വിവരങ്ങള്‍ കാണിക്കുക

അവരുടെ വിശ്വാ​സം അനുക​രി​ക്കുക | ഇയ്യോബ്‌

യഹോവ ഇയ്യോ​ബി​നെ ആശ്വസി​പ്പി​ച്ചു

യഹോവ ഇയ്യോ​ബി​നെ ആശ്വസി​പ്പി​ച്ചു

ഒടുവിൽ, അവിടെ വന്ന മനുഷ്യ​രെ​ല്ലാം നിശബ്ദ​രാ​യി. അറേബ്യൻ മരുഭൂ​മി​യിൽനിന്ന്‌ വീശുന്ന ഉഷ്‌ണ​ക്കാ​റ്റി​ന്റെ മർമരം മാത്ര​മാണ്‌ ഇപ്പോൾ അവിടെ കേൾക്കാ​നു​ള്ളത്‌. നീണ്ട സംവാ​ദ​ത്തിന്‌ ഒടുവിൽ ഇയ്യോ​ബിന്‌ ഇപ്പോൾ പറയാൻ വാക്കുകൾ ഒന്നും​ത​ന്നെ​യില്ല. ഇനി ഒന്നും പറയാ​നി​ല്ലേ എന്ന ഭാവത്തിൽ ഇയ്യോബ്‌ എലീഫ​സി​നെ​യും ബിൽദാ​ദി​നെ​യും സോഫ​റി​നെ​യും നോക്കി​നിൽക്കു​ന്നത്‌ ഒന്നു ഭാവന​യിൽ കണ്ടു​നോ​ക്കൂ! എന്നാൽ അവർ മൂന്നു പേരും ഇപ്പോൾ മുഖം താഴ്‌ത്തി​യി​രി​ക്കു​ക​യാണ്‌. അവരുടെ ‘പൊള്ള​യായ വാക്കു​ക​ളും’ ക്രൂര​മായ കുറ്റ​പ്പെ​ടു​ത്ത​ലു​ക​ളും സാമർഥ്യ​ത്തോ​ടെ​യുള്ള ന്യായ​വാ​ദ​ങ്ങ​ളും ഒക്കെ അമ്പേ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. (ഇയ്യോബ്‌ 16:3) എന്തൊ​ക്കെ​തന്നെ സംഭവി​ച്ചാ​ലും തന്റെ നിഷ്‌ക​ള​ങ്ക​ത്വം ഉപേക്ഷി​ച്ചു​ക​ള​യാൻ ഒരിക്ക​ലും തയ്യാറാ​കി​ല്ലെന്ന്‌ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ക​യാണ്‌ ഇയ്യോബ്‌.

നിഷ്‌ക​ള​ങ്കത മാത്രമേ തനിക്ക്‌ കൈമു​ത​ലാ​യി അവശേ​ഷി​ക്കു​ന്നു​ള്ളൂ എന്ന്‌ ഇയ്യോ​ബി​നു തോന്നി​ക്കാ​ണും. തന്റെ പത്തു മക്കൾ, സമ്പത്ത്‌, ആരോ​ഗ്യം ഇവയെ​ല്ലാം ഇയ്യോ​ബിന്‌ ഇപ്പോൾ നഷ്ടപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. കൂടാതെ, കൂട്ടു​കാ​രു​ടെ​യും അയൽക്കാ​രു​ടെ​യും സഹായ​വും ആദരവും ഇയ്യോ​ബിന്‌ ഇപ്പോ​ഴില്ല. രോഗം വന്ന്‌ തൊലി​യാ​കെ കറുത്തു​ക​രു​വാ​ളി​ച്ചി​രി​ക്കു​ക​യാണ്‌. ദേഹം മുഴുവൻ പൊറ്റ​യും പഴുപ്പും നിറഞ്ഞി​രി​ക്കു​ന്നു. പുഴുക്കൾ അദ്ദേഹ​ത്തി​ന്റെ ശരീരത്തെ പൊതി​ഞ്ഞി​രി​ക്കു​ക​യാണ്‌. അദ്ദേഹ​ത്തി​ന്റെ ശ്വാസ​ത്തി​നു​പോ​ലും ദുർഗ​ന്ധ​മാണ്‌. (ഇയ്യോബ്‌ 7:5; 19:17; 30:30) ഇത്ര പരിതാ​പ​ക​ര​മായ അവസ്ഥയി​ലാ​യി​രുന്ന ഇയ്യോ​ബി​നെ വല്ലാതെ ദേഷ്യം പിടി​പ്പി​ക്കാൻ പോന്ന​താ​യി​രു​ന്നു ആ മൂന്നു പുരു​ഷ​ന്മാ​രു​ടെ ക്രൂര​മായ വാക്കുകൾ. അവരൊ​ക്കെ തന്നെ ഒരു പാപി​യാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. എന്നാൽ അങ്ങനെ​യ​ല്ലെന്ന്‌ തെളി​യി​ക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമേ ഇയ്യോ​ബി​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഒടുവിൽ ഇയ്യോബ്‌ സംസാ​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ എന്തു പറയണ​മെന്ന്‌ അറിയാ​തെ ആ മനുഷ്യർ മൂവരും കുഴങ്ങി. അവർക്കു പറയാൻ ക്രൂര​മായ വാക്കുകൾ ഒന്നും​തന്നെ ബാക്കി​യു​ണ്ടാ​യി​രു​ന്നില്ല. എന്നാൽ ഇയ്യോ​ബി​ന്റെ വേദന​യ്‌ക്കു കുറ​വൊ​ന്നും ഉണ്ടായില്ല. ഇയ്യോ​ബിന്‌ ഇപ്പോൾ ശരിക്കും സഹായം ആവശ്യ​മാണ്‌.

കാര്യങ്ങൾ ശരിയാ​യി ചിന്തി​ക്കാൻ പറ്റാത്ത ഒരു അവസ്ഥയി​ലാ​യി​രു​ന്നു ഇയ്യോബ്‌. അത്‌ നമുക്ക്‌ ഊഹി​ക്കാ​വു​ന്നതേ ഉള്ളൂ. എങ്കിലും അദ്ദേഹ​ത്തിന്‌ ഇപ്പോൾ ബുദ്ധി​യു​പ​ദേ​ശ​വും തിരു​ത്ത​ലും ആവശ്യ​മാണ്‌. മാത്രമല്ല അദ്ദേഹത്തെ ആരെങ്കി​ലും ആത്മാർഥ​മാ​യി ആശ്വസി​പ്പി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യണം. എന്നാൽ ഇതൊക്കെ ചെയ്യേ​ണ്ടി​യി​രുന്ന കൂട്ടു​കാർ തികഞ്ഞ പരാജ​യ​മാ​യി​രി​ക്കു​ന്നു. അല്‌പം ആശ്വാ​സ​വും പിന്തു​ണ​യും കിട്ടാതെ ഒരടി മുന്നോ​ട്ടു വെക്കാ​നാ​കി​ല്ലെന്നു തോന്നിയ ഒരു സാഹച​ര്യം നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഉണ്ടായി​ട്ടു​ണ്ടോ? കൂട്ടു​കാർ എന്നു നിങ്ങൾ വിചാ​രി​ച്ചി​രു​ന്നവർ നിങ്ങളെ എപ്പോ​ഴെ​ങ്കി​ലും നിരാ​ശ​രാ​ക്കി​യി​ട്ടു​ണ്ടോ? ദൈവ​മായ യഹോവ ഇയ്യോ​ബി​നെ സഹായിച്ച വിധവും ആ സഹായ​ത്തോട്‌ ഇയ്യോബ്‌ പ്രതി​ക​രിച്ച വിധവും മനസ്സി​ലാ​ക്കു​ന്നതു നിങ്ങൾക്കു ശരിക്കും പ്രത്യാശ തരും. ചെയ്യേണ്ട കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു മനസ്സി​ലാ​ക്കാ​നും സഹായി​ക്കും.

ജ്ഞാനമുള്ള, ദയയുള്ള ഉപദേ​ശ​കൻ

ഇയ്യോ​ബി​ന്റെ വിവര​ണ​ത്തിൽ അടുത്ത​താ​യി പുതിയ ഒരു കഥാപാ​ത്രം രംഗ​പ്ര​വേശം ചെയ്യുന്നു. പ്രായ​മാ​യ​വ​രു​ടെ സംവാ​ദങ്ങൾ കേട്ടു​കൊണ്ട്‌ എലീഹു എന്ന ഒരു ചെറു​പ്പ​ക്കാ​രൻ അത്രയും നേരം അവിടെ മിണ്ടാ​തെ​യി​രി​പ്പു​ണ്ടാ​യി​രു​ന്നു. അവരുടെ വർത്തമാ​നം ശരിക്കും എലീഹു​വി​നെ ദേഷ്യം​പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാണ്‌.

ഇയ്യോ​ബും എലീഹു​വി​നെ വല്ലാതെ നിരാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നീതി​മാ​നായ ഇയ്യോബ്‌ “താൻ ദൈവ​ത്തെ​ക്കാൾ നീതി​മാ​നാ​ണെന്നു സ്ഥാപി​ക്കാൻ” ശ്രമി​ക്കു​ന്നതു കണ്ടപ്പോൾ എലീഹു​വിന്‌ വല്ലാത്ത വിഷമം തോന്നി. എന്നാൽ ഇയ്യോബ്‌ അനുഭ​വി​ക്കുന്ന വേദന​യും അദ്ദേഹ​ത്തി​ന്റെ ആത്മാർഥ​ത​യും കാണു​മ്പോൾ ആ ചെറു​പ്പ​ക്കാ​രന്‌ ഇയ്യോ​ബി​നോ​ടു സഹാനു​ഭൂ​തി​യും തോന്നു​ന്നുണ്ട്‌. ദയയോ​ടു​കൂ​ടിയ തിരു​ത്ത​ലും അതോ​ടൊ​പ്പം ആശ്വാ​സ​വാ​ക്കു​ക​ളും ഇയ്യോ​ബിന്‌ ആവശ്യ​മാ​ണെന്ന്‌ എലീഹു മനസ്സി​ലാ​ക്കു​ന്നു. മൂന്നു വ്യാജാ​ശ്വാ​സ​ക​രോട്‌ എലീഹു അക്ഷമ കാണി​ച്ച​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. കാരണം, അതു​പോ​ലെ വേദനി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌ അവർ ഇയ്യോ​ബി​നോ​ടു പറഞ്ഞത്‌. ഇയ്യോ​ബി​ന്റെ വിശ്വാ​സ​ത്തി​നും അന്തസ്സി​നും നിഷ്‌ക​ള​ങ്ക​ത​യ്‌ക്കും നേർക്കുള്ള ഒരു ആക്രമ​ണ​മാ​യി​രു​ന്നു അത്‌. ദൈവ​ത്തെ​പ്പോ​ലും ദുഷ്ടനാ​യി ചിത്രീ​ക​രി​ക്കുന്ന തരം നുണക​ളാ​യി​രു​ന്നു അവർ പറഞ്ഞത്‌. ഇത്ര​യൊ​ക്കെ കേട്ടു​നിന്ന എലീഹു​വിന്‌ താൻ എന്തെങ്കി​ലും പറഞ്ഞി​ല്ലെ​ങ്കിൽ ശരിയാ​കില്ല എന്നു തോന്നു​ന്നു.—ഇയ്യോബ്‌ 32:2-4, 18.

“ഞാൻ ചെറു​പ്പ​മാണ്‌; നിങ്ങ​ളെ​ല്ലാം പ്രായ​മു​ള്ളവർ. അതു​കൊണ്ട്‌ ഞാൻ ആദര​വോ​ടെ മിണ്ടാതെ നിന്നു. എനിക്കു അറിയാ​വു​ന്നതു പറയാൻ ഞാൻ മുതിർന്നില്ല” എന്ന്‌ എലീഹു അവരോട്‌ പറയുന്നു. എന്നാൽ എലീഹു​വിന്‌ അങ്ങനെ അധിക​നേരം നിശ്ശബ്ദ​നാ​യി നിൽക്കാൻ കഴിയു​ന്നില്ല. എലീഹു തുടരു​ന്നു: “പ്രായ​മു​ള്ള​തു​കൊണ്ട്‌ മാത്രം ഒരാൾ ജ്ഞാനി​യാ​ക​ണ​മെ​ന്നില്ല: ശരി എന്തെന്നു മനസ്സി​ലാ​ക്കാ​നാ​കു​ന്നതു വൃദ്ധർക്കു മാത്രമല്ല.” (ഇയ്യോബ്‌ 32: 6, 9) താൻ പറഞ്ഞ കാര്യങ്ങൾ സത്യമാ​ണെന്നു തെളി​യി​ക്കാൻ എലീഹു ഒരു നീണ്ട പ്രസം​ഗം​തന്നെ നടത്തുന്നു. എലീഫ​സും ബിൽദാ​ദും സോഫ​റും ഇയ്യോ​ബി​നോ​ടു സംസാ​രി​ച്ച​തു​പോ​ലെയല്ല എലീഹു സംസാ​രി​ക്കു​ന്നത്‌. ഇപ്പോൾത്തന്നെ ആകെ തകർന്നി​രി​ക്കുന്ന ഇയ്യോ​ബി​നെ കൂടുതൽ വിഷമി​പ്പി​ക്കാ​നോ കൊച്ചാ​ക്കി കാണി​ക്കാ​നോ ഒന്നും എലീഹു ശ്രമി​ച്ചില്ല. ഇയ്യോ​ബി​ന്റെ പേര്‌ വിളിച്ച്‌ അദ്ദേഹം സംസാ​രി​ക്കു​ന്നു. ഇയ്യോ​ബി​നു നേരി​ടേണ്ടി വന്നത്‌ ഒട്ടും മര്യാ​ദ​യി​ല്ലാത്ത ഒരു പെരു​മാ​റ്റ​മാ​യി​രു​ന്നു എന്നും എലീഹു സമ്മതി​ക്കു​ന്നു. * എലീഹു വളരെ ആദര​വോ​ടെ ഇങ്ങനെ പറയുന്നു: “ഇയ്യോബേ, എന്റെ വാക്കുകൾ ശ്രദ്ധി​ക്കുക.”—ഇയ്യോബ്‌ 33:1, 7; 34:7.

എലീഹു ഇയ്യോ​ബി​നെ പേരെ​ടുത്ത്‌ വിളി​ക്കു​ക​യും ദയയോ​ടെ​യും മാന്യ​ത​യോ​ടെ​യും ഇടപെ​ടു​ക​യും ചെയ്‌തു

എലീഹു ഇയ്യോ​ബി​നു തുറന്ന ശാസന​യും കൊടു​ക്കു​ന്നുണ്ട്‌. അദ്ദേഹം പറയുന്നു: “ഞാൻ കേൾക്കെ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു, ഞാൻ പല തവണ ഇതു കേട്ടു: ‘ഞാൻ നിർമ​ല​നാണ്‌, ലംഘനങ്ങൾ ചെയ്യാ​ത്തവൻ; ഞാൻ ശുദ്ധി​യു​ള്ള​വ​നാണ്‌, തെറ്റുകൾ ചെയ്യാ​ത്തവൻ. എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തു​ന്നു.’” ഇയ്യോ​ബി​ന്റെ പ്രശ്‌നം യഥാർഥ​ത്തിൽ എന്താ​ണെന്ന്‌ എലീഹു മനസ്സി​ലാ​ക്കു​ന്നു. എലീഹു പറയുന്നു: ‘ഞാൻ ദൈവ​ത്തെ​ക്കാൾ നീതി​മാ​നാ​ണെന്നു പറയാൻ മാത്രം സ്വന്തം ഭാഗം ശരിയാ​ണെന്ന്‌ ഇയ്യോ​ബിന്‌ അത്ര ഉറപ്പാ​ണോ?’ ഇയ്യോ​ബി​ന്റെ ചിന്താ​ഗതി തിരു​ത്താൻ എലീഹു ശ്രമി​ക്കു​ന്നു. “ഇയ്യോബ്‌ പറഞ്ഞതു ശരിയല്ല” എന്ന്‌ ആ യുവാവ്‌ പറയുന്നു. (ഇയ്യോബ്‌ 33:8-12; 35:2) ഇയ്യോ​ബി​ന്റെ ജീവി​ത​ത്തി​ലു​ണ്ടായ കനത്ത നഷ്ടങ്ങളും തന്നെ ആശ്വസി​പ്പി​ക്കാൻ വന്ന വ്യാജ​സു​ഹൃ​ത്തു​ക്ക​ളു​ടെ ക്രൂര​മായ പെരു​മാ​റ്റ​വും ഒക്കെയാണ്‌ ഇയ്യോ​ബി​നെ ഇത്രമാ​ത്രം അസ്വസ്ഥ​നാ​ക്കി​യ​തെന്ന്‌ എലീഹു​വിന്‌ അറിയാം. ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും ഇയ്യോ​ബി​നു മുന്നറി​യി​പ്പു കൊടു​ക്കാൻ എലീഹു മറക്കു​ന്നില്ല. അദ്ദേഹം പറയുന്നു: “എന്നാൽ സൂക്ഷി​ക്കുക! കോപം ഇയ്യോ​ബി​നെ വിദ്വേ​ഷ​ത്തി​ലേക്കു നയിക്ക​രുത്‌.”—ഇയ്യോബ്‌ 36:18.

എലീഹു യഹോ​വ​യു​ടെ ദയയെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു

യഹോവ എപ്പോ​ഴും ശരി മാത്രമേ ചെയ്യൂ എന്നു സ്ഥാപി​ക്കാ​നാണ്‌ എലീഹു പ്രധാ​ന​മാ​യും ശ്രമി​ച്ചത്‌. കാര്യ​ങ്ങ​ളൊ​ക്കെ ശരിയാ​ണെന്ന്‌ എലീഹു പറയുന്നു. വളരെ ഭംഗി​യാ​യി, ലളിത​മായ എന്നാൽ ശക്തമായ ഒരു സത്യം അദ്ദേഹം ഇയ്യോ​ബി​ന്റെ ശ്രദ്ധയിൽപ്പെ​ടു​ത്തു​ന്നു: “ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല. . . . സർവശക്തൻ നീതി നിഷേ​ധി​ക്കി​ല്ലെന്നു തീർച്ചയാണ്‌.” (ഇയ്യോബ്‌ 34:10,12) ഇയ്യോബ്‌ ഒട്ടും ചിന്തി​ക്കാ​തെ​യും ആദരവി​ല്ലാ​തെ​യും ആണ്‌ യഹോ​വ​യോ​ടു സംസാ​രി​ച്ചത്‌. എന്നിട്ടും ഇയ്യോ​ബി​നെ​തി​രെ ശിക്ഷാ​ന​ട​പ​ടി​കൾക്കൊ​ന്നും യഹോവ മുതിർന്നില്ല. അത്‌ യഹോ​വ​യു​ടെ കരുണ​യു​ടെ​യും നീതി​യു​ടെ​യും ഉദാഹ​ര​ണ​മാ​യി എലീഹു ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. (ഇയ്യോബ്‌ 35:13-15) തനിക്ക്‌ എല്ലാം അറിയാ​മെന്ന്‌ എലീഹു ഭാവി​ച്ചതേ ഇല്ല. പകരം എലീഹു ഇങ്ങനെ​യാണ്‌ പറയുന്നത്‌. “നമുക്കു മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തി​ലും ശ്രേഷ്‌ഠ​നാ​ണു ദൈവം.”—ഇയ്യോബ്‌ 36:26.

തുറന്ന ഒരു ഉപദേ​ശ​മാണ്‌ എലീഹു ഇയ്യോ​ബി​നു കൊടു​ക്കു​ന്ന​തെ​ങ്കി​ലും അദ്ദേഹം വളരെ ദയയോ​ടെ​യാണ്‌ ഇയ്യോ​ബി​നോട്‌ ഇടപ്പെ​ട്ടത്‌. യഹോവ ഒരു ദിവസം ഇയ്യോ​ബി​നു നല്ല ആരോ​ഗ്യം തിരി​ച്ചു​കൊ​ടു​ക്കു​മെന്ന പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ എലീഹു ഇയ്യോ​ബി​നോ​ടു പറഞ്ഞു. ദൈവം തന്റെ വിശ്വ​സ്‌ത​ദാ​സ​നോട്‌ ഇങ്ങനെ പറയു​മെന്ന്‌ എലീഹു ഉറപ്പു​കൊ​ടു​ക്കു​ന്നു: “അവന്റെ ശരീരം ചെറു​പ്പ​കാ​ല​ത്തെ​ക്കാൾ ആരോ​ഗ്യ​മു​ള്ള​താ​കട്ടെ; യൗവന​കാ​ലത്തെ പ്രസരിപ്പ്‌ അവനു തിരി​ച്ചു​കി​ട്ടട്ടെ.” എലീഹു ഇയ്യോ​ബി​നോ​ടു മറ്റൊരു വിധത്തി​ലും ദയ കാണി​ക്കു​ന്നു. തനിക്കു പറയാ​നു​ള്ള​തു​മാ​ത്രം പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു​പ​കരം എലീഹു ഇയ്യോ​ബി​നെ​യും സംസാ​രി​ക്കാൻ ക്ഷണിക്കു​ന്നു. എലീഹു പറയുന്നു: “സംസാ​രി​ച്ചു​കൊ​ള്ളൂ; ഇയ്യോബ്‌ നീതി​മാ​നാ​ണെന്നു തെളി​യി​ക്കാ​നാണ്‌ എന്റെ ആഗ്രഹം.” (ഇയ്യോബ്‌ 33:25, 32) പക്ഷേ ഇയ്യോബ്‌ ഒന്നും മിണ്ടി​യില്ല. കാരണം അത്ര ദയയോ​ടും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിധത്തി​ലും ഉള്ള ബുദ്ധി​യു​പ​ദേ​ശ​മാ​യി​രു​ന്നു എലീഹു ഇയ്യോ​ബി​നു നൽകി​യത്‌. എലീഹു​വി​ന്റെ ആ സ്‌നേ​ഹ​പൂർവ്വ​മായ കരുതൽ കണ്ടപ്പോൾ ഇയ്യോബ്‌ പൊട്ടി​ക്ക​ര​ഞ്ഞു​കാ​ണും.

വിശ്വ​സ്‌ത​രാ​യ ഈ രണ്ടു ദൈവ​ദാ​സ​രിൽനി​ന്നു നമുക്കു പല പ്രധാ​ന​പ്പെട്ട പാഠങ്ങ​ളും പഠിക്കാ​നുണ്ട്‌. ആശ്വാ​സ​വും ബുദ്ധി​യു​പ​ദേ​ശ​വും ആവശ്യ​മാ​യ​വർക്ക്‌ എങ്ങനെ അതു നൽകാം എന്ന്‌ എലീഹു​വിൽനിന്ന്‌ നമ്മൾ പഠിക്കു​ന്നു. നിങ്ങൾക്കു ഗുരു​ത​ര​മായ എന്തെങ്കി​ലും പിഴവ്‌ സംഭവി​ച്ചാൽ ഒരു നല്ല കൂട്ടു​കാ​രൻ അതു നിങ്ങ​ളോ​ടു തുറന്നു​പ​റ​യും. നിങ്ങൾ തെറ്റായ ഒരു ഗതിയി​ലേക്കു നീങ്ങി​യാ​ലും അദ്ദേഹം മുന്നറി​യി​പ്പു തരും. അത്‌ അദ്ദേഹ​ത്തിന്‌ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽക്കൂ​ടി. (സുഭാ​ഷി​തങ്ങൾ 27:6) നമ്മളും ഇതു​പോ​ലെ നല്ല സുഹൃ​ത്താ​യി​രി​ക്കണം. ദയയോ​ടെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിധത്തി​ലും നമ്മൾ മറ്റുള്ള​വർക്കു ബുദ്ധി​യു​പ​ദേശം കൊടു​ക്കണം. ഒരുപക്ഷേ അവർ ചിന്തി​ക്കാ​തെ മോശ​മാ​യി സംസാ​രി​ച്ചാൽപ്പോ​ലും. ഇനി നമുക്കാ​ണു ബുദ്ധി​യു​പ​ദേശം ലഭിക്കു​ന്ന​തെ​ങ്കിൽ ഇയ്യോ​ബി​ന്റെ മാതൃക നമുക്ക്‌ അനുക​രി​ക്കാൻ കഴിയും. നൽകുന്ന ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടു മറുത്തു നിൽക്കാ​തെ താഴ്‌മ​യോ​ടെ അതു സ്വീക​രി​ക്കാ​നുള്ള മനസ്സു​കാ​ണി​ക്കണം. നമുക്ക്‌ എല്ലാവർക്കും ബുദ്ധി​യു​പ​ദേ​ശ​വും തിരു​ത്ത​ലും ആവശ്യ​മാണ്‌. അതു സ്വീക​രി​ക്കു​ന്നതു നമ്മുടെ ജീവൻ സംരക്ഷി​ക്കും.—സുഭാ​ഷി​തങ്ങൾ 4:13

‘കൊടു​ങ്കാ​റ്റിൽനിന്ന്‌’

എലീഹു കാറ്റ്‌, മേഘം, ഇടിമു​ഴക്കം, മിന്നൽ എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ ഇടയ്‌ക്കി​ട​യ്‌ക്കു പരാമർശി​ക്കു​ന്നുണ്ട്‌. യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ അദ്ദേഹം പറഞ്ഞത്‌, ‘ദൈവ​ത്തി​ന്റെ ശബ്ദത്തിന്റെ മുഴക്കം ശ്രദ്ധി​ക്കുക’ എന്നാണ്‌. അല്‌പ​സ​മ​യ​ത്തി​നു ശേഷം ഒരു ‘കൊടു​ങ്കാ​റ്റി​നെ​ക്കു​റി​ച്ചും’ അദ്ദേഹം പരാമർശി​ക്കു​ന്നു. (ഇയ്യോബ്‌ 37:2,9) ഒരുപക്ഷേ അവർ സംസാ​രി​ക്കു​മ്പോൾ ആകാശം ഇരുണ്ടു​കൂ​ടി​യി​രു​ന്നി​രി​ക്കാം. ഒരു കൊടു​ങ്കാ​റ്റി​നുള്ള സാധ്യത അവർ കാണുന്നു. പതി​യെ​പ്പ​തി​യെ അതു ശക്തമായ ഒരു കൊടു​ങ്കാ​റ്റാ​യി മാറുന്നു. എന്നാൽ അവിടം​കൊണ്ട്‌ അവസാ​നി​ച്ചില്ല. ഇപ്പോൾ അതിലും അത്ഭുത​ക​ര​മായ ഒരു കാര്യം നടക്കുന്നു. ആ കൊടു​ങ്കാ​റ്റിൽനിന്ന്‌ യഹോവ ഇയ്യോ​ബി​നോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നു.—ഇയ്യോബ്‌ 38:1.

ഈ പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാവ്‌ പ്രകൃ​തി​യെ​ക്കു​റിച്ച്‌ എടുക്കുന്ന ക്ലാസിൽ വിദ്യാർഥി​യാ​യി​രി​ക്കാൻ പറ്റുന്നത്‌ എത്ര വലിയ പദവി​യാ​ണെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ!

ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിൽ, യഹോവ ഇയ്യോ​ബി​നോട്‌ സംസാ​രി​ക്കുന്ന ഈ ഭാഗം വരു​മ്പോൾ നമുക്ക്‌ വല്ലാത്ത ഒരു സന്തോഷം അനുഭ​വ​പ്പെ​ടു​ന്നു. ശക്തമായ കൊടു​ങ്കാറ്റ്‌ ചപ്പുച​വ​റു​കൾ പറത്തി​ക്ക​ള​യു​ന്ന​തു​പോ​ലെ യഹോവ സംസാ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ വ്യാജാ​ശ്വാ​സ​ക​രായ എലീഫ​സി​ന്റെ​യും ബിൽദാ​ദി​ന്റെ​യും സോഫ​റി​ന്റെ​യും വ്യർഥ​സം​ഭാ​ഷണം എല്ലാം ദൂരേക്കു പറന്നു​പോ​യ​തു​പോ​ലെ​യാ​യി. യഹോവ ഇപ്പോൾ ഇയ്യോ​ബി​നോ​ടു മാത്ര​മാ​ണു സംസാ​രി​ക്കു​ന്നത്‌. ഇയ്യോ​ബി​ന്റെ വ്യാജാ​ശ്വാ​സ​ക​രോ​ടു കുറെ നേര​ത്തേക്കു സംസാ​രി​ക്കു​ന്നേ ഇല്ല. ഒരു പിതാവ്‌ തന്റെ മകനെ തിരു​ത്തു​ന്ന​തു​പോ​ലെ യഹോവ തന്റെ പ്രിയ​പ്പെട്ട ദാസനെ ദയാപു​ര​സ്സരം തിരു​ത്തു​ന്നു.

ഇയ്യോ​ബി​ന്റെ വേദന യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വ​യ്‌ക്ക്‌ ഇയ്യോ​ബി​നോ​ടു സഹാനു​ഭൂ​തി തോന്നി. വേദനി​ക്കുന്ന തന്റെ പ്രിയ​മക്കൾ എല്ലാവ​രോ​ടും യഹോ​വ​യ്‌ക്ക്‌ അതുത​ന്നെ​യാ​ണു തോന്നു​ന്നത്‌. (യശയ്യ 63:9; സെഖര്യ 2:8) ഇനി ഇയ്യോബ്‌ സംസാ​രി​ച്ചത്‌ ‘ബുദ്ധി​യി​ല്ലാ​തെ​യാണ്‌’ അഥവാ ചിന്തി​ക്കാ​തെ​യാണ്‌ എന്നും യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അതായി​രു​ന്നു പ്രശ്‌നം കൂടുതൽ വഷളാ​ക്കി​യത്‌. അതു​കൊണ്ട്‌ ഇക്കാര്യ​ത്തിൽ ഇയ്യോ​ബി​നെ ചിന്തി​പ്പി​ക്കാ​നാ​യി യഹോവ പല ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു. “ഞാൻ ഭൂമിയെ സ്ഥാപി​ച്ച​പ്പോൾ നീ എവിടെയായിരുന്നു? നിനക്ക്‌ അറിയാ​മെ​ങ്കിൽ പറയുക” എന്നു പറഞ്ഞു​കൊണ്ട്‌ യഹോവ തുടങ്ങു​ന്നു. സൃഷ്ടി​യു​ടെ ആരംഭ​ത്തിൽ ‘പ്രഭാ​ത​ന​ക്ഷ​ത്രങ്ങൾ’ അഥവാ ദൈവ​ദൂ​ത​ന്മാർ സൃഷ്ടി​യി​ലെ അത്ഭുതങ്ങൾ കണ്ട്‌ ആനന്ദ​ഘോ​ഷം മുഴക്കി​യി​രു​ന്നു. (ഇയ്യോബ്‌ 38:2,4, 6) എന്നാൽ ഇക്കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ഇയ്യോ​ബിന്‌ അറിയി​ല്ലാ​യി​രു​ന്നു.

കൊടുങ്കാറ്റിൽനിന്ന്‌ സംസാ​രിച്ച യഹോവ, സ്‌നേ​ഹ​ത്തോ​ടെ ഇയ്യോ​ബി​ന്റെ ചിന്താ​ഗതി തിരുത്തി

യഹോവ തന്റെ സൃഷ്ടി​ക്രി​യ​ക​ളെ​ക്കു​റിച്ച്‌ ഇയ്യോ​ബി​നോ​ടു സംസാ​രി​ക്കു​ന്നതു തുടരു​ന്നു. അതിൽ ജ്യോ​തി​ശാ​സ്‌ത്രം, ഭൗതി​ക​ശാ​സ്‌ത്രം, ജന്തുശാ​സ്‌ത്രം, ഭൂഗർഭ​ശാ​സ്‌ത്രം എന്നീ വിഷയ​ങ്ങ​ളെ​ല്ലാം കടന്നു​വ​രു​ന്നു. ഇയ്യോബ്‌ താമസി​ച്ചി​രുന്ന ഭൂപ്ര​ദേ​ശത്തെ ചില മൃഗങ്ങ​ളെ​ക്കു​റിച്ച്‌ പ്രത്യേ​ക​മാ​യി എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ യഹോവ സംസാ​രി​ക്കു​ന്നു. അവയിൽ ചിലതാണ്‌ സിംഹം, മലങ്കാക്ക, മലയാട്‌, കാട്ടു​ക​ഴുത, കാട്ടു​പോത്ത്‌, ഒട്ടകപ്പക്ഷി, കുതിര, കഴുകൻ, ബഹി​മോത്ത്‌ (സാധ്യ​ത​യ​നു​സ​രിച്ച്‌ ഹിപ്പോ​പ്പൊ​ട്ടാ​മസ്‌), ലിവ്യാ​ഥാൻ (സാധ്യ​ത​യ​നു​സ​രിച്ച്‌ മുതല) എന്നിവ​യൊ​ക്കെ. ഈ പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാവ്‌ പ്രകൃ​തി​യെ​ക്കു​റിച്ച്‌ എടുക്കുന്ന ക്ലാസിൽ വിദ്യാർഥി​യാ​യി​രി​ക്കാൻ പറ്റുന്നത്‌ എത്ര വലിയ പദവി​യാ​ണെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! *

താഴ്‌മ​യെ​യും സ്‌നേ​ഹ​ത്തെ​യും കുറിച്ച്‌ പഠിപ്പി​ക്കു​ന്നു

യഹോവ ഇങ്ങനെ​യൊ​ക്കെ കാര്യങ്ങൾ ചെയ്‌തത്‌ എന്തിനു​വേ​ണ്ടി​യാ​യി​രു​ന്നു? കാരണം, ഇയ്യോബ്‌ താഴ്‌മ പഠി​ക്കേ​ണ്ടി​യി​രു​ന്നു. യഹോവ തന്നോട്‌ അന്യായം കാണിച്ചു എന്നാണ്‌ ഇയ്യോ​ബി​ന്റെ പരാതി. വാസ്‌ത​വ​ത്തിൽ അങ്ങനെ പരാതി​പ്പെ​ടു​ന്നതു സ്‌നേ​ഹ​വാ​നായ ആ സ്വർഗീ​യ​പി​താ​വിൽനിന്ന്‌ ഇയ്യോ​ബി​നെ അകറ്റി​ക്ക​ള​യു​കയേ ഉള്ളൂ. അത്‌ ഇയ്യോ​ബി​ന്റെ പ്രശ്‌നം കൂടുതൽ വഷളാ​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഇയ്യോ​ബി​നെ തിരു​ത്താൻ യഹോവ വീണ്ടും​വീ​ണ്ടും ചില ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു. താൻ പ്രപഞ്ച​ത്തിൽ വിസ്‌മ​യ​ക​ര​മായ പലതും സൃഷ്ടി​ച്ച​പ്പോൾ ഇയ്യോബ്‌ എവി​ടെ​യാ​യി​രു​ന്നു, ഇയ്യോ​ബിന്‌ അവയുടെ വിശപ്പ​ട​ക്കാ​നോ അവയെ നിയ​ന്ത്രി​ക്കാ​നോ നിലയ്‌ക്കു​നിർത്താ​നോ കഴിയു​മാ​യി​രു​ന്നോ എന്നെല്ലാം യഹോവ ചോദി​ക്കു​ന്നു. യഹോ​വ​യു​ടെ സൃഷ്ടി​ക്രി​യ​ക​ളു​ടെ അടിസ്ഥാ​ന​കാ​ര്യ​ങ്ങൾപോ​ലും മനസ്സി​ലാ​ക്കാൻ പറ്റാത്ത ഇയ്യോ​ബി​നു ദൈവം എന്തു ചെയ്യണം എന്നു പറയാ​നുള്ള അധികാ​ര​മു​ണ്ടോ? എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊ​ക്കെ​യുള്ള കാര്യങ്ങൾ ഇയ്യോ​ബി​നെ​ക്കാൾ വളരെ മെച്ചമാ​യി യഹോ​വ​യ്‌ക്കാണ്‌ അറിയാ​വു​ന്നത്‌.

ഇയ്യോബ്‌ യഹോ​വ​യോ​ടു വാദി​ച്ചില്ല, ന്യായീ​ക​ര​ണങ്ങൾ നിരത്തി​യി​ല്ല

ഇയ്യോ​ബി​നോട്‌ യഹോവ പറഞ്ഞ ഓരോ കാര്യ​ത്തിൽനി​ന്നും യഹോ​വ​യ്‌ക്ക്‌ ഇയ്യോ​ബി​നോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴം എത്ര​ത്തോ​ള​മാ​ണെ​ന്നും മനസ്സി​ലാ​ക്കാം. യഹോവ ഇയ്യോ​ബി​നോട്‌ ഇങ്ങനെ പറയു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു അത്‌: “എന്റെ മകനേ, ഈ കാണു​ന്ന​തൊ​ക്കെ സൃഷ്ടി​ക്കാ​നും പരിപാ​ലി​ക്കാ​നും എനിക്കു കഴിയു​മെ​ങ്കിൽ നിന്നെ പരിപാ​ലി​ക്കാൻ ഞാൻ മറന്നു​പോ​കു​മെ​ന്നാ​ണോ നീ വിചാ​രി​ക്കു​ന്നത്‌? ഞാൻ ശരിക്കും നിന്നെ ഉപേക്ഷി​ക്കു​മോ? നിന്റെ മക്കളെ ഞാൻ എടുക്കു​മോ? നിന്റെ സമ്പത്തും ആരോ​ഗ്യ​വും നഷ്ടപ്പെ​ടാൻ ഞാൻ ആഗ്രഹി​ക്കു​മോ? നിനക്ക്‌ നഷ്ടപ്പെ​ട്ട​തൊ​ക്കെ തിരി​ച്ചു​ത​രാൻ എനിക്കല്ലേ കഴിയു​ന്നത്‌? നീ അനുഭ​വി​ക്കുന്ന കടുത്ത വേദന​യിൽ നിന്നെ ആശ്വസി​പ്പി​ക്കാൻ എനിക്ക്‌ അല്ലേ സാധിക്കൂ?”

യഹോ​വ​യിൽ നിന്നുള്ള ആ ചോദ്യ​ങ്ങൾക്ക്‌ ഇയ്യോബ്‌ മറുപടി പറഞ്ഞത്‌ രണ്ടു പ്രാവ​ശ്യം മാത്ര​മാണ്‌. ഇയ്യോബ്‌ വാദി​ച്ചില്ല. ന്യായീ​ക​രി​ച്ചില്ല. താഴ്‌മ​യോ​ടെ, തന്റെ അറിവ്‌ എത്ര പരിമി​ത​മാ​ണെന്നു സമ്മതിച്ചു. താൻ ചിന്തി​ക്കാ​തെ പറഞ്ഞ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോർത്ത്‌ അദ്ദേഹം പശ്ചാത്ത​പി​ച്ചു. (ഇയ്യോബ്‌ 40:4,5; 42:1-6) വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ ഇയ്യോബ്‌ വെച്ച മികച്ച മാതൃ​ക​യാണ്‌ നാം ഇവിടെ കാണു​ന്നത്‌. ഇത്ര​യൊ​ക്കെ ബുദ്ധി​മു​ട്ടു​കൾ സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും ഇയ്യോബ്‌ ശക്തമായ വിശ്വാ​സം കാണിച്ചു. യഹോവ നൽകിയ തിരുത്തൽ മനസ്സോ​ടെ ഇയ്യോബ്‌ സ്വീക​രി​ച്ചു. തന്റെ മനോ​ഭാ​വ​ത്തിന്‌ അദ്ദേഹം മാറ്റം വരുത്തി. ചില കാര്യങ്ങൾ മനസ്സി​രു​ത്തി ചിന്തി​ക്കാൻ ഇതു നമ്മളെ​യും പ്രേരി​പ്പി​ക്കും. ‘എനിക്ക്‌ തിരു​ത്ത​ലും ഉപദേ​ശ​വും ലഭിക്കു​മ്പോൾ ഞാൻ അത്‌ താഴ്‌മ​യോ​ടെ സ്വീക​രി​ക്കു​ന്നു​ണ്ടോ?’ നമുക്ക്‌ എല്ലാവർക്കും സഹായം ആവശ്യ​മാണ്‌. അത്‌ സ്വീക​രി​ക്കാൻ നമ്മൾ മനസ്സ്‌ കാണി​ക്കു​മ്പോൾ ഇയ്യോ​ബി​ന്റെ വിശ്വാ​സം നമ്മളും പകർത്തു​ക​യാ​യി​രി​ക്കും.

“നിങ്ങൾ എന്നെക്കു​റിച്ച്‌ സത്യം പറഞ്ഞില്ല”

വേദനി​ച്ചി​രി​ക്കുന്ന ഇയ്യോ​ബി​നെ യഹോവ ഇപ്പോൾ ആശ്വസി​പ്പി​ക്കു​ന്നു. മൂന്നു വ്യാജാ​ശ്വാ​സ​ക​രിൽ മുതിർന്ന​യാ​ളാ​യി​രി​ക്കാൻ സാധ്യ​ത​യുള്ള എലീഫ​സി​നോട്‌ യഹോവ ഇങ്ങനെ പറയുന്നു: “എനിക്കു നിന്നോ​ടും നിന്റെ രണ്ടു കൂട്ടു​കാ​രോ​ടും കടുത്ത ദേഷ്യം തോന്നുന്നു. കാരണം, എന്റെ ദാസനായ ഇയ്യോബ്‌ എന്നെക്കു​റിച്ച്‌ സത്യമായ കാര്യങ്ങൾ പറഞ്ഞതു​പോ​ലെ നിങ്ങൾ എന്നെക്കു​റിച്ച്‌ സത്യം പറഞ്ഞില്ല.” (ഇയ്യോബ്‌ 42:7) ആ വാക്കു​ക​ളെ​ക്കു​റിച്ച്‌ ഒന്ന്‌ ചിന്തി​ക്കുക. അവർ മൂന്നു പേരും പറഞ്ഞ കാര്യങ്ങൾ മുഴുവൻ വ്യാജ​മാ​യി​രു​ന്നെ​ന്നോ ഇയ്യോബ്‌ പറഞ്ഞ കാര്യങ്ങൾ അപ്പാടേ ശരിയാ​യി​രു​ന്നെ​ന്നോ ആണോ യഹോവ ഉദ്ദേശി​ച്ചത്‌? ഒരിക്ക​ലു​മല്ല. * എന്നാൽ ഇയ്യോ​ബി​നും ആ ആരോ​പ​കർക്കും തമ്മിൽ വലി​യൊ​രു വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഇയ്യോബ്‌ വ്യാജാ​രോ​പ​ണങ്ങൾ കേട്ട്‌ ദുഃഖ​ത്തിൽ മുങ്ങി​ത്താഴ്‌ന്ന ഒരു അവസ്ഥയി​ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ചില സന്ദർഭ​ങ്ങ​ളിൽ അദ്ദേഹം ബുദ്ധി​ശൂ​ന്യ​മാ​യി സംസാ​രി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. എന്നാൽ എലീഫ​സി​ന്റെ​യും ആ രണ്ടു കൂട്ടു​കാ​രു​ടെ​യും സാഹച​ര്യം ഇയ്യോ​ബി​ന്റേ​തു​പോ​ലെ​യാ​യി​രു​ന്നില്ല. യഹോ​വ​യിൽ ശക്തമായ വിശ്വാ​സം ഇല്ലാതി​രുന്ന അവർ മനഃപൂർവ​മാണ്‌ അക്കാര്യ​ങ്ങൾ പറഞ്ഞത്‌. അവരുടെ വാക്കു​ക​ളിൽ അഹങ്കാരം കലർന്നി​രു​ന്നു. അവർ ഇയ്യോബ്‌ എന്ന നിരപ​രാ​ധി​യായ മനുഷ്യ​നെ​തി​രെ മാത്ര​മാ​യി​രു​ന്നില്ല സംസാ​രി​ച്ചത്‌, യഹോ​വ​യ്‌ക്ക്‌ എതി​രെ​യും ആയിരു​ന്നു. ഫലത്തിൽ അവർ ദൈവത്തെ ദുഷ്ടനായ ഒരു വ്യക്തി​യാ​യി ചിത്രീ​ക​രി​ച്ചു.

വലി​യൊ​രു ചെലവിൽ തനിക്ക്‌ യാഗം അർപ്പി​ക്കാൻ യഹോവ അവരോട്‌ ആവശ്യ​പ്പെ​ട്ട​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. അവർ ഏഴു കാള​യെ​യും ഏഴു ചെമ്മരി​യാ​ടി​നെ​യും ബലിയർപ്പി​ക്ക​ണ​മാ​യി​രു​ന്നു. അത്‌ ഒരു ചെറിയ കാര്യ​മാ​യി​രു​ന്നില്ല. പിൽക്കാ​ലത്ത്‌ മോശ​യു​ടെ നിയമ​ത്തിൽ ഒരു വ്യവസ്ഥ പ്രാബ​ല്യ​ത്തിൽ വന്നു. മഹാപു​രോ​ഹി​തൻ പാപം ചെയ്‌ത്‌ ജനത്തിന്റെ മേൽ കുറ്റം വരുത്തി​വെ​ച്ചാൽ അദ്ദേഹം പാപത്തി​നു പരിഹാ​ര​മാ​യി ഒരു കാളക്കു​ട്ടി​യെ യഹോ​വ​യ്‌ക്ക്‌ ബലി അർപ്പി​ക്കണം. (ലേവ്യ 4:3) നിയമ​ത്തിൽ, മൃഗങ്ങളെ ബലിയർപ്പി​ക്കാൻ പറഞ്ഞി​രി​ക്കു​ന്ന​തി​ലെ ഏറ്റവും ചെല​വേ​റിയ ഒരു യാഗാർപ്പ​ണ​മാ​യി​രു​ന്നു ഇത്‌. ഇതിനു പുറമേ, ഇയ്യോ​ബി​നെ കുറ്റ​പ്പെ​ടു​ത്തിയ ആ കൂട്ടു​കാ​രു​ടെ പ്രാർഥ​നകൾ യഹോവ കേൾക്ക​ണ​മെ​ങ്കിൽ ഇയ്യോബ്‌ അവർക്കു​വേണ്ടി പ്രാർഥി​ക്കണം എന്നു​പോ​ലും യഹോവ പറഞ്ഞു. * (ഇയ്യോബ്‌ 42:8) ദൈവ​ത്തി​ന്റെ ഈ പ്രസ്‌താ​വന ഇയ്യോ​ബി​നെ എന്തുമാ​ത്രം ആശ്വസി​പ്പി​ച്ചി​രി​ക്കും! അത്‌ അദ്ദേഹ​ത്തി​ന്റെ ഹൃദയത്തെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ച്ചി​ട്ടു​ണ്ടാ​കും! തനി​ക്കെ​തി​രെ പറഞ്ഞ കാര്യ​ങ്ങ​ളൊ​ക്കെ വ്യാജ​മാ​ണെന്ന്‌ ഇപ്പോ​ഴി​താ ദൈവം​തന്നെ സാക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. യഹോവ നീതി നടപ്പാ​ക്കു​ന്നത്‌ ഇയ്യോബ്‌ നേരിട്ട്‌ കണ്ടു!

“എന്റെ ദാസനായ ഇയ്യോബ്‌ നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കും.” —ഇയ്യോബ്‌ 42:8.

തന്നെ ഇത്രമാ​ത്രം വേദനി​പ്പിച്ച കൂട്ടു​കാ​രോട്‌ ഇയ്യോബ്‌ ക്ഷമിക്കും എന്നും താൻ പറഞ്ഞതു​പോ​ലെ അവർക്കു​വേണ്ടി പ്രാർഥി​ക്കും എന്നും യഹോ​വ​യക്ക്‌ ഉറപ്പാ​യി​രു​ന്നു. തന്റെ പിതാ​വി​നെ ഇയ്യോബ്‌ നിരാ​ശ​പ്പെ​ടു​ത്തി​യില്ല. (ഇയ്യോബ്‌ 42:9) ഇയ്യോ​ബി​ന്റെ അനുസ​രണം യഹോ​വ​യോ​ടുള്ള അദ്ദേഹ​ത്തി​ന്റെ വിശ്വ​സ്‌ത​ത​യാ​ണു തെളി​യി​ച്ചത്‌. അനുസ​ര​ണ​ത്തി​നു വാക്കു​ക​ളെ​ക്കാൾ ശക്തിയുണ്ട്‌. യഹോ​വയെ അനുസ​രി​ച്ച​തു​കൊണ്ട്‌ ഇയ്യോ​ബി​നു ധാരാളം അനു​ഗ്ര​ഹങ്ങൾ ലഭിച്ചു.

‘വാത്സല്യം നിറഞ്ഞ ദൈവം‘

യഹോവ ഇയ്യോ​ബി​നോ​ടു “വാത്സല്യ​വും കരുണ​യും” കാണിച്ചു. (യാക്കോബ്‌ 5:11) എങ്ങനെ​യാണ്‌ അത്‌? യഹോവ ഇയ്യോ​ബി​നു വീണ്ടും നല്ല ആരോ​ഗ്യം കൊടു​ത്തു. എലീഹു പറഞ്ഞി​രു​ന്ന​തു​പോ​ലെ തന്റെ ‘ശരീരം ചെറു​പ്പ​കാ​ല​ത്തെ​ക്കാൾ ആരോ​ഗ്യ​മു​ള​ള​താ​യി​ത്തീർന്ന​പ്പോൾ’ ഇയ്യോ​ബിന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! ഒടുവിൽ അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും അദ്ദേഹ​ത്തി​നു​വേണ്ട സഹായ​വും പിന്തു​ണ​യും നൽകുന്നു. യഹോവ ഇയ്യോ​ബി​നു മുമ്പു​ണ്ടാ​യി​രുന്ന സ്വത്തിന്റെ ഇരട്ടി തിരികെ കൊടു​ക്കു​ന്നു. എന്നാൽ ഇയ്യോ​ബി​നെ ഏറ്റവും അധികം വിഷമി​പ്പിച്ച കാര്യ​മാ​യി​രു​ന്നു മക്കളുടെ വേർപാട്‌. ആ വേദന​യു​ടെ കാര്യ​മോ? യഹോവ ഇയ്യോ​ബി​നും ഭാര്യ​ക്കും വീണ്ടും പത്തു മക്കൾ ജനിക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌ വേദന​യു​ടെ ആഴം കുറച്ചു. കൂടാതെ, ഇയ്യോ​ബി​ന്റെ ആയുസ്സ്‌ യഹോവ അത്ഭുത​ക​ര​മാ​യി കൂട്ടി. ഇയ്യോബ്‌ അതിനു ശേഷം 140 വർഷം ജീവിച്ചു. മക്കളെ​യും കൊച്ചു​മ​ക്ക​ളെ​യും അങ്ങനെ നാലു തലമു​റ​വരെ അദ്ദേഹം കണ്ടു. “സംതൃ​പ്‌ത​വും സുദീർഘ​വും ആയ ജീവി​ത​ത്തിന്‌ ഒടുവിൽ ഇയ്യോബ്‌ മരിച്ചു” എന്നു നമ്മൾ വായി​ക്കു​ന്നു. (ഇയ്യോബ്‌ 42:10-17) ഭാവി​യിൽ പറുദീ​സ​യിൽ ഇയ്യോ​ബും ഭാര്യ​യും കുടും​ബാം​ഗ​ങ്ങ​ളും വീണ്ടും ഒന്നിക്കും. പണ്ടു സാത്താൻ കവർന്ന തന്റെ പത്തു മക്കളെ​യും ഇയ്യോ​ബിന്‌ അന്ന്‌ തിരി​ച്ചു​കി​ട്ടും.—യോഹ​ന്നാൻ 5:28,29.

യഹോവ എന്തു​കൊ​ണ്ടാണ്‌ ഇയ്യോ​ബി​നെ ഇത്ര സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചത്‌? ‘ഇയ്യോബ്‌ സഹിച്ചു​നി​ന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (യാക്കോബ്‌ 5:11) നമുക്കു ചിന്തി​ക്കാൻ കഴിയു​ന്ന​തിന്‌ അപ്പുറം ദുരി​ത​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും ഇയ്യോബ്‌ സഹിച്ചു​നി​ന്നു. ‘സഹിച്ചു​നി​ന്നു’ എന്ന പദം സൂചി​പ്പി​ക്കു​ന്നത്‌ ഇയ്യോബ്‌ തനിക്കു​ണ്ടായ പരി​ശോ​ധ​ന​കളെ എങ്ങനെ​യൊ​ക്ക​യോ അതിജീ​വി​ച്ചു എന്നല്ല. മറിച്ച്‌ യഹോ​വ​യോ​ടുള്ള വിശ്വാ​സ​ത്തി​നും സ്‌നേ​ഹ​ത്തി​നും ഒട്ടും ഇളക്കം തട്ടാതെ അതിനെ മറിക​ടന്നു എന്നാണ്‌. തന്നെ മനഃപൂർവ്വം ദ്രോ​ഹി​ക്കാൻ ശ്രമിച്ച വ്യക്തി​ക​ളോ​ടു​പോ​ലും ഇയ്യോബ്‌ ദേഷ്യ​വും നീരസ​വും വെക്കാതെ മനസ്സോ​ടെ ക്ഷമിച്ചു. തനിക്കു കൈമു​ത​ലാ​യി ഉണ്ടായി​രുന്ന ഏറ്റവും മൂല്യ​മേ​റിയ സ്വത്ത്‌, ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത അല്ലെങ്കിൽ നിഷ്‌ക​ളങ്കത അദ്ദേഹം കൈവി​ട്ടില്ല. അത്‌ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ അദ്ദേഹം വളരെ​യ​ധി​കം ശ്രദ്ധിച്ചു.—ഇയ്യോബ്‌ 27:5.

നമ്മളും സഹിച്ചു​നിൽക്കണം. സാത്താൻ ഇയ്യോ​ബി​നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ ശ്രമിച്ചു. അതു​പോ​ലെ നമ്മളെ​യും നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ ശ്രമി​ക്കും എന്ന കാര്യം ഉറപ്പാണ്‌. എന്നാൽ വിശ്വ​സ്‌ത​രാ​യി സഹിച്ചു​നിൽക്കു​ക​യും താഴ്‌മ​യോ​ടി​രി​ക്കു​ക​യും ക്ഷമിക്കാൻ മനസ്സു​കാ​ണി​ക്കു​ക​യും നമ്മുടെ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാൻ നിശ്ചയി​ച്ചു​റ​യ്‌ക്കു​ക​യും ചെയ്‌താൽ നമുക്കു ശോഭ​ന​മായ ഭാവി​യു​ണ്ടാ​കും. (എബ്രായർ 10:36) നമ്മളും ഇയ്യോ​ബി​നെ​പ്പോ​ലെ വിശ്വ​സ്‌ത​രാ​യി​രു​ന്നാൽ അതു സാത്താനെ അസ്വസ്ഥ​നാ​ക്കും. എന്നാൽ നമ്മളെ സ്‌നേ​ഹി​ക്കുന്ന യഹോ​വയെ അതു വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ക്കും!

^ ഖ. 9 എലീഫസും ബിൽദാ​ദും സോഫ​റും ഇയ്യോ​ബി​നോ​ടു കുറെ​യേറെ കാര്യങ്ങൾ സംസാ​രി​ച്ചു. ബൈബി​ളിൽ ഒൻപത്‌ അധ്യാ​യ​ങ്ങ​ളി​ലാ​യാണ്‌ അവ രേഖ​പ്പെ​ടു​ത്തി​വെ​ച്ചി​രി​ക്കു​ന്നത്‌. പക്ഷേ ആ ഭാഗങ്ങ​ളിൽ ഒരിട​ത്തു​പോ​ലും അവർ ഇയ്യോ​ബി​നെ പേരെ​ടുത്ത്‌ വിളി​ച്ച​താ​യിട്ട്‌ കാണു​ന്നില്ല.

^ ഖ. 19 ചില കാര്യങ്ങൾ വർണ്ണി​ക്കു​ന്ന​തി​നി​ടെ യഹോവ പെട്ടെന്ന്‌ അക്ഷരീയ വർണന വിട്ട്‌ ആലങ്കാ​രിക വർണനകൾ ഉപയോ​ഗി​ക്കു​ന്ന​താ​യി കാണാം. (അതിന്‌ ഉദാഹ​ര​ണ​മാണ്‌ ഇയ്യോബ്‌ 41:1,7, 8, 19-21 വാക്യങ്ങൾ.) ഈ രണ്ടു രീതി​യു​ടെ​യും ഉദ്ദേശ്യം ഇയ്യോ​ബി​നു സ്രഷ്ടാ​വി​നോ​ടുള്ള ആദരവ്‌ കൂട്ടുക എന്നതാ​യി​രു​ന്നു.

^ ഖ. 25 വാസ്‌തവത്തിൽ എലീഫ​സി​ന്റെ ഒരു പ്രസ്‌താ​വന ഒരു പൊതു​ത​ത്ത്വം എന്ന നിലയിൽ പൗലോസ്‌ പിന്നീട്‌ ഉദ്ധരിച്ചു. (ഇയ്യോബ്‌ 5:13; 1 കൊരി​ന്ത്യർ 3:19) എലീഫസ്‌ പറഞ്ഞത്‌ സത്യമാ​യി​രു​ന്നെ​ങ്കി​ലും, അത്‌ ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ സത്യമാ​യി​രു​ന്നില്ല.

^ ഖ. 26 ഭാര്യക്കുവേണ്ടി ഇതു​പോ​ലൊ​രു യാഗാർപ്പണം നടത്താൻ ഇയ്യോ​ബി​നോട്‌ ആവശ്യ​പ്പെ​ട്ട​താ​യി ബൈബി​ളിൽ ഇല്ല.