വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾ ഇന്റർനെറ്റിൽ മാതാപിതാക്കൾ ചെയ്യേണ്ടത്‌

കുട്ടികൾ ഇന്റർനെറ്റിൽ മാതാപിതാക്കൾ ചെയ്യേണ്ടത്‌

കുട്ടികൾ ഇന്റർനെറ്റിൽ മാതാപിതാക്കൾ ചെയ്യേണ്ടത്‌

എന്തായിരിക്കും നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നത്‌​—⁠ശരിയായ പരിശീലനം നേടാത്ത നിങ്ങളുടെ മകൻ ഒരു സുപ്രഭാതത്തിൽ വണ്ടിയോടിച്ച്‌ നഗരത്തിലേക്കു പോയി എന്നു കേൾക്കുന്നതാണോ അതോ അവൻ യഥേഷ്ടം ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു എന്നറിയുന്നതാണോ? രണ്ടിലും അപകടങ്ങളുണ്ട്‌. രണ്ടും ഉത്തരവാദിത്വത്തോടെ കൈകാര്യംചെയ്യേണ്ടതാണ്‌. വണ്ടിയോടിക്കുന്നതിൽനിന്ന്‌ എക്കാലവും മക്കളെ തടയാനാവില്ലെങ്കിലും സുരക്ഷിതമായി വണ്ടിയോടിക്കുന്നതിനുള്ള പരിശീലനം അവർക്കു ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ മാതാപിതാക്കൾക്കു കഴിയും. മക്കൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന കാര്യത്തിലും പല മാതാപിതാക്കളും ഇതേ സമീപനമാണ്‌ കൈക്കൊള്ളുന്നത്‌. പിൻവരുന്ന ബൈബിൾതത്ത്വങ്ങൾ ഇക്കാര്യത്തിൽ സഹായകമാണ്‌.

“സൂക്ഷ്‌മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു.” (സദൃശവാക്യങ്ങൾ 13:16) മക്കൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവരാണെങ്കിൽ, അതിന്റെ പ്രവർത്തനത്തെക്കുറിച്ച്‌ ചില അടിസ്ഥാനവിവരങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ഇൻസ്റ്റന്റ്‌ മെസേജുകൾ അയയ്‌ക്കുമ്പോഴും വെബ്‌സൈറ്റുകളിൽ പരതുമ്പോഴും മറ്റു കാര്യങ്ങൾക്കായി ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോഴുമൊക്കെ മക്കൾ എന്താണ്‌ ചെയ്യുന്നത്‌ എന്നതിനെക്കുറിച്ച്‌ അവർക്ക്‌ ധാരണയുണ്ടായിരിക്കണം. “അതിനുള്ള വിദ്യാഭ്യാസമൊന്നുമില്ലെന്നോ പഠിക്കാനുള്ള പ്രായമൊക്കെ കടന്നുപോയെന്നോ ചിന്തിക്കേണ്ടതില്ല” എന്ന്‌ രണ്ടു കുട്ടികളുള്ള മാർഷെ പറയുന്നു. “മാറിവരുന്ന സങ്കേതികവിദ്യകളുമായി പരിചിതരായിരിക്കുക.”

‘നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീഴാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.’ (ആവർത്തനപുസ്‌തകം 22:⁠8) അനുചിതമായ പോപ്പപ്പുകളെയും (മറ്റൊരു വെബ്‌സൈറ്റ്‌ തുറന്നുനോക്കുന്നതിന്‌ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ക്ഷണം) ഹാനികരമായ സൈറ്റുകളെയും തടയാൻ ഇന്റർനെറ്റ്‌ സേവനദാതാക്കളും ചില കമ്പ്യൂട്ടർ പ്രോഗ്രാമുകളും മാതാപിതാക്കളെ സഹായിക്കുന്നു. അവ “കൈമതിൽ” പോലെ വർത്തിക്കുന്നു. പേരും മേൽവിലാസവും പോലുള്ള വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽനിന്ന്‌ കുട്ടികളെ തടയുന്ന ചില പ്രോഗ്രാമുകളുമുണ്ട്‌. എന്നിരുന്നാലും, ഇത്തരം പ്രോഗ്രാമുകൾ കുറ്റമറ്റവയല്ലെന്നതു മനസ്സിൽപ്പിടിക്കണം. തന്നെയുമല്ല, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പല മുതിർന്ന കുട്ടികളും ഇത്തരം ‘കൈമതിലുകൾ’ ചാടിക്കടക്കാനുള്ള വിദ്യകൾ വശമാക്കുന്നു.

“കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:⁠1) 9-നും 19-നും ഇടയ്‌ക്കു പ്രായമുള്ള യുവജനങ്ങളിൽ ഏതാണ്ട്‌ അഞ്ചിൽ ഒരാൾ കിടപ്പുമുറിയിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നുവെന്ന്‌ യുണൈറ്റഡ്‌ കിങ്‌ഡത്തിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. മാതാപിതാക്കളുടെ കണ്ണെത്തുന്നിടത്ത്‌ കമ്പ്യൂട്ടർ വെച്ചാൽ മക്കൾ ഇന്റർനെറ്റിൽ എന്താണ്‌ ചെയ്യുന്നതെന്ന്‌ അവർക്കു കാണാനാകും. അനുചിതമായ സൈറ്റുകൾ ഒഴിവാക്കാൻ ഇതു കുട്ടികളെ പ്രേരിപ്പിക്കും.

“ആകയാൽ സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെസ്യർ 5:​15, 16) കുട്ടികൾക്ക്‌ എപ്പോൾ, എത്ര സമയം ഇന്റർനെറ്റ്‌ ഉപയോഗിക്കാമെന്നും ഏതു തരം സൈറ്റുകൾ സന്ദർശിക്കാമെന്നും തീരുമാനിക്കുക. തീരുമാനങ്ങൾ കുട്ടികളുമൊത്തു ചർച്ചചെയ്‌ത്‌ അവർക്കത്‌ മനസ്സിലായെന്നു ഉറപ്പുവരുത്തുക.

കുട്ടികൾ വീടിനു പുറത്തായിരിക്കുമ്പോൾ നിങ്ങൾക്കവരെ നിരീക്ഷിക്കാനാവില്ല. അതുകൊണ്ട്‌ അവരിൽ ശരിയായ മൂല്യങ്ങൾ ഉൾനടുന്നത്‌ പ്രധാനമാണ്‌. നിങ്ങൾ കൂടെയില്ലാത്തപ്പോൾ ജ്ഞാനപൂർവം തീരുമാനമെടുക്കാൻ അത്‌ അവരെ സഹായിക്കും. * (ഫിലിപ്പിയർ 2:12) ഇന്റർനെറ്റിന്റെ കാര്യത്തിൽ നിങ്ങൾ വെച്ചിരിക്കുന്ന നിയമങ്ങൾ ലംഘിച്ചാലുള്ള ശിക്ഷ എന്തായിരിക്കുമെന്നു വ്യക്തമായി പറഞ്ഞുകൊടുക്കുക; അവ നടപ്പാക്കുകയും ചെയ്യുക.

“വീട്ടുകാരുടെ പെരുമാറ്റം അവൾ [ഒരു നല്ല അമ്മ] സൂക്ഷിച്ചുനോക്കുന്നു.” (സദൃശവാക്യങ്ങൾ 31:27) കുട്ടികൾ ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ അവരുടെമേൽ ഒരു കണ്ണുണ്ടായിരിക്കണം. നിങ്ങൾ നിരീക്ഷിക്കുമെന്ന കാര്യം അവരും അറിഞ്ഞിരിക്കട്ടെ. ഇത്‌ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. ഇന്റർനെറ്റ്‌ ഒരു പൊതുവേദിയാണെന്ന്‌ ഓർക്കുക. മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ അക്കൗണ്ടുകളും ഇടയ്‌ക്കൊക്കെ അവരുടെ ഇ-മെയിലും അവർ സന്ദർശിച്ച വെബ്‌സൈറ്റുകളും പരിശോധിക്കണം എന്നാണ്‌ ഐക്യനാടുകളിലെ ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെസ്റ്റിഗേഷന്റെ ശുപാർശ.

“വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.” (സദൃശവാക്യങ്ങൾ 2:​11, 12) കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗം നിരീക്ഷിക്കുന്നതിലും പരിശോധിക്കുന്നതിലുമൊക്കെ മാതാപിതാക്കൾക്ക്‌ പരിമിതികളുണ്ട്‌. നിങ്ങൾ പഠിപ്പിക്കുന്ന മൂല്യങ്ങളും നിങ്ങൾ വെക്കുന്ന മാതൃകയുമായിരിക്കും മക്കളെ സംരക്ഷിക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുക. അതുകൊണ്ട്‌, ഇന്റർനെറ്റിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ കുട്ടികളുമായി സംസാരിക്കാൻ സമയമെടുക്കുക. കുട്ടികളുമായി തുറന്നു സംസാരിക്കുന്നതാണ്‌ ഇന്റർനെറ്റിലെ അപകടങ്ങളെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം. ഒരു ക്രിസ്‌തീയ പിതാവായ റ്റോം പറയുന്നു: “ഇന്റർനെറ്റിലെ ‘ദുഷ്ട’ മനുഷ്യരെക്കുറിച്ച്‌ രണ്ട്‌ ആൺമക്കളോടും ഞങ്ങൾ സംസാരിച്ചു. അശ്ലീലം എന്താണ്‌, അവ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ടാണ്‌, അപരിചിതരുമായി ബന്ധപ്പെടാൻ പാടില്ലാത്തത്‌ എന്തുകൊണ്ടാണ്‌ എന്നെല്ലാം ഞങ്ങൾ അവർക്ക്‌ പറഞ്ഞുകൊടുത്തു.”

കുട്ടികളെ നിങ്ങൾക്കു സംരക്ഷിക്കാനാകും

കുട്ടികളെ ഇന്റർനെറ്റ്‌ അപകടങ്ങളിൽനിന്നു സംരക്ഷിക്കുന്നതിന്‌ നല്ല ശ്രമം ആവശ്യമാണ്‌. സാങ്കേതികവിദ്യകൾ മാറിക്കൊണ്ടിരിക്കുന്നു. നൂതന സാങ്കേതികവിദ്യകൾ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതോടൊപ്പം പുതിയ പ്രശ്‌നങ്ങളും കൊണ്ടുവന്നേക്കാം. മുന്നിലുള്ള അപകടങ്ങളെ നേരിടാൻ മാതാപിതാക്കൾക്ക്‌ കുട്ടികളെ എങ്ങനെ സജ്ജരാക്കാനാകും? “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം,” എന്ന്‌ ബൈബിൾ പറയുന്നു.​—⁠സഭാപ്രസംഗി 7:⁠12.

ജ്ഞാനികളായിത്തീരാൻ കുട്ടികളെ സഹായിക്കുക. ഇന്റർനെറ്റിലെ അപകടങ്ങൾ ഒഴിവാക്കാനും ഉത്തരവാദിത്വത്തോടെ അത്‌ ഉപയോഗിക്കാനും അവരെ പഠിപ്പിക്കുക. അങ്ങനെയാകുമ്പോൾ, ഇന്റർനെറ്റ്‌ നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്വത്തിന്‌ ഭീക്ഷണിയാവില്ല; പകരം നല്ലൊരു സഹായിയായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 7 മൊബൈൽ ഫോൺ, കയ്യിൽ കൊണ്ടുനടക്കാവുന്ന മറ്റ്‌ ഉപകരണങ്ങൾ, വീഡിയോ ഗെയിം കളിക്കാൻ ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ (വീഡിയോ ഗെയിം കൺസോൾ) എന്നിവയിലൂടെയും ഇന്റർനെറ്റിൽ കയറിപ്പറ്റാനാകുമെന്ന കാര്യം മാതാപിതാക്കൾ ഓർക്കണം.

[16-ാം പേജിലെ ആകർഷക വാക്യം]

യുണൈറ്റഡ്‌ കിങ്‌ഡത്തിൽ ആഴ്‌ചതോറും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്ന 9-നും 19-നും ഇടയ്‌ക്ക്‌ പ്രായമുള്ളവരിൽ 57 ശതമാനവും അശ്ലീലവുമായി സമ്പർക്കത്തിൽ വരുന്നു; എന്നാൽ മാതാപിതാക്കളിൽ 16 ശതമാനം മാത്രമേ തങ്ങളുടെ കുട്ടി ഇന്റർനെറ്റിൽ അശ്ലീലം കണ്ടിട്ടുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നുള്ളൂ

[17-ാം പേജിലെ ആകർഷക വാക്യം]

ദിവസവും 7,50,000-ത്തോളം ലൈംഗിക ചൂഷകർ ഇന്റർനെറ്റ്‌ ചാറ്റ്‌ റൂമും ഡേറ്റിങ്ങ്‌ സർവീസുകളും പരതിക്കൊണ്ട്‌ ഇന്റർനെറ്റിലുണ്ടാകാമെന്ന്‌ വിദഗ്‌ധർ കരുതുന്നു

[17-ാം പേജിലെ ആകർഷക വാക്യം]

ഐക്യനാടുകളിൽ 12-നും 17-നും ഇടയ്‌ക്ക്‌ പ്രായമുള്ളവരിൽ 93 ശതമാനം ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു

[16, 17 പേജുകളിലെ ചിത്രം]

ഉത്തരവാദിത്വത്തോടെ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നത്‌ എങ്ങനെയെന്നു മക്കളെ പഠിപ്പിക്കാൻ നിങ്ങൾക്കാകുമോ?