വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ പ്രകൃതം എന്ത്‌?

ദൈവത്തിന്റെ പ്രകൃതം എന്ത്‌?

ബൈബിളിന്റെ വീക്ഷണം

ദൈവത്തിന്റെ പ്രകൃതം എന്ത്‌?

ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്‌കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്‌കരിക്കേണം.” ഈ പ്രസ്‌താവന ദൈവത്തിന്റെ പ്രകൃതം സംബന്ധിച്ച്‌ ഒരു അടിസ്ഥാന സത്യം വെളിപ്പെടുത്തുന്നു​—⁠അവനൊരു ആത്മാവാണ്‌. (യോഹന്നാൻ 4:​19-24) എന്നിട്ടും ബൈബിളിൽ അവനെ ഒരു വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നു. യഹോവ എന്നാണ്‌ അവന്റെ പേര്‌.​—⁠സങ്കീർത്തനം 83:⁠18.

ബൈബിൾ വായിക്കുന്ന ചിലർ ദൈവത്തിന്റെ പ്രകൃതം സംബന്ധിച്ച്‌ ആശയക്കുഴപ്പമുള്ളതായി പറഞ്ഞിട്ടുണ്ട്‌. ദൈവം അദൃശ്യ ആത്മാവാണെങ്കിൽപ്പിന്നെ, ബൈബിളിൽ പലയിടത്തും അവന്‌ കണ്ണും ചെവിയും മൂക്കും ഹൃദയവും കൈയും വിരലും കാലും ഉണ്ടെന്നു പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? * മനുഷ്യൻ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌ ബൈബിൾ പറയുന്നതിനാൽ ദൈവത്തിന്‌ മനുഷ്യരൂപമാണുള്ളതെന്ന്‌ ചിലർ അഭിപ്രായപ്പെട്ടേക്കാം. എന്നാൽ ഈ ആശയക്കുഴപ്പം മാറാൻ ബൈബിൾ പറയുന്നത്‌ ഒന്ന്‌ അടുത്തു പരിശോധിച്ചാൽ മതിയാകും.​—⁠ഉല്‌പത്തി 1:⁠26.

മനുഷ്യന്റെ സവിശേഷതകൾ ആരോപിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവത്തിന്റെ പ്രകൃതം മനസ്സിലാക്കാൻ മനുഷ്യരെ സഹായിക്കുന്നതിന്‌, സർവശക്തന്‌ മനുഷ്യന്റെ സവിശേഷതകൾ ആരോപിക്കാൻ ബൈബിൾ എഴുത്തുകാർ നിശ്വസ്‌തരാക്കപ്പെട്ടു. ഇത്തരം ആലങ്കാരിക പ്രയോഗങ്ങളെ നരാകാരകൽപ്പനം (anthropomorphism) എന്നാണ്‌ പണ്ഡിതന്മാർ വിളിക്കുന്നത്‌. മനുഷ്യരൂപമോ മനുഷ്യന്റെ സവിശേഷതകളോ ഉണ്ടെങ്കിലെന്നപോലെ വർണിക്കുന്നതാണ്‌ ഇതിൽ ഉൾപ്പെടുന്നത്‌. സത്യദൈവമായ യഹോവയെ വർണിക്കാൻ മനുഷ്യന്റെ ഭാഷ പര്യാപ്‌തമല്ല എന്നാണ്‌ ഈ പ്രയോഗങ്ങൾ കാണിക്കുന്നത്‌. ദൈവത്തിന്റെ രൂപം, വ്യക്തിത്വം എന്നിവയുടെ സാരം മനുഷ്യനു മനസ്സിലാകുന്നവിധത്തിൽ അവതരിപ്പിക്കുക എന്നതാണ്‌ ഇതിന്റെ ഉദ്ദേശ്യം. ദൈവത്തെ “പാറ,” ‘സൂര്യൻ,’ “പരിച” എന്നിങ്ങനെ വർണിക്കുന്ന ബൈബിൾപ്രയോഗങ്ങളെ നാം അക്ഷരാർഥത്തിൽ എടുക്കാത്തതുപോലെതന്നെ ഈ പ്രയോഗങ്ങളും നാം അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടതില്ല.​—⁠ആവർത്തനപുസ്‌തകം 32:4; സങ്കീർത്തനം 84:⁠11.

സമാനമായി, ദൈവം പൂർണമായി പ്രതിഫലിപ്പിക്കുന്ന ഗുണങ്ങൾ പരിമിതമായ തോതിൽ മനുഷ്യനു പ്രതിഫലിപ്പിക്കാൻ കഴിയും എന്ന ആശയം ദ്യോതിപ്പിക്കാനാണ്‌ മനുഷ്യൻ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌ ബൈബിൾ പറയുന്നത്‌. ഇതിന്റെയർഥം മനുഷ്യർ ആത്മാക്കളാണെന്നോ ദൈവത്തിന്‌ മനുഷ്യരൂപമാണെന്നോ അല്ല.

ദൈവം ആണോ പെണ്ണോ?

ദൈവത്തിൽ മനുഷ്യസവിശേഷതകൾ ആരോപിക്കുമ്പോൾ അത്‌ അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടതില്ലെന്നു പറഞ്ഞല്ലോ; ദൈവത്തെ വർണിക്കാൻ ഉപയോഗിച്ചിരിക്കുന്ന പുല്ലിംഗപ്രയോഗങ്ങളും അക്ഷരാർഥത്തിൽ എടുക്കേണ്ടതില്ല. ഭൗമജീവികളോടുള്ള ബന്ധത്തിൽ മാത്രമാണ്‌ സ്‌ത്രീലിംഗ-പുല്ലിംഗ വ്യത്യാസങ്ങൾ കൽപ്പിക്കാറുള്ളത്‌. സർവശക്തനായ യഹോവയുടെ പ്രകൃതം പൂർണമായും വരച്ചുകാണിക്കാൻ മനുഷ്യന്റെ ഭാഷ അപര്യാപ്‌തമാണെന്നാണ്‌ ഇതും കാണിക്കുന്നത്‌.

ബൈബിൾ ദൈവത്തെ ‘പിതാവ്‌’ എന്നു വർണിച്ചിരിക്കുന്നത്‌, സ്‌നേഹിക്കുകയും സംരക്ഷിക്കുകയും മക്കൾക്കായി കരുതുകയും ചെയ്യുന്ന ഒരു മാനുഷപിതാവിനെപ്പോലെയാണ്‌ നമ്മുടെ സ്രഷ്ടാവ്‌ എന്ന വസ്‌തുത മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. (മത്തായി 6:⁠9) നാം ദൈവത്തെയോ സ്വർഗത്തിലെ മറ്റ്‌ ആത്മവ്യക്തികളെയോ ആണോ പെണ്ണോ ആയി കരുതണമെന്ന്‌ ഇത്‌ അർഥമാക്കുന്നില്ല. അവർക്കിടയിൽ ലിംഗവ്യത്യാസങ്ങളില്ല. സ്വർഗരാജ്യത്തിൽ യേശുക്രിസ്‌തുവിന്റെ കൂട്ടവകാശികളാകാൻ വിളിക്കപ്പെടുന്നവർ ദൈവത്തിന്റെ ആത്മപുത്രന്മാരായി മഹത്ത്വീകരിക്കപ്പെടുമ്പോൾ അവർക്ക്‌ ലിംഗവ്യത്യാസം ഉണ്ടായിരിക്കില്ല. മഹത്ത്വീകരിക്കപ്പെടുമ്പോൾ അവർക്കിടയിൽ “ആണും പെണ്ണും എന്നുമില്ല” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ അവരെ ഓർമിപ്പിച്ചു. അവരെ കുഞ്ഞാടിന്റെ അതായത്‌ യേശുക്രിസ്‌തുവിന്റെ ‘മണവാട്ടി’ എന്ന്‌ ആലങ്കാരികമായി വർണിച്ചിരിക്കുന്നു. ദൈവത്തിലും അതുപോലെതന്നെ യേശുവിലും മറ്റ്‌ ആത്മവ്യക്തികളിലും ആരോപിച്ചിരിക്കുന്ന മനുഷ്യസവിശേഷതകൾ അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ടതില്ലെന്നാണ്‌ ഇതെല്ലാം കാണിക്കുന്നത്‌.​—⁠ഗലാത്യർ 3:​26, 28; വെളിപ്പാടു 21:9; 1 യോഹന്നാൻ 3:​1, 2.

പുരുഷന്റെ ധർമം കണക്കിലെടുത്തുകൊണ്ടാണ്‌ ബൈബിൾ എഴുത്തുകാർ ദൈവത്തെക്കുറിച്ച്‌ പരാമർശിക്കവേ പുല്ലിംഗം ഉപയോഗിച്ചത്‌. യഹോവയ്‌ക്ക്‌ മനുഷ്യരോടുള്ള പിതൃതുല്യമായ സ്‌നേഹവും താത്‌പര്യവും പ്രതിഫലിപ്പിക്കാൻ തന്റെ ധർമം ഉചിതമായി നിറവേറ്റുന്ന ഒരു പുരുഷനു സാധിക്കുമെന്ന്‌ അവർക്കറിയാമായിരുന്നു.​—⁠മലാഖി 3:17; മത്തായി 5:45; ലൂക്കൊസ്‌ 11:​11-13.

ദൈവത്തിന്റെ പ്രമുഖ ഗുണം

ആത്മാവാണെങ്കിലും, പരമാധികാരിയാം ദൈവം ഒരു നിഗൂഢതയല്ല; അവൻ നമ്മിൽനിന്ന്‌ അകന്നിരിക്കുന്നവനോ നമുക്ക്‌ ആശയവിനിമയം ചെയ്യാനാകാത്തവനോ അല്ല. സൃഷ്ടിയിൽ പ്രതിഫലിച്ചു കാണുന്നതും ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളുമായ സ്‌നേഹം, ശക്തി, ജ്ഞാനം, നീതി എന്നിവയെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്ന ആത്മാർഥഹൃദയർക്ക്‌ അവന്റെ ആത്മപ്രകൃതം ഒരിക്കലും ഒരു പ്രതിബന്ധമല്ല.​—⁠റോമർ 1:​19-21.

ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ കാതൽ എന്നുപറയുന്നത്‌ സ്‌നേഹമാണ്‌. എന്തിനധികം, ദൈവത്തെ സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമായി തിരുവെഴുത്തുകൾ വർണിച്ചിരിക്കുന്നു! (1 യോഹന്നാൻ 4:⁠8) കരുണ, ക്ഷമ, ദീർഘക്ഷമ തുടങ്ങി ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റു സവിശേഷതകളും ഈ ഗുണത്തിന്റെ പ്രതിഫലനമാണ്‌. (പുറപ്പാടു 34:6; സങ്കീർത്തനം 103:​8-14; യെശയ്യാവു 55:7; റോമർ 5:⁠8) തന്നോട്‌ അടുത്തുവരാൻ മനുഷ്യരെ ക്ഷണിക്കുന്ന സ്‌നേഹവാനായ ദൈവമാണ്‌ യഹോവ. ​—⁠യോഹന്നാൻ 4:23.

[അടിക്കുറിപ്പ്‌]

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ദൈവത്തിന്റെ പേരെന്താണ്‌?​—⁠സങ്കീർത്തനം 83:⁠18.

▪ ദൈവത്തിന്റെ ഗുണങ്ങൾ എവിടെ പ്രതിഫലിച്ചുകാണാം?​—⁠റോമർ 1:​19-21.

▪ ദൈവത്തിന്റെ പ്രമുഖഗുണം ഏത്‌?​—⁠1 യോഹന്നാൻ 4:⁠8.