വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

എല്ലാ പ്രാർഥനകളും ദൈവം കേൾക്കുന്നുണ്ടോ?

ദൈവം എല്ലാ ജനതയിൽനിന്നുമുള്ള ആളുകളുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നു. (സങ്കീർത്തനം 145:18, 19) നമ്മെ ഉത്‌കണ്‌ഠപ്പെടുത്തുന്ന ഏതൊരു കാര്യത്തെക്കുറിച്ചും ദൈവത്തോടു സംസാരിക്കാൻ അവന്റെ വചനമായ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (ഫിലിപ്പിയർ 4:6, 7) എന്നാൽ ചില പ്രാർഥനകൾ ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, മനഃപാഠമാക്കിയ പ്രാർഥനകൾ ഉരുവിടുന്നത്‌ അവനെ പ്രസാദിപ്പിക്കുകയില്ല.—മത്തായി 6:7 വായിക്കുക.

മനഃപൂർവം തന്റെ നിയമങ്ങൾ ലംഘിക്കുന്നവരുടെ പ്രാർഥനകളും യഹോവ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 28:9) ഉദാഹരണത്തിന്‌, ബൈബിൾക്കാലങ്ങളിൽ ജീവിച്ചിരുന്ന കൊലപാതകികളായ ചില ഇസ്രായേല്യരുടെ പ്രാർഥനകൾ യഹോവ ശ്രദ്ധിച്ചില്ല. ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ ചില നിബന്ധനകൾ പാലിച്ചേ മതിയാകൂ എന്നതു വ്യക്തമാണ്‌.—യെശയ്യാവു 1:15 വായിക്കുക.

ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ നാം എന്തു ചെയ്യണം?

വിശ്വാസം കൂടാതെ പ്രാർഥനയിൽ നമുക്ക്‌ ദൈവത്തെ സമീപിക്കാൻ കഴിയില്ല. (യാക്കോബ്‌ 1:5, 6) ദൈവമുണ്ടെന്നും അവൻ നമുക്കുവേണ്ടി കരുതുന്നുവെന്നും ഉള്ള ശക്തമായ വിശ്വാസം വേണം. ബൈബിൾപഠിച്ചുകൊണ്ട്‌ നമ്മുടെ വിശ്വാസം വർധിപ്പിക്കാൻ കഴിയും. കാരണം, യഥാർഥവിശ്വാസത്തിന്റെ അടിസ്ഥാനം ദൈവവചനത്തിൽ കാണുന്ന തെളിവുകളും അതു നൽകുന്ന ഉറപ്പും ആണ്‌.—എബ്രായർ 11:1, 6 വായിക്കുക.

നാം താഴ്‌മയോടെ, ആത്മാർഥമായി പ്രാർഥിക്കണം. ദൈവപുത്രനായ യേശുപോലും താഴ്‌മയോടെയാണ്‌ പ്രാർഥിച്ചത്‌. (ലൂക്കോസ്‌ 22:41, 42) അതുകൊണ്ട്‌, നമുക്കുവേണ്ടി എന്തു ചെയ്‌തുതരേണം എന്നു ദൈവത്തോട്‌ പറയുന്നതിനു പകരം ബൈബിൾ വായിച്ചുകൊണ്ട്‌ അവന്റെ ഇഷ്ടം എന്താണെന്ന്‌ തിരിച്ചറിയണം. ആ ഇഷ്ടത്തിനു ചേർച്ചയിൽ പ്രാർഥിക്കുകയും വേണം.—1 യോഹന്നാൻ 5:14 വായിക്കുക. (w13-E 08/01)