വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ,

നിങ്ങൾക്ക​റി​യാ​മ​ല്ലോ, ബൈബിൾ എന്ന പുസ്‌ത​ക​ത്തിൽ ഒരുപാട്‌ മനുഷ്യ​രെ​ക്കു​റി​ച്ചുള്ള വിവര​ണ​ങ്ങ​ളുണ്ട്‌. അവരിൽ അനേക​രും വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രാ​യി​രു​ന്നു. നമ്മെ​പ്പോ​ലെ​തന്നെ പ്രശ്‌ന​ങ്ങ​ളും പ്രതി​സ​ന്ധി​ക​ളും നേരി​ട്ടവർ, “നമുക്കു സമസ്വ​ഭാ​വ​മുള്ള”വർ. (യാക്കോബ്‌ 5:17, സത്യ​വേ​ദ​പു​സ്‌തകം.) അവരിൽ ചിലർ ക്ലേശങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും കൊണ്ട്‌ ഭാര​പ്പെട്ട്‌ തളർന്ന​വ​രാ​യി​രു​ന്നു. മറ്റു ചിലരെ കുടും​ബാം​ഗ​ങ്ങ​ളോ സഹാരാ​ധ​ക​രോ വല്ലാതെ വ്രണ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഇനിയും ചിലരുണ്ട്‌, കഴിഞ്ഞ​കാ​ലത്തെ തങ്ങളുടെ പിഴവു​ക​ളു​ടെ കുറ്റ​ബോ​ധം പേറു​ന്നവർ.

ഈ മനുഷ്യ​രൊ​ക്കെ യഹോ​വയെ പൂർണ​മാ​യും ഉപേക്ഷി​ച്ച​വ​രാ​യി​രു​ന്നോ? അല്ല, അവരിൽ മിക്കവ​രു​ടെ​യും വികാ​രങ്ങൾ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ വരച്ചിട്ടു: “കാണാ​തെ​പോയ ആടു​പോ​ലെ ഞാൻ തെറ്റി​പ്പോ​യി​രി​ക്കു​ന്നു; അടിയനെ അന്വേ​ഷി​ക്കേ​ണമേ; നിന്റെ കല്‌പ​ന​കളെ ഞാൻ മറക്കു​ന്നില്ല.” (സങ്കീർത്തനം 119:176) നിങ്ങൾക്കും ഇതുത​ന്നെ​യാ​ണോ പറയാ​നു​ള്ളത്‌?

കൂട്ടത്തിൽനിന്ന്‌ അകന്നകന്ന്‌ ഒടുവിൽ കാണാ​താ​കുന്ന തന്റെ ദാസീ​ദാ​സ​ന്മാ​രെ യഹോവ ഒരിക്ക​ലും മറന്നു​ക​ള​യു​ന്നില്ല. പിന്നെ​യോ അവൻ അവരെ തിരഞ്ഞു​പോ​കു​ന്നു, പലപ്പോ​ഴും സഹാരാ​ധ​ക​രി​ലൂ​ടെ​യാ​യി​രി​ക്കും അത്‌ ചെയ്യുക. ഒരു ഉദാഹ​രണം നോക്കാം: ഇയ്യോബ്‌ എന്ന ദൈവ​ദാ​സന്റെ ജീവിതം. എത്ര​യെത്ര ദുരന്ത​ങ്ങ​ളാണ്‌ ഒന്നിനു​പി​റകെ ഒന്നായി അവന്റെ​മേൽ ആഞ്ഞടി​ച്ചത്‌? സ്വത്തു​വ​കകൾ നഷ്ടമായി, പ്രിയ​പ്പെ​ട്ട​വരെ മരണം കവർന്നെ​ടു​ത്തു, ഗുരു​ത​ര​മായ രോഗം ബാധിച്ച്‌ ആരോ​ഗ്യ​വും നഷ്ടപ്പെട്ടു. ആശ്വാ​സ​വും കൈത്താ​ങ്ങും ആകേണ്ടി​യി​രു​ന്നവർ അവന്റെ മനസ്സി​ടി​ച്ചു​ക​ളഞ്ഞു, വാക്കു​ക​ളാൽ കുത്തി മുറി​വേൽപ്പി​ച്ചു. ഒരു വേള ഇയ്യോ​ബി​ന്റെ ചിന്താ​ഗതി അല്‌പം വഴിവി​ട്ടു​പോ​യെ​ങ്കി​ലും, അവൻ ഒരിക്ക​ലും യഹോ​വ​യ്‌ക്ക്‌ പുറം​തി​രി​ഞ്ഞില്ല! (ഇയ്യോബ്‌ 1:22; 2:10) സമചിത്തത വീണ്ടെ​ടുത്ത്‌ ചിന്താ​ഗതി നേരെ​യാ​ക്കാൻ യഹോവ എങ്ങനെ​യാണ്‌ ഇയ്യോ​ബി​നെ സഹായി​ച്ചത്‌?

എലീഹൂ എന്ന ഒരു ദൈവ​ദാ​സനെ, ഇയ്യോ​ബി​ന്റെ​തന്നെ സഹവി​ശ്വാ​സി​യെ, യഹോവ അവന്റെ അടുക്ക​ലേക്ക്‌ അയച്ചു. ദൈവം അവനെ സഹായിച്ച ഒരു വിധമാ​യി​രു​ന്നു അത്‌. ഇയ്യോബ്‌ തന്റെ ആശങ്കകൾ വെളി​പ്പെ​ടു​ത്തി​യ​പ്പോൾ എലീഹൂ എല്ലാം ശ്രദ്ധിച്ചു കേട്ടു, എന്നിട്ട്‌ സംസാ​രി​ച്ചു. എലീഹൂ എങ്ങനെ​യാണ്‌ സംസാ​രി​ച്ചത്‌? ഇയ്യോ​ബി​നെ വിമർശി​ച്ചോ? അവനിൽ കുറ്റ​ബോ​ധ​വും നാണ​ക്കേ​ടും ഉളവാക്കി മാറ്റം വരുത്താൻ പ്രേരി​പ്പി​ച്ചോ? ഇയ്യോ​ബി​നെ​ക്കാൾ ശ്രേഷ്‌ഠ​നാണ്‌ താൻ എന്ന വിചാരം എലീഹൂ​വി​നു​ണ്ടാ​യി​രു​ന്നോ? ഇല്ല!! ദൈവാ​ത്മാ​വി​നാൽ പ്രേരി​ത​നാ​യി അവൻ ഇങ്ങനെ പറഞ്ഞു: “ഇതാ, നിന്നെ​പ്പോ​ലെ ഞാനും ദൈവ​ത്തി​ന്നു​ള്ളവൻ; എന്നെയും മണ്ണു​കൊ​ണ്ടു നിർമ്മി​ച്ചി​രി​ക്കു​ന്നു.” (ഇയ്യോബ്‌ 33:6) പിന്നെ എലീഹൂ ഈ ഉറപ്പും ഇയ്യോ​ബിന്‌ കൊടു​ത്തു: “എന്നെ നീ ഭയപ്പെ​ടേ​ണ്ട​തില്ല, ഞാൻ നിന്റെ​മേൽ ദുസ്സഹ​മായ സമ്മർദ്ദം ചെലു​ത്തു​ക​യില്ല.” (ഇയ്യോബ്‌ 33:7, പി.ഒ.സി. ബൈബിൾ.) അപ്പോൾത്തന്നെ ഭാര​പ്പെട്ട്‌ തളർന്നി​രുന്ന ഇയ്യോ​ബി​നെ വീണ്ടും ഭാര​പ്പെ​ടു​ത്താ​തെ ഇയ്യോ​ബി​നു​വേണ്ട ഉൾക്കരു​ത്തും ഉപദേ​ശ​ങ്ങ​ളും സ്‌നേ​ഹ​പൂർവം പകർന്നു​കൊ​ടു​ക്കാ​നാണ്‌ എലീഹൂ ശ്രമി​ച്ചത്‌.

ഈ ലഘുപ​ത്രിക തയാറാ​ക്കി​യ​പ്പോൾ ഞങ്ങളുടെ വികാ​ര​വും എലീഹൂ​വി​ന്റേ​തു​പോ​ലെ​തന്നെ ആയിരു​ന്നു. ആദ്യം ഞങ്ങളും ‘ശ്രദ്ധിച്ചു കേട്ടു.’ യഹോ​വ​യു​ടെ ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ അകന്നു​പോയ കുറെ​യേറെ പേർക്കു പറയാ​നു​ള്ളത്‌ ഞങ്ങൾ ആദ്യം ശ്രദ്ധിച്ചു കേട്ടു, അവരുടെ സാഹച​ര്യ​ങ്ങൾ ശ്രദ്ധ​യോ​ടെ വിലയി​രു​ത്തി. (സദൃശ​വാ​ക്യ​ങ്ങൾ 18:13) പിന്നെ ഞങ്ങൾ തിരു​വെ​ഴു​ത്തു​ക​ളി​ലേക്കു തിരിഞ്ഞു. കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ, സമാന​സാ​ഹ​ച​ര്യ​ങ്ങ​ളിൽ, യഹോവ തന്റെ ദാസന്മാ​രെ എങ്ങനെ​യെ​ല്ലാ​മാണ്‌ സഹായി​ച്ചത്‌ എന്നതി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ ഞങ്ങൾ പ്രാർഥ​നാ​പൂർവം പരി​ശോ​ധി​ച്ചു. ഒടുവിൽ, ആ തിരു​വെ​ഴു​ത്തു​വി​വ​ര​ണ​ങ്ങ​ളും ഈ കാലത്തെ ചിലരു​ടെ അനുഭ​വ​ങ്ങ​ളും ചേർത്തി​ണക്കി ഈ ലഘുപ​ത്രി​ക​യ്‌ക്ക്‌ രൂപം നൽകി. ഈ പത്രി​ക​യി​ലെ വിവരങ്ങൾ ശ്രദ്ധ​യോ​ടെ വായി​ക്കാൻ ഞങ്ങൾ നിങ്ങളെ ഹൃദയ​പൂർവം ക്ഷണിക്കു​ന്നു. ഞങ്ങൾ നിങ്ങളെ അത്ര​യേറെ സ്‌നേ​ഹി​ക്കു​ന്നു!

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം