വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ക്യൂണി​ഫോം ഫലകത്തി​ന്‍റെ ഒരു ഭാഗത്ത്‌ തത്‌നു എന്ന പേര്‌ എഴുതി​യി​രി​ക്കു​ന്നു

ഇതാ, മറ്റൊരു തെളിവ്‌!

ഇതാ, മറ്റൊരു തെളിവ്‌!

പുരാവസ്‌തുശാസ്‌ത്രം ബൈബിൾരേഖയെ പിന്താങ്ങുന്നുണ്ടോ? 2014-ൽ ഒരു മാസി​ക​യി​ലെ (Biblical Archaeology Review) ലേഖനം ഇങ്ങനെ ചോദി​ച്ചു: “ബൈബി​ളി​ലെ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പരാമർശി​ച്ചി​രി​ക്കുന്ന എത്ര വ്യക്തി​കളെ പുരാ​വ​സ്‌തു​ശാ​സ്‌ത്രം അംഗീ​ക​രി​ക്കു​ന്നുണ്ട്?” അതിന്‌ ഉത്തരം നൽകി​യത്‌ “കുറഞ്ഞത്‌ 50 പേരെ​ങ്കി​ലും” എന്നാണ്‌. എന്നാൽ ആ ലേഖന​ത്തിൽ നൽകി​യി​രുന്ന പട്ടിക​യിൽ തത്‌നാ​യി​യു​ടെ പേരില്ല. ആരാണ്‌ തത്‌നാ​യി? ബൈബിൾരേ​ഖകൾ അദ്ദേഹ​ത്തെ​ക്കു​റിച്ച് നൽകി​യി​രി​ക്കുന്ന ഹ്രസ്വ​വി​വ​രണം നമുക്കു നോക്കാം.

യരുശ​ലേം ഒരിക്കൽ വിശാ​ല​മായ പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്‍റെ ഭാഗമാ​യി​രു​ന്നു. പേർഷ്യ​ക്കാർ അക്കര​പ്ര​ദേശം എന്നു വിളി​ക്കുന്ന, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള സ്ഥലത്താണ്‌ ഈ നഗരം സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. ബാബി​ലോ​ണിയ കീഴട​ക്കി​യ​തി​നു ശേഷം, അടിമ​ക​ളാ​യി​രുന്ന ജൂതന്മാ​രെ പേർഷ്യ​ക്കാർ വിട്ടയ​യ്‌ക്കു​ക​യും യരുശ​ലേ​മി​ലുള്ള യഹോ​വ​യു​ടെ ആലയം പുതു​ക്കി​പ്പ​ണി​യാൻ അവർക്ക് അനുമതി നൽകു​ക​യും ചെയ്‌തു. (എസ്ര 1:1-4) എന്നാൽ ജൂതന്മാ​രു​ടെ ശത്രുക്കൾ ഈ പദ്ധതിയെ എതിർക്കു​ക​യും ജൂതന്മാർ പേർഷ്യ​ക്കാർക്ക് എതിരെ പ്രവർത്തി​ക്കു​ക​യാ​ണെന്ന് വ്യാജാ​രോ​പണം ഉന്നയി​ക്കു​ക​യും ചെയ്‌തു. (എസ്ര 4:4-16) ദാര്യാ​വേശ്‌ ഒന്നാമൻ ഭരിക്കുന്ന സമയത്ത്‌ (ബി.സി. 522-486), ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച് അന്വേ​ഷി​ക്കാൻ ഒരു പേർഷ്യൻ ഉദ്യോ​ഗ​സ്ഥ​നായ തത്‌നാ​യി​യെ നിയമി​ക്കു​ന്നു. ഈ ഉദ്യോ​ഗ​സ്ഥനെ ബൈബിൾ വിളി​ക്കു​ന്നത്‌, ‘അക്കര​പ്ര​ദേ​ശ​ത്തി​ന്‍റെ ഗവർണർ’ എന്നാണ്‌.—എസ്ര 5:3-7.

പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ കണ്ടെടുത്ത അനേകം ക്യൂണി​ഫോം ഫലകങ്ങ​ളിൽ തത്‌നാ​യി​യു​ടെ പേര്‌ കണ്ടെത്തി​യി​രി​ക്കു​ന്നു. ആ ഫലകങ്ങൾ ഒരു കുടും​ബ​ത്തി​ന്‍റെ ശേഖര​മാ​കാം. അതിൽ ഒന്ന്, ബി.സി. 502-ൽ ദാര്യാ​വേശ്‌ ഒന്നാമന്‍റെ വാഴ്‌ച​യു​ടെ 20-‍ാ‍ം ആണ്ടിൽ തയ്യാറാ​ക്കിയ ഒരു സാമ്പത്തിക ഇടപാ​ടി​ന്‍റെ രേഖയാണ്‌. ആ ഇടപാ​ടിന്‌ സാക്ഷി​യായ, “അക്കര​പ്ര​ദേ​ശ​ത്തി​ന്‍റെ ഗവർണ​റായ തത്‌നു​വി​ന്‍റെ” ജോലി​ക്കാ​ര​നെ​ക്കു​റി​ച്ചാണ്‌ അതിൽ പറയു​ന്നത്‌. ഈ തത്‌നു​വാണ്‌ ബൈബിൾ പുസ്‌ത​ക​മായ എസ്രയിൽ പറഞ്ഞി​രി​ക്കുന്ന തത്‌നാ​യി.

ഇദ്ദേഹം ആരായി​രു​ന്നു? ബി.സി. 535-ൽ മഹാനായ കോ​രെശ്‌ തന്‍റെ ഭരണ​പ്ര​ദേ​ശത്തെ പല പ്രവി​ശ്യ​ക​ളാ​യി തിരിച്ചു. അതിൽ ഒന്നായി​രു​ന്നു ബാബി​ലോ​ണും അക്കര​പ്ര​ദേ​ശ​വും. ഈ പ്രവി​ശ്യ​യെ പിന്നീട്‌ രണ്ടായി വിഭാ​ഗി​ച്ചു. അതിൽ ഒന്നി​നെ​യാണ്‌ അക്കര​പ്ര​ദേശം എന്നു വിളി​ക്കു​ന്നത്‌. ഇതിൽ കൊയ്‌ലി-സിറിയ, ഫൊയ്‌നി​ക്യ, ശമര്യ, യഹൂദ എന്നിവ ഉൾപ്പെ​ടു​ന്നു. ദമസ്‌കൊസ്‌ ആയിരു​ന്നു ഇവയു​ടെ​യെ​ല്ലാം ഭരണ​കേ​ന്ദ്രം. ബി.സി. 520 മുതൽ 502 വരെ ഈ പ്രദേ​ശ​ങ്ങ​ളു​ടെ ഗവർണർ തത്‌നാ​യി​യാ​യി​രു​ന്നു.

യഹോ​വ​യു​ടെ ആലയം ജൂതന്മാർ പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന പ്രശ്‌നം അന്വേ​ഷിച്ച തത്‌നാ​യി ദാര്യാ​വേ​ശിന്‌ അതേക്കു​റി​ച്ചുള്ള റിപ്പോർട്ട് നൽകി. ജൂതന്മാർക്ക് അതിനുള്ള അധികാ​രം കോ​രെശ്‌ രാജാ​വിൽനിന്ന് ലഭിച്ചു​വെ​ന്നത്‌ ശരിയാ​ണെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്‌തു. രാജ​കൊ​ട്ടാ​ര​ത്തി​ലെ ചരി​ത്ര​രേ​ഖകൾ ജൂതന്മാരുടെ വാദത്തെ ശരി​വെ​ക്കു​ന്ന​താ​യി​രു​ന്നു. (എസ്ര 5:6, 7, 11-13; 6:1-3) അതു​കൊണ്ട്, ജൂതന്മാ​രു​ടെ പണിയെ തടസ്സ​പ്പെ​ടു​ത്ത​രു​തെന്നു രാജാവ്‌ പറഞ്ഞതു തത്‌നാ​യി അനുസ​രി​ച്ചു.—എസ്ര 6:6, 7, 13.

‘അക്കര​പ്ര​ദേ​ശ​ത്തി​ന്‍റെ ഗവർണ​റാ​യി​രുന്ന തത്‌നാ​യി​യെ​ക്കു​റിച്ച്’ ചരി​ത്ര​ത്തിൽ ചെറി​യ​ചെ​റിയ പരാമർശ​ങ്ങളേ ഉള്ളൂ എന്നതു സത്യമാണ്‌. എന്നാൽ തിരു​വെ​ഴു​ത്തു​കൾ അദ്ദേഹ​ത്തെ​ക്കു​റിച്ച് പറയു​ന്നെന്നു മാത്രമല്ല അദ്ദേഹ​ത്തി​ന്‍റെ കൃത്യ​മായ സ്ഥാന​പ്പേ​രും പറഞ്ഞി​രി​ക്കു​ന്നു. ബൈബി​ളി​ന്‍റെ ചരി​ത്ര​പ​ര​മായ കൃത്യ​തയെ പുരാ​വ​സ്‌തു​ശാ​സ്‌ത്രം പിന്താ​ങ്ങു​ന്നു എന്നു കാണി​ക്കുന്ന മറ്റൊരു തെളി​വാണ്‌ ഇത്‌.