വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 66

കൂടാ​രോ​ത്സ​വ​ത്തി​നു​വേണ്ടി യരുശ​ലേ​മിൽ

കൂടാ​രോ​ത്സ​വ​ത്തി​നു​വേണ്ടി യരുശ​ലേ​മിൽ

യോഹ​ന്നാൻ 7:11-32

  • യേശു ആലയത്തിൽ പഠിപ്പി​ക്കു​ന്നു

സ്‌നാ​ന​പ്പെ​ട്ട​തി​നു ശേഷമുള്ള വർഷങ്ങ​ളിൽ യേശു​വി​നു വലിയ പേരും പ്രശസ്‌തി​യും ആയി. ആയിര​ക്ക​ണ​ക്കി​നു ജൂതന്മാർ യേശു​വി​ന്റെ അത്ഭുതങ്ങൾ കണ്ടിട്ടുണ്ട്‌. യേശു​വി​ന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത നാട്ടി​ലെ​ങ്ങും പരന്നു. ഇപ്പോൾ യരുശ​ലേ​മിൽ കൂടാ​ര​പ്പെ​രു​ന്നാ​ളി​ന്റെ സമയമാണ്‌. എല്ലാവ​രും യേശു​വി​നെ അന്വേ​ഷി​ക്കു​ന്നുണ്ട്‌.

യേശു​വി​നെ​ക്കു​റിച്ച്‌ ആളുകൾക്കു പലപല അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌. “യേശു ഒരു നല്ല മനുഷ്യ​നാണ്‌ ” എന്നു ചിലരും “അല്ല, അവൻ ജനങ്ങളെ വഴി​തെ​റ്റി​ക്കു​ന്ന​വ​നാണ്‌ ” എന്നു മറ്റു ചിലരും പറയുന്നു. (യോഹ​ന്നാൻ 7:12) ഉത്സവത്തി​ന്റെ ആദ്യദി​വ​സ​ങ്ങ​ളി​ലാണ്‌ ആളുകൾ അധിക​വും ഇങ്ങനെ​യൊ​ക്കെ അടക്കം പറയു​ന്നത്‌. പക്ഷേ, പരസ്യ​മാ​യി യേശു​വി​ന്റെ പക്ഷം പറയാൻ ആർക്കും ധൈര്യ​മില്ല. കാരണം ജൂത​നേ​താ​ക്ക​ന്മാർ എങ്ങനെ പ്രതി​ക​രി​ക്കു​മെന്ന്‌ എല്ലാവർക്കും നല്ല പേടി​യുണ്ട്‌.

ഉത്സവം പകുതി​യാ​യ​പ്പോൾ യേശു ആലയത്തിൽ എത്തുന്നു. പഠിപ്പി​ക്കാ​നുള്ള യേശു​വി​ന്റെ അത്ഭുത​ക​ര​മായ പ്രാപ്‌തി​യിൽ ആളുകൾ അതിശ​യി​ക്കു​ന്നു. യേശു ഒരിക്ക​ലും റബ്ബിമാ​രു​ടെ വിദ്യാ​ല​യ​ങ്ങ​ളിൽ പഠിച്ചി​ട്ടില്ല. അതു​കൊണ്ട്‌, “വിദ്യാ​ല​യ​ത്തിൽ പഠിച്ചി​ട്ടി​ല്ലാത്ത യേശു​വി​നു തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ ഇത്രമാ​ത്രം അറിവ്‌ എവി​ടെ​നിന്ന്‌ കിട്ടി” എന്നു ജൂതന്മാർ അതിശ​യി​ക്കു​ന്നു.​—യോഹ​ന്നാൻ 7:15.

“ഞാൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവ​ത്തി​ന്റേ​താണ്‌. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹി​ക്കു​ന്നവൻ, ഈ ഉപദേശം ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണോ അതോ എന്റെ സ്വന്തം ആശയമാ​ണോ എന്നു തിരി​ച്ച​റി​യും” എന്ന്‌ യേശു വിശദീ​ക​രി​ക്കു​ന്നു. (യോഹ​ന്നാൻ 7:16, 17) യേശു​വി​ന്റെ പഠിപ്പി​ക്കൽ ദൈവ​നി​യ​മ​ത്തി​നു ചേർച്ച​യി​ലാണ്‌. അതു​കൊണ്ട്‌ സ്വന്തം മഹത്ത്വമല്ല, ദൈവ​ത്തി​ന്റെ മഹത്ത്വ​മാ​ണു യേശു തേടു​ന്നത്‌ എന്നു വ്യക്തം!

തുടർന്ന്‌ യേശു പറയുന്നു: “മോശ നിങ്ങൾക്കു നിയമം നൽകി​യ​ല്ലോ. പക്ഷേ നിങ്ങളിൽ ഒരാൾപ്പോ​ലും അത്‌ അനുസ​രി​ക്കു​ന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ നോക്കു​ന്നത്‌ എന്തിനാണ്‌?” ജനക്കൂ​ട്ട​ത്തിൽ ചിലർക്കു പക്ഷേ ഇങ്ങനെ കൊല്ലാൻ നോക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അറിയില്ല. അവർ സാധ്യ​ത​യ​നു​സ​രിച്ച്‌ മറ്റു നഗരങ്ങ​ളിൽനിന്ന്‌ ഇവിടെ എത്തിയ​വ​രാണ്‌. ഇതു​പോ​ലൊ​രു നല്ല അധ്യാ​പ​കനെ ആരെങ്കി​ലും കൊല്ലാൻ നോക്കു​മെന്ന കാര്യം അവർക്ക്‌ ഒട്ടും ഉൾക്കൊ​ള്ളാൻ പറ്റുന്നില്ല. അതു​കൊണ്ട്‌ ഇങ്ങനെ പറയു​ന്നതു കേൾക്കു​മ്പോൾ യേശു​വിന്‌ എന്തോ കുഴപ്പ​മുണ്ട്‌ എന്നുതന്നെ അവർ വിചാ​രി​ക്കു​ന്നു. “അതിന്‌ ആരാണു നിങ്ങളെ കൊല്ലാൻ നോക്കു​ന്നത്‌? നിങ്ങൾക്കു ഭൂതം ബാധി​ച്ചി​ട്ടുണ്ട്‌,” അവർ പറയുന്നു.​—യോഹ​ന്നാൻ 7:19, 20.

ഏതാണ്ട്‌ ഒന്നര വർഷം മുമ്പ്‌ യേശു ശബത്തിൽ ഒരാളെ സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ ജൂത​നേ​താ​ക്ക​ന്മാർ യേശു​വി​നെ കൊല്ലാൻ നോക്കി​യ​താണ്‌. യേശു ഇപ്പോൾ ചിന്തയെ ഉണർത്തുന്ന ഒരു ന്യായ​വാ​ദം ഉപയോ​ഗി​ക്കു​ക​യും ന്യായ​ബോ​ധ​മി​ല്ലാത്ത അവരുടെ ചിന്താ​ഗ​തി​യെ തുറന്നു​കാ​ട്ടു​ക​യും ചെയ്യുന്നു. മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ ശബത്താ​ണെ​ങ്കിൽപ്പോ​ലും എട്ടാം ദിവസം ഒരു ആൺകു​ഞ്ഞി​നെ പരി​ച്ഛേദന ചെയ്യണം എന്നതി​ലേക്ക്‌ യേശു ശ്രദ്ധ ക്ഷണിക്കു​ന്നു. എന്നിട്ട്‌ യേശു ചോദി​ക്കു​ന്നു: “മോശ​യു​ടെ നിയമം ലംഘി​ക്കാ​തി​രി​ക്കാൻ ഒരാളെ ശബത്തിൽ പരി​ച്ഛേദന ചെയ്യാ​മെ​ങ്കിൽ, ശബത്തിൽ ഞാൻ ഒരു മനുഷ്യ​നെ പൂർണ​മാ​യി സുഖ​പ്പെ​ടു​ത്തി​യ​തി​നു നിങ്ങൾ എന്റെ നേരെ രോഷം​കൊ​ള്ളു​ന്നത്‌ എന്തിനാണ്‌? പുറമേ കാണു​ന്ന​തു​വെച്ച്‌ വിധി​ക്കാ​തെ നീതി​യോ​ടെ വിധി​ക്കുക.”​—യോഹ​ന്നാൻ 7:23, 24.

സാഹച​ര്യം അറിയാ​വുന്ന യരുശ​ലേം​കാ​രിൽ ചിലർ പറയുന്നു: “ഈ മനുഷ്യ​നെ​യല്ലേ അവർ (ഭരണാ​ധി​കാ​രി​കൾ) കൊല്ലാൻ നോക്കു​ന്നത്‌? എന്നിട്ടും കണ്ടോ, അയാൾ പരസ്യ​മാ​യി സംസാ​രി​ക്കു​ന്നു. അവരാ​കട്ടെ ഒന്നും പറയു​ന്നു​മില്ല. ഇനി ഇതു ക്രിസ്‌തു​വാ​ണെന്നു പ്രമാ​ണി​മാർക്ക്‌ ഉറപ്പാ​യി​ക്കാ​ണു​മോ?” അപ്പോൾപ്പി​ന്നെ ആളുകൾ യേശു​വി​നെ ക്രിസ്‌തു​വാ​യി അംഗീ​ക​രി​ക്കു​ക​യും യേശു​വിൽ വിശ്വ​സി​ക്കു​ക​യും ചെയ്യാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? “ഈ മനുഷ്യൻ എവി​ടെ​നി​ന്നാ​ണെന്നു നമുക്ക്‌ അറിയാ​മ​ല്ലോ. എന്നാൽ ക്രിസ്‌തു വരു​മ്പോൾ എവി​ടെ​നിന്ന്‌ വന്നെന്ന്‌ ആർക്കും അറിയാൻ പറ്റില്ല.”​—യോഹ​ന്നാൻ 7:25-27.

ആലയത്തിൽ പഠിപ്പി​ക്കു​മ്പോൾത്തന്നെ യേശു പറയുന്നു: “നിങ്ങൾക്ക്‌ എന്നെ അറിയാം. ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും അറിയാം. സ്വന്തം തീരു​മാ​ന​മ​നു​സ​രിച്ച്‌ വന്നതല്ല ഞാൻ. എന്നെ അയച്ചത്‌ യഥാർഥ​ത്തി​ലുള്ള ഒരു വ്യക്തി​യാണ്‌. നിങ്ങൾക്കോ ആ വ്യക്തിയെ അറിയില്ല. എന്നാൽ എനിക്ക്‌ അറിയാം. കാരണം ഞാൻ ആ വ്യക്തി​യു​ടെ പ്രതി​നി​ധി​യാണ്‌. ആ വ്യക്തി​യാണ്‌ എന്നെ അയച്ചത്‌.” (യോഹ​ന്നാൻ 7:28, 29) യേശു വ്യക്തമാ​യി അങ്ങനെ പറയു​ന്നതു കേൾക്കു​മ്പോൾ ആളുകൾ യേശു​വി​നെ പിടി​കൂ​ടാൻ നോക്കു​ന്നു. യേശു​വി​നെ ജയിലി​ലാ​ക്കാ​നോ കൊല്ലാ​നോ ആണ്‌ അവരുടെ ശ്രമം. പക്ഷേ, അവരുടെ ശ്രമം പരാജ​യ​പ്പെ​ടു​ന്നു. കാരണം യേശു മരിക്കാ​നുള്ള സമയമാ​യി​ട്ടില്ല.

പലരും അവർ ചെയ്യേ​ണ്ട​തു​പോ​ലെ യേശു​വിൽ വിശ്വാ​സം അർപ്പി​ക്കു​ന്നു. യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടന്നു, കാറ്റിനെ ശാന്തമാ​ക്കി, കുറച്ച്‌ അപ്പവും മീനും കൊണ്ട്‌ ആയിര​ങ്ങളെ അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ച്ചു, രോഗി​കളെ സുഖ​പ്പെ​ടു​ത്തി, മുടന്തർ നടക്കാൻ ഇടയാക്കി, അന്ധന്മാ​രു​ടെ കണ്ണു തുറന്നു, കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തി, മരിച്ച​വ​രെ​പ്പോ​ലും ഉയിർപ്പി​ച്ചു. അതെ, അതു​കൊണ്ട്‌, “ക്രിസ്‌തു വരു​മ്പോൾ ഈ മനുഷ്യൻ ചെയ്‌ത​തിൽ കൂടുതൽ എന്ത്‌ അത്ഭുതങ്ങൾ ചെയ്യാ​നാണ്‌ ” എന്ന്‌ അവർ ചോദി​ക്കു​ന്ന​തിൽ തെറ്റില്ല.​—യോഹ​ന്നാൻ 7:31.

ജനം ഇങ്ങനെ പറയു​ന്നതു പരീശ​ന്മാർ കേൾക്കു​മ്പോൾ അവരും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും യേശു​വി​നെ അറസ്റ്റു ചെയ്യാൻ ഭടന്മാരെ അയയ്‌ക്കു​ന്നു.