വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവി​രുത്‌?

പോളിയ ബെറി​യു​ടെ കടും​നീല നിറം

പോളിയ ബെറി​യു​ടെ കടും​നീല നിറം

പോളിയ കൊൺഡെൻസേറ്റ എന്ന ശാസ്‌ത്ര​നാ​മ​മുള്ള ഒരിനം ചെടി ആഫ്രി​ക്ക​യിൽ ഉടനീളം കാണാം. അതിന്‍റെ ചെറിയ പഴമാണ്‌ പോളിയ ബെറി. ഇത്ര കടുപ്പ​മേ​റിയ നീല നിറമുള്ള പഴം മറ്റൊരു ചെടി​യി​ലും ഒരിക്ക​ലും കണ്ടിട്ടില്ല. എന്നാൽ ഇതിനു നീല നിറം നൽകുന്ന പദാർഥ​ങ്ങ​ളൊ​ന്നും ഇതിലി​ല്ല​താ​നും. ഈ കടും​നീല നിറത്തി​നു പിന്നിലെ രഹസ്യം എന്താണ്‌?

സവി​ശേ​ഷത: ഈ പഴത്തൊ​ലി​യു​ടെ കോശ​ത്തി​ന്‍റെ ഒരു പ്രത്യേ​ക​ത​യാണ്‌ ഇതിന്‌ ഈ നിറം നൽകു​ന്നത്‌. ഇതിന്‍റെ കോശ​ഭി​ത്തി നിറയെ ഒരുതരം ചെറിയ നാരു​ക​ളാണ്‌. തീപ്പെ​ട്ടി​ക്കൊ​ള്ളി​കൾ അടുക്കി​വെ​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ ഈ നാരുകൾ കാണു​ന്നത്‌. പല അട്ടിക​ളാ​യി​ട്ടാണ്‌ ഇവ അടുക്കി​വെ​ച്ചി​രി​ക്കു​ന്നത്‌. ഏറ്റവും അടിയി​ലത്തെ അട്ടിയു​ടെ തൊട്ടു മുകളി​ലുള്ള അട്ടിയിൽ നാരുകൾ അൽപ്പം ചെരി​ച്ചാണ്‌ അടുക്കി വെച്ചി​രി​ക്കു​ന്നത്‌. അതിന്‍റെ മുകളി​ലത്തെ അട്ടിയി​ലുള്ള നാരുകൾ അൽപ്പം​കൂ​ടെ ചെരി​ച്ചാണ്‌ അടുക്കി​യി​രി​ക്കു​ന്നത്‌. മുകളി​ലോ​ട്ടു വരും​തോ​റും ഓരോ അട്ടിക്കും ഇതു​പോ​ലെ ചെരി​വുണ്ട്. ഓരോ അട്ടിയു​ടെ​യും കട്ടിയി​ലുള്ള ചെറി​യ​ചെ​റിയ വ്യത്യാ​സങ്ങൾ അനുസ​രി​ച്ചു ചില കോശങ്ങൾ പച്ചയോ പിങ്കോ മഞ്ഞയോ ആയി കാണ​പ്പെ​ടു​ന്നു. എവി​ടെ​നി​ന്നു നോക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും ഈ നിറവ്യ​ത്യാ​സം. ഈ നാരുകൾ അട്ടിയ​ട്ടി​യാ​യി അടുക്കി​യി​രി​ക്കുന്ന ഈ വിധമാണ്‌ ഈ പഴത്തിനു തിളക്ക​വും നിറ​വൈ​വി​ധ്യ​വും നൽകു​ന്നത്‌. അല്ലാതെ ഇതിലുള്ള ഏതെങ്കി​ലും പദാർഥമല്ല. ഈ നാരു​ക​ളു​ടെ നിറം നീലയു​മല്ല. പക്ഷേ മിക്ക കോശ​ങ്ങ​ളും നീലയാ​യി കാണ​പ്പെ​ടു​ന്നെന്നു മാത്രം. ശരിക്ക് അടുത്തു പരി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ ഈ നിറങ്ങൾ കമ്പ്യൂട്ടർ സ്‌ക്രീ​നി​ലേ​തു​പോ​ലെ കുത്തു​കു​ത്തു​ക​ളാ​യാണ്‌ കാണ​പ്പെ​ടു​ന്നത്‌.

ഈ കായ്‌കൾക്കു നീല നിറം നൽകുന്ന പദാർഥം ഒന്നും ഇല്ലാത്ത​തി​നാൽ ചെടി​യിൽനി​ന്നു വീണു​ക​ഴി​ഞ്ഞാ​ലും നിറത്തിന്‌ ഒരു മാറ്റവും സംഭവി​ക്കു​ന്നില്ല. ഒരു നൂറ്റാണ്ടു മുമ്പു ശേഖരി​ച്ചു​വെച്ച ചില പഴങ്ങൾപോ​ലും ഇപ്പോൾ പറി​ച്ചെ​ടു​ത്ത​തു​പോ​ലെ തോന്നി​ക്കും. ഈ പഴത്തിനു കുരുക്കൾ അല്ലാതെ കഴിക്കാൻ പറ്റുന്ന മാംസ​ള​ഭാ​ഗം ഒന്നുമി​ല്ലെ​ങ്കി​ലും പക്ഷികളെ അതി​ലേക്കു ശക്തമായി വശീക​രി​ക്കാ​നുള്ള കഴിവ്‌ ഇവയ്‌ക്കു​ണ്ടെ​ന്നാ​ണു ഗവേഷകർ പറയു​ന്നത്‌.

നിറം കൊടു​ക്കുന്ന പദാർഥം ഒന്നുമി​ല്ലാത്ത പോളിയ ബെറി​യു​ടെ ഈ പ്രത്യേ​കത, നിറം പോകാത്ത ചായക്കൂ​ട്ടു​കൾ മുതൽ പ്രത്യേ​ക​തരം പേപ്പർവരെ (മറ്റാർക്കും ഉണ്ടാക്കാ​നാ​കാത്ത) നിർമി​ക്കാൻ ശാസ്‌ത്ര​ജ്ഞ​ന്മാ​രെ പ്രേരി​പ്പി​ച്ചേ​ക്കാം.

നിങ്ങൾക്ക് എന്തു തോന്നു​ന്നു? പോളിയ ബെറിക്ക് ഈ നീല നിറം ലഭിച്ചത്‌ പരിണാ​മ​പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണോ? അതോ ആരെങ്കി​ലും അത്‌ രൂപക​ല്‌പന ചെയ്‌ത​താ​ണോ?