വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാത്താൻ ആരാണ്‌? അവൻ ഒരു യഥാർഥ വ്യക്തിയോ?

സാത്താൻ ആരാണ്‌? അവൻ ഒരു യഥാർഥ വ്യക്തിയോ?

ബൈബിളിന്റെ വീക്ഷണം

സാത്താൻ ആരാണ്‌? അവൻ ഒരു യഥാർഥ വ്യക്തിയോ?

സാത്താൻ ഒരു യഥാർഥ വ്യക്തിയല്ലെന്ന്‌ ചില ആധുനിക പണ്ഡിതന്മാർ പറയുന്നു. മനുഷ്യന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ഒരു സാങ്കൽപ്പിക കഥാപാത്രമാണ്‌ അവൻ എന്നാണ്‌ അവരുടെ പക്ഷം. എന്നാൽ ഇതൊരു പുതിയ വാദഗതിയല്ല. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചാൾസ്‌ പിയ്‌ർ ബോദ്‌ലെർ എന്ന കവി ഇങ്ങനെ എഴുതി: “താൻ സ്ഥിതിചെയ്യുന്നില്ലെന്നു നമ്മെ വിശ്വസിപ്പിക്കുക എന്നതാണ്‌ സാത്താന്റെ ഏറ്റവും ഗൂഢമായ തന്ത്രം.”

സാത്താൻ ഒരു യഥാർഥ വ്യക്തിയാണോ? ആണെങ്കിൽ അവൻ എവിടെനിന്നു വന്നു? ലോകത്തെ കാർന്നുതിന്നുന്ന പ്രശ്‌നങ്ങൾക്കു പിന്നിലുള്ള അദൃശ്യ ശക്തിയാണോ അവൻ? അവന്റെ ദുഷിച്ച സ്വാധീനം ഒഴിവാക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

ബൈബിൾ എന്തു പറയുന്നു?

അദൃശ്യമായ ആത്മമണ്ഡലത്തിൽ ജീവിക്കുന്ന ഒരു യഥാർഥ വ്യക്തിയാണ്‌ സാത്താൻ എന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. (ഇയ്യോബ്‌ 1:6) ക്രൂരവും മൃഗീയവുമായ അവന്റെ വ്യക്തിത്വത്തെയും ദുഷ്‌ചെയ്‌തികളെയും അതു തുറന്നുകാട്ടുന്നു. (ഇയ്യോബ്‌ 1:13-19; 2:7, 8; 2 തിമൊഥെയൊസ്‌ 2:26) ദൈവത്തോടും യേശുവിനോടുമുള്ള അവന്റെ സംഭാഷണങ്ങൾപോലും അതിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.​—⁠ഇയ്യോബ്‌ 1:7-12; മത്തായി 4:1-11.

ഈ ദുഷ്ടവ്യക്തി എങ്ങനെ ഉണ്ടായി? നമുക്കു നോക്കാം. മനുഷ്യരെ സൃഷ്ടിക്കുന്നതിനു വളരെമുമ്പ്‌ ദൈവം തന്റെ “ആദ്യജാത” പുത്രനെ സൃഷ്ടിച്ചു. അവനാണ്‌ പിന്നീട്‌ യേശു എന്നറിയപ്പെട്ടത്‌. (കൊലൊസ്സ്യർ 1:15) കാലക്രമത്തിൽ, ദൂതന്മാർ എന്നു വിളിക്കപ്പെട്ട മറ്റു ‘ദൈവപുത്രന്മാർ’ സൃഷ്ടിക്കപ്പെട്ടു. (ഇയ്യോബ്‌ 38:4-7) അവരെല്ലാവരും പൂർണരും നേരുള്ളവരും ആയിരുന്നു. എന്നാൽ പിന്നീട്‌ ആ ദൂതന്മാരിലൊരാൾ സാത്താനായി മാറുകയായിരുന്നു.

സാത്താൻ എന്ന പേര്‌, സൃഷ്ടിക്കപ്പെട്ടപ്പോൾ അവനു നൽകിയതായിരുന്നില്ല. “എതിരാളി, ശത്രു, ദൂഷകൻ” എന്നൊക്കെ അർഥംവരുന്ന ഒരു വിശേഷണ നാമമായിരുന്നു അത്‌. ദൈവത്തോടുള്ള ശത്രുതയിൽ അധിഷ്‌ഠിതമായ ഒരു ജീവിതഗതി തിരഞ്ഞെടുത്തതുകൊണ്ടാണ്‌ അവൻ സാത്താൻ എന്നു വിളിക്കപ്പെടാൻ ഇടയായത്‌.

അഹങ്കാരവും ദൈവത്തോടുള്ള മത്സരവും ആ ആത്മജീവിയുടെ ഉള്ളിൽ ഉറഞ്ഞുകൂടി. മറ്റുള്ളവർ തന്നെ ആരാധിക്കണമെന്ന്‌ അവൻ ആഗ്രഹിച്ചു. ദൈവത്തിന്റെ ആദ്യജാതപുത്രനായ യേശു ഭൂമിയിലായിരുന്നപ്പോൾ, ‘വീണു തന്നെ നമസ്‌കരിക്കുന്നതിന്‌’ യേശുവിനെ പ്രേരിപ്പിക്കാൻ പോലും സാത്താൻ മുതിർന്നു.​—⁠മത്തായി 4:9.

സാത്താൻ ‘സത്യത്തിൽ നിലനിന്നില്ല.’ (യോഹന്നാൻ 8:44) നുണയനായ അവൻ ദൈവമാണ്‌ നുണയനെന്നു ദ്യോതിപ്പിച്ചു. ദൈവത്തെപ്പോലെയാകാൻ ആഗ്രഹിച്ച അവൻ ഹവ്വായ്‌ക്ക്‌ ദൈവത്തെപ്പോലെയാകാൻ കഴിയുമെന്ന്‌ അവളോടു പറഞ്ഞു. വഞ്ചനാത്മകമായ വഴികളിലൂടെ അവൻ തന്റെ സ്വാർഥ താത്‌പര്യം നേടിയെടുത്തു. താൻ ദൈവത്തെക്കാൾ ഉന്നതനാണെന്നു ഹവ്വാ വിശ്വസിക്കാൻ അവൻ ഇടയാക്കി. സാത്താനെ അനുസരിച്ചതിലൂടെ ഹവ്വാ അവനെ തന്റെ ദൈവമായി അംഗീകരിക്കുകയായിരുന്നു.​—⁠ഉല്‌പത്തി 3:1-7.

മത്സരം ഇളക്കിവിട്ടുകൊണ്ട്‌, ഒരിക്കൽ വിശ്വസ്‌തനായിരുന്ന ഈ ദൂതൻ തന്നെത്തന്നെ ദൈവത്തിന്റെയും മനുഷ്യന്റെയും എതിരാളിയും ശത്രുവുമായ സാത്താനാക്കിത്തീർത്തു. ഈ ദുഷ്ടനെ വിശേഷിപ്പിക്കാൻ “ദൂഷകൻ” എന്നർഥമുള്ള “പിശാച്‌” എന്ന പേരും ഉപയോഗിക്കപ്പെട്ടു. കാലക്രമത്തിൽ, പാപത്തിന്റെ ഈ ഉപജ്ഞാതാവ്‌ ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാനും തന്റെ മത്സരത്തിൽ പങ്കുചേരാനും മറ്റു ദൂതന്മാരെ പ്രേരിപ്പിച്ചു. (ഉല്‌പത്തി 6:1, 2; 1 പത്രൊസ്‌ 3:19, 20) ആ ദൂതന്മാരും മാനവരാശിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചില്ല. അവർ സാത്താന്റെ സ്വാർഥഗതി പിൻപറ്റിയതിനാൽ “ഭൂമി അതിക്രമംകൊണ്ടു” നിറഞ്ഞു.​—⁠ഉല്‌പത്തി 6:11; മത്തായി 12:24.

സാത്താന്റെ സ്വാധീനം എത്ര ശക്തമാണ്‌?

ഒരു കുറ്റവാളി, താൻ പിടിക്കപ്പെടാതിരിക്കാൻ കുറ്റകൃത്യത്തിനുശേഷം വിരലടയാളങ്ങൾ മായ്‌ച്ചുകളഞ്ഞേക്കാം. എന്നാൽ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു കുറ്റവാളിയുണ്ടെന്ന്‌ അന്വേഷണം നടത്തുന്ന പോലീസുകാർ മനസ്സിലാക്കുന്നു. ആദ്യ ‘കൊലപാതകനായ’ സാത്താൻ, തന്നെ തിരിച്ചറിയിക്കുന്ന യാതൊന്നും അവശേഷിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു. (യോഹന്നാൻ 8:44; എബ്രായർ 2:14) ഒരു പാമ്പിനെ ഉപയോഗിച്ചായിരുന്നു അവൻ ഹവ്വായോടു സംസാരിച്ചത്‌. സമാനമായി ഇന്നും അവൻ മറഞ്ഞിരിക്കാൻ ശ്രമിക്കുകയാണ്‌. തന്റെ ശക്തമായ സ്വാധീനം തിരിച്ചറിയാതിരിക്കാൻ അവൻ “അവിശ്വാസികളുടെ മനസ്സു കുരുടാക്കി”യിരിക്കുന്നു.​—⁠2 കൊരിന്ത്യർ 4:⁠4.

എന്നാൽ നാം ജീവിക്കുന്ന ഈ ലോകത്തിലെ ദുഷ്ടതയ്‌ക്കു പിന്നിൽ പ്രവർത്തിക്കുന്ന നികൃഷ്ട ബുദ്ധിജീവിയാണ്‌ സാത്താൻ എന്ന്‌ യേശു തിരിച്ചറിയിച്ചു. അവൻ അവനെ “ഈ ലോകത്തിന്റെ പ്രഭു” എന്നു വിളിച്ചു. (യോഹന്നാൻ 12:31; 16:11) “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (1 യോഹന്നാൻ 5:19) “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നീ കെണികൾ ഫലകരമായി ഉപയോഗിച്ചുകൊണ്ട്‌ സാത്താൻ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചു”കളയുന്നു. (1 യോഹന്നാൻ 2:16; വെളിപ്പാടു 12:9) മനുഷ്യവർഗം പൊതുവേ അവനെയാണ്‌ അനുസരിക്കുന്നത്‌.

ഹവ്വായുടെ കാര്യത്തിലെന്നപോലെ, സാത്താനെ അനുസരിക്കുന്നവരെല്ലാം ഫലത്തിൽ അവനെ തങ്ങളുടെ ദൈവമാക്കുന്നു. അങ്ങനെ അവൻ “ഈ ലോകത്തിന്റെ ദൈവം” ആയിത്തീർന്നിരിക്കുന്നു. (2 കൊരിന്ത്യർ 4:4) കാപട്യം, വഞ്ചന; യുദ്ധം, പീഡനം, വിനാശം; കുറ്റകൃത്യം, അത്യാഗ്രഹം, അഴിമതി എന്നിവയെല്ലാം അവന്റെ ഭരണത്തിന്റെ തിക്തഫലങ്ങളിൽപ്പെടുന്നു.

സാത്താന്റെ സ്വാധീനം ഒഴിവാക്കാനാകുന്ന വിധം

“നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ” എന്ന്‌ ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ “പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രൊസ്‌ 5:8) ഇതു നമ്മിൽ അൽപ്പം ഭയം ജനിപ്പിക്കുന്നുവെങ്കിലും, സുബോധം പ്രകടമാക്കാത്തവരെയും ഉണർന്നിരിക്കാത്തവരെയും മാത്രമാണ്‌ സാത്താൻ തോൽപ്പിക്കുന്നത്‌ എന്നറിയുന്നത്‌ ആശ്വാസകരമാണ്‌.​—⁠2 കൊരിന്ത്യർ 2:11.

സാത്താൻ ഒരു യഥാർഥ വ്യക്തിയാണെന്നു തിരിച്ചറിയുന്നതും നമ്മെ വിശ്വാസത്തിൽ “ഉറപ്പിച്ചു ശക്തീകരി”ക്കാൻ നാം ദൈവത്തെ അനുവദിക്കുന്നതും ജീവത്‌പ്രധാനമാണ്‌. അപ്രകാരം ‘സാത്താനോട്‌ എതിർത്തു നിൽക്കാനും’ ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിക്കാനും നമുക്കു കഴിയും.​—⁠1 പത്രൊസ്‌ 5:9, 10.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ സാത്താൻ എവിടെനിന്നു വന്നു?​—⁠ഇയ്യോബ്‌ 38:4-7; യോഹന്നാൻ 8:44.

▪ സാത്താൻ ലോകത്തെ എത്രത്തോളം സ്വാധീനിക്കുന്നു?​—⁠യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19; വെളിപ്പാടു 12:⁠9.

▪ സാത്താന്റെ കുതന്ത്രങ്ങളിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കാൻ എന്തു ചെയ്യാനാകും? —⁠1 പത്രൊസ്‌ 5:8-10.

[12-ാം പേജിലെ ചിത്രങ്ങൾ]

ലോകത്തെ കാർന്നുതിന്നുന്ന പ്രശ്‌നങ്ങൾക്കുപിന്നിലുള്ള അദൃശ്യ ശക്തിയാണോ സാത്താൻ?