വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും

സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും

സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും

“വിശ്വപ്രകൃതി മാറ്റത്തിനുവിധേയമായി ഏകീകരിക്കപ്പെടുമെന്നു ഞാൻ വിഭാവന ചെയ്യുന്നു. . . . നാളെ പ്രഭാതത്തിലല്ല, പിന്നെയോ കാലത്തിന്റെ അങ്ങേത്തലയ്‌ക്കൽ എവിടെയെങ്കിലും വെച്ച്‌ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയുമുണ്ടാകുമ്പോൾ.”​—⁠ഷാൻ-മാരി പെൽറ്റ്‌, ഫ്രഞ്ച്‌ പരിസ്ഥിതി വിദഗ്‌ധൻ.

ഭൂമിയിലെ സാമൂഹികവും പരിസ്ഥിതിപരവുമായ ദുരവസ്ഥയിൽ മനംനൊന്തു കഴിയുന്ന അനേകരും നമ്മുടെ ഗ്രഹം ഒരു പറുദീസ ആയിക്കാണാൻ ആഗ്രഹിക്കും എന്നതിനു സംശയമില്ല. എന്നാൽ ഈ ആഗ്രഹം കേവലം 21-ാം നൂറ്റാണ്ടിലെ ഒരു സ്വപ്‌നമല്ല. ഭൂമിയിൽ പറുദീസ പുനഃസ്ഥാപിക്കപ്പെടുമെന്ന്‌ വളരെ നാളുകൾക്കു മുമ്പുതന്നെ ബൈബിൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. “സൌമ്യതയുള്ളവർ . . . ഭൂമിയെ അവകാശമാക്കും,” “അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” തുടങ്ങിയ യേശുവിന്റെ പ്രസ്‌താവനകൾ ഏറ്റവും പ്രസിദ്ധമായ തിരുവെഴുത്തുകളിൽ ചിലതാണ്‌. (മത്തായി 5:5; 6:​10, പി.ഒ.സി. ബൈബിൾ) എന്നിരുന്നാലും ഇന്ന്‌ അധികമാരും, സൗമ്യതയുള്ളവർ അധിവസിക്കുന്ന ഒരു ഭൗമിക പറുദീസയിൽ വിശ്വസിക്കുന്നില്ല. ക്രിസ്‌ത്യാനികൾ എന്നവകാശപ്പെടുന്നവരിൽ ഭൂരിപക്ഷത്തിനും പറുദീസ എന്ന ആശയംതന്നെ അന്യമായിത്തീർന്നിരിക്കുന്നു.

ചുരുങ്ങിയപക്ഷം കത്തോലിക്കാസഭയിലെങ്കിലും, ഭൗമികമോ സ്വർഗീയമോ ആയ ഒരു പറുദീസയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച്‌ ഫ്രഞ്ച്‌ വാരികയായ ലാ വി വിശദീകരിക്കുന്നത്‌ ഇങ്ങനെയാണ്‌: “19 നൂറ്റാണ്ടോളം കത്തോലിക്കാസഭയുടെ പഠിപ്പിക്കലിനെ ശക്തമായി സ്വാധീനിച്ചതിനുശേഷം, പറുദീസ [എന്ന ആശയം] ധ്യാനകേന്ദ്രങ്ങൾ, ഞായറാഴ്‌ചകളിലെ പള്ളിപ്രസംഗങ്ങൾ, ദൈവശാസ്‌ത്ര കോഴ്‌സുകൾ, വേദപാഠ ക്ലാസ്സുകൾ എന്നിവയിൽനിന്നെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.” പറുദീസ എന്ന വാക്കുതന്നെ “നിഗൂഢതയുടെയും ആശയക്കുഴപ്പത്തിന്റെയും” “കനത്ത മൂടൽമഞ്ഞി”നാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതായി പറയപ്പെടുന്നു. “ഭൗമിക സന്തോഷത്തെ കുറിച്ചുള്ള ഒട്ടേറെ ആശയങ്ങൾ ദ്യോതിപ്പിക്കുന്നു” എന്ന കാരണത്താൽ ചില പുരോഹിതന്മാർ ഈ വാക്ക്‌ മനഃപൂർവം ഒഴിവാക്കുന്നു.

മതങ്ങളെക്കുറിച്ച്‌ വിശേഷാൽ പഠിക്കുന്ന സാമൂഹിക ശാസ്‌ത്രജ്ഞൻ ഫ്രേഡേറിക്‌ ലെന്വോറിനെ സംബന്ധിച്ചിടത്തോളം പറുദീസയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ കേവലം “തനിയാവർത്തനം” ആയിത്തീർന്നിരിക്കുന്നു. അതുപോലെ ഈ വിഷയത്തിൽ പല പുസ്‌തകങ്ങൾ രചിച്ചിട്ടുള്ള ചരിത്രകാരനായ ഷാൻ ഡെല്യൂമോ കരുതുന്നത്‌ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി മുഖ്യമായും പ്രതീകാത്മകമാണെന്നാണ്‌. അദ്ദേഹം എഴുതുന്നു: “‘പറുദീസ എന്ന ആശയത്തിൽ ഇനി എന്താണ്‌ അവശേഷിക്കുന്നത്‌?’ എന്ന ചോദ്യത്തിന്‌ ക്രിസ്‌തീയ വിശ്വാസത്തിന്‌ ഇപ്പോഴും ഈ മറുപടിയാണുള്ളത്‌: രക്ഷകന്റെ പുനരുത്ഥാനം മൂലം ഒരുനാൾ നമ്മളെല്ലാവരും ഒത്തൊരുമിച്ച്‌ നമ്മുടെ പ്രത്യാശ പൂവണിയുന്നത്‌ കൺകുളിർക്കെ കാണും.”

ഒരു ഭൗമിക പറുദീസയെക്കുറിച്ചുള്ള സന്ദേശം ഇന്നും പ്രസക്തമാണോ? ഭാവി യഥാർഥത്തിൽ എന്താണ്‌ നമ്മുടെ ഗ്രഹത്തിനുവേണ്ടി കരുതിവെച്ചിരിക്കുന്നത്‌? ഭാവിയെക്കുറിച്ചുള്ള കാഴ്‌ച മങ്ങിയതാണോ, അതോ അതിനെക്കുറിച്ച്‌ വ്യക്തമായ ഒരു ചിത്രം ഉണ്ടായിരിക്കുക സാധ്യമാണോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നതായിരിക്കും.