ബൈബിളിന്റെ വീക്ഷണം
വിവാഹപൂർവ ലൈംഗികത
വിവാഹത്തിനുമുമ്പുള്ള ലൈംഗികത തെറ്റാണോ?
‘ദൈവത്തിന്റെ ഇഷ്ടമോ നിങ്ങൾ പരസംഗത്തിൽനിന്ന് അകന്നിരിക്കണം എന്നാണ്.’—1 തെസ്സലോനിക്യർ 4:3.
ആളുകൾ പറയുന്നത്
പ്രായപൂർത്തിയായ അവിവാഹിതർ ഉഭയസമ്മതത്തോടെ ലൈംഗികനടപടികളിൽ ഏർപ്പെടുന്നത് ചില സംസ്കാരങ്ങളിൽ നിഷിദ്ധമല്ല. പ്രായപൂർത്തിയായ അവിവാഹിതർക്കിടയിലെ ചില തരത്തിലുള്ള ലൈംഗിക അടുപ്പങ്ങൾ ചില ദേശങ്ങളിൽ സ്വീകാര്യംപോലുമാണ്.
ബൈബിൾ പറയുന്നത്
ചില ദാമ്പത്യബാഹ്യ ലൈംഗികനടപടികളെ കുറിക്കുന്നതിന് ബൈബിൾ ‘പരസംഗം’ എന്ന പദം ഉപയോഗിക്കുന്നു. തന്നെ ആരാധിക്കുന്നവർ “പരസംഗത്തിൽനിന്ന് അകന്നിരിക്കണം” എന്ന് ദൈവം നിഷ്കർഷിക്കുന്നു. (1 തെസ്സലോനിക്യർ 4:3) വ്യഭിചാരം, ഭൂതവിദ്യ, മദ്യാസക്തി, വിഗ്രഹാരാധന, കൊലപാതകം, മോഷണം എന്നിങ്ങനെയുള്ള ഗുരുതരമായ പാപങ്ങളുടെ പട്ടികയിലാണ് പരസംഗത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്.—1 കൊരിന്ത്യർ 6:9, 10; വെളിപാട് 21:8.
ഗുരുതരമായിരിക്കുന്നതിന്റെ കാരണം
‘പരസംഗികളെ ദൈവം ന്യായംവിധിക്കും’ എന്ന് ബൈബിൾ മുന്നറിയിപ്പു നൽകിയിരിക്കുന്നു എന്നതാണ് അതിന്റെ ഒരു കാരണം. (എബ്രായർ 13:4) എന്നാൽ അതിനെക്കാൾ പ്രധാനമായി, ലൈംഗിക സാന്മാർഗികതയെക്കുറിച്ചുള്ള ദൈവനിയമം അനുസരിക്കുന്നതിലൂടെ നാം യഹോവയാം ദൈവത്തോടുള്ള നമ്മുടെ സ്നേഹം തെളിയിക്കുകയാണ് ചെയ്യുന്നത്. (1 യോഹന്നാൻ 5:3) തന്റെ കൽപ്പനകൾ അനുസരിച്ചു ജീവിക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയും ചെയ്യുന്നു.—യെശയ്യാവു 48:18.
അവിവാഹിതർക്കിടയിലെ ലൈംഗികമായ ഏതൊരു അടുപ്പവും അസാന്മാർഗികമാണോ?
“പരസംഗത്തെയോ ഏതെങ്കിലും അശുദ്ധിയെയോ അത്യാഗ്രഹത്തെയോ കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്.”—എഫെസ്യർ 5:3.
ആളുകൾ പറയുന്നത്
ലൈംഗികബന്ധം ഒഴികെ അവിവാഹിതർക്കിടയിലെ ലൈംഗികമായ മറ്റ് യാതൊരു അടുപ്പവും തെറ്റല്ല എന്നാണ് പലരും കരുതുന്നത്.
ബൈബിൾ പറയുന്നത്
അധാർമികമായ ലൈംഗികനടപടികളെ ചൂണ്ടിക്കാണിക്കവെ, പരസംഗത്തെ മാത്രമല്ല ലൈംഗിക “അശുദ്ധി,” “ദുർന്നടപ്പ്” എന്നിവയെയും ബൈബിൾ ഉൾപ്പെടുത്തുന്നു. (2 കൊരിന്ത്യർ 12:21) അതുകൊണ്ട് ലൈംഗികബന്ധം ഉൾപ്പെടുന്നില്ലെങ്കിൽപ്പോലും, ദാമ്പത്യക്രമീകരണത്തിനു വെളിയിൽ നടക്കുന്നപക്ഷം ദൈവം കുറ്റംവിധിച്ചിരിക്കുന്നതായ മറ്റു നിരവധി ലൈംഗികനടപടികൾ ഉണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
ലൈംഗിക അടുപ്പങ്ങൾ ദാമ്പത്യക്രമീകരണത്തിനുള്ളിൽ അഥവാ ഭാര്യാഭർത്താക്കന്മാർക്കിടയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് ബൈബിൾ നൽകുന്നത്. “കാമാസക്തി”യെയും ബൈബിൾ കുറ്റംവിധിക്കുന്നു. (1 തെസ്സലോനിക്യർ 4:4) എന്താണ് അതിന്റെ അർഥം? സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമായ ഒരു ദൃഷ്ടാന്തം നോക്കുക: ഒരു സ്ത്രീ തന്റെ പുരുഷസുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയില്ലെന്നു തീരുമാനിച്ചിട്ടുണ്ടാകാം. എങ്കിലും മറ്റുവിധങ്ങളിൽ അവൾ അയാളുമായി ലൈംഗിക അടുപ്പം പുലർത്തുന്നു. അങ്ങനെ ചെയ്യുമ്പോൾ തങ്ങളുടേതല്ലാത്ത ഒന്ന് അവർ മോഹിക്കുകയാണ് അഥവാ ആസക്തിയോടെ അഭിലഷിക്കുകയാണ്. അങ്ങനെ ‘കാമാസക്തിക്കു വിധേയരായിക്കൊണ്ട്’ അവർ കുറ്റം പേറുന്നു. ലൈംഗികമായ അത്തരം അത്യാഗ്രഹത്തെ ബൈബിൾ കുറ്റംവിധിക്കുന്നു.—എഫെസ്യർ 5:3-5.
ലൈംഗികാധാർമികത നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാനാകും?
“പരസംഗത്തിൽനിന്ന് ഓടിയകലുവിൻ.”—1 കൊരിന്ത്യർ 6:18.
ഗുരുതരമായിരിക്കുന്നതിന്റെ കാരണം
വിവാഹപൂർവലൈംഗികതയിൽ ഏർപ്പെടുന്ന വ്യക്തികൾ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ അപകടത്തിലാക്കുന്നുവെന്ന് ബൈബിൾ കാണിച്ചുതരുന്നു.—കൊലോസ്യർ 3:5, 6.
ബൈബിൾ പറയുന്നത്
“പരസംഗത്തിൽനിന്ന് ഓടിയകലുവിൻ” എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (1 കൊരിന്ത്യർ 6:18) തന്നെ ലൈംഗികാധാർമികതയിലേക്കു വശീകരിക്കുന്ന എന്തിൽനിന്നും ഒരു വ്യക്തി സാധ്യമായത്ര അകലം പാലിക്കണമെന്നാണ് ഇതിന്റെ അർഥം. (സദൃശവാക്യങ്ങൾ 22:3) ഉദാഹരണത്തിന്, ലൈംഗികകാര്യങ്ങളിൽ ദൈവത്തിന്റെ തത്ത്വങ്ങളെ കാറ്റിൽപ്പറത്തുന്നവരുമായി അടുത്ത സഹവാസം ഒഴിവാക്കുന്നത് ധാർമികശുദ്ധി നിലനിറുത്താൻ അത്യന്താപേക്ഷിതമാണ്. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—സദൃശവാക്യങ്ങൾ 13:20.
മനസ്സിലേക്ക് അസാന്മാർഗികചിന്തകൾ കടത്തിവിടുന്നതും ലൈംഗിക ദുഷ്പെരുമാറ്റത്തിലേക്ക് നയിക്കും. (റോമർ 8:5, 6) അതുകൊണ്ട് ഉചിതമല്ലാത്തവിധം ലൈംഗികത വരച്ചുകാട്ടുന്നതോ ദൈവം കുറ്റംവിധിക്കുന്ന ലൈംഗികനടപടികൾ ഏതെങ്കിലും വിധത്തിൽ ഉന്നമിപ്പിക്കുന്നതോ ആയ സംഗീതം, വീഡിയോകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് കാമോദ്ദീപക ഉപാധികൾ എന്നിവയെല്ലാം ഒഴിവാക്കുന്നത് നമ്മുടെ പക്ഷത്ത് ജ്ഞാനമായിരിക്കും.—സങ്കീർത്തനം 101:3. ◼ (g13-E 09)