വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിയുടെ രഹസ്യം

കൗമാരക്കാരായ മക്കൾ നിങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുമ്പോൾ

കൗമാരക്കാരായ മക്കൾ നിങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുമ്പോൾ

മിക്ക ചെറുപ്പക്കാരും മുതിർന്നുവരവെ അച്ഛനമ്മമാരുടെ മതവിശ്വാസം പിന്തുടരാൻ തീരുമാനിക്കുന്നു. (2 തിമൊഥെയൊസ്‌ 3:14) എന്നാൽ ചില കുട്ടികൾ അതിനു തയ്യാറല്ല. കൗമാരപ്രായത്തിലുള്ള നിങ്ങളുടെ മക്കൾ നിങ്ങളുടെ മതവിശ്വാസങ്ങളെ ചോദ്യംചെയ്യുന്നപക്ഷം എന്തു ചെയ്യാനാകും? ഇങ്ങനെയൊരു സാഹചര്യത്തെ യഹോവയുടെ സാക്ഷികൾ കൈകാര്യം ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനം വിശദീകരിക്കുന്നു.

“അച്ഛനമ്മമാരുടെ മതത്തിൽ തുടരാൻ എനിക്ക്‌ അശ്ശേഷം താത്‌പര്യമില്ല. അതിൽനിന്ന്‌ എങ്ങനെയും പുറത്തുകടന്നാൽ മതി.”—കാര, 18. *

നിങ്ങളുടെ മതമാണ്‌ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നതെന്ന്‌ നിങ്ങൾക്കു ബോധ്യമുണ്ട്‌. ഏറ്റവും നല്ല ജീവിതഗതി കാണിച്ചുതരുന്നത്‌ ബൈബിളാണെന്നും നിങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അത്തരം മൂല്യങ്ങൾ കുട്ടിയിലും ഉൾനടാൻ നിങ്ങൾ ശ്രമിക്കുന്നത്‌ സ്വാഭാവികം മാത്രം. (ആവർത്തനപുസ്‌തകം 6:6, 7) പക്ഷേ, വളർന്നുവരുമ്പോൾ ആത്മീയ കാര്യങ്ങളിലുള്ള അവന്റെ താത്‌പര്യം നഷ്ടമാകുന്നെങ്കിലോ? * കുട്ടിയായിരുന്നപ്പോൾ ഉത്സാഹത്തോടെ അംഗീകരിച്ചിരുന്ന കാര്യങ്ങൾ അവൻ ഇപ്പോൾ ചോദ്യംചെയ്യാൻ തുടങ്ങുന്നെങ്കിലോ?—ഗലാത്യർ 5:7.

മാതാപിതാക്കളെന്ന നിലയിലുള്ള നിങ്ങളുടെ ക്രിസ്‌തീയ ഉത്തരവാദിത്വം വേണ്ടവിധം നിർവഹിക്കാഞ്ഞതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചതെന്ന്‌ കരുതേണ്ടതില്ല. നാം കാണാൻ പോകുന്നതുപോലെ മറ്റു ചില കാര്യങ്ങളും അതിനു കാരണമായേക്കാം. എന്നാലും ഇത്‌ മനസ്സിൽപ്പിടിക്കുക: നിങ്ങളുടെ വിശ്വാസം സ്വീകരിക്കാൻ അവൻ തയ്യാറാകുമോ അതോ അതിൽനിന്ന്‌ അവൻ അകന്നുപോകുമോ എന്നത്‌ അവന്റെ ചോദ്യംചെയ്യലുകളെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കാം. ഇതിന്റെ പേരിൽ അവനുമായി ഒരു യുദ്ധം പ്രഖ്യാപിക്കാനാണ്‌ നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഒരു വിഫലശ്രമത്തിന്‌, ഒരിക്കലും ജയിക്കുകയില്ലാത്ത ഒരു യുദ്ധത്തിന്‌, നിങ്ങൾ തിരികൊളുത്തുകയായിരിക്കും.—കൊലോസ്യർ 3:21.

അപ്പൊസ്‌തലനായ പൗലോസിന്റെ വാക്കുകൾ മനസ്സിൽപ്പിടിക്കുന്നത്‌ വളരെ നന്നായിരിക്കും: “കർത്താവിന്റെ ദാസൻ കലഹിക്കുന്നവൻ ആയിരിക്കരുത്‌; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവനും പഠിപ്പിക്കാൻ യോഗ്യനും ക്ഷമയോടെ ദോഷം സഹിക്കുന്നവനും” ആയിരിക്കണം. (2 തിമൊഥെയൊസ്‌ 2:24) മകൻ വിശ്വാസത്തെ ചോദ്യംചെയ്യുന്നെങ്കിൽ അവനെ ‘പഠിപ്പിക്കാൻ യോഗ്യനാണ്‌’ നിങ്ങളെന്ന്‌ എങ്ങനെ കാണിക്കാനാകും?

അവരെ മനസ്സിലാക്കുക

ആദ്യമായി, നിങ്ങളുടെ മകന്റെ ചിന്താഗതിയെ സ്വാധീനിച്ചിരിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാക്കുക. ഉദാഹരണത്തിന്‌:

  • ക്രിസ്‌തീയ സഭയിൽ കൂട്ടുകാരില്ലെന്നും ഒറ്റയ്‌ക്കാണെന്നും അവനു തോന്നുന്നുണ്ടോ? “കൂട്ടുകാരെ നേടുന്നതിനുവേണ്ടി ഞാൻ സഹപാഠികളിൽ പലരുമായി ചങ്ങാത്തത്തിലായി. എന്റെ ആത്മീയ പുരോഗതിക്ക്‌ വർഷങ്ങളോളം അതൊരു വിലങ്ങുതടിയായിരുന്നു. ചീത്ത കൂട്ടുകെട്ടാണ്‌ ആത്മീയ കാര്യങ്ങളിലുള്ള എന്റെ താത്‌പര്യം കെടുത്തിയത്‌. ഇപ്പോൾ അതേക്കുറിച്ചോർത്ത്‌ ഞാൻ ഏറെ ദുഃഖിക്കുന്നു.”—ലീനോർ, 19.

  • അവന്‌ ആത്മവിശ്വാസം കുറവാണോ, തന്റെ വിശ്വാസങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതിന്‌ അത്‌ അവനൊരു തടസ്സമാകുന്നുണ്ടോ? “പഠിക്കുന്ന കാലത്ത്‌ കൂട്ടുകാരോട്‌ വിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കാൻ എനിക്കു ചമ്മലായിരുന്നു. എന്നെ ഒരു വിചിത്രജീവിയായി അല്ലെങ്കിൽ ‘ബൈബിൾ കുട്ടി’യായി അവർ കരുതും എന്നായിരുന്നു എന്റെ പേടി. വ്യത്യസ്‌തരായ കുട്ടികളെയൊക്കെ കൂട്ടത്തിൽനിന്ന്‌ മാറ്റിനിറുത്തുകയാണ്‌ പതിവ്‌, അക്കൂട്ടത്തിൽപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല.”—റാമൺ, 23.

  • ക്രിസ്‌തീയ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടിവരുന്നത്‌ ഒരു ഭാരമായി അവനു തോന്നുന്നുണ്ടോ? “നിത്യജീവൻ എന്ന ബൈബിൾവാഗ്‌ദാനം, വലിയൊരു ഗോവണിയുടെ തുഞ്ചത്തിരിക്കുന്ന ഒന്നുപോലെയാണ്‌ എനിക്ക്‌. ഞാനാകട്ടെ ആദ്യത്തെ പടിയിൽപ്പോലും കാലുവെച്ചിട്ടില്ല; ഞാൻ അതിൽനിന്ന്‌ വളരെ വളരെ ദൂരെയാണ്‌. അതിൽ കയറുന്നതിനെക്കുറിച്ച്‌ ഓർക്കുന്നതുതന്നെ എനിക്കൊരു പേടിസ്വപ്‌നമാണ്‌. വിശ്വാസം ഉപേക്ഷിച്ചാലോ എന്നുവരെ എനിക്ക്‌ തോന്നിയിട്ടുണ്ട്‌.”—റെനെ, 16.

അവരോട്‌ തുറന്നു സംസാരിക്കുക

എന്തായിരിക്കാം നിങ്ങളുടെ മകനെ അലട്ടുന്ന പ്രശ്‌നം? അവനോടുതന്നെ നേരിട്ടു ചോദിക്കുന്നതാണ്‌ അത്‌ അറിയാനുള്ള ഏറ്റവും നല്ല മാർഗം. എന്നാൽ ആ സംഭാഷണം ഒരു വാദപ്രതിവാദമായിത്തീരാൻ ഇടയാക്കരുത്‌. ‘കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കോപത്തിനു താമസമുള്ളവരും’ ആയിരിക്കുക എന്നാണ്‌ യാക്കോബ്‌ 1:19 നിർദേശിക്കുന്നത്‌. ക്ഷമയോടെ വേണം അവനോട്‌ ഇടപെടാൻ. കുടുംബത്തിനു പുറത്തുള്ളവരോട്‌ സംസാരിക്കുമ്പോൾ എന്നപോലെ ‘സകല ദീർഘക്ഷമയും പ്രബോധനപാടവവും’ കാണിക്കുക.—2 തിമൊഥെയൊസ്‌ 4:2.

ഉദാഹരണത്തിന്‌, മകൻ ക്രിസ്‌തീയ യോഗങ്ങൾക്കു വരാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവനെ അലട്ടുന്ന മറ്റെന്തെങ്കിലുമുണ്ടോ എന്നു മനസ്സിലാക്കാൻ ശ്രമിക്കുക; പക്ഷേ, അത്‌ ക്ഷമയോടെ വേണമെന്നു മാത്രം. മകന്റെ മനസ്സറിയുന്നതിൽ പിതാവ്‌ പരാജയപ്പെടുന്ന ഒരു രംഗമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

മകൻ: ഞാൻ യോഗങ്ങൾക്കൊന്നും വരുന്നില്ല.

അച്ഛൻ: (ദേഷ്യത്തോടെ) എന്താ കാര്യം?

മകൻ: എനിക്ക്‌ ബോറടിക്കും, അതുതന്നെ!

അച്ഛൻ: ദൈവത്തെക്കുറിച്ചും അങ്ങനെയാണോ നിനക്ക്‌ തോന്നുന്നത്‌? ദൈവത്തെയും നിനക്ക്‌ മടുത്തോ? അതൊന്നും പറ്റില്ല. ഇവിടെ താമസിക്കുമ്പോൾ ഞാൻ പറയുന്നത്‌ കേട്ടേ പറ്റൂ; നിനക്ക്‌ ഇഷ്ടപ്പെട്ടാലും ശരി ഇല്ലെങ്കിലും ശരി.

അച്ഛനമ്മമാർ മക്കളെ ദൈവത്തെക്കുറിച്ച്‌ പഠിപ്പിക്കാനും മക്കൾ അച്ഛനമ്മമാരെ അനുസരിക്കാനും ദൈവം ആവശ്യപ്പെടുന്നു. (എഫെസ്യർ 6:1) എന്നിരുന്നാലും നിങ്ങളുടെ ആത്മീയ ദിനചര്യ മക്കൾ കണ്ണുമടച്ച്‌ പിൻപറ്റാനോ മനസ്സില്ലാമനസ്സോടെ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ സംബന്ധിക്കാനോ അല്ല നിങ്ങൾ ആഗ്രഹിക്കുന്നത്‌. മറിച്ച്‌ സ്വമനസ്സാലെ, ഹൃദയപൂർവം അവർ അങ്ങനെ ചെയ്യണമെന്നാണ്‌ നിങ്ങളുടെ ആഗ്രഹം, അല്ലേ?

എങ്ങനെ ആ ലക്ഷ്യത്തിൽ എത്താനാകും? മകന്റെ ചിന്താഗതിയെ സ്വാധീനിച്ചിരിക്കുന്നത്‌ എന്താണെന്നു തിരിച്ചറിയുക. ഇക്കാര്യം മനസ്സിൽവെച്ചുകൊണ്ട്‌, മുകളിൽ നാം കണ്ട സാഹചര്യം മെച്ചമായ വിധത്തിൽ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കൂ.

മകൻ: ഞാൻ യോഗങ്ങൾക്കൊന്നും വരുന്നില്ല.

അച്ഛൻ: (ശാന്തമായി) അതെന്താ അങ്ങനെ തോന്നാൻ?

മകൻ: എനിക്ക്‌ ബോറടിക്കും, അതുതന്നെ!

അച്ഛൻ: ഒന്നുരണ്ട്‌ മണിക്കൂർ ഇരിക്കുന്നത്‌ മടുപ്പിച്ചേക്കാം. അതാണോ നിനക്ക്‌ ഏറ്റവും ബുദ്ധിമുട്ടായി തോന്നുന്നത്‌?

മകൻ: എനിക്കറിയില്ല. വേറെ എവിടെയെങ്കിലും പോകാനാണ്‌ എനിക്കു തോന്നുന്നത്‌.

അച്ഛൻ: നിന്റെ കൂട്ടുകാർക്കും അങ്ങനെതന്നെയാണോ തോന്നുന്നത്‌?

മകൻ: അതുതന്നെയാണ്‌ എന്റെ പ്രശ്‌നം! എനിക്ക്‌ ഇപ്പോൾ കൂട്ടുകാരായി ആരുമില്ല. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ പോയതിൽപ്പിന്നെ എനിക്കു സംസാരിക്കാൻപോലും ആരുമില്ല. അവിടെ വരുന്ന എല്ലാവരും സന്തോഷിക്കുമ്പോൾ, ഞാൻ മാത്രം ഒറ്റപ്പെട്ടതുപോലെ...

മനസ്സിലുള്ളത്‌ തുറന്നുപറയാൻ മകനെ സഹായിക്കുന്നതിലൂടെ ഈ അച്ഛൻ അവന്റെ യഥാർഥ പ്രശ്‌നം—ഒറ്റയ്‌ക്കാണെന്ന തോന്നൽ—തിരിച്ചറിയുക മാത്രമല്ല അവന്റെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു. അത്‌, കൂടുതലായ സംഭാഷണത്തിന്‌ വഴിയൊരുക്കും.— “ക്ഷമ കാണിക്കുക” എന്ന ചതുരം കാണുക.

ആത്മീയ വളർച്ചയ്‌ക്ക്‌ തടസ്സമായേക്കാവുന്ന കാര്യങ്ങൾ പല ചെറുപ്പക്കാരും കാലക്രമത്തിൽ മറികടക്കാറുണ്ട്‌. അവർക്കപ്പോൾ തങ്ങളെക്കുറിച്ചും തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചും മതിപ്പ്‌ വർധിക്കും. ഒരു ക്രിസ്‌ത്യാനിയാണെന്ന്‌ സഹപാഠികളോടു പറയാൻ മടിച്ചിരുന്ന റാമണിന്റെ കാര്യംതന്നെയെടുക്കുക. ചിലപ്പോഴൊക്കെ പരിഹാസം നേരിട്ടാലും, വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുക താൻ കരുതിയിരുന്നതുപോലെ അത്ര ബുദ്ധിമുട്ടുപിടിച്ച കാര്യമല്ലെന്ന്‌ പിന്നീട്‌ റാമൺ തിരിച്ചറിഞ്ഞു. അവൻ പറയുന്നു:

“ഒരിക്കൽ മതത്തിന്റെ പേരും പറഞ്ഞ്‌ ഒരു കുട്ടി എന്നെ കളിയാക്കി. ഞാനാകെ വല്ലാതെയായി. ക്ലാസ്സിലെ എല്ലാവരും അത്‌ കേൾക്കുന്നുണ്ടായിരുന്നു. ഉടനെ ഞാനൊരു വിദ്യ പ്രയോഗിച്ചു; ആ സംഭാഷണം നേരെ തിരിച്ചുവിട്ടു. അവന്റെ വിശ്വാസത്തെക്കുറിച്ച്‌ ഞാൻ അവനോടു ചോദിച്ചു. എന്നെക്കാൾ പരിഭ്രമമാണ്‌ അവനുണ്ടായത്‌! അപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി: മിക്ക ചെറുപ്പക്കാർക്കും തങ്ങളുടെ മതവിശ്വാസങ്ങളെക്കുറിച്ച്‌ ഒന്നുംതന്നെ അറിയില്ല. കുറഞ്ഞപക്ഷം എനിക്ക്‌ എന്റെ വിശ്വാസങ്ങളെക്കുറിച്ച്‌ വിശദീകരിക്കാനാകുന്നുണ്ടല്ലോ. ശരിക്കും പറഞ്ഞാൽ, സ്വന്തം വിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കേണ്ടിവരുമ്പോൾ പരുങ്ങേണ്ടത്‌ ഞാനല്ല മറിച്ച്‌ സഹപാഠികളാണ്‌!”

ഇത്‌ പരീക്ഷിച്ചുനോക്കൂ: മകന്റെ മനസ്സറിയാൻ ഇങ്ങനെയെല്ലാം ചോദിക്കാനാകും: ഒരു ക്രിസ്‌ത്യാനിയായിരിക്കുന്നതുകൊണ്ട്‌ നിനക്ക്‌ എന്തു തോന്നുന്നു? നിന്റെ അഭിപ്രായത്തിൽ അതുകൊണ്ടുള്ള പ്രയോജനം എന്തൊക്കെയാണ്‌? എന്തെങ്കിലും നഷ്ടബോധം തോന്നുന്നുണ്ടോ? ആ നഷ്ടങ്ങളെക്കാൾ കൂടുതലാണോ ലഭിക്കുന്ന പ്രയോജനങ്ങൾ? എങ്കിൽ എങ്ങനെ? (മർക്കോസ്‌ 10:29, 30) തന്റെ അഭിപ്രായങ്ങളെല്ലാം രണ്ടുകോളങ്ങളിലായി ഒരു പേപ്പറിൽ അവൻ എഴുതട്ടെ; ഇടത്തെ കോളത്തിൽ നഷ്ടപ്പെടുന്നതായി തോന്നുന്ന കാര്യങ്ങളും വലത്തെ കോളത്തിൽ അതിന്റെ പ്രയോജനങ്ങളും. ആ അഭിപ്രായങ്ങൾ വിലയിരുത്തുന്നതിലൂടെ തന്നെ അലട്ടുന്ന പ്രശ്‌നം മനസ്സിലാക്കാനും അതിനൊരു പരിഹാരം കണ്ടെത്താനും അവനു കഴിഞ്ഞേക്കും.

അവരുടെ ചിന്താപ്രാപ്‌തി

കൊച്ചുകുട്ടികളുടെയും കൗമാരക്കാരുടെയും ചിന്താരീതി വ്യത്യസ്‌തമാണെന്ന്‌ മാതാപിതാക്കളും വിദഗ്‌ധരും കണ്ടെത്തിയിരിക്കുന്നു. (1 കൊരിന്ത്യർ 13:11) കൊച്ചുകുട്ടികൾ, പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിച്ചേക്കാം; എന്നാൽ ചെറുപ്പക്കാർക്ക്‌ അതുപോരാ, അവർക്ക്‌ അതിന്റെ കാര്യകാരണങ്ങൾ വ്യക്തമാകണം. ഉദാഹരണത്തിന്‌, എല്ലാം സൃഷ്ടിച്ചത്‌ ദൈവമാണെന്ന്‌ ഒരു കൊച്ചുകുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമാണ്‌. (ഉല്‌പത്തി 1:1) എന്നാൽ ഒരു കൗമാരക്കാരൻ അതിനെ ചോദ്യംചെയ്‌തേക്കാം: ‘ദൈവമുണ്ടെന്ന്‌ ഞാൻ എങ്ങനെ വിശ്വസിക്കും? ദൈവം സ്‌നേഹവാനാണെങ്കിൽപ്പിന്നെ ദുഷ്ടതയുള്ളത്‌ എന്തുകൊണ്ടാണ്‌? ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്ന്‌ എങ്ങനെ ഉറപ്പിച്ചു പറയാനാകും?’—സങ്കീർത്തനം 90:2.

ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ മകൻ വിശ്വാസത്തിൽനിന്ന്‌ വഴുതിപ്പോകുകയാണോ എന്ന്‌ നിങ്ങൾ സംശയിച്ചേക്കാം. വാസ്‌തവത്തിൽ, അവനിൽ വിശ്വാസം ദൃഢമാകുന്നതിന്റെ ലക്ഷണമായിരിക്കാം അത്‌. മാത്രമല്ല, ഒരു ക്രിസ്‌ത്യാനിയുടെ ആത്മീയ വളർച്ചയിൽ ചോദ്യങ്ങൾക്ക്‌ ഒരു പ്രധാന പങ്കുണ്ടല്ലോ.—പ്രവൃത്തികൾ 17:2, 3.

കൂടാതെ, നിങ്ങളുടെ മകൻ “കാര്യബോധ”ത്തോടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായിരിക്കാം അത്‌. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവൻ അവന്റെ ചിന്താപ്രാപ്‌തി ഉപയോഗിക്കുകയാണ്‌. (റോമർ 12:1, 2) ഫലമോ? കൊച്ചുകുട്ടിയായിരുന്നപ്പോൾ കഴിയാതിരുന്ന ഒരു കാര്യം, അതായത്‌ ക്രിസ്‌തീയ വിശ്വാസത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും” ഗ്രഹിക്കാൻ അവൻ പ്രാപ്‌തി നേടുന്നു. (എഫെസ്യർ 3:18) മുമ്പെന്നത്തെക്കാളധികം, വിശ്വാസത്തെക്കുറിച്ച്‌ പ്രതിവാദം പറയാൻ നിങ്ങളുടെ മകനെ സഹായിക്കേണ്ടത്‌ ഇപ്പോഴാണ്‌. അങ്ങനെ ചെയ്യുമ്പോൾ വിശ്വാസത്തെക്കുറിച്ചുള്ള ബോധ്യം ദൃഢമാക്കാൻ അവനു കഴിയും.—സദൃശവാക്യങ്ങൾ 14:15; പ്രവൃത്തികൾ 17:11.

ഇത്‌ പരീക്ഷിച്ചുനോക്കൂ: നിസ്സാരമെന്നു തോന്നിയേക്കാവുന്ന അടിസ്ഥാന കാര്യങ്ങൾതന്നെ മകനുമായി ചർച്ച ചെയ്യുക. ഉദാഹരണത്തിന്‌, ‘ദൈവം ഉണ്ടെന്ന്‌ ഞാൻ വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവം എനിക്കുവേണ്ടി കരുതുന്നു എന്നതിന്‌ എന്ത്‌ തെളിവാണ്‌ എനിക്കുള്ളത്‌? ദൈവനിയമങ്ങൾ അനുസരിക്കുന്നത്‌ എപ്പോഴും പ്രയോജനം ചെയ്യുമെന്ന്‌ എനിക്ക്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ടാണ്‌?’ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ അവനെ പ്രേരിപ്പിക്കുക. എന്നാൽ, നിങ്ങളുടെ വീക്ഷണം അവനിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകരം, കാര്യങ്ങൾ അവന്‌ സ്വയം ബോധ്യമാകട്ടെ. അങ്ങനെയാകുമ്പോൾ സ്വന്തം വിശ്വാസം ശക്തമാക്കാൻ അവന്‌ എളുപ്പമായിരിക്കും.

“ബോധ്യംവന്നിട്ടുള്ള” വിശ്വാസം

തിമൊഥെയൊസ്‌ എന്ന ചെറുപ്പക്കാരൻ വിശുദ്ധലിഖിതങ്ങൾ “ശൈശവംമുതൽതന്നെ” അറിഞ്ഞിരുന്നതായി ബൈബിൾ പറയുന്നു. എന്നിട്ടും പൗലോസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിനെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘നീ ഗ്രഹിച്ചതും നിനക്കു ബോധ്യംവന്നിട്ടുള്ളതുമായ കാര്യങ്ങളിൽ’ നിലനിൽക്കുക. (2 തിമൊഥെയൊസ്‌ 3:14, 15) തിമൊഥെയൊസിനെപ്പോലെ, നിങ്ങളുടെ കുട്ടിയെയും വളരെ ചെറുപ്പംമുതലേ ബൈബിൾനിലവാരങ്ങളെക്കുറിച്ച്‌ നിങ്ങൾ പഠിപ്പിച്ചിട്ടുണ്ടായിരിക്കും. എന്നാൽ അവന്‌ അത്‌ ബോധ്യം വരേണ്ടതുണ്ട്‌. എങ്കിൽ മാത്രമേ അവൻ അതിൽ നിലനിൽക്കുകയുള്ളൂ.

യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1 (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “മകൻ നിങ്ങളോടൊപ്പം താമസിക്കുന്നിടത്തോളം അവൻ ഒരു ആത്മീയ ദിനചര്യ പിൻപറ്റുന്നു എന്ന്‌ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കാണ്‌. അവന്റെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്‌നേഹം ഉൾനടുക എന്നതായിരിക്കണം അതിന്റെ ലക്ഷ്യം, അല്ലാതെ യാന്ത്രികമായ ഒരു ദിനചര്യ അവൻ പിൻപറ്റുക എന്നതായിരിക്കരുത്‌.” ഈ ലക്ഷ്യം മനസ്സിലുണ്ടെങ്കിൽ “വിശ്വാസത്തിൽ ഉറപ്പുള്ളവരായി” നിൽക്കാൻ നിങ്ങൾക്ക്‌ മകനെ സഹായിക്കാനാകും. അതിലൂടെ അവൻ നിങ്ങളുടെ വിശ്വാസം പിന്തുടരുകയല്ല മറിച്ച്‌ അത്‌ അവന്റെ സ്വന്തം വിശ്വാസമായിത്തീരും. *1 പത്രോസ്‌ 5:9. (w12-E 02/01)

^ ഈ ലേഖനത്തിലെ പേരുകൾക്ക്‌ മാറ്റം വരുത്തിയിരിക്കുന്നു.

^ സൗകര്യത്തിനുവേണ്ടി ലേഖനത്തിൽ ആൺകുട്ടികളെയാണ്‌ പരാമർശിച്ചിരിക്കുന്നതെങ്കിലും ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ പെൺകുട്ടികൾക്കും ബാധകമാണ്‌.

^ കൂടുതൽ വിവരങ്ങൾക്ക്‌ 2009 ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 10-12 പേജുകളും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1 (ഇംഗ്ലീഷ്‌) പുസ്‌തകത്തിന്റെ 315-318 പേജുകളും കാണുക.

സ്വയം ചോദിക്കുക

  • എന്റെ വിശ്വാസത്തെക്കുറിച്ച്‌ മകൻ/മകൾ ചോദിക്കുമ്പോൾ ഞാൻ എങ്ങനെയാണ്‌ പ്രതികരിക്കുന്നത്‌?

  • ഈ ലേഖനത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ കുട്ടിയോടുള്ള എന്റെ സമീപനം എങ്ങനെ മെച്ചപ്പെടുത്താനാകും?