വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാഹനം നന്നാക്കുമ്പോൾ സുരക്ഷയിൽ ശ്രദ്ധിക്കുക

വാഹനം നന്നാക്കുമ്പോൾ സുരക്ഷയിൽ ശ്രദ്ധിക്കുക

വാഹനം നന്നാക്കു​മ്പോൾ സുരക്ഷ​യിൽ ശ്രദ്ധി​ക്കു​ക

കെവിന്‌ തന്റെ കാറിലെ ഓയിൽ മാറ്റി പരിച​യ​മു​ണ്ടാ​യി​രു​ന്നു. ക്രാങ്ക്‌കേ​സി​ന്റെ കീഴ്‌ഭാ​ഗ​ത്താ​യുള്ള ഓയിൽ പാനിന്റെ അടപ്പൂരി ഓയിൽ ഊറ്റി​യെ​ടു​ത്ത​ശേഷം അത്‌ വീണ്ടും അടപ്പിട്ട്‌ മുറു​ക്കാൻ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ ഒരിക്കൽ ഇതു ചെയ്യു​മ്പോൾ സ്‌പാനർ ബോൾട്ടിൽനി​ന്നു തെന്നി​പ്പോ​യി. അദ്ദേഹ​ത്തി​ന്റെ കൈ മൂർച്ച​യുള്ള ഒരു ലോഹ​ക്ക​ഷ​ണ​ത്തിൽ ചെന്നു ശക്തിയാ​യി ഇടിച്ച്‌ കൈവെള്ള വല്ലാതെ മുറിഞ്ഞു, കുറെ കുത്തി​ക്കെട്ട്‌ ഇടേണ്ടി വന്നു.

കെവിനെ പോലുള്ള അനേകർ പതിവാ​യി സ്വന്തം വാഹന​ത്തി​ന്റെ അറ്റകു​റ്റ​പ്പണി ചെയ്യു​ന്ന​വ​രാണ്‌. ഇത്‌ ചെലവു ചുരു​ക്കു​ന്നു എന്ന കാരണ​ത്താൽ മാത്ര​മാ​യി​രി​ക്കാം ചിലർ അങ്ങനെ ചെയ്യു​ന്നത്‌. എന്നാൽ അത്യാ​വ​ശ്യം അറ്റകു​റ്റ​പ്പ​ണി​കൾ അറിഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ വേറെ​യും പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. കാത്തി എന്ന സ്‌ത്രീ പറയുന്നു: “ഒരിക്കൽ ഒരു ദീർഘ​യാ​ത്ര​യ്‌ക്കി​ട​യിൽ എന്റെ കാറിന്‌ എന്തോ തകരാറ്‌ ഉണ്ടായി. കാറ്‌ നന്നാക്കാൻ അറിയാ​മാ​യി​രു​ന്ന​തി​നാൽ തന്നെത്താൻ പ്രശ്‌നം പരിഹ​രിച്ച്‌ യാത്ര തുടരാൻ എനിക്കു സാധിച്ചു.”

ഒരുപക്ഷേ അറ്റകു​റ്റ​പ്പ​ണി​ക​ളും വാഹനം നന്നാക്ക​ലു​മൊ​ക്കെ സ്വയം ചെയ്യാൻ നിങ്ങളും ആഗ്രഹി​ച്ചേ​ക്കാം. എന്നാൽ നിങ്ങൾക്ക്‌ എങ്ങനെ അതു സുരക്ഷി​ത​മാ​യി ചെയ്യാൻ കഴിയും?

മുൻകൂ​ട്ടി ചിന്തി​ക്കുക!

സുരക്ഷ​യ്‌ക്ക്‌ ആയിരി​ക്കണം മുൻഗണന. a കെവിന്റെ അപകടം കാണി​ക്കു​ന്ന​തു​പോ​ലെ, സ്ഥലം തീരെ കുറവാ​യി​രി​ക്കു​മ്പോ​ഴും വളരെ ശക്തി ചെലുത്തി ഒരു ഉപകരണം ഉപയോ​ഗി​ക്കേണ്ടി വരു​മ്പോ​ഴും എളുപ്പം പരി​ക്കേൽക്കാം. അത്‌ നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാൻ കഴിയും? നിങ്ങൾ ഒരു ബോൾട്ട്‌ മുറു​ക്കു​ക​യാണ്‌ എന്നിരി​ക്കട്ടെ. സ്‌പാനർ അതിനു മുകളിൽ ശരിയാ​യി ഉറപ്പി​ച്ചു​വെ​ക്കാൻ ശ്രദ്ധി​ക്കുക. സ്വയം ഇങ്ങനെ ചോദി​ക്കുക, ‘സ്‌പാനർ തെന്നി​പ്പോ​യാൽ എന്റെ കൈ എങ്ങോ​ട്ടാ​ണു പോകുക?’ കൈയുറ ധരിക്കു​ക​യോ കൈയിൽ തുണി പൊതി​യു​ക​യോ ചെയ്‌താൽ അത്‌ കുറച്ചു സംരക്ഷണം പ്രദാനം ചെയ്‌തേ​ക്കാം. നിങ്ങൾ ചെലു​ത്തുന്ന ശക്തി നിയ​ന്ത്രി​ക്കു​ന്ന​തിന്‌ സ്‌പാനർ എതിർദി​ശ​യി​ലേക്കു തള്ളുന്ന​തി​നു പകരം പറ്റു​മെ​ങ്കിൽ നിങ്ങളു​ടെ വശത്തേക്കു വലിക്കുക. അതു​പോ​ലെ ഏറെ മുറു​കി​യി​രി​ക്കുന്ന ഒരു ബോൾട്ട്‌ അയയ്‌ക്കു​മ്പോൾ അത്‌ അൽപ്പാൽപ്പ​മാ​യി—ഒരു സമയത്ത്‌ ഒരു വൃത്തത്തി​ന്റെ നാലിൽ ഒന്നു വീതം—തിരി​ക്കാൻ നോക്കുക. സാഹച​ര്യ​ങ്ങൾ മുൻകൂ​ട്ടി കാണു​ക​യും ശക്തി നിയ​ന്ത്രി​ക്കു​ക​യും ചെയ്യു​ന്ന​തി​നോ​ടു ബന്ധപ്പെട്ട ഈ തത്ത്വങ്ങൾ എല്ലായ്‌പോ​ഴും ബാധക​മാണ്‌. തിരക്കി​ന്റെ പേരിൽ അവ ഒരിക്ക​ലും അവഗണി​ക്ക​രുത്‌!

ഏതെങ്കി​ലും ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നു വേണ്ടി തയ്യാറാ​ക്കി​യി​ട്ടുള്ള ഉപകരണം മറ്റെന്തി​നെ​ങ്കി​ലും ഉപയോ​ഗി​ക്കു​മ്പോ​ഴാണ്‌ പലപ്പോ​ഴും അപകടങ്ങൾ ഉണ്ടാകു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ ടോമി​ന്റെ കാര്യം എടുക്കുക. അദ്ദേഹം തന്റെ കാറിലെ സ്‌പാർക്ക്‌ പ്ലഗ്ഗുകൾ മാറ്റാൻ ശ്രമി​ച്ച​പ്പോൾ അതു വളരെ ബുദ്ധി​മു​ട്ടാ​ണെന്നു കണ്ടെത്തി. എന്തു​കൊണ്ട്‌? കാരണം അദ്ദേഹം ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന സോക്കറ്റ്‌ റെൻചി​ന്റെ സോക്ക​റ്റിന്‌ നീളം കുറവാ​യി​രു​ന്നു. അതു​കൊണ്ട്‌ അത്‌ ആദ്യത്തെ പ്ലഗ്ഗിൽനി​ന്നു തെന്നി​പ്പൊ​യ്‌ക്കൊ​ണ്ടി​രു​ന്നു. ഒടുവിൽ, ടോം സോക്ക​റ്റി​നും റാച്ചറ്റി​നും ഇടയ്‌ക്ക്‌ ഒരു എക്‌സ്റ്റെൻഷൻ പിടി​പ്പി​ച്ചു. അതിനു​ശേഷം, ആദ്യത്തെ സ്‌പാർക്ക്‌ പ്ലഗ്ഗ്‌ മാറ്റാൻ എടുത്ത സമയം​കൊണ്ട്‌ അദ്ദേഹ​ത്തിന്‌ ബാക്കി അഞ്ചും മാറ്റാൻ കഴിഞ്ഞു—അതും സുരക്ഷി​ത​മാ​യി! ഇതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? ശരിയായ ഉപകരണം ഉപയോ​ഗി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌.

അതു​പോ​ലെ വണ്ടിയു​ടെ അടിയിൽ കിടന്ന്‌ പണിയു​ക​യോ ഡാഷ്‌ബോർഡി​ന്റെ അടിവശം പരി​ശോ​ധി​ക്കു​ക​യോ ചെയ്യു​മ്പോൾ കണ്ണിൽ എന്തെങ്കി​ലും പോകാ​നുള്ള സാധ്യ​ത​യുണ്ട്‌. ഇത്‌ എങ്ങനെ ഒഴിവാ​ക്കാൻ കഴിയും? “കണ്ണ്‌ സംരക്ഷി​ക്കാൻ തക്കവണ്ണം കണ്ണടയോ മറ്റോ ധരിക്കുക,” ഒരു മെക്കാ​നി​ക്കാ​യി പത്തില​ധി​കം വർഷത്തെ അനുഭ​വ​പ​രി​ച​യ​മുള്ള ഷോൻ പറയുന്നു. “ഞാൻ ജോലി ചെയ്യു​ന്നി​ടത്ത്‌ ഇത്തരം സുരക്ഷാ നടപടി​കൾ നിർബ​ന്ധ​മാണ്‌” എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. ബാറ്ററി ആസിഡ്‌ പോലുള്ള അപകട​ക​ര​മായ ദ്രാവ​ക​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരു​മ്പോ​ഴും കണ്ണുകൾക്കു സംരക്ഷണം പ്രദാനം ചെയ്യേ​ണ്ട​താണ്‌.

വണ്ടിയു​ടെ അടിയിൽ പണി ചെയ്യേ​ണ്ട​തു​ള്ള​പ്പോൾ എല്ലായ്‌പോ​ഴും ശരിയായ രീതി​യിൽ രൂപകൽപ്പന ചെയ്‌ത ഒരു ജാക്ക്‌ സ്റ്റാൻഡോ പ്രൊ​ഫ​ഷനൽ ലിഫ്‌റ്റോ ഉപയോ​ഗി​ക്കുക. അല്ലെങ്കിൽ, വാഹന​ത്തി​ന്റെ അടിയിൽ പണി ചെയ്യാ​നാ​യി ബലിഷ്‌ഠ​മായ വിധത്തിൽ പ്രത്യേ​കം രൂപസം​വി​ധാ​നം ചെയ്‌തി​രി​ക്കുന്ന ഗർത്തം പ്രയോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. ജാക്ക്‌ മാത്രം ഉപയോ​ഗിച്ച്‌ ഉയർത്തി നിറു​ത്തിയ ഒരു വാഹന​ത്തി​ന്റെ അടിയി​ലേക്ക്‌ ഒരിക്ക​ലും കയറരുത്‌. വണ്ടിക്ക്‌ ആവശ്യ​ത്തിന്‌ താങ്ങ്‌ ലഭിക്കു​ന്ന​തിന്‌ ജാക്കും ജാക്ക്‌ സ്റ്റാൻഡും എവിടെ ഉറപ്പി​ക്കണം എന്ന്‌ ചില വാഹന​ങ്ങ​ളു​ടെ മാന്യു​വ​ലിൽ പറയാ​റുണ്ട്‌. എന്നിരു​ന്നാ​ലും, വല്ലാതെ മുറു​കി​യി​രി​ക്കുന്ന ഒരു ബോൾട്ട്‌ അയയ്‌ക്കാൻ ശ്രമി​ക്കു​മ്പോ​ഴെ​ന്ന​പോ​ലെ പെട്ടെന്ന്‌ ശക്തി ചെലു​ത്തു​മ്പോൾ വാഹനം അതിന്റെ താങ്ങു​ക​ളിൽനിന്ന്‌ തെന്നി​പ്പോ​യേ​ക്കാം എന്ന്‌ ഓർക്കുക.

അത്യാ​ഹി​തങ്ങൾ ഒഴിവാ​ക്കൽ

വാഹന​ത്തി​ന്റെ ചില ഭാഗങ്ങൾ വളരെ ചൂടാ​കു​ന്ന​തി​നാൽ അവിടെ തൊട്ടാൽ പൊള്ള​ലേൽക്കും. ഉദാഹ​ര​ണ​ത്തിന്‌ റേഡി​യേ​റ്റ​റി​ലെ വെള്ളം എഞ്ചിൻ ഓഫ്‌ ചെയ്‌ത ശേഷം കുറച്ചു സമയ​ത്തേ​ക്കും​കൂ​ടെ ചൂടാ​യി​രി​ക്കും. അതു​കൊണ്ട്‌ കൈ കൊണ്ട്‌ തൊടാൻ പാകത്തിന്‌ റേഡി​യേറ്റർ തണുത്ത ശേഷമേ അതിന്റെ അടപ്പ്‌ തുറക്കാ​വൂ. ചില വാഹന​ങ്ങ​ളി​ലെ റേഡി​യേറ്റർ ഫാൻ വൈദ്യു​തി​കൊ​ണ്ടു പ്രവർത്തി​ക്കു​ന്ന​താണ്‌. എഞ്ചിൻ ഓഫ്‌ ചെയ്‌ത ശേഷം പോലും അതു തന്നെത്താൻ പ്രവർത്തി​ച്ചു​തു​ട​ങ്ങും. അതു​കൊണ്ട്‌ അപകടം ഒഴിവാ​ക്കാൻ പണി തുടങ്ങു​ന്ന​തി​നു മുമ്പ്‌ ബാറ്ററി​യിൽനിന്ന്‌ ഗ്രൗണ്ട്‌ വയർ വിച്ഛേ​ദി​ക്കുക.

വാഹനം നന്നാക്കു​മ്പോൾ മോതി​ര​വും മറ്റ്‌ ആഭരണ​ങ്ങ​ളും ഊരി​വെ​ക്കുക, പ്രത്യേ​കി​ച്ചും എഞ്ചിൻ ഓൺ ആണെങ്കിൽ. ഉന്തിനിൽക്കുന്ന ഏതെങ്കി​ലും ഭാഗത്ത്‌ അവ ഉടക്കി​യേ​ക്കാം എന്നു മാത്രമല്ല ലോഹാ​ഭ​ര​ണങ്ങൾ ഷോർട്ട്‌ സർക്യൂ​ട്ടിന്‌ കാരണ​മാ​കു​ക​യും ചുട്ടു പഴുക്കു​ക​യും ചെയ്‌തേ​ക്കാം! അയഞ്ഞ കൈയുള്ള വസ്‌ത്രങ്ങൾ, ടൈ, സ്‌കാർഫ്‌, നീണ്ട മുടി തുടങ്ങി​യവ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഭാഗങ്ങ​ളിൽ കുടു​ങ്ങി​പ്പോ​യേ​ക്കാം.

പണി​യെ​ല്ലാം ചെയ്‌തു കഴിയു​മ്പോ​ഴോ? അവസാ​ന​മാ​യി ഒരു കാര്യം​കൂ​ടെ ചെയ്യുക. “ചെയ്‌ത പണി എപ്പോ​ഴും രണ്ടാമ​തൊന്ന്‌ പരി​ശോ​ധി​ക്കുക” എന്ന്‌ തിര​ക്കേ​റിയ ഒരു വർക്ക്‌ഷോ​പ്പി​ലെ സർവീസ്‌ അഡ്വൈ​സ​റായ ഡെർക്ക്‌ പറയുന്നു. “ഒരിക്കൽ ബ്രേക്കി​ന്റെ പണി കഴിഞ്ഞ്‌ ഒരു മെക്കാ​നിക്ക്‌ ഇത്‌ ചെയ്യാൻ മറന്നു. ബ്രേക്കു​കൾ പ്രവർത്തി​ച്ചില്ല, വണ്ടി നേരെ എന്റെ മേശയി​ലേക്ക്‌ ഇടിച്ചു​ക​യറി!” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു.

അടിയ​ന്തിര സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യൽ

ഒരു ദിവസം തന്റെ കാറ്‌ വല്ലാതെ ചൂടാ​കു​ന്ന​താ​യി ടോം ശ്രദ്ധിച്ചു. ഒരു ഹോസ്‌ പൊട്ടി റേഡി​യേ​റ്റ​റി​ലെ വെള്ളം പുറ​ത്തേക്ക്‌ ഒലിച്ചു​പോ​യി​രു​ന്നു. കാറിൽ സൂക്ഷി​ച്ചി​രുന്ന ഡക്‌റ്റ്‌ ടേപ്പ്‌ ഉപയോ​ഗിച്ച്‌ ടോം താത്‌കാ​ലി​ക​മാ​യി ഹോസി​ന്റെ പൊട്ടിയ ഭാഗം ഒട്ടിച്ചു​വെ​ച്ച​ശേഷം റേഡി​യേ​റ്റ​റിൽ വെള്ളവും ആന്റി​ഫ്രീ​സും ഒഴിച്ചു. പിന്നെ വണ്ടിയു​ടെ സ്‌പെയർ പാർട്‌സ്‌ കിട്ടുന്ന ഒരു കടയി​ലേക്ക്‌ ഓടി​ച്ചു​പോ​യി ഒരു പുതിയ ഹോസ്‌ വാങ്ങി. വണ്ടി നന്നാക്കാൻ അവശ്യം വേണ്ട സാധനങ്ങൾ വാഹന​ത്തിൽ ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം ടോമി​ന്റെ അനുഭവം വ്യക്തമാ​ക്കു​ന്നു.

വണ്ടി ഓടി​ക്കു​മ്പോൾ അസാധാ​ര​ണ​മായ എന്തെങ്കി​ലും ശബ്ദമോ മണമോ വരുന്നു​ണ്ടോ എന്നു ശ്രദ്ധി​ക്കുക. ഇവോ​ണി​ന്റെ കാര്യം എടുക്കുക. കാറിന്റെ എഞ്ചിനിൽനിന്ന്‌ എന്തോ ഒരു മണം വരുന്ന​താ​യി അവർ ശ്രദ്ധിച്ചു. അവരുടെ ഭർത്താവ്‌ ബോണറ്റ്‌ തുറന്നു നോക്കി​യ​പ്പോൾ കണ്ടത്‌ റേഡി​യേറ്റർ ഹോസി​ന്റെ മുകൾഭാ​ഗത്തെ ഒരു ചെറിയ തുളയിൽനിന്ന്‌ ആന്റി​ഫ്രീസ്‌ മുകളി​ലേക്കു ചീറ്റു​ന്ന​താണ്‌. കാറ്‌ അമിത​മാ​യി ചൂടാ​കു​ന്ന​തി​നു മുമ്പു​തന്നെ പ്രശ്‌നം കണ്ടുപി​ടി​ച്ച​തു​കൊണ്ട്‌ അവർക്ക്‌ ഒരു വർക്ക്‌ഷോ​പ്പി​ലേക്ക്‌ വണ്ടി ഓടി​ച്ചു​കൊ​ണ്ടു​പോ​കാൻ കഴിഞ്ഞു.

ഹൈ​വേ​യിൽവെച്ച്‌ വണ്ടി നിന്നു​പോ​കു​ന്നെ​ങ്കിൽ എന്താണു ചെയ്യേ​ണ്ടത്‌? ആദ്യം​തന്നെ വാഹനം റോഡിൽനി​ന്നു കഴിയു​ന്നത്ര മാറ്റി​യി​ടാൻ ശ്രമി​ക്കുക. യാത്ര​ക്കാർ, പ്രത്യേ​കി​ച്ചും കുട്ടികൾ, വാഹന​ത്തി​ന്റെ ഉള്ളിൽ സീറ്റ്‌ ബെൽറ്റ്‌ ധരിച്ച്‌ ഇരിക്കണം. ഇനി, പുറത്തി​റ​ങ്ങേ​ണ്ട​തു​ണ്ടെ​ങ്കിൽ തിര​ക്കേ​റിയ റോഡിൽനി​ന്നു കഴിയു​ന്നത്ര മാറി​നിൽക്കുക. എമർജൻസി ലൈറ്റു​കൾ തെളി​ക്കുക. വാഹന​ത്തിന്‌ എന്തോ കുഴപ്പം ഉണ്ടെന്ന്‌ മറ്റുള്ള​വർക്കു മനസ്സി​ലാ​കാൻ തക്കവണ്ണം ബോണറ്റ്‌ ഉയർത്തി​വെ​ക്കുക. റിഫ്‌ളെ​ക്‌റ്റ​റു​ക​ളും മറ്റും ശ്രദ്ധാ​പൂർവം സ്ഥാപി​ക്കുക.

ബാറ്ററി​യു​ടെ ചാർജ്‌ തീർന്നു പോയി​രി​ക്കു​ന്നെ​ങ്കിൽ ജംപർ കേബി​ളു​കൾ ഉപയോ​ഗിച്ച്‌ നിങ്ങളു​ടെ വാഹന​ത്തി​ന്റെ എഞ്ചിൻ മറ്റൊരു വാഹന​ത്തി​ന്റെ ബാറ്ററി​യു​മാ​യി ബന്ധിപ്പിച്ച്‌ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ നിങ്ങൾ ഒരുപക്ഷേ തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ ഒരു കാര്യം മനസ്സിൽ പിടി​ക്കുക: വാഹന​ങ്ങ​ളു​ടെ ബാറ്ററി​കൾ എളുപ്പം കത്തുന്ന വാതകം പുറ​പ്പെ​ടു​വി​ക്കു​ന്നു. ചെറി​യൊ​രു തീപ്പൊ​രി മതി, അപകട​ക​ര​മായ ആസിഡ്‌ ചിതറി​ച്ചു​കൊണ്ട്‌ ഒരു സ്‌ഫോ​ടനം ഉണ്ടാകാൻ. അതു​കൊണ്ട്‌ ഈ രീതി​യിൽ വണ്ടി സ്റ്റാർട്ട്‌ ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്നു നിങ്ങൾക്കോ നിങ്ങളെ സഹായി​ക്കു​ന്ന​വർക്കോ വേണ്ടത്ര നിശ്ചയം ഇല്ലെങ്കിൽ അറിയാ​വു​ന്ന​വ​രു​ടെ സഹായം തേടുക.

നാം കണ്ടു കഴിഞ്ഞ​തു​പോ​ലെ, വാഹന​ത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ന്നതു നിസ്സാ​ര​മാ​യിട്ട്‌ എടുക്കാ​വുന്ന ഒരു ഉത്തരവാ​ദി​ത്വ​മല്ല. നിങ്ങൾ വാഹന​ത്തിൽ പണിയു​ന്നത്‌ ഒരു അടിയ​ന്തിര സാഹച​ര്യ​ത്തി​ലാ​യാ​ലും പതിവു പണിക​ളു​ടെ ഭാഗമാ​യി​ട്ടാ​യാ​ലും ഒരു കാര്യം എപ്പോ​ഴും മനസ്സിൽ പിടി​ക്കുക: സുരക്ഷ സംബന്ധി​ച്ചു ബോധ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌! (g03 01/08)

[അടിക്കു​റിപ്പ്‌]

a നിങ്ങൾ ആദ്യമാ​യി​ട്ടാണ്‌ ഒരു പണി ചെയ്യു​ന്ന​തെ​ങ്കിൽ വണ്ടിയു​ടെ റിപ്പെയർ മാന്യു​വൽ നോക്കി ചെയ്യു​ക​യോ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സുഹൃ​ത്തി​നോ​ടു സഹായം ചോദി​ക്കു​ക​യോ ചെയ്യുക. നിങ്ങളു​ടെ വാഹന​ത്തിൽ കമ്പ്യൂ​ട്ടർവ​ത്‌കൃ​ത​മോ മറ്റു തരത്തി​ലു​ള്ള​തോ ആയ അതിനൂ​തന സാങ്കേ​തി​ക​വി​ദ്യ​കൾ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആവശ്യ​മായ ഉപകര​ണ​ങ്ങ​ളും അനുഭ​വ​പ​രി​ച​യ​വും ഉള്ള ഒരു മെക്കാ​നി​ക്കി​ന്റെ അടു​ത്തേക്ക്‌ വണ്ടി കൊണ്ടു​പോ​കു​ന്ന​താ​യി​രി​ക്കും ഒരുപക്ഷേ നല്ലത്‌.

[21-ാം പേജിലെ ആകർഷക വാക്യം]

ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നു വേണ്ടി തയ്യാറാ​ക്കി​യി​ട്ടുള്ള ഉപകരണം മറ്റെന്തി​നെ​ങ്കി​ലും ഉപയോ​ഗി​ക്കു​മ്പോ​ഴാണ്‌ പലപ്പോ​ഴും അപകടങ്ങൾ ഉണ്ടാകു​ന്നത്‌

[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

വാഹനത്തിൽ ഉണ്ടായി​രി​ക്കേണ്ട സാധനങ്ങൾ

സ്റ്റെപ്പി​നി​യും ജാക്കും

ജംപർ കേബി​ളു​കൾ

റിഫ്‌ളെ​ക്‌റ്റ​റു​കൾ

ഉപകര​ണ​ങ്ങ​ളും കണ്ണടയും

ടോർച്ച്‌

ആവശ്യം വന്നാൽ ഉപയോ​ഗി​ക്കാ​നുള്ള ദ്രാവ​കങ്ങൾ (ഓയിൽ, വെള്ളം, കൂളന്റ്‌, ബ്രേക്ക്‌ ഫ്‌ളൂ​യിഡ്‌)

ഒട്ടിക്കാ​നുള്ള ഡക്‌റ്റ്‌ ടേപ്പ്‌

□ എക്‌സ്‌ട്രാ ഫ്യൂസു​കൾ

വലിക്കാ​നുള്ള കയർ (ശ്രദ്ധി​ക്കുക: ചില സ്ഥലങ്ങളിൽ പ്രത്യേക ലൈസൻസുള്ള വാഹന​ങ്ങൾക്കേ കേടു​പ​റ്റിയ വാഹനങ്ങൾ വലിച്ചു​കൊ​ണ്ടു​പോ​കാ​നുള്ള അനുവാ​ദം ഉള്ളൂ)

ഉപകര​ണങ്ങൾ വൃത്തി​യാ​യും ദ്രാവ​കങ്ങൾ നിറച്ച പാത്രങ്ങൾ നേരെ​യും വെക്കാൻ ഒരു പെട്ടി

വാഹനം നന്നാക്കു​ന്ന​തി​നു വേണ്ട കൂടു​ത​ലായ മറ്റു സാധന​ങ്ങ​ളും വണ്ടിയിൽ വെക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. എന്നാൽ വഴിയിൽവെച്ചു നിന്നു​പോയ വാഹനങ്ങൾ നന്നാക്കി​ക്കൊ​ടു​ക്കുന്ന ചില ഓട്ടോ​മൊ​ബൈൽ ക്ലബ്ബുകൾ, വാഹന ഉടമകൾ തന്നെത്താൻ പണി തുടങ്ങി​ക്ക​ഴി​ഞ്ഞാൽ പിന്നെ സഹായി​ക്കാൻ മടി കാണി​ക്കാ​റുണ്ട്‌. അതു​കൊണ്ട്‌ നിങ്ങൾ ഒരു ഓട്ടോ​മൊ​ബൈൽ ക്ലബ്ബിലെ അംഗമാ​ണെ​ങ്കിൽ ഏതുതരം പണിക​ളാണ്‌ അനുവ​ദ​നീ​യം എന്ന്‌ മനസ്സി​ലാ​ക്കി​യി​രി​ക്കുക.