വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്‌കണ്‌ഠാ വൈകല്യവുമായി മല്ലിടുന്നവർക്ക്‌ സാന്ത്വനമേകാം

ഉത്‌കണ്‌ഠാ വൈകല്യവുമായി മല്ലിടുന്നവർക്ക്‌ സാന്ത്വനമേകാം

ഉത്‌കണ്‌ഠാ വൈകല്യവുമായി മല്ലിടുന്നവർക്ക്‌ സാന്ത്വനമേകാം

“എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങും, ഞാൻ ആകെ വിയർത്തു കുളിക്കും, നേരെചൊവ്വേ ശ്വാസം വിടാൻപോലും കഴിയില്ല. ഭയവും ഉത്‌കണ്‌ഠയും മനോവിഭ്രാന്തിയും ഒക്കെ എന്നെ പിടികൂടും.”—വിഭ്രാന്തി രോഗവുമായി മല്ലിടുന്ന മധ്യവയസ്‌കയായ ഇസബെല്ല.

“പരിഭ്രാന്തിയോ ഭയമോ ഒക്കെ തോന്നുന്ന അവസ്ഥയെ” ആണ്‌ നാം ഉത്‌കണ്‌ഠ എന്നു വിളിക്കുന്നത്‌. ഉദാഹരണത്തിന്‌, ഒരു നായ കുരച്ചുകൊണ്ട്‌ നിങ്ങളുടെ നേരെ ചാടിവരുമ്പോൾ നിങ്ങൾ ആകെ പേടിച്ചുപോകും. പക്ഷേ നായ അതിന്റെ വഴിക്കുപോയിക്കഴിയുമ്പോൾ നിങ്ങളുടെ പേടിയും പമ്പകടക്കും, ശരിയല്ലേ? എന്നാൽ ഇങ്ങനെയുള്ള ഉത്‌കണ്‌ഠകൾ എപ്പോഴാണ്‌ ഒരു വൈകല്യമായി മാറുന്നത്‌?

ഉത്‌കണ്‌ഠയ്‌ക്ക്‌ ഇടയാക്കിയ പ്രശ്‌നം അവസാനിച്ചിട്ടും കാരണമേതുമില്ലാതെ പിന്നെയും അതേക്കുറിച്ചുതന്നെ ഓർത്ത്‌ ഉത്‌കണ്‌ഠപ്പെട്ടുകൊണ്ടിരിക്കുന്നെങ്കിൽ അതൊരു വൈകല്യമായിരിക്കാം. “ഓരോ വർഷവും, 18 വയസ്സിനു മുകളിൽ പ്രായമുള്ള അമേരിക്കക്കാരിൽ . . . ഏകദേശം നാലുകോടി ആളുകൾക്ക്‌ ഉത്‌കണ്‌ഠാ വൈകല്യം പിടിപെടുന്നു” എന്ന്‌ അമേരിക്കയിലെ ദേശീയ മാനസികാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട്‌ (NIMH) പറയുന്നു. ആമുഖത്തിൽ കണ്ട ഇസബെല്ലയുടെ കാര്യമെടുക്കുക. അവരെ ബാധിച്ചിരിക്കുന്നത്‌ തുടർച്ചയായി നിലനിൽക്കുന്നതരം ഉത്‌കണ്‌ഠയാണ്‌. രോഗികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇതിനാകും.

രോഗികളെ മാത്രമല്ല ഉറ്റ കുടുംബാംഗങ്ങളെയും ഇത്‌ ദോഷകരമായി ബാധിച്ചേക്കാം. എന്നാൽ ആശ്വാസത്തിന്‌ വകയുണ്ട്‌. മേൽപരാമർശിച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രസിദ്ധീകരണം പറയുന്നു: “ഉത്‌കണ്‌ഠാ വൈകല്യങ്ങൾക്ക്‌ ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്‌. ഈ പ്രശ്‌നവുമായി മല്ലിടുന്നവർക്ക്‌ സുഖകരവും സംതൃപ്‌തികരവും ആയ ജീവിതം നയിക്കാൻ സഹായിക്കുന്ന പുതിയ ചികിത്സാരീതികളും ഗവേഷകർ കണ്ടെത്തിക്കൊണ്ടിരിക്കുന്നു.”

ഒപ്പം, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അവരെ സഹായിക്കാനാകും. എങ്ങനെ?

എങ്ങനെ സഹായിക്കാം?

പിന്തുണയേകുക: സാധാരണ ഉത്‌കണ്‌ഠാ വൈകല്യവും മാനസികാഘാതത്തെ തുടർന്നുണ്ടാകുന്ന സമ്മർദവും നേരിടുന്ന മോനിക്ക തന്റെ ഒരു വിഷമാവസ്ഥ വിവരിക്കുന്നു: “ഞാൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പറഞ്ഞാൽ പലർക്കും അത്‌ മനസ്സിലാകില്ല.”

തെറ്റിദ്ധരിക്കുമെന്നു ഭയന്ന്‌ ഇത്തരം വൈകല്യങ്ങൾ ഉള്ളവർ അതു ആളുകളിൽനിന്ന്‌ മറച്ചുവെക്കാൻ ശ്രമിക്കും. ഇത്‌ പലപ്പോഴും കുറ്റബോധത്തിനും മാനസികാവസ്ഥ കൂടുതൽ വഷളാകുന്നതിനും കാരണമാകും. അതുകൊണ്ട്‌, ബന്ധുമിത്രാദികളുടെ പിന്തുണ വളരെ പ്രധാനമാണ്‌.

വൈകല്യത്തെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കുക: ഉത്‌കണ്‌ഠാ വൈകല്യമുള്ളവരുമായി അടുത്ത്‌ സഹവസിക്കുന്നവർ, അതായത്‌ ഏറ്റവും അടുത്ത കുടുംബാംഗമോ ഉറ്റ സുഹൃത്തോ, അവരുടെ വൈകല്യത്തെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും.

അന്യോന്യം ആശ്വസിപ്പിക്കുക: ഒന്നാം നൂറ്റാണ്ടിലെ മിഷനറിയായിരുന്ന പൗലോസ്‌ ഗ്രീക്ക്‌ പട്ടണമായ തെസ്സലോനിക്യയിലെ തന്റെ സുഹൃത്തുക്കൾക്ക്‌ ഇങ്ങനെ എഴുതി: “അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ.” (1 തെസ്സലോനിക്യർ 5:11) നമുക്കും അത്‌ ചെയ്യാനാകും, നമ്മുടെ വാക്കിലൂടെയും സംസാരശൈലിയിലൂടെയും. അവരുടെ കാര്യത്തിൽ നമുക്ക്‌ അതീവ താത്‌പര്യമുണ്ടെന്ന്‌ അവർക്കു മനസ്സിലാകണം. അവരെ വേദനിപ്പിക്കുന്ന സംഭാഷണങ്ങൾ നാം ഒഴിവാക്കുകയും വേണം.

ഇയ്യോബ്‌ എന്ന ബൈബിൾപുസ്‌തകത്തിൽ, ഇയ്യോബിന്റെ സുഹൃത്തുക്കളെന്ന്‌ അവകാശപ്പെട്ട മൂന്നുവ്യക്തികളെക്കുറിച്ച്‌ ഒരുപക്ഷേ നിങ്ങൾ വായിച്ചിട്ടുണ്ടാകും. ഇയ്യോബ്‌ രഹസ്യത്തിൽ എന്തെങ്കിലും പാപം ചെയ്‌തിട്ടുണ്ടായിരിക്കുമെന്നും അതു മറച്ചുവെച്ചതുകൊണ്ടാണ്‌ അവനു ദുരിതങ്ങൾ വന്നുഭവിച്ചതെന്നും അവർ ആരോപിച്ചു.

ഉത്‌കണ്‌ഠാ വൈകല്യവുമായി മല്ലിടുന്നവരുടെ വികാരങ്ങൾ കണക്കിലെടുക്കുക. അവർക്കു പറയാനുള്ളത്‌ ശ്രദ്ധാപൂർവം കേൾക്കുക. അവരുടെ കണ്ണിലൂടെ കാര്യങ്ങൾ കാണാൻ ശ്രമിക്കണം. എടുത്തുചാടി ഒരു നിഗമനത്തിലെത്തരുത്‌. ഇയ്യോബിന്റെ സുഹൃത്തുക്കളെന്ന്‌ പറഞ്ഞവർ ചെയ്‌തത്‌ അതാണ്‌. അതുകൊണ്ടാണ്‌ അവരെ “വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ” എന്ന്‌ ബൈബിൾ വിളിച്ചിരിക്കുന്നത്‌. വാസ്‌തവത്തിൽ അവർ ഇയ്യോബിന്റെ മനസ്സിടിച്ചുകളയുകയായിരുന്നു.—ഇയ്യോബ്‌ 16:2.

ഉള്ളിലുള്ളതെല്ലാം തുറന്നുപറയാൻ അവരെ അനുവദിക്കുക. അവർ കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച്‌ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ അത്‌ നിങ്ങളെ സഹായിച്ചേക്കും. അതിലൂടെ, അർഥപൂർണമായ ഒരു ജീവിതത്തിലേക്കു അവരെ കൈപിടിച്ചു നടത്താൻ നിങ്ങൾക്കു സാധിച്ചെന്നുവരും. എത്ര വലിയൊരു നേട്ടമായിരിക്കും അത്‌! (g12-E 03)

[25-ാം പേജിലെ ചതുരം/ചിത്രം]

ഉത്‌കണ്‌ഠാ വൈകല്യങ്ങൾ തിരിച്ചറിയുക

ഉത്‌കണ്‌ഠാ വൈകല്യങ്ങൾ തിരിച്ചറിയുന്നതു പ്രധാനമാണ്‌, വിശേഷിച്ചും അടുത്ത കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ആണ്‌ അതു ബാധിച്ചിരിക്കുന്നതെങ്കിൽ. അഞ്ചുവിധത്തിലുള്ള വൈകല്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

വിഭ്രാന്തി രോഗം (Panic Disorders) ലേഖനത്തിന്റെ ആമുഖത്തിൽ പരിചയപ്പെട്ട ഇസബെല്ലയുടെ കാര്യമെടുക്കുക. കൂടെക്കൂടെ ഉണ്ടാകുന്ന വിഭ്രാന്തിബാധ മാത്രമല്ല, “അത്‌ വീണ്ടും വരുമല്ലോ എന്ന ഭയവും ഏറെ അലട്ടുന്നതായി” അവർ പറയുന്നു. അതുകൊണ്ടുതന്നെ വിഭ്രാന്തിയുണ്ടായ സ്ഥലങ്ങൾ ഒഴിവാക്കാൻ ഇത്തരം വൈകല്യമുള്ളവർ ശ്രമിക്കുന്നു. വീടിനു വെളിയിൽ ഇറങ്ങാൻപോലും ചിലർക്കു പേടിയാണ്‌. മറ്റു ചിലരാണെങ്കിൽ വേണ്ടപ്പെട്ടവർ കൂടെയുണ്ടെങ്കിൽമാത്രം അതിനു തയ്യാറാകുന്നു. ഇസബെല്ല പറയുന്നത്‌ ഇങ്ങനെയാണ്‌: “തനിച്ചായാൽ മതി, ഉടനെ എനിക്ക്‌ പ്രശ്‌നം തുടങ്ങും. അമ്മ അടുത്തുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ എന്റെ കാര്യം തീർന്നു.”

അനിയന്ത്രിതമായ ചിന്തകളും പ്രവർത്തനങ്ങളും (Obsessive-Compulsive Disorder) ഒരു കാര്യത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടേയിരിക്കുകയും അതു പരിഹരിക്കാൻ അമിതമായി ശ്രമിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നതാണ്‌ ഈ വൈകല്യമുള്ളവരുടെ പ്രത്യേകത. ഉദാഹരണത്തിന്‌ ഇവരിൽ ചിലർ, കൈയിൽ അഴുക്കോ കീടാണുക്കളോ ഉണ്ടെന്ന്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും കൂടെക്കൂടെ കൈ കഴുകാൻ പ്രവണത കാണിക്കുകയും ചെയ്‌തേക്കാം. ഇത്തരം വൈകല്യമുള്ള റെനാൻ പറയുന്നു: “കഴിഞ്ഞകാലത്തു ചെയ്‌ത തെറ്റുകളെക്കുറിച്ച്‌ ഓർത്ത്‌ എപ്പോഴും എന്റെ മനസ്സ്‌ പുകഞ്ഞുകൊണ്ടിരിക്കും. ഞാൻ വീണ്ടുംവീണ്ടും അതിനെക്കുറിച്ച്‌ ചിന്തിക്കുകയും പല കോണിലൂടെ അതിനെ വിലയിരുത്താൻ ശ്രമിക്കുകയും ചെയ്യും.” ഇത്തരം തകരാറുള്ളവർ പണ്ടു ചെയ്‌ത തെറ്റുകൾ മറ്റുള്ളവരോട്‌ ഏറ്റുപറഞ്ഞുകൊണ്ടിരിക്കും. ഈ പ്രശ്‌നമുള്ള റെനാന്‌ കൂടെക്കൂടെ ആശ്വാസം ആവശ്യമാണ്‌. എന്നിരുന്നാലും ചികിത്സകൾ അദ്ദേഹത്തെ കുറെയൊക്കെ സഹായിച്ചിട്ടുണ്ട്‌. *

മാനസികാഘാതത്തെ തുടർന്നുണ്ടാകുന്ന സമ്മർദം (Post-Traumatic Stress Disorders) അങ്ങേയറ്റം നടുക്കുന്ന ഒരു അനുഭവത്തെത്തുടർന്ന്‌—അത്‌ ശാരീരിക അപകടമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആകാം—ചിലർക്കുണ്ടാകുന്ന മാനസിക അസ്വാസ്ഥ്യമാണ്‌ ഈ വൈകല്യത്തിന്റെ പ്രത്യേകത. ഇവർ പെട്ടെന്ന്‌ ഞെട്ടിത്തെറിക്കുകയും അസ്വസ്ഥരാകുകയും വൈകാരികമായി തളർന്നുപോകുകയും ചെയ്‌തേക്കാം. കൂടാതെ, ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താത്‌പര്യം നഷ്ടമാകുന്നതായും വളരെ അടുപ്പമുണ്ടായിരുന്ന ആളുകളോട്‌ ഇവർ അകൽച്ച ഭാവിക്കുന്നതായും കാണാറുണ്ട്‌. ചിലർ പെട്ടെന്ന്‌ പ്രകോപിതരാകുകയും അക്രമാസക്തരായിത്തീരുകയും ചെയ്യുന്നു. മാനസികാഘാതത്തിന്‌ ഇടയാക്കിയ സംഭവം ഓർമിപ്പിക്കുന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും ഒഴിവാക്കാനും അവർ ശ്രമിക്കും.

സാമൂഹിക ഭയം (Social Phobia, or Social Anxiety Disorder) അനുദിന ജീവിതത്തിൽ ആളുകളുമായി ഇടപെടേണ്ടി വരുന്നതിനെക്കുറിച്ചും മറ്റുള്ളവർ തങ്ങളെ എങ്ങനെ വീക്ഷിക്കും എന്നതിനെക്കുറിച്ചും ഓർത്ത്‌ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നവരാണ്‌ ഇക്കൂട്ടർ. മറ്റുള്ളവർ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങളെക്കുറിച്ച്‌ അഭിപ്രായങ്ങൾ പറയുന്നുണ്ടെന്നും ഉള്ള കടുത്ത ഭയമാണ്‌ ഇവർക്ക്‌ എപ്പോഴും. ഏതെങ്കിലും ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനെ കുറിച്ച്‌ ഓർത്ത്‌ ദിവസങ്ങൾക്കോ ആഴ്‌ചകൾക്കോ മുമ്പ്‌ അവർ ഉത്‌കണ്‌ഠപ്പെടാൻ തുടങ്ങും. ഇത്തരം ഭയം അവരുടെ ജോലിയെയും പഠനത്തെയും മറ്റു പ്രവർത്തനങ്ങളെയും ഒക്കെ സാരമായി ബാധിച്ചേക്കാം; സുഹൃത്തുക്കളെ നേടുന്നതും ആ ബന്ധങ്ങൾ നിലനിറുത്തിക്കൊണ്ടു പോകുന്നതും ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം.

സാധാരണ ഉത്‌കണ്‌ഠാ വൈകല്യം (Generalized Anxiety Disorder) ആദ്യം നാം കണ്ട മോനിക്ക ഈ വൈകല്യത്തിന്‌ ഇരയാണ്‌. വ്യാകുലപ്പെടാൻ പ്രത്യേകിച്ച്‌ കാരണമൊന്നും ഇല്ലെങ്കിലും അവർക്ക്‌ ദിവസം മുഴുവനും “പരിധിവിട്ട വേവലാതി” ആണ്‌. ഇങ്ങനെയുള്ളവർ എപ്പോഴും ദുരന്തങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്‌. ആരോഗ്യത്തെയും പണത്തെയും കുടുംബപ്രശ്‌നങ്ങളെയും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളെയും കുറിച്ച്‌ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നവരാണ്‌ ഇക്കൂട്ടർ. ഒരു ദിവസം എങ്ങനെ കഴിച്ചുകൂട്ടും എന്ന ചിന്തതന്നെ മതി ഇവർക്കു മനഃപ്രയാസത്തിന്‌. *

[അടിക്കുറിപ്പുകൾ]

^ ഖ. 19 ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ഉണരുക! പ്രോത്സാഹിപ്പിക്കുന്നില്ല.

^ ഖ. 22 അമേരിക്കയിലെ ദേശീയ മാനസികാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രസിദ്ധീകരണത്തെ ആധാരമാക്കിയുള്ളതാണ്‌ ഈ വിവരങ്ങൾ.

[24-ാം പേജിലെ ചിത്രം]

“അന്യോന്യം ആശ്വസിപ്പിക്കുക”