യംചൂതാട്ടത്തിന്റെ ഫലമാ​യു​ണ്ടായ വലിയ സാമ്പത്തിക കടത്തിൽനിന്ന്‌ നിങ്ങളെ രക്ഷിക്കു​ന്ന​തിന്‌ മറ്റാ​രെ​യെ​ങ്കി​ലും ആശ്രയി​ക്കേ​ണ്ടി​വന്നു.

[കടപ്പാട്‌]

ഉറവ്‌: National Opinion Research Center at the University of Chicago, Gemini Research, and The Lewin Group.

[7-ാം പേജിലെ ചതുരം/ചിത്രം]

ഭാഗ്യക്കുറി പരസ്യ​ങ്ങ​ളി​ലെ യഥാർഥ സന്ദേശം

“ഭാഗ്യ​ക്കു​റി പ്രോ​ത്സാ​ഹ​നത്തെ . . . മൂല്യ​ങ്ങളെ കുറി​ച്ചുള്ള വിദ്യാ​ഭ്യാ​സ​മാ​യി, ചൂതാട്ടം നിരു​പ​ദ്ര​വ​ക​ര​വും പ്രയോ​ജ​ന​പ്രദം പോലു​മായ ഒരു പ്രവർത്ത​ന​മാ​ണെന്ന പഠിപ്പി​ക്ക​ലാ​യി വീക്ഷി​ക്കാ​വു​ന്ന​താണ്‌” എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലെ ഡ്യൂക്ക്‌ സർവക​ലാ​ശാ​ല​യി​ലെ ഗവേഷകർ ‘ദേശീയ ചൂതാട്ട ഫല പഠന കമ്മീഷന്‌’ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. ഭാഗ്യ​ക്കു​റി പരസ്യ​ങ്ങൾക്ക്‌ യഥാർഥ​ത്തിൽ സമൂഹ​ത്തി​ന്മേൽ എന്തു ഫലമാ​ണു​ള്ളത്‌? ആ റിപ്പോർട്ടു പറയുന്നു: “ഭാഗ്യ​ക്കു​റി പരസ്യ​ങ്ങ​ളി​ലെ സന്ദേശം—ശരിയായ സംഖ്യ തിര​ഞ്ഞെ​ടു​ക്കു​ന്ന​താണ്‌ വിജയ​ത്തി​ലേ​ക്കുള്ള താക്കോൽ എന്നത്‌—ദുർബ​ലീ​ക​രി​ക്കുന്ന ഒന്നാ​ണെന്നു പറഞ്ഞാൽ അത്‌ ഒരു അതിശ​യോ​ക്തി ആവി​ല്ലെന്നു തോന്നു​ന്നു. ഭാഗ്യ​ക്കു​റി സംഘട​നകൾ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന ഈ വികല ‘വിദ്യാ​ഭ്യാ​സ’ പരിപാ​ടി യഥാർഥ​ത്തിൽ കാലാ​ന്ത​ര​ത്തിൽ സാമ്പത്തിക വളർച്ച കുറച്ചു​കൊണ്ട്‌ സർക്കാർ വരുമാ​നം കുറയ്‌ക്കുക എന്ന മോശ​മായ ഫലം ചെയ്‌തേ​ക്കാം. പ്രത്യേ​കി​ച്ചും, ജോലി ചെയ്യാ​നും പണം മിച്ചം വെക്കാ​നും സ്വന്തം വിദ്യാ​ഭ്യാ​സ​ത്തി​നും പരിശീ​ല​ന​ത്തി​നു​മാ​യി പണം ഉപയോ​ഗി​ക്കാ​നു​മുള്ള ചായ്‌വു​കളെ ഇല്ലാതാ​ക്കു​ന്നെ​ങ്കിൽ ഭാഗ്യ​ക്കു​റി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ കാല​ക്ര​മേണ ഉത്‌പാ​ദ​ന​ക്ഷ​മ​തയെ ദുർബ​ല​മാ​ക്കും. എന്തായി​രു​ന്നാ​ലും ഒരു അത്ഭുത​ത്തി​ന്മേൽ പന്തയം വെക്കു​ന്ന​താണ്‌ വിജയ​ത്തി​ലേ​ക്കുള്ള വഴി എന്നല്ല സാധാ​ര​ണ​ഗ​തി​യിൽ നാം കുട്ടി​കളെ പഠിപ്പി​ക്കു​ന്നത്‌.”

[8-ാം പേജിലെ ചതുരം/ചിത്രം]

ഓരോ ഭവനവും ഒരു ചൂതാ​ട്ട​ശാ​ല

ചൂതാ​ട്ട​ത്തി​നാ​യി പുതിയ കെട്ടി​ടങ്ങൾ നിർമി​ക്കു​ന്ന​തിന്‌ ചെലവാ​ക്കേണ്ടി വരുന്ന തുകയു​ടെ ചെറി​യൊ​രു അംശം കൊണ്ടു​തന്നെ ചൂതാട്ട സംഘട​ന​കൾക്ക്‌ ഇപ്പോൾ വെബ്‌ സൈറ്റു​കൾ സൃഷ്ടി​ക്കാ​നാ​കു​ന്നു. അങ്ങനെ ഇന്റർനെറ്റ്‌ കണക്ഷനുള്ള ഓരോ ഭവനവും പ്രത്യ​ക്ഷ​ത്തിൽ ഒരു ചൂതാട്ട ശാലയാ​യി​ത്തീ​രു​ക​യാണ്‌. 1990-കളുടെ മധ്യത്തിൽ ഇന്റർനെ​റ്റിൽ ഏതാണ്ട്‌ 25 ചൂതാട്ട സൈറ്റു​കൾ ഉണ്ടായി​രു​ന്നു. 2001 ആയപ്പോ​ഴേ​ക്കും അത്‌ 1,200-ലധിക​മാ​യി. ഇന്റർനെറ്റ്‌ ചൂതാ​ട്ട​ത്തിൽനി​ന്നുള്ള വരുമാ​നം ഓരോ വർഷവും ഇരട്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 1997-ൽ ഇന്റർനെ​റ്റി​ലെ ചൂതാട്ട സൈറ്റു​ക​ളിൽനിന്ന്‌ 300 ദശലക്ഷം ഡോളർ വരുമാ​നം ലഭിച്ചു. 1998-ൽ അതിൽനി​ന്നുള്ള വരുമാ​നം 650 ദശലക്ഷം ഡോള​റാ​യി ഉയർന്നു. 2000-ത്തിൽ ഇന്റർനെറ്റ്‌ ചൂതാട്ട സൈറ്റു​കൾ 220 കോടി ഡോളർ ഉണ്ടാക്കി. 2003 ആകു​മ്പോ​ഴേ​ക്കും ഈ സംഖ്യ “640 കോടി ഡോള​റാ​കു​മെന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു” എന്ന്‌ ഒരു റോയി​റ്റേ​ഴ്‌സ്‌ വാർത്താ റിപ്പോർട്ടു പറയുന്നു.

[6-ാം പേജിലെ ചിത്രം]

ചൂതാട്ട ആസക്തി​യു​ടെ ഒരു ദുരന്ത​ഫലം ഭക്ഷണത്തി​നു വകയി​ല്ലാത്ത കുടും​ബ​ങ്ങൾ

[7-ാം പേജിലെ ചിത്രം]

യുവജനങ്ങൾക്കിടയിലെ ചൂതാട്ടം ഞെട്ടി​ക്കുന്ന അളവിൽ വർധി​ക്കു​ക​യാണ്‌

[8-ാം പേജിലെ ചിത്രം]

ചൂതാട്ടത്തോട്‌ ആസക്തി​യു​ള്ള​വ​രു​ടെ കുട്ടികൾ അതേ ആസക്തി വളർത്തി​യെ​ടു​ക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌