വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആർത്തവവിരാമത്തിന്‍റെ വെല്ലു​വി​ളി​കളെ തരണം ചെയ്യൽ

ആർത്തവവിരാമത്തിന്‍റെ വെല്ലു​വി​ളി​കളെ തരണം ചെയ്യൽ

“കാര​ണമൊ​ന്നു​മില്ലാ​യി​രുന്നു; പെ​ട്ടെന്നാ​ണു ഞാൻ നി​രാ​ശയി​ലാണ്ടു​പോ​യത്‌. എനിക്കു ഭ്രാ​ന്തു​പി​ടിക്കു​കയാ​ണോ എന്നു ചിന്തിച്ചു ഞാൻ കരഞ്ഞു.”—റിബേക്ക, * 50 വയസ്സ്.

“രാവിലെ എഴു​ന്നേൽക്കു​മ്പോൾ വീട്‌ ആകെ അല​ങ്കോല​മായി കിട​ക്കുന്ന​തായി നിങ്ങൾ കാണുന്നു. നി​ങ്ങളു​ടെ പല സാ​ധനങ്ങ​ളും കണ്ടെ​ത്താനാ​കു​ന്നില്ല. വർഷങ്ങളാ​യി നിങ്ങൾ അനാ​യാ​സം ചെയ്‌തു​കൊണ്ടി​രുന്ന കാര്യങ്ങൾ ഇപ്പോൾ ബു​ദ്ധിമു​ട്ടേറി​യതായി​ത്തീർന്നിരി​ക്കുന്നു.”—ഹെലൻ, 55 വയസ്സ്.

ഈ സ്‌​ത്രീക​ളൊ​ന്നും രോ​ഗി​കളല്ല. പകരം അവർ ആർത്തവവിരാമത്തിന്‍റെ മാറ്റ​ങ്ങളി​ലൂടെ കട​ന്നു​പോകു​കയാ​യി​രുന്നു. ഇത്‌ സ്‌​ത്രീക​ളുടെ ജീ​വിത​ത്തിൽ വരുന്ന ഒരു സ്വാ​ഭാവി​കമാറ്റ​മാണ്‌. അത്‌ അവളുടെ സന്താനോത്‌പാദനത്തിന്‍റെ അവ​സാ​നത്തെ കു​റിക്കു​ന്നു. നി​ങ്ങളൊ​രു സ്‌​ത്രീയാ​ണെ​ങ്കിൽ, ജീവിതത്തിന്‍റെ ഈ ഘട്ട​ത്തോ​ടു നിങ്ങൾ അടു​ത്തു​കൊ​ണ്ടി​രിക്കു​കയാ​ണോ? അതോ ഈ ഘട്ട​ത്തിലൂ​ടെ കടന്നു​പോ​കുകയാ​ണോ? സാ​ഹച​ര്യം എന്തു​ത​ന്നെയാ​യി​രുന്നാ​ലും ഈ മാറ്റ​ത്തെ​ക്കുറി​ച്ചു നി​ങ്ങൾക്കും നി​ങ്ങളു​ടെ കു​ടും​ബാം​ഗങ്ങൾക്കും എത്ര നന്നായി അറി​യാ​മോ അത്ര നന്നായി നിങ്ങൾക്ക് ഇതു​മാ​യി ബന്ധപ്പെട്ട വെല്ലു​വി​ളികൾ അഭി​മുഖീ​കരി​ക്കാൻ സാ​ധി​ക്കും.

മാറ്റങ്ങളുടെ ഒരു കാലഘട്ടം

പെരിമെനോപോസ്‌ എന്നും അറി​യ​പ്പെടുന്ന ആർത്തവവിരാമത്തിന്‍റെ ഘട്ടത്തിൽ, ആർത്ത​വവി​രാമ​ത്തിനു തൊട്ടു മുമ്പുള്ള കാലവും ആർത്ത​വവി​രാമ​വും ഉൾപ്പെടു​ന്നു. * എന്നി​രുന്നാ​ലും സാധാ​രണ​ഗതി​യിൽ “ആർത്ത​വവി​രാമം” മി​ക്കപ്പോ​ഴും ആ മു​ഴു​കാല​ഘട്ട​ത്തെയു​മാണ്‌ കു​റിക്കു​ന്നത്‌.

മിക്ക സ്‌​ത്രീകൾക്കും അവരുടെ 40-കളിൽ ആർത്ത​വവി​രാമ​കാലം തു​ടങ്ങു​ന്നു. എന്നാൽ മറ്റു ചിലർക്ക് വളരെ വൈകി​യാ​യിരി​ക്കാം തു​ടങ്ങു​ന്നത്‌, ചി​ല​പ്പോൾ അവരുടെ 60-കളിൽ. എന്നാൽ മിക്ക സാഹ​ചര്യ​ങ്ങളി​ലും ആർത്തവം സാവ​ധാനമാ​യിരി​ക്കും നിലയ്‌ക്കു​ന്നത്‌. ഹോർമോ​ണുക​ളുടെ സമ​തുല​നാവ​സ്ഥയി​ലുണ്ടാ​കുന്ന മാറ്റങ്ങൾ കാരണം ഒരു സ്‌ത്രീ​യുടെ ആർത്തവം ക്രമം തെറ്റി വരി​ക​യോ അപ്ര​തീക്ഷി​തമാ​യി വരി​ക​യോ അല്ലെങ്കിൽ സാ​ധാര​ണയിൽ കവിഞ്ഞ രക്ത​സ്രാ​വം ഉണ്ടാ​കു​കയോ ചെയ്‌​തേക്കാം. ഒരു ചെറിയ കൂട്ടം സ്‌ത്രീ​കൾക്ക് ആർത്തവം ഒറ്റ രാ​ത്രി​കൊ​ണ്ടെന്ന​പോലെ പെട്ടെന്നു നി​ലയ്‌ക്കുന്നു.

“ഓരോ സ്‌​ത്രീയു​ടെ​യും ആർത്ത​വാനു​ഭവം വ്യത്യ​സ്‌തമാണ്‌” എന്ന് ആർത്തവവിരാമം-ഒരു ഗൈഡ്‌ബുക്ക് (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. അത്‌ ഇങ്ങ​നെ​യും കൂട്ടി​ച്ചേർക്കു​ന്നു: “ആർത്ത​വവിരാ​മവു​മായി ബന്ധപ്പെട്ട ഏറ്റവും സാ​ധാര​ണമായ അസ്വസ്ഥത ഉഷ്‌ണ​വും പു​കച്ചി​ലും ആണ്‌. അ​തേത്തു​ടർന്ന് പലർക്കും കു​ളി​രും ഉണ്ടാ​കാ​റുണ്ട്.” ഈ ലക്ഷണങ്ങൾ ഉറക്കം തടസ്സ​പ്പെടു​ത്തുന്നതി​നും ഊർജം ചോർന്നു​പോകു​ന്നതി​നും ഇട​യാക്കു​ന്നു.  ഈ അസ്വ​സ്ഥ​തകൾ എത്ര കാലം നീണ്ടു​നിൽക്കും? ആർത്തവവിരാമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്നത​നുസ​രിച്ച് “ചില സ്‌ത്രീ​കൾക്ക് ആർത്തവ​വിരാ​മകാ​ല​ത്തോട്‌ അനു​ബന്ധിച്ച് ഒന്നോ രണ്ടോ വർഷ​ത്തേക്കു വല്ല​പ്പോഴു​മൊ​ക്കെ പു​കച്ചി​ലും ഉഷ്‌ണ​വും അനു​ഭവ​പ്പെട്ടേ​ക്കാം. എന്നാൽ മറ്റു ചിലർക്ക് ഇത്‌ അനേകം വർഷങ്ങൾ സഹി​ക്കേണ്ടി​വരു​ന്നു. ഇനിയും ചെ​റി​യൊരു ശതമാനം പേർ അഭി​പ്രായ​പ്പെടു​ന്നത്‌ അവരുടെ തു​ടർന്നുള്ള ജീ​വിത​ത്തിൽ വല്ല​പ്പോ​ഴും മാത്രമേ പുകച്ചിൽ അനു​ഭവ​പ്പെടു​ന്നുള്ളൂ എന്നാണ്‌.” *

ഹോർമോണുകളുടെ വ്യതി​യാ​നത്താ​ലുണ്ടാ​കുന്ന മാറ്റങ്ങൾ കാരണം ഒരു സ്‌ത്രീക്ക് വി​ഷാദ​മോ വൈ​കാ​രിക​മായ ഏറ്റക്കു​റച്ചി​ലു​കളോ ഉണ്ടാ​യേ​ക്കാം. അത്‌ വെറുതെ ഇരുന്നു കരയു​ന്നതി​ലേ​ക്കും മറവി​യി​ലേ​ക്കും ശ്രദ്ധ കേ​ന്ദ്രീക​രിക്കാ​നുള്ള ബുദ്ധി​മു​ട്ടി​ലേക്കും കൊ​ണ്ടെ​ത്തിക്കു​ന്നു. ആർത്തവവിരാമം എന്ന പുസ്‌തകം പറയുന്നു: “ഈ ലക്ഷ​ണങ്ങ​ളെല്ലാം ഒരു സ്‌​ത്രീ​യിൽത്തന്നെ കാ​ണാ​നുള്ള സാധ്യത വളരെ കു​റവാണ്‌.” ചിലർക്കു കാ​ര്യ​മായ പ്രശ്‌നങ്ങ​ളൊ​ന്നും ഉണ്ടാ​യിരി​ക്കില്ല.

എങ്ങനെ പൊ​രു​ത്തപ്പെ​ടാം?

ജീവിതശൈലിയിലെ ചെറിയ മാറ്റ​ങ്ങൾക്കു​പോ​ലും ചില അസ്വ​സ്ഥ​തകൾ കു​റയ്‌ക്കാ​നാ​യേക്കും. ഉദാ​ഹരണ​ത്തിന്‌, പുകവലി ശീ​ലമാ​ക്കി​യിരി​ക്കുന്ന സ്‌ത്രീ​കൾക്ക് അത്‌ ഒഴി​വാക്കി​ക്കൊണ്ട് പുകച്ചിലുണ്ടാകുന്നതിന്‍റെ തീവ്രത കുറയ്‌ക്കാ​നാ​കും. ആഹാ​രക്ര​മത്തിൽ മാറ്റം വരു​ത്തു​ന്നതും സഹാ​യകമാ​യേ​ക്കാം. മദ്യം, കാപ്പി, എരിവോ മധു​ര​മോ ധാ​രാള​മുള്ള ഭക്ഷണ​പദാർഥങ്ങൾ എന്നിവ പുക​ച്ചിലു​ണ്ടാ​ക്കി​യേക്കാം. അവയുടെ ഉപ​യോ​ഗം കുറയ്‌ക്കുക​യോ നിറു​ത്തു​കയോ ചെ​യ്യു​ന്നത്‌ പല സ്‌​ത്രീകൾക്കും പ്ര​യോ​ജനം ചെയ്യുന്നു. നന്നായി ആഹാരം കഴിക്കുക. അതായത്‌ സമീകൃതവും വൈവി​ധ്യ​മാർന്നതും ആയ ഒരു ആഹാ​ര​ക്രമ​മുണ്ടാ​യി​രിക്കു​ന്നത്‌ അങ്ങേയറ്റം പ്ര​ധാന​മാണ്‌.

വ്യായാമത്തിന്‌ ആർത്തവ​വിരാ​മല​ക്ഷണങ്ങൾ കുറയ്‌ക്കുന്ന​തിൽ ഒരു വലിയ പങ്കു​വഹി​ക്കാനാ​കും. ഉദാ​ഹരണ​ത്തിന്‌, ഉറക്ക​മില്ലായ്‌മ കുറയ്‌ക്കാ​നും വൈ​കാരി​കവ്യ​തി​യാന​ങ്ങളിൽ പ്ര​കട​മായ മാറ്റങ്ങൾ വരു​ത്താ​നും അസ്ഥികളെ ബല​പ്പെടു​ത്താ​നും പൊ​തു​വെയുള്ള ആ​രോ​ഗ്യം മെച്ച​പ്പെടു​ത്താ​നും വ്യാ​യാമ​ത്തിലൂ​ടെ സാ​ധി​ക്കും. *

തുറന്ന ആശയ​വിനി​മയം നടത്തുക

“നി​ശ്ശബ്ദമാ​യി എല്ലാം സഹിക്കേണ്ട ആവ​ശ്യ​മില്ല. നി​ങ്ങളു​ടെ ഉറ്റ​വരു​മായി തുറന്ന് സംസാ​രി​ക്കുക​യാ​ണെങ്കിൽ നിങ്ങ​ളിലു​ണ്ടാ​കുന്ന മാറ്റ​ങ്ങളെ​പ്രതി അവർ അത്ര അസ്വ​സ്ഥരാ​കുക​യില്ല” എന്നു മുകളിൽ പരാ​മർശിച്ച റിബേക്ക പറയുന്നു. വാസ്‌ത​വത്തിൽ അവർ കൂടുതൽ ക്ഷമയും സഹാ​നുഭൂ​തി​യും കാ​ണി​ച്ചേക്കാം. “സ്‌നേഹം ദീർഘക്ഷ​മയും ദയ​യുമു​ള്ളത്‌” എന്ന് 1 കൊരിന്ത്യർ 13:4 പറയുന്നു.

തങ്ങളുടെ പ്രത്യുത്‌പാദന​ശേഷി നഷ്ട​പ്പെട്ടവ​രുൾപ്പെടെ അനേകം സ്‌ത്രീ​കൾ പ്രാർഥന​യിൽനിന്നു പ്ര​യോ​ജനം നേടുന്നു. “നമ്മുടെ കഷ്ട​തക​ളി​ലൊ​ക്കെയും (ദൈവം) നമ്മെ ആശ്വ​സി​പ്പിക്കു​ന്നു” എന്നു ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. (2 കൊരിന്ത്യർ 1:4) ആർത്തവ​വിരാ​മമാ​റ്റങ്ങൾ താത്‌കാ​ലികം മാ​ത്രമാ​ണെന്ന അറിവും ആശ്വാ​സദാ​യക​മാണ്‌. തങ്ങളുടെ ആരോ​ഗ്യ​ത്തിനു നല്ല ശ്രദ്ധ നൽകുന്ന സ്‌ത്രീ​കൾക്കു തു​ടർന്നും പു​തുവീ​ര്യം ആർജി​ക്കു​ന്നതി​നും ഊർജസ്വ​ലരാ​യി​രിക്കു​ന്നതി​നും അ​നേകവർഷങ്ങൾ സാധാ​രണ​ജീവി​തം നയി​ക്കു​ന്നതി​നും കഴിയും. ▪ (g13-E 11)

^ ഖ. 2 പേരുകൾ മാറ്റി​യി​രിക്കു​ന്നു.

^ ഖ. 6 12 മാസം തു​ടർച്ച​യായി ഒരു സ്‌ത്രീക്ക് ആർത്തവം വന്നി​ട്ടി​ല്ലെങ്കിൽ അവൾക്ക് ആർത്ത​വവിരാ​മമാ​യെന്നു ഡോക്‌ടർമാർ അഭി​പ്രാ​യപ്പെ​ടുന്നു.

^ ഖ. 8 തൈറോയ്‌ഡ്‌ സം​ബന്ധ​മായ അസു​ഖങ്ങ​ളോ ചില ചി​കി​ത്സാരീ​തി​കളോ പു​കച്ചി​ലിനു കാര​ണമാ​യേ​ക്കാം. പുകച്ചിൽ ആർത്ത​വവിരാ​മവു​മായി അനു​ബന്ധിച്ചു​ണ്ടായ​താണ്‌ എന്ന നിഗ​മനത്തി​ലെ​ത്തുന്ന​തിനു മുമ്പ് മേൽപ്പറഞ്ഞ കാ​രണങ്ങ​ളാലല്ല എന്ന് ഉറപ്പു​വരു​ത്താ​വുന്ന​താണ്‌.

^ ഖ. 12 ആർത്തവവിരാമത്തിലൂടെ കട​ന്നു​പോ​കുന്ന​വർക്ക് അതു​മാ​യി മെച്ചമായ വിധത്തിൽ പൊ​രു​ത്തപ്പെ​ടാൻ ഹോർ​മോണു​കൾ, പോ​ഷക​വർധ​കങ്ങൾ, വി​ഷാ​ദരോ​ഗത്തി​നുള്ള മരു​ന്നു​കൾ എന്നി​വപോ​ലുള്ള ഉത്‌പ​ന്നങ്ങൾ ഡോക്‌ടർമാർ നിർദേശി​ച്ചേ​ക്കാം. ഉണരുക! ഏ​തെങ്കി​ലും പ്രത്യേക ഉത്‌പന്ന​മോ ചി​കിത്സ​യോ ശുപാർശ ചെ​യ്യു​ന്നില്ല.