വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഖ്യാപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ

സംഖ്യാപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

സംഖ്യാപുസ്‌തകത്തിൽ നിന്നുള്ള വിശേഷാശയങ്ങൾ

ഈജിപ്‌തിൽനിന്നു പുറപ്പെട്ടുവന്ന ശേഷം ഇസ്രായേല്യർ ഒരു ജനതയായി സംഘടിപ്പിക്കപ്പെട്ടു. അധികം വൈകാതെ അവർക്കു വാഗ്‌ദത്തനാട്ടിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു, എന്നാൽ അതുണ്ടായില്ല. പകരം, “വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ” നാലു പതിറ്റാണ്ടുകളോളം അവർക്ക്‌ അലഞ്ഞുതിരിയേണ്ടിവന്നു. (ആവർത്തനപുസ്‌തകം 8:⁠15) എന്തുകൊണ്ട്‌? ബൈബിളിലെ സംഖ്യാപുസ്‌തകം നൽകുന്ന ചരിത്ര വിവരണം, എന്താണു സംഭവിച്ചതെന്നു നമ്മോടു പറയുന്നു. യഹോവയാം ദൈവത്തെ അനുസരിക്കുന്നതും അവന്റെ പ്രതിനിധികളെ ആദരിക്കുന്നതും എത്ര പ്രധാനമാണെന്ന്‌ അതു നമ്മെ ബോധ്യപ്പെടുത്തേണ്ടതാണ്‌.

മരുഭൂമിയിലും മോവാബ്‌ സമതലത്തിലുംവെച്ച്‌ മോശെ എഴുതിയ സംഖ്യാപുസ്‌തകത്തിൽ, പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 1512 മുതൽ 1473 വരെയുള്ള ഒരു കാലഘട്ടത്തിലെ​—⁠38 വർഷവും 9 മാസവും അടങ്ങിയ കാലയളവിലെ​—⁠സംഭവങ്ങൾ ഉൾപ്പെടുന്നു. (സംഖ്യാപുസ്‌തകം 1:⁠1; ആവർത്തനപുസ്‌തകം 1:⁠3) ഇസ്രായേലിൽ ഏതാണ്ട്‌ 38 വർഷം ഇടവിട്ടു നടന്ന രണ്ടു ജനസംഖ്യാ കണക്കെടുപ്പുകളിൽ നിന്നാണ്‌ അതിന്‌ ഈ പേരു ലഭിച്ചത്‌. (1-4, 26 അധ്യായങ്ങൾ) ഈ ചരിത്രവൃത്താന്തം മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തേത്‌, സീനായ്‌ മലയിൽ നടന്ന സംഭവങ്ങൾ വിശദീകരിക്കുന്നു. ഇസ്രായേല്യർ മരുഭൂമിയിലൂടെ അലഞ്ഞുനടന്നപ്പോൾ ഉണ്ടായ അനുഭവങ്ങളാണ്‌ രണ്ടാമത്തെ വിഭാഗത്തിലുള്ളത്‌. അവസാന ഭാഗം, മോവാബ്‌ സമഭൂമിയിൽ നടന്ന കാര്യങ്ങളും പ്രസ്‌താവിക്കുന്നു. പ്രസ്‌തുത വിവരണം വായിക്കുമ്പോൾ, പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം: ‘ഈ സംഭവങ്ങൾ എന്നെ എന്താണു പഠിപ്പിക്കുന്നത്‌? ഇന്ന്‌ എനിക്കു പ്രയോജനകരമായ തത്ത്വങ്ങൾ ഈ പുസ്‌തകത്തിലുണ്ടോ?’

സീനായ്‌ മലയിൽ

(സംഖ്യാപുസ്‌തകം 1:⁠1-10:⁠10)

രണ്ടു കണക്കെടുപ്പുകളിൽ ആദ്യത്തേതു നടക്കുമ്പോൾ ഇസ്രായേല്യർ സീനായ്‌ മലയുടെ അടിവാരത്തിൽ തന്നെയാണ്‌. ലേവ്യർ ഒഴികെ, 20-നും അതിനു മുകളിലും പ്രായമുള്ള പുരുഷന്മാർ 6,03,550 പേരുണ്ട്‌. വ്യക്തമായും സൈനികപരമായ ഉദ്ദേശ്യങ്ങളെ മുൻനിറുത്തിയുള്ളതായിരുന്നു ഈ കണക്കെടുപ്പ്‌. സ്‌ത്രീകളും കുട്ടികളും ലേവ്യരും ഉൾപ്പെടെ പാളയത്തിൽ 30 ലക്ഷത്തിലധികം ആളുകൾ ഉണ്ടായിരുന്നിരിക്കാം.

കണക്കെടുപ്പിനു ശേഷം ഇസ്രായേല്യർക്ക്‌, ഗമനം ചെയ്യേണ്ട വിധം, ലേവ്യരുടെ കടമകളും തിരുനിവാസത്തിലെ സേവനങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ, സാംക്രമിക രോഗങ്ങൾ തടയുന്നതിനായുള്ള സമ്പർക്ക നിരോധന ചട്ടങ്ങൾ, പാതിവ്രത്യ സംശയം സംബന്ധിച്ചുള്ള നിയമങ്ങൾ, നാസീർ വ്രതക്കാരുടെ നേർച്ചകൾ എന്നിവയോടു ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിക്കുന്നു. 7-ാം അധ്യായം യാഗപീഠത്തിന്റെ സമർപ്പണത്തോടുള്ള ബന്ധത്തിൽ ഗോത്രത്തലവന്മാർ നടത്തിയ ബലികളെ കുറിച്ചു വിവരിക്കുമ്പോൾ 9-ാം അധ്യായം പെസഹ ആചരിക്കേണ്ടത്‌ എങ്ങനെയെന്നു ചർച്ച ചെയ്യുന്നു. പാളയമിറങ്ങുന്നതും പിന്നീട്‌ യാത്ര പുറപ്പെടുന്നതും സംബന്ധിച്ച നിർദേശങ്ങളും സഭയ്‌ക്കു നൽകപ്പെടുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:⁠1, 2—⁠ഏത്‌ “അടയാള”ങ്ങൾക്കു ചുറ്റുമായിരുന്നു മൂന്നു-ഗോത്ര വിഭാഗങ്ങൾ മരുഭൂമിയിൽ പാളയമിറങ്ങേണ്ടിയിരുന്നത്‌? ഈ അടയാളങ്ങൾ എന്താണെന്ന്‌ ബൈബിൾ ഒരിടത്തും വിവരിക്കുന്നില്ല. എന്നിരുന്നാലും, അവ പാവനമായ പ്രതീകങ്ങളായി കരുതപ്പെട്ടിരുന്നില്ല, അവയ്‌ക്കു മതപരമായ പ്രാധാന്യം കൽപ്പിച്ചിരുന്നുമില്ല. ആ അടയാളങ്ങൾ പ്രായോഗിക ലക്ഷ്യത്തിനുതകി. പാളയത്തിനുള്ളിലെ ഓരോരുത്തരുടെയും ശരിയായ സ്ഥാനം നിർണയിക്കാൻ അതു സഹായിച്ചു.

5:⁠27—⁠വ്യഭിചാരത്തിനു കുറ്റം വിധിക്കപ്പെട്ട ഒരു ഭാര്യയുടെ ‘നിതംബം ക്ഷയിക്കുക’ എന്നതിനാൽ എന്താണ്‌ അർഥമാക്കപ്പെടുന്നത്‌? ഇവിടെ “നിതംബം” അല്ലെങ്കിൽ കടിപ്രദേശം എന്ന പദം പുനരുത്‌പാദന അവയവങ്ങളെ കുറിക്കുന്നതിനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (ഉല്‌പത്തി 46:⁠26) അതിന്റെ ‘ക്ഷയിക്കൽ’ ഗർഭധാരണത്തെ അസാധ്യമാക്കിക്കൊണ്ട്‌ ഈ അവയവങ്ങൾ ദുർബലമാക്കപ്പെടുന്നതിനെ അർഥമാക്കുന്നു.

നമുക്കുള്ള പാഠങ്ങൾ:

6:⁠1-7. നാസീർ വ്രതർ മുന്തിരിയുടെ ഉത്‌പന്നങ്ങളും എല്ലാവിധ ലഹരി പാനീയങ്ങളും വർജിച്ചുകൊണ്ട്‌ ആത്മപരിത്യാഗികൾ ആയിരിക്കണമായിരുന്നു. അവർ യഹോവയോടുള്ള തങ്ങളുടെ കീഴ്‌പെടലിന്റെ അടയാളമായി തലമുടി നീട്ടി വളർത്തേണ്ടിയിരുന്നു, സ്‌ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്ക്‌ അല്ലെങ്കിൽ പിതാക്കന്മാർക്ക്‌ കീഴ്‌പെട്ടിരിക്കേണ്ടിയിരുന്നതു പോലെതന്നെ. നാസീർ വ്രതർ ശുദ്ധരായി നിലകൊള്ളേണ്ടതിന്‌ ശവശരീരങ്ങളുടെ​—⁠ഉറ്റ ബന്ധുക്കളുടേതായിരുന്നാൽ പോലും​—⁠അടുക്കൽ ചെല്ലരുതായിരുന്നു. ആത്മപരിത്യാഗത്തിന്റെയും യഹോവയോടും അവന്റെ ക്രമീകരണങ്ങളോടുമുള്ള കീഴ്‌പെടലിന്റെയും കാര്യത്തിൽ ഇന്നുള്ള മുഴുസമയ സേവകരും ആത്മത്യാഗ മനോഭാവം പ്രകടമാക്കുന്നു. ചില നിയമനങ്ങൾ ലഭിക്കുന്നത്‌ ഒരു വിദൂരദേശത്തായിരിക്കാം​—⁠അത്‌ ഒരു അടുത്ത ബന്ധുവിന്റെ ശവസംസ്‌കാരത്തിനു വീട്ടിലേക്കു തിരിച്ചുവരുന്നത്‌ ദുഷ്‌കരമോ അസാധ്യം പോലുമോ ആക്കിത്തീർത്തേക്കാം.

8:⁠25, 26. പ്രായമേറിയവരോട്‌ നിർബന്ധിത സേവനത്തിൽനിന്നു വിരമിക്കാൻ ആവശ്യപ്പെട്ടിരുന്നു. അത്‌ അവരുടെ പ്രായാധിക്യം കണക്കിലെടുത്തതുകൊണ്ടും ലേവ്യരുടെ സേവനം സുഗമമായി തുടരേണ്ടതിനു വേണ്ടിയും ആയിരുന്നു. എന്നിരുന്നാലും അവർക്ക്‌ മറ്റു ലേവ്യരെ സഹായിക്കാൻ കഴിയുമായിരുന്നു. ഈ നിയമത്തിനു പിന്നിലെ തത്ത്വം വിലയേറിയ ഒരു പാഠം നമ്മെ പഠിപ്പിക്കുന്നു. സുവാർത്തയുടെ ഒരു ഘോഷകൻ ആയിരിക്കുന്നതിൽനിന്നു നമുക്ക്‌ ഒരിക്കലും വിരമിക്കാൻ കഴിയില്ലെങ്കിലും പ്രായക്കൂടുതൽ നിമിത്തം ഒരു ക്രിസ്‌ത്യാനിക്കു ചില ഉത്തരവാദിത്വങ്ങൾ വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ, തനിക്കു നിർവഹിക്കാൻ കഴിയുന്ന സേവനത്തിന്റെ മറ്റേതെങ്കിലും വശത്തിന്‌ അദ്ദേഹത്തിനു ശ്രദ്ധ നൽകാവുന്നതാണ്‌.

മരുഭൂമിയിലൂടെ അലഞ്ഞുതിരിയുന്നു

(സംഖ്യാപുസ്‌തകം 10:⁠10-21:⁠35)

തിരുനിവാസത്തിനു മുകളിലുള്ള മേഘം ക്രമേണ ഉയരുമ്പോൾ, ഇസ്രായേല്യർ തങ്ങളുടെ പ്രയാണം ആരംഭിക്കുന്നു. 38 വർഷവും ഒന്നോ രണ്ടോ മാസങ്ങളും കഴിഞ്ഞ്‌ അത്‌ അവരെ മോവാബ്‌ സമഭൂമിയിൽ കൊണ്ടെത്തിക്കുമായിരുന്നു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “കാണ്മിൻ! ആ നല്ല ദേശം” എന്ന ലഘുപത്രികയുടെ 9-ാം പേജിലെ ഭൂപടത്തിൽ അവർ സഞ്ചരിച്ച വഴി നോക്കിക്കാണുന്നത്‌ പ്രയോജനകരമായേക്കാം.

പാരാൻ മരുഭൂമിയിലെ കാദേശിലേക്കുള്ള യാത്രാവേളയിൽ കുറഞ്ഞത്‌ മൂന്നു പ്രാവശ്യമെങ്കിലും പരാതി ഉയരുന്നു. യഹോവ ജനത്തിൽ ചിലരെ തീയാൽ ദഹിപ്പിച്ചുകൊണ്ട്‌ ആദ്യത്തേതിന്‌ അറുതി വരുത്തുന്നു. തുടർന്ന്‌ ഇസ്രായേല്യർ ഇറച്ചിക്കു വേണ്ടി മുറവിളി കൂട്ടുമ്പോൾ യഹോവ അവർക്കു കാടപ്പക്ഷികളെ വരുത്തിക്കൊടുക്കുന്നു. മിര്യാമും അഹരോനും മോശെക്കെതിരെ പരാതിപ്പെട്ടതിനാൽ, മിര്യാമിനു താത്‌കാലികമായി കുഷ്‌ഠം പിടിപെടുന്നു.

കാദേശിൽ പാളയമിറങ്ങിയ ശേഷം വാഗ്‌ദത്ത ദേശത്തെ ഒറ്റുനോക്കാൻ മോശെ 12 പുരുഷന്മാരെ അയയ്‌ക്കുന്നു. 40 ദിവസങ്ങൾക്കു ശേഷം അവർ മടങ്ങിയെത്തുന്നു. അവരിൽ പത്തു പേരുടെ മോശമായ അഭിപ്രായം വിശ്വസിച്ചുകൊണ്ട്‌ ജനം മോശെയെയും അഹരോനെയും വിശ്വസ്‌ത ഒറ്റുകാരായ യോശുവയെയും കാലേബിനെയും കല്ലെറിയാൻ തുനിയുന്നു. ഒരു മഹാമാരിയാൽ ജനത്തെ നശിപ്പിക്കാൻ പോവുകയാണെന്ന്‌ യഹോവ അറിയിച്ചപ്പോൾ മോശെ ഇടപെട്ടതു നിമിത്തം അവൻ ആ തീരുമാനം പിൻവലിക്കുന്നു, പകരം അവർ മരുഭൂമിയിൽ 40 വർഷം അലഞ്ഞുതിരിയുമെന്നു ദൈവം പ്രഖ്യാപിക്കുന്നു​—⁠കണക്കെടുപ്പിൽ എണ്ണപ്പെട്ടവരെല്ലാം ആ കാലഘട്ടത്തിനുള്ളിൽ മരണമടയുമായിരുന്നു.

യഹോവ കൂടുതലായ ചട്ടങ്ങൾ നൽകുന്നു. കോരഹും കൂട്ടരും, മോശെക്കും അഹരോനും എതിരെ മത്സരിക്കുന്നെങ്കിലും ആ മത്സരികളിൽ ചിലരെ തീ ദഹിപ്പിച്ചുകളയുന്നു, മറ്റുള്ളവരെ ഭൂമി വിഴുങ്ങിക്കളയുന്നു. പിറ്റേ ദിവസം മുഴു സഭയും മോശെക്കും അഹരോനും എതിരായി പിറുപിറുക്കുന്നു. അതിന്റെ ഫലമായി, യഹോവയിൽ നിന്നുള്ള ഒരു ബാധയാൽ 14,700 പേർ കൊല്ലപ്പെടുന്നു. അഹരോനെ മഹാപുരോഹിതനായി തിരഞ്ഞെടുത്തത്‌ വ്യക്തമാക്കാൻ, ദൈവം അവന്റെ വടി പുഷ്‌പിക്കാൻ ഇടയാക്കുന്നു. തുടർന്ന്‌ യഹോവ ലേവ്യരുടെ ചുമതലകളെയും ജനത്തിന്റെ ശുദ്ധീകരണത്തെയും കുറിച്ചു കൂടുതലായ നിയമങ്ങൾ നൽകുന്നു. ചുവന്ന പശുക്കിടാവിന്റെ ഭസ്‌മത്തിന്റെ ഉപയോഗം, യേശുവിന്റെ യാഗം നിർവഹിക്കുമായിരുന്ന ശുദ്ധീകരണത്തെ മുൻനിഴലാക്കി.​—⁠എബ്രായർ 9:⁠13, 14.

ഇസ്രായേൽജനം കാദേശിലേക്കു മടങ്ങുന്നു, അവിടെവെച്ച്‌ മിര്യാം മരണമടയുന്നു. സഭ വീണ്ടും മോശെക്കും അഹരോനും എതിരെ പിറുപിറുക്കുന്നു. ഇപ്രാവശ്യം വെള്ളമില്ലെന്നതാണു കാരണം. അത്ഭുതകരമായി വെള്ളം ലഭ്യമാക്കുമ്പോൾ, മോശെയും അഹരോനും യഹോവയുടെ നാമത്തിനു മഹത്ത്വം നൽകാതിരുന്നതു നിമിത്തം അവർക്കു വാഗ്‌ദത്തനാട്ടിൽ പ്രവേശിക്കാനുള്ള പദവി നഷ്ടമാകുന്നു. ഇസ്രായേൽ കാദേശിൽനിന്നു പുറപ്പെടുന്നു, അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിക്കുന്നു. ഏദോമിനെ ചുറ്റി സഞ്ചരിക്കവേ ഇസ്രായേല്യർ പരിക്ഷീണിതരാകുകയും ദൈവത്തിനും മോശെക്കും വിരോധമായി സംസാരിക്കുകയും ചെയ്യുന്നു. ശിക്ഷയായി യഹോവ വിഷസർപ്പങ്ങളെ അയയ്‌ക്കുന്നു. മോശെ പിന്നെയും ഇടപെടുന്നു, ഒരു താമ്ര സർപ്പത്തെ ഉണ്ടാക്കി അതിനെ ഒരു സ്‌തംഭത്തിൽ നാട്ടാൻ യഹോവ അവനോടു നിർദേശിക്കുന്നു, സർപ്പത്തിന്റെ കടിയേറ്റവർക്ക്‌ അതിലേക്ക്‌ ഉറ്റുനോക്കി സുഖം പ്രാപിക്കാൻ കഴിയുമായിരുന്നു. നമ്മുടെ നിത്യക്ഷേമത്തിനായി യേശു സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ടതിനെ സർപ്പം മുൻനിഴലാക്കുന്നു. (യോഹന്നാൻ 3:⁠14, 15) അമോര്യ രാജാക്കന്മാരായ സീഹോൻ, ഓഗ്‌ എന്നിവരെ തോൽപ്പിച്ചുകൊണ്ട്‌ ഇസ്രായേൽ അവരുടെ ദേശങ്ങൾ കയ്യടക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

12:⁠1—⁠മിര്യാമും അഹരോനും മോശെക്കു വിരോധമായി സംസാരിച്ചത്‌ എന്തുകൊണ്ട്‌? പ്രാമുഖ്യതയ്‌ക്കു വേണ്ടിയുള്ള മിര്യാമിന്റെ മോഹമായിരുന്നു അതിനുള്ള യഥാർഥ കാരണം എന്നു തോന്നുന്നു. മോശെയുടെ ഭാര്യയായ സിപ്പോറ മരുഭൂമിയിൽ വീണ്ടും അവനോടു ചേർന്നപ്പോൾ, താൻ മേലാൽ പാളയത്തിലെ ഏറ്റവും പ്രാമുഖ്യതയുള്ള വനിതയായി കണക്കാക്കപ്പെടുകയില്ല എന്നു മിര്യാം ഉത്‌കണ്‌ഠപ്പെട്ടിരിക്കാം.​—⁠പുറപ്പാടു 18:⁠1-5.

12:⁠9-11—⁠മിര്യാമിനു മാത്രം കുഷ്‌ഠം പിടിപെട്ടത്‌ എന്തുകൊണ്ട്‌? സാധ്യതയനുസരിച്ച്‌, പരാതി ഉയർത്തിയതും തന്നോടൊപ്പം ചേരാൻ അഹരോനെ പ്രേരിപ്പിച്ചതും അവളായിരുന്നു. തെറ്റ്‌ ഏറ്റുപറഞ്ഞുകൊണ്ട്‌ അഹരോൻ ശരിയായ മനോഭാവം പ്രകടിപ്പിച്ചു.

21:⁠14, 15—⁠ഇവിടെ പരാമർശിച്ചിരിക്കുന്ന പുസ്‌തകം ഏതായിരുന്നു? ബൈബിൾ എഴുതിയവർ വിവരങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച വ്യത്യസ്‌ത ഗ്രന്ഥങ്ങളെ കുറിച്ചാണ്‌ തിരുവെഴുത്തുകൾ പറയുന്നത്‌. (യോശുവ 10:⁠12, 13; 1 രാജാക്കന്മാർ 11:⁠41; 14:⁠19, 29) “യഹോവയുടെ യുദ്ധപുസ്‌തകം” അവയിൽ ഒന്നായിരുന്നു. യഹോവയുടെ ജനം നടത്തിയ യുദ്ധങ്ങളുടെ ഒരു ചരിത്രരേഖ അതിൽ അടങ്ങിയിരുന്നു.

നമുക്കുള്ള പാഠങ്ങൾ:

11:⁠27-29. മറ്റുള്ളവർക്ക്‌ യഹോവയുടെ സേവനത്തിൽ പദവികൾ ലഭിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തിൽ മോശെ ഒരു മികച്ച മാതൃകയാണ്‌. എൽദാദും മേദാദും പ്രവാചകവൃത്തി ആരംഭിച്ചപ്പോൾ മോശെ അതിൽ അസൂയപ്പെടുകയോ മുഴു മഹത്ത്വവും തനിക്കു ലഭിക്കണമെന്നു ചിന്തിക്കുകയോ ചെയ്‌തില്ല. പകരം അവൻ സന്തോഷിക്കുകയാണു ചെയ്‌തത്‌.

12:⁠2, 9, 10; 16:⁠1-3, 12-14, 31-35, 41, 46-50. തന്നെ ആരാധിക്കുന്നവർ ദൈവദത്ത അധികാരത്തോട്‌ ആദരവു പ്രകടമാക്കാൻ യഹോവ പ്രതീക്ഷിക്കുന്നു.

14:⁠24. തെറ്റു ചെയ്യാനുള്ള ലൗകിക സമ്മർദങ്ങളെ ചെറുത്തു നിൽക്കുന്നതിനുള്ള പോംവഴി ‘വേറൊരു സ്വഭാവം’ അഥവാ മാനസിക ഭാവം വളർത്തിയെടുക്കുക എന്നതാണ്‌. അത്‌ ലോകത്തിന്റേതിൽനിന്നും വ്യത്യസ്‌തമായ ഒന്നായിരിക്കണം.

15:⁠37-41. ദൈവത്തെ ആരാധിക്കാനും അവന്റെ കൽപ്പനകൾ അനുസരിക്കാനുമായി വേർതിരിക്കപ്പെട്ട ഒരു ജനതയാണ്‌ ഇസ്രായേല്യർ എന്ന്‌ അവരെ ഓർമിപ്പിക്കുന്നതിന്‌ ഉദ്ദേശിച്ചുള്ളതായിരുന്നു അവരുടെ വസ്‌ത്രത്തിലെ ശ്രദ്ധേയമായ തൊങ്ങൽ. നാമും ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ലോകത്തിൽനിന്നു വ്യത്യസ്‌തരായി നിലകൊള്ളുകയും ചെയ്യേണ്ടതല്ലേ?

മോവാബ്‌ സമഭൂമിയിൽ

(സംഖ്യാപുസ്‌തകം 22:⁠1-36:⁠13)

ഇസ്രായേൽജനം മോവാബ്‌ സമഭൂമിയിൽ പാളയമിറങ്ങവേ മോവാബ്യർ അവരെപ്രതി സംഭ്രാന്തരാകുന്നു. അതിനാൽ മോവാബ്‌ രാജാവായ ബാലാക്ക്‌ ഇസ്രായേല്യരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കെടുക്കുന്നു. എന്നാൽ അവൻ അവരെ അനുഗ്രഹിക്കാൻ യഹോവ ഇടയാക്കുന്നു. തുടർന്ന്‌ ഇസ്രായേല്യ പുരുഷന്മാരെ അധാർമികതയിലേക്കും വിഗ്രഹാരാധനയിലേക്കും വശീകരിക്കാൻ മോവാബിലെയും മിദ്യാനിലെയും സ്‌ത്രീകൾ ഉപയോഗിക്കപ്പെടുന്നു. തത്‌ഫലമായി 24,000 ദുഷ്‌പ്രവൃത്തിക്കാരെ യഹോവ നശിപ്പിക്കുന്നു. യഹോവയോടുള്ള മത്സരം വെച്ചുപൊറുപ്പിക്കുകയില്ലെന്ന്‌ ഒടുവിൽ ഫീനെഹാസ്‌ പ്രകടമാക്കുമ്പോൾ ബാധ നിലയ്‌ക്കുന്നു.

യോശുവയും കാലേബും ഒഴികെ ആദ്യകണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്ന പുരുഷന്മാർ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നു രണ്ടാമത്തേതു വെളിപ്പെടുത്തുന്നു. മോശെയുടെ പിൻഗാമിയായി യോശുവ നിയമിക്കപ്പെടുന്നു. വിവിധ യാഗങ്ങളുടെ നടപടി ക്രമങ്ങളും നേർച്ചകൾ നേരുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങളും ഇസ്രായേല്യർക്കു ലഭിക്കുന്നു. അവർ മിദ്യാന്യരോടും പ്രതികാരം ചെയ്യുന്നു. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും യോർദ്ദാൻ നദിയുടെ കിഴക്കു പാർപ്പുറപ്പിക്കുന്നു. യോർദാൻ നദി കുറുകെ കടന്ന്‌ വാഗ്‌ദത്തദേശം കൈവശമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ ഇസ്രായേലിനു ലഭിക്കുന്നു. ദേശത്തിന്റെ അതിരുകൾ വ്യക്തമായി നിർവചിക്കപ്പെടുന്നു. അവകാശം നിശ്ചയിക്കുന്നതു ചീട്ടിട്ടായിരുന്നു. ലേവ്യർക്ക്‌ 48 നഗരങ്ങൾ നൽകപ്പെടുന്നു, അവയിൽ ആറെണ്ണം സങ്കേത നഗരങ്ങളായി വർത്തിക്കണമായിരുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

22:⁠20-22—⁠ബിലെയാമിനെതിരെ യഹോവയുടെ കോപം ജ്വലിച്ചത്‌ എന്തുകൊണ്ട്‌? ഇസ്രായേല്യരെ ശപിക്കരുതെന്ന്‌ യഹോവ പ്രവാചകനായ ബിലെയാമിനോടു പറഞ്ഞിരുന്നു. (സംഖ്യാപുസ്‌തകം 22:⁠12) എന്നിരുന്നാലും, അവരെ ശപിക്കുക എന്ന ലക്ഷ്യവുമായിത്തന്നെ പ്രവാചകൻ ബാലാക്കിന്റെ ആളുകളോടൊപ്പം പോയി. മോവാബ്‌ രാജാവിനെ പ്രസാദിപ്പിച്ചുകൊണ്ട്‌ അവൻ നൽകുന്ന പ്രതിഫലം കൈപ്പറ്റാൻ ബിലെയാം ആഗ്രഹിച്ചു. (2 പത്രൊസ്‌ 2:⁠15, 16; യൂദാ 11) ഇസ്രായേലിനെ ശപിക്കുന്നതിനു പകരം അവരെ അനുഗ്രഹിക്കാൻ നിർബന്ധിതനാക്കപ്പെട്ടപ്പോൾ പോലും, ബാൽ ആരാധകരായ സ്‌ത്രീകളെ ഉപയോഗപ്പെടുത്തി ഇസ്രായേൽ പുരുഷന്മാരെ വശീകരിക്കാൻ നിർദേശിച്ചുകൊണ്ട്‌ ബിലെയാം, രാജാവിനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. (സംഖ്യാപുസ്‌തകം 31:⁠15, 16) അങ്ങനെ ബിലെയാമിന്റെ കടുത്ത ദുരാഗ്രഹം അവനെതിരെ യഹോവയുടെ കോപം ജ്വലിക്കാൻ ഇടയാക്കി.

30:⁠6-8—⁠ഒരു ക്രിസ്‌തീയ പുരുഷനു തന്റെ ഭാര്യയുടെ നേർച്ചകൾ അസാധുവാക്കാൻ കഴിയുമോ? നേർച്ചകളോടുള്ള ബന്ധത്തിൽ ഇന്ന്‌ യഹോവ തന്റെ ആരാധകരിൽ ഓരോരുത്തരോടും നേരിട്ട്‌ ഇടപെടുന്നു. ഉദാഹരണത്തിന്‌, യഹോവയ്‌ക്കുള്ള സമർപ്പണം വ്യക്തിപരമായ ഒരു നേർച്ചയാണ്‌. (ഗലാത്യർ 6:⁠5) അത്തരം ഒരു അർപ്പണത്തെ തടഞ്ഞുവെക്കുന്നതിനോ റദ്ദു ചെയ്യുന്നതിനോ ഒരു ഭർത്താവിന്‌ അധികാരമില്ല. എന്നാൽ, ഭാര്യ ദൈവവചനത്തിനോ ഭർത്താവിനോടുള്ള അവളുടെ കടമകൾക്കോ വിരുദ്ധമായ ഒരു നേർച്ച നേരരുത്‌.

നമുക്കുള്ള പാഠങ്ങൾ:

25:⁠11. യഹോവയുടെ ആരാധനയോടുള്ള ബന്ധത്തിൽ തീക്ഷ്‌ണതയുടെ എത്ര നല്ല ദൃഷ്ടാന്തമാണ്‌ ഫീനെഹാസ്‌ നമുക്കു പ്രദാനം ചെയ്യുന്നത്‌! സഭയെ ശുദ്ധമായി സൂക്ഷിക്കുന്നതിനുള്ള ആഗ്രഹം, ഏതൊരു കടുത്ത അധാർമികതയും ക്രിസ്‌തീയ മൂപ്പന്മാരുടെ ശ്രദ്ധയിൽ പെടുത്താൻ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?

35:⁠9-29. ഒരുവൻ അബദ്ധത്തിൽ മറ്റൊരാളെ കൊലപ്പെടുത്തിയാൽ അവൻ തന്റെ വീടുവിട്ട്‌ ഒരു സങ്കേത നഗരത്തിലേക്കു ഓടിപ്പോയി കുറെക്കാലം അവിടെ കഴിയേണ്ടിയിരുന്നു എന്ന വസ്‌തുത, ജീവൻ പവിത്രമാണെന്നും നമുക്ക്‌ അതിനോട്‌ ആദരവ്‌ ഉണ്ടായിരിക്കണമെന്നും നമ്മെ പഠിപ്പിക്കുന്നു.

35:⁠33. നിർദോഷികളുടെ രക്തം ചൊരിയപ്പെടുകവഴി അശുദ്ധമാക്കപ്പെട്ട ദേശത്തിനു രക്തം ചൊരിയിച്ചവന്റെ രക്തത്താലല്ലാതെ പ്രായശ്ചിത്തം സാധ്യമല്ല. ഭൂമിയെ ഒരു പറുദീസയാക്കുന്നതിനു മുമ്പായി യഹോവ ദുഷ്ടന്മാരെ നശിപ്പിക്കുമെന്നുള്ളത്‌ എത്ര സമുചിതമാണ്‌!​—⁠സദൃശവാക്യങ്ങൾ 2:⁠21, 22; ദാനീയേൽ 2:⁠44.

ദൈവവചനം ശക്തി പ്രയോഗിക്കുന്നു

യഹോവയോടും അവന്റെ ജനത്തിന്റെ ഇടയിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളവരോടും നാം ആദരവു പ്രകടിപ്പിക്കണം. സംഖ്യാപുസ്‌തകം ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു. ഇന്നു സഭയിൽ സമാധാനവും ഐക്യവും നിലനിറുത്താൻ സഹായിക്കുന്ന എത്ര പ്രധാനപ്പെട്ട ഒരു പാഠം!

തങ്ങളുടെ ആത്മീയതയെ അവഗണിക്കുന്നവർ പിറുപിറുപ്പ്‌, അധാർമികത, വിഗ്രഹാരാധന എന്നിങ്ങനെയുള്ള ദുഷ്‌പ്രവൃത്തികളിലേക്ക്‌ എത്ര എളുപ്പത്തിൽ വീണുപോയേക്കാമെന്ന്‌ സംഖ്യാപുസ്‌തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ പ്രകടമാക്കുന്നു. ഈ ബൈബിൾ പുസ്‌തകത്തിൽ നിന്നുള്ള ചില ദൃഷ്ടാന്തങ്ങളും പാഠങ്ങളും യഹോവയുടെ സാക്ഷികളുടെ സഭകളിൽ നടത്തുന്ന സേവനയോഗത്തിലെ പ്രാദേശിക ആവശ്യങ്ങൾ എന്ന പരിപാടിക്കുള്ള അടിസ്ഥാനമായി ഉപയോഗിക്കാവുന്നതാണ്‌. സത്യമായും, നമ്മുടെ ജീവിതത്തിൽ ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാണ്‌.’​—⁠എബ്രായർ 4:⁠12.

[24, 25 പേജുകളിലെ ചിത്രം]

സമാഗമനകൂടാരത്തിനു മുകളിൽ അത്ഭുതകരമായ ഒരു മേഘത്തെ ഉപയോഗിച്ചാണ്‌ പാളയമിറങ്ങേണ്ടതും യാത്ര പുറപ്പെടേണ്ടതും എപ്പോഴാണെന്ന്‌ യഹോവ ഇസ്രായേല്യരെ അറിയിച്ചിരുന്നത്‌

[26-ാം പേജിലെ ചിത്രങ്ങൾ]

യഹോവയെ അനുസരിക്കാൻ നാം കടപ്പെട്ടവരാണ്‌, നാം അവന്റെ പ്രതിനിധികളെ ആദരിക്കാൻ അവൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു