വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാഫാനെയും കുടുംബത്തെയും നിങ്ങൾക്കു പരിചയമുണ്ടോ?

ശാഫാനെയും കുടുംബത്തെയും നിങ്ങൾക്കു പരിചയമുണ്ടോ?

ശാഫാനെയും കുടുംബത്തെയും നിങ്ങൾക്കു പരിചയമുണ്ടോ?

ശാഫാനെയും അക്കാലത്തു വളരെ സ്വാധീനമുണ്ടായിരുന്ന അവന്റെ കുടുംബാംഗങ്ങളിൽ ചിലരെയും കുറിച്ചു ബൈബിളിൽ വായിച്ചിട്ടുള്ളത്‌ നിങ്ങൾ ഓർക്കുന്നുണ്ടോ? ആരായിരുന്നു അവർ? എന്താണവർ ചെയ്‌തത്‌? അവരിൽ നിന്നു നമുക്ക്‌ എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കഴിയും?

പൊ.യു.മു. ഏകദേശം 642-ൽ യോശീയാവ്‌ സത്യാരാധന പുനഃസ്ഥാപിച്ചതിനെ കുറിച്ചുള്ള വിവരണത്തിലാണ്‌ “മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ” എന്ന കഥാപാത്രത്തെ ബൈബിൾ നമുക്കു പരിചയപ്പെടുത്തുന്നത്‌. (2 രാജാക്കന്മാർ 22:3) പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശം വരെയുള്ള പിന്നത്തെ 36 വർഷത്തെ സംഭവവികാസങ്ങളിൽ അവന്റെ നാലു പുത്രന്മാരായ അഹീക്കാം, എലാസ, ഗെമര്യാവ്‌, യയസന്യാവ്‌ എന്നിവരെയും കൊച്ചുമക്കളായ മീഖായാവ്‌, ഗെദല്യാവ്‌ എന്നിവരെയും നാം കാണുന്നു. (ചാർട്ട്‌ കാണുക.) “[യഹൂദ ദേശത്തെ] ഉന്നതസ്ഥാനീയർ ആയിരുന്നു ശാഫാന്റെ കുടുംബാംഗങ്ങൾ. യോശീയാവിന്റെ കാലം മുതൽ പ്രവാസത്തിലേക്കു പോകുന്ന സമയം വരെ രാജാവിന്റെ രായസക്കാർ എന്ന പദവിയും അവർ വഹിച്ചിരുന്നു” എന്ന്‌ എൻസൈക്ലോപീഡിയ ജൂഡായിക്ക വിവരിക്കുന്നു. ശാഫാനെയും അവന്റെ കുടുംബത്തെയും കുറിച്ച്‌ ബൈബിൾ നൽകുന്ന വിവരങ്ങൾ പരിചിന്തിക്കുന്നത്‌ യിരെമ്യാ പ്രവാചകനെയും യഹോവയുടെ സത്യാരാധനയെയും അവർ എപ്രകാരം പിന്തുണച്ചു എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

ശാഫാൻ സത്യാരാധനയെ പിന്തുണയ്‌ക്കുന്നു

പൊ.യു.മു. 642-ൽ യോശീയാ രാജാവിന്‌ 25 വയസ്സുണ്ടായിരുന്നപ്പോൾ രാജാവിന്റെ സെക്രട്ടറിയും പകർപ്പെഴുത്തുകാരനും എന്ന നിലയിൽ ശാഫാൻ സേവിക്കുന്നതായി നാം കാണുന്നു. (യിരെമ്യാവു 36:​10, NW) ആ ജോലിയിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌? രാജാവിന്റെ ഉപദേഷ്ടാവും സാമ്പത്തിക കാര്യങ്ങളുടെ മുഖ്യ ചുമതല വഹിക്കുന്നവനും നിപുണനായ നയതന്ത്രജ്ഞനും ആയിരുന്നു രാജാവിന്റെ സെക്രട്ടറിയായ രായസക്കാരൻ എന്ന്‌ മേൽപ്പറഞ്ഞ ഗ്രന്ഥം പ്രസ്‌താവിക്കുന്നു. കൂടാതെ, വിദേശകാര്യം, അന്താരാഷ്‌ട്ര നിയമം, വാണിജ്യ കരാറുകൾ എന്നിവയിൽ പാണ്ഡിത്യം ഉള്ളവനായിരിക്കും അയാൾ എന്നും അതു കൂട്ടിച്ചേർക്കുന്നു. അങ്ങനെ നോക്കുമ്പോൾ, രാജാവിന്റെ സെക്രട്ടറി എന്ന നിലയിൽ, രാജ്യത്ത്‌ ഏറ്റവും അധികം പിടിപാടുണ്ടായിരുന്ന വ്യക്തി ആയിരുന്നു ശാഫാൻ.

പത്തു വർഷം മുമ്പ്‌, ചെറുപ്പമായിരുന്ന യോശീയാവ്‌ “തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി”യിരുന്നു. ശാഫാന്‌ യോശീയാവിനെക്കാൾ വളരെ പ്രായക്കൂടുതൽ ഉള്ളതായി വേണം കരുതാൻ. * അതുകൊണ്ട്‌ നല്ല ഒരു ആത്മീയ ഗുരു എന്ന നിലയിൽ യോശീയാവിനെ സഹായിക്കാൻ ശാഫാനു കഴിയുമായിരുന്നു. കൂടാതെ, സത്യാരാധന പുനഃസ്ഥാപിക്കാനുള്ള യോശീയാവിന്റെ ആദ്യ സംഘടിത ശ്രമത്തിനു പൂർണ പിന്തുണ നൽകാനും അവനു സാധിക്കുമായിരുന്നു.​—⁠2 ദിനവൃത്താന്തം 34:1-8.

ആലയത്തിന്റെ അറ്റകുറ്റം തീർത്തുകൊണ്ടിരുന്നപ്പോൾ ന്യായപ്രമാണ പുസ്‌തകം കണ്ടെത്തിയതിനെ തുടർന്ന്‌, “ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.” വായിച്ചുകേട്ട കാര്യങ്ങൾ രാജാവിന്റെ മനസ്സിനെ പിടിച്ചുലച്ചു. ഈ പുസ്‌തകത്തെ കുറിച്ച്‌ യഹോവയോടു ചോദിച്ചറിയാൻ ആഗ്രഹിച്ച അവൻ വിശ്വസ്‌തരായ ഒരു കൂട്ടം പുരുഷന്മാരെ ഹുൽദാ പ്രവാചകിയുടെ അടുക്കൽ അയച്ചു. അയയ്‌ക്കപ്പെട്ടവരുടെ കൂട്ടത്തിൽ ശാഫാനും അവന്റെ പുത്രനായ അഹീക്കാമും ഉൾപ്പെട്ടിരുന്നു എന്ന വസ്‌തുത രാജാവിന്‌ അവരിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു എന്നു പ്രകടമാക്കുന്നു.​—⁠2 രാജാക്കന്മാർ 22:8-14; 2 ദിനവൃത്താന്തം 34:14-22.

ശാഫാന്റെ പ്രവർത്തനങ്ങൾ പരാമർശിക്കുന്ന ഏക തിരുവെഴുത്താണ്‌ ഇത്‌. മറ്റു ബൈബിൾ വാക്യങ്ങളിൽ പിതാവ്‌, പിതാമഹൻ എന്നീ നിലകളിൽ ശാഫാന്റെ പേരു പറഞ്ഞിരിക്കുന്നു എന്നുമാത്രം. ശാഫാന്റെ മക്കൾ യിരെമ്യാ പ്രവാചകനുമായി അടുത്തിടപഴകിയിരുന്നു.

അഹീക്കാമും ഗെദല്യാവും

നാം കണ്ടതുപോലെ, ഹുൽദാ പ്രവാചകിയുടെ അടുത്തേക്ക്‌ ആളയയ്‌ക്കുന്ന സന്ദർഭത്തോടുള്ള ബന്ധത്തിലാണ്‌ ശാഫാന്റെ മകനായ അഹീക്കാമിനെ കുറിച്ചുള്ള ആദ്യത്തെ പരാമർശം നാം കാണുന്നത്‌. ഒരു ബൈബിൾ നിഘണ്ടു ഇപ്രകാരം പറയുന്നു: “അഹീക്കാമിന്റെ പദവിനാമം എന്തായിരുന്നു എന്ന്‌ എബ്രായ ബൈബിളിൽ പറഞ്ഞിട്ടില്ലെങ്കിലും അവൻ ഒരു ഉന്നതപദവി അലങ്കരിച്ചിരുന്നു എന്നതു വ്യക്തമാണ്‌.”

പിന്നീട്‌ ഏതാണ്ട്‌ 15 വർഷത്തിനു ശേഷം യിരെമ്യാവിന്റെ ജീവൻ അപകടത്തിലായി. യെരൂശലേമിനെ നശിപ്പിക്കാൻ യഹോവ നിശ്ചയിച്ചിരിക്കുന്നു എന്ന്‌ അവൻ മുന്നറിയിപ്പു മുഴക്കിയപ്പോൾ “പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. വിവരണം ഇങ്ങനെ തുടരുന്നു: “എന്നാൽ യിരെമ്യാവെ ജനത്തിന്റെ കയ്യിൽ ഏല്‌പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു.” (യിരെമ്യാവു 26:1-24) ഇത്‌ എന്താണു കാണിക്കുന്നത്‌? ദി ആങ്കർ ബൈബിൾ ഡിക്‌ഷണറി ഇപ്രകാരം പറയുന്നു: “അഹീക്കാമിന്‌ ഉണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ്‌ ഈ സംഭവം. മാത്രമല്ല, ശാഫാന്റെ കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ അഹീക്കാമിനും യിരെമ്യാവിനോട്‌ ഒരു പ്രത്യേക താത്‌പര്യമുണ്ടായിരുന്നു എന്നും ഇതു സൂചിപ്പിക്കുന്നു.”

ഏതാണ്ട്‌ 20 വർഷം കഴിഞ്ഞപ്പോൾ, അതായത്‌ പൊ.യു.മു. 607-ൽ, ബാബിലോന്യർ യെരൂശലേമിനെ നശിപ്പിച്ച്‌ ജനത്തെ ബന്ദികളാക്കി പ്രവാസത്തിലേക്കു കൊണ്ടുപോയി. ദേശത്തു ശേഷിച്ച യഹൂദന്മാരുടെ ഗവർണറായി ശാഫാന്റെ കൊച്ചുമകനും അഹീക്കാമിന്റെ മകനുമായ ഗെദല്യാവ്‌ നിയമിതനായി. ശാഫാന്റെ കുടുംബത്തിലെ മറ്റുള്ളവർ ചെയ്‌തതുപോലെ യിരെമ്യാവിനു വേണ്ടി അവൻ എന്തെങ്കിലും ചെയ്‌തോ? ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “അങ്ങനെ യിരെമ്യാവു മിസ്‌പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ ചെന്നു, അവനോടുകൂടെ . . . പാർത്തു.” ഏതാനും മാസങ്ങൾക്കുള്ളിൽ ഗെദല്യാവ്‌ കൊല്ലപ്പെട്ടു. ശേഷിച്ച യഹൂദന്മാർ ഈജിപ്‌തിലേക്കു നീങ്ങിയപ്പോൾ യിരെമ്യാവിനെയും തങ്ങളോടൊപ്പം കൂട്ടി.​—⁠യിരെമ്യാവു 40:5-7; 41:1, 2; 43:4-7.

ഗെമര്യാവും മീഖായാവും

യിരെമ്യാവു 36-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളിൽ ശാഫാന്റെ പുത്രൻ ഗെമര്യാവിനും കൊച്ചുമകൻ മീഖായാവിനും ഗണ്യമായ പങ്കുണ്ട്‌. വർഷം പൊ.യു.മു. 624. യെഹോയാക്കീം രാജാവിന്റെ വാഴ്‌ചയുടെ അഞ്ചാം ആണ്ട്‌. യിരെമ്യാവിന്റെ സെക്രട്ടറിയായ ബാരൂക്‌ യഹോവയുടെ ആലയത്തിൽ, ‘ശാഫാന്റെ മകനായ ഗെമര്യാവിന്റെ മുറിയിൽവെച്ചു’ യിരെമ്യാവിന്റെ വചനങ്ങളെ പുസ്‌തകത്തിൽനിന്നു സകലജനത്തെയും വായിച്ചു കേൾപ്പിച്ചു. അങ്ങനെ, ‘ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ്‌ യഹോവയുടെ വചനങ്ങളൊക്കെയും പുസ്‌തകത്തിൽനിന്നു വായിച്ചു കേട്ടു.’​—⁠യിരെമ്യാവു 36:9-12.

ഈ ചുരുളിനെ കുറിച്ച്‌ മീഖായാവ്‌ തന്റെ പിതാവിനോടും മറ്റു പ്രഭുക്കന്മാരോടും പറഞ്ഞു. അവർക്കും അതു കേൾക്കാൻ ആകാംക്ഷയായി. അവർ എങ്ങനെയാണു പ്രതികരിച്ചത്‌? “ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.” എന്നിരുന്നാലും രാജാവിനോടു സംസാരിക്കുന്നതിനു മുമ്പ്‌ അവർ ബാരൂക്കിനോട്‌ ഇങ്ങനെ പറഞ്ഞു: “പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു.”​—⁠യിരെമ്യാവു 36:12-19.

പ്രതീക്ഷിച്ചതു പോലെതന്നെ, ചുരുളിലെ സന്ദേശം രാജാവു ചെവിക്കൊണ്ടില്ല. അവൻ അതു തുണ്ടുതുണ്ടാക്കി കത്തിച്ചു. ശാഫാന്റെ പുത്രനായ ഗെമര്യാവ്‌ ഉൾപ്പെടെ ചില പ്രഭുക്കന്മാർ, “ചുരുൾ ചുട്ടുകളയരുതേ” എന്ന്‌ “രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.” (യിരെമ്യാവു 36:21-25) “യെഹോയാക്കീം രാജാവിന്റെ അരമനയിൽ യിരെമ്യാവിനെ ശക്തമായി പിന്തുണച്ച ഒരുവനായിരുന്നു ഗെമര്യാവ്‌” എന്ന്‌ ജെറമയാ​—⁠ആൻ ആർക്കിയോളജിക്കൽ കമ്പാനിയൻ എന്ന പുസ്‌തകം അഭിപ്രായപ്പെടുന്നു.

എലാസയും യയസന്യാവും

പൊ.യു.മു. 617-ൽ ബാബിലോൺ, യഹൂദ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ‘സകലപ്രഭുക്കന്മാരെയും സകലപരാക്രമശാലികളെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും’ അവർ പ്രവാസത്തിലേക്കു കൊണ്ടുപോയി. പ്രവാചകനായ യെഹെസ്‌കേലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബാബിലോന്യർ മത്ഥന്യാവിന്‌ സിദെക്കീയാവ്‌ എന്നു പേർ മാറ്റിയിട്ട്‌ അവനെ സാമന്ത രാജാവായി വാഴിച്ചു. (2 രാജാക്കന്മാർ 24:12-17) പിന്നീട്‌ ശാഫാന്റെ പുത്രനായ എലാസ ഉൾപ്പെട്ട ഒരു പ്രതിനിധി സംഘത്തെ സിദെക്കീയാവ്‌ ബാബിലോണിലേക്ക്‌ അയച്ചു. യഹൂദപ്രവാസികൾക്കായി യഹോവയുടെ സുപ്രധാന സന്ദേശം അടങ്ങിയ ഒരു കത്ത്‌ എലാസയുടെ കൈയിൽ യിരെമ്യാവു കൊടുത്തുവിട്ടു.​—⁠യിരെമ്യാവു 29:1-3.

ശാഫാനും അവന്റെ പുത്രന്മാരിൽ മൂന്നുപേരും രണ്ട്‌ കൊച്ചുമക്കളും നല്ല സ്വാധീനശക്തി ഉണ്ടായിരുന്ന തങ്ങളുടെ ഉന്നതപദവികൾ സത്യാരാധനയെ ഉന്നമിപ്പിക്കുന്നതിനും വിശ്വസ്‌ത പ്രവാചകനായ യിരെമ്യാവിനെ പിന്തുണയ്‌ക്കുന്നതിനുമായി വിനിയോഗിച്ചു എന്ന്‌ ബൈബിൾ രേഖ വ്യക്തമാക്കുന്നു. ശാഫാന്റെ പുത്രനായ യയസന്യാവിനെ സംബന്ധിച്ചോ? ശാഫാന്റെ കുടുംബത്തിലെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്‌തനായി, അവൻ വിഗ്രഹാരാധനയിൽ ഏർപ്പെട്ടതായി തെളിവുകൾ സൂചിപ്പിക്കുന്നു. പൊ.യു.മു. ഏകദേശം 612-ൽ, ബാബിലോണിലെ തന്റെ പ്രവാസത്തിന്റെ ആറാം ആണ്ടിൽ, യെഹെസ്‌കേൽ ഒരു ദർശനം കണ്ടു. യെരൂശലേമിലെ ആലയത്തിൽ 70 പുരുഷന്മാർ വിഗ്രഹങ്ങൾക്കു ധൂപം കാട്ടുന്നതായ ഒരു ദൃശ്യമായിരുന്നു അത്‌. അവരിൽ പേരെടുത്തു പരാമർശിക്കുന്നത്‌ യയസന്യാവിനെ മാത്രമാണ്‌. അവൻ അതിന്റെ മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നിരിക്കാം എന്ന ധ്വനിയാണ്‌ ഇതു നൽകുന്നത്‌. (യെഹെസ്‌കേൽ 8:1, 9-12) ദൈവഭയമുള്ള കുടുംബത്തിൽ വളർന്നുവന്നതുകൊണ്ടു മാത്രം ഒരു വ്യക്തി യഹോവയുടെ വിശ്വസ്‌ത ആരാധകൻ ആയിത്തീരണമെന്നില്ല എന്ന്‌ യയസന്യാവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നു. ഓരോരുത്തനും അവനവന്റെ പ്രവർത്തനഗതിക്കു കണക്കു ബോധിപ്പിക്കേണ്ടിവരും.​—⁠2 കൊരിന്ത്യർ 5:10.

ശാഫാനും കുടുംബവും​—⁠ഒരു ചരിത്ര യാഥാർഥ്യം

ശാഫാനും കുടുംബവും ഉൾപ്പെട്ട സംഭവവികാസങ്ങൾ യെരൂശലേമിൽ അരങ്ങേറിയ കാലത്ത്‌ സീൽ ഉപയോഗിക്കുന്ന രീതി യഹൂദയിൽ പ്രചാരത്തിലുണ്ടായിരുന്നു. വിലയേറിയ രത്‌നങ്ങൾ, ലോഹം, ആനക്കൊമ്പ്‌, സ്‌ഫടികം എന്നിവയിൽ തീർത്തിരുന്ന ഇത്തരം സീലുകൾ രേഖകൾക്കു സാക്ഷി നിൽക്കുന്നതിനും ഒപ്പു വെക്കുന്നതിനുമാണ്‌ ഉപയോഗിച്ചിരുന്നത്‌. സാധാരണമായി ഉടമസ്ഥന്റെയും അയാളുടെ പിതാവിന്റെയും പേര്‌ അവയിൽ കൊത്തിയിരുന്നു, ചിലപ്പോൾ പദവിനാമവും.

സീൽ ഉപയോഗിച്ച്‌ കളിമണ്ണിൽ പതിപ്പിച്ച അത്തരം നൂറുകണക്കിന്‌ എബ്രായ മുദ്രകൾ കണ്ടെടുത്തിട്ടുണ്ട്‌. പുരാതന എബ്രായ ആലേഖനങ്ങളിൽ പാണ്ഡിത്യമുള്ള പ്രൊഫസർ നാമാൻ അവിഗാഡ്‌ ഇപ്രകാരം പറഞ്ഞു: “എബ്രായ പുരാലിഖിതങ്ങളിൽ ബൈബിൾ പേരുകൾ കൊത്തിയിരിക്കുന്നത്‌ സീലുകളിൽ മാത്രമാണ്‌.” ശാഫാനോ കുടുംബാംഗങ്ങളോ ഉപയോഗിച്ചിരുന്ന സീലുകൾ കണ്ടുകിട്ടിയിട്ടുണ്ടോ? ഉവ്വ്‌, 19, 21 പേജുകളിൽ കാണിച്ചിരിക്കുന്ന സീലുകളിൽ ശാഫാന്റെയും അവന്റെ പുത്രൻ ഗെമര്യാവിന്റെയും പേരു കാണാം.

ശാഫാന്റെ കുടുംബത്തിലെ നാല്‌ അംഗങ്ങളുടെ പേരുകൾ മുദ്രണങ്ങളിൽ പരാമർശിച്ചിരിക്കാനും സാധ്യതയുണ്ടെന്നാണ്‌ പണ്ഡിത മതം. ശാഫാന്റെ പിതാവായ അസല്യാവ്‌, പുത്രന്മാരായ അഹീക്കാം, ഗെമര്യാവ്‌, കൊച്ചുമകനായ ഗെദല്യാവ്‌ എന്നിവരാണ്‌ ആ നാലു പേർ. ഇതിൽ ഗെദല്യാവിനെ ആയിരിക്കാം ഒരു മുദ്രണത്തിൽ “കൊട്ടാരവിചാരകൻ” എന്നു പരാമർശിച്ചിരിക്കുന്നത്‌. സീലുകളിൽ നാലാമത്തേത്‌ ഗെദല്യാവിന്റേതാണെന്നു കരുതപ്പെടുന്നു. എന്നാൽ അവന്റെ പിതാവായ അഹീക്കാമിനെ കുറിച്ച്‌ അതിൽ പരാമർശിച്ചിട്ടില്ല. അവൻ ദേശത്തെ ഉദ്യോഗസ്ഥ പ്രമുഖരിൽ ഒരുവനായിരുന്നു എന്ന്‌ മുദ്രണത്തിൽ നൽകിയിരിക്കുന്ന അവന്റെ പദവിനാമം സൂചിപ്പിക്കുന്നു.

നമുക്കുള്ള പാഠം

നല്ല സ്വാധീനശക്തി ഉണ്ടായിരുന്ന തങ്ങളുടെ ഉന്നതപദവികൾ സത്യാരാധനയെ ഉന്നമിപ്പിക്കാനും വിശ്വസ്‌ത പ്രവാചകനായ യിരെമ്യാവിനെ പിന്തുണയ്‌ക്കാനും ഉപയോഗിച്ചുകൊണ്ട്‌ ശാഫാനും കുടുംബവും എത്ര നല്ല മാതൃകയാണു വെച്ചത്‌! നമുക്കും നമ്മുടെ സകല വിഭവങ്ങളും സ്വാധീനശക്തിയും യഹോവയുടെ സംഘടനയെയും സഹാരാധകരെയും പിന്തുണയ്‌ക്കുന്നതിൽ ഉപയോഗിക്കാൻ സാധിക്കും.

ദിവസവും ബൈബിൾ വായിക്കുന്നതു കൂടാതെ അത്‌ ഗഹനമായി പരിശോധിച്ചുകൊണ്ട്‌ ശാഫാനെയും കുടുംബാംഗങ്ങളെയും പോലുള്ള യഹോവയുടെ പുരാതന സാക്ഷികളെ പരിചയപ്പെടുന്നത്‌ നമ്മുടെ അറിവും വിശ്വാസവും വർധിപ്പിക്കാൻ ഉതകും. “സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം” എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന കൂട്ടത്തിന്റെ ഭാഗമാണ്‌ അവരും. അവരുടെ മാതൃക നമുക്ക്‌ അനുകരിക്കാം.​—⁠എബ്രായർ 12:⁠1.

[അടിക്കുറിപ്പ്‌]

^ ഖ. 6 യോശീയാവിന്‌ ഏതാണ്ട്‌ 25 വയസ്സുള്ളപ്പോൾ ശാഫാന്‌ അഹീക്കാം എന്നു പേരുള്ള പ്രായപൂർത്തിയായ ഒരു പുത്രൻ ഉണ്ടായിരുന്നു. യോശീയാവിനെക്കാൾ വളരെ പ്രായം കൂടിയവനായിരുന്നു ശാഫാൻ എന്ന്‌ ഇതു സൂചിപ്പിക്കുന്നു.​—⁠2 രാജാക്കന്മാർ 22:1-3, 11-14.

[22-ാം പേജിലെ ചതുരം]

ഹുൽദാ​—⁠സ്വാധീന ശക്തിയുണ്ടായിരുന്ന ഒരു പ്രവാചകി

ആലയത്തിൽ നിന്നു കണ്ടെടുത്ത “ന്യായപ്രമാണപുസ്‌തകം” വായിച്ചുകേട്ടപ്പോൾ യോശീയാ രാജാവ്‌ ശാഫാനോടും ഉന്നതസ്ഥാനീയരായ മറ്റു നാലുപേരോടും ‘കണ്ടെത്തിയിരിക്കുന്ന പുസ്‌തകത്തിലെ വാക്യങ്ങളെക്കുറിച്ചു യഹോവയോടു അരുളപ്പാടു ചോദിപ്പിൻ’ എന്നു കൽപ്പിച്ചു. (2 രാജാക്കന്മാർ 22:8-20) ആ അരുളപ്പാടുകൾ അവർക്ക്‌ എവിടെ നിന്നു ലഭിക്കുമായിരുന്നു? പ്രവാചകന്മാരും ബൈബിൾ എഴുത്തുകാരുമായ യിരെമ്യാവും സാധ്യതയനുസരിച്ച്‌ നഹൂമും സെഫന്യാവും ആ സമയത്ത്‌ യഹൂദയിൽത്തന്നെയാണു ജീവിച്ചിരുന്നത്‌. എന്നിട്ടും പ്രതിനിധി സംഘം ഹുൽദാ പ്രവാചകിയെയാണു സമീപിക്കുന്നത്‌.

ജറൂസലേം​—⁠ആൻ ആർക്കിയോളജിക്കൽ ബയോഗ്രഫി എന്ന പുസ്‌തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പുരുഷന്മാർ ഒരു പ്രവാചകിയെ ആയിരുന്നു സമീപിച്ചത്‌ എന്ന വസ്‌തുതയ്‌ക്ക്‌ ഈ വിവരണത്തിൽ അത്ര പ്രാധാന്യം നൽകിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്‌. ദൈവവചനത്തിന്റെ പൊരുൾ തേടി ഒരു കൂട്ടം പുരുഷന്മാർ ന്യായപ്രമാണ ചുരുളും എടുത്തുകൊണ്ട്‌ ഒരു സ്‌ത്രീയുടെ അടുക്കൽ പോകുന്നത്‌ യാതൊരു പ്രകാരത്തിലും ഒരു അനൗചിത്യമായി ആരും കണക്കാക്കിയില്ല. അവൾ കർത്താവിന്റെ അരുളപ്പാടുകൾ അറിയിച്ചപ്പോൾ, അതു പറയാൻ അവൾക്ക്‌ എന്തധികാരം എന്ന്‌ ആരും ചോദിച്ചില്ല. പുരാതന ഇസ്രായേല്യ സമൂഹത്തിൽ സ്‌ത്രീകൾക്ക്‌ ഉണ്ടായിരുന്ന സ്ഥാനത്തെ വിലയിരുത്തുന്ന പണ്ഡിതന്മാർ ഈ സംഭവം പലപ്പോഴും ഗൗനിക്കാതെ പോകുന്നു.” എന്നിരുന്നാലും ലഭിച്ച സന്ദേശം തീർച്ചയായും യഹോവയിൽ നിന്നായിരുന്നു.

[21-ാം പേജിലെ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ശാഫാന്റെ കുടുംബവൃക്ഷം

മെശുല്ലാം

അസല്യാവ്‌

ശാഫാൻ

↓ ↓ ↓ ↓

അഹീക്കാം എലാസ ഗെമര്യാവ്‌ യയസന്യാവ്‌

↓ ↓

ഗെദല്യാവ്‌ മീഖായാവ്‌

[20-ാം പേജിലെ ചിത്രം]

യിരെമ്യാവിൽ നിന്നു ലഭിച്ച ചുരുൾ കത്തിച്ചുകളയരുതേ എന്ന്‌ ഗെമര്യാവും മറ്റുള്ളവരും യെഹോയാക്കീം രാജാവിനോട്‌ അഭ്യർഥിക്കുന്നു

[22-ാം പേജിലെ ചിത്രം]

ശാഫാന്റെ കുടുംബത്തിലെ അംഗമായിരുന്നിട്ടും യയസന്യാവ്‌ വിഗ്രഹാരാധനയിൽ ഏർപ്പെട്ടതായി ഒരു ദർശനം വെളിപ്പെടുത്തി

[19-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Courtesy Israel Antiquities Authority

[21-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Courtesy Israel Antiquities Authority