വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്യോന്യം ഉദാരമായി ക്ഷമിക്കുക

അന്യോന്യം ഉദാരമായി ക്ഷമിക്കുക

അന്യോന്യം ഉദാരമായി ക്ഷമിക്കുക

“അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ.”—കൊലോ. 3:13.

ഉത്തരം പറയാമോ?

ക്ഷമിക്കാൻ മനസ്സുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ക്ഷമിക്കേണ്ടതിന്റെ ആവശ്യം യേശു ഉദാഹരിച്ചത്‌ എങ്ങനെ?

അന്യോന്യം ഉദാരമായി ക്ഷമിക്കുന്നതുകൊണ്ടുള്ള അനുഗ്രഹങ്ങൾ എന്തെല്ലാം?

1, 2. മറ്റുള്ളവരോടു ക്ഷമിക്കാനുള്ള നമ്മുടെ മനഃസ്ഥിതി വിലയിരുത്തേണ്ടത്‌ എന്തുകൊണ്ട്‌?

 യഹോവ പാപത്തെ വീക്ഷിക്കുന്ന വിധവും നാം പാപം ചെയ്യുമ്പോൾ അവൻ പ്രതികരിക്കുന്ന വിധവും മനസ്സിലാക്കാൻ ദൈവവചനം സഹായിക്കുന്നു. ക്ഷമിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കത്തെക്കുറിച്ചും അതു നമ്മോടു പറയുന്നു. ദാവീദിനോടും മനശ്ശെയോടും ക്ഷമിക്കാൻ യഹോവയെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടു. ചെയ്‌ത പാപങ്ങളെപ്രതി അവർക്കു തോന്നിയ അഗാധമായ ദുഃഖം തെറ്റുകൾ ഏറ്റുപറയാനും പാപഗതി ഉപേക്ഷിക്കാനും ആത്മാർഥമായി അനുതപിക്കാനും അവരെ പ്രേരിപ്പിച്ചു. ഫലമോ? യഹോവ അവരെ തന്റെ പ്രീതിയിലേക്കു മടക്കിവരുത്തി.

2 ഇനി, നാം മറ്റുള്ളവരോടു ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ചിന്തിക്കാം. മനശ്ശെയുടെ ദുഷ്ടതയ്‌ക്ക്‌ ഇരയായ നിർദോഷികളായ വ്യക്തികളിൽ നിങ്ങളുടെ ഒരു കുടുംബാംഗമോ ബന്ധുവോ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നുമായിരുന്നു? നിങ്ങൾ മനശ്ശെയോടു ക്ഷമിക്കുമായിരുന്നോ? നാം ജീവിക്കുന്നത്‌ നിയമരാഹിത്യവും അക്രമവും സ്വാർഥതയും നിറഞ്ഞ ഒരു ലോകത്തിലായതിനാൽ ഇത്തരത്തിലൊരു ചോദ്യം പ്രസക്തമാണ്‌. ഒരു ക്രിസ്‌ത്യാനി ക്ഷമിക്കാനുള്ള മനഃസ്ഥിതി വളർത്തിയെടുക്കേണ്ടത്‌ എന്തുകൊണ്ട്‌? നിങ്ങൾ ഏതെങ്കിലും അനീതിക്കോ ദുഷ്‌പെരുമാറ്റത്തിനോ ഇരയാകുന്നെങ്കിൽ വികാരങ്ങളെ നിയന്ത്രിച്ചുനിറുത്താനും യഹോവയ്‌ക്കു ഹിതകരമായ രീതിയിൽ പ്രതികരിച്ചുകൊണ്ട്‌ ക്ഷമിച്ചുകൊടുക്കാനും നിങ്ങളെ എന്തു സഹായിക്കും?

ക്ഷമിക്കുന്നവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3-5. (എ) ക്ഷമിക്കേണ്ടതിന്റെ ആവശ്യം എടുത്തുകാട്ടാൻ യേശു എന്തു ദൃഷ്ടാന്തമാണ്‌ ഉപയോഗിച്ചത്‌? (ബി) മത്തായി 18:21-35-ലെ ദൃഷ്ടാന്തത്തിലൂടെ യേശു എന്താണ്‌ പഠിപ്പിച്ചത്‌?

3 നമ്മെ വ്രണപ്പെടുത്തുന്നത്‌ പുറത്തുള്ളവരോ ക്രിസ്‌തീയസഭയിലുള്ളവരോ ആയിക്കൊള്ളട്ടെ നാം അവരോടു ക്ഷമിക്കണം. എങ്കിൽ മാത്രമേ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സഹമനുഷ്യരുമായും യഹോവയുമായും ഒരു സമാധാനബന്ധം നിലനിറുത്താൻ നമുക്കു കഴിയൂ. മറ്റുള്ളവർ എത്ര കൂടെക്കൂടെ നമ്മെ വ്രണപ്പെടുത്തിയാലും നാം ക്ഷമിച്ചുകൊടുക്കണമെന്നുള്ളത്‌ ഒരു ക്രിസ്‌തീയനിബന്ധനയാണെന്ന്‌ തിരുവെഴുത്തുകൾ ചൂണ്ടിക്കാട്ടുന്നു. ഈ നിബന്ധനയുടെ ന്യായയുക്തത മനസ്സിലാക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു, കടക്കാരനായ ഒരു അടിമയുടെ ദൃഷ്ടാന്തം.

4 ഈ അടിമ ആറുകോടി ദിവസത്തെ വേതനത്തിനു തുല്യമായ തുക യജമാനനു കടപ്പെട്ടിരുന്നു. യജമാനൻ പക്ഷേ ഈ വലിയ കടം അവനു റദ്ദാക്കിക്കൊടുത്തു. എന്നാൽ ആ അടിമ തനിക്ക്‌ വെറും നൂറു ദിവസത്തെ വേതനത്തിനു തുല്യമായ തുക കടപ്പെട്ടിരുന്ന സഹദാസനെ കണ്ടുമുട്ടി. കടംവീട്ടാൻ കുറച്ചു സമയം അനുവദിച്ചുതരണമെന്ന്‌ സഹദാസൻ അപേക്ഷിച്ചെങ്കിലും ഭീമമായ കടം ഇളച്ചുകിട്ടിയ ആദ്യത്തെ അടിമ സമ്മതിച്ചില്ല. അയാൾ സഹദാസനെ തടവിലാക്കി. ഇതറിഞ്ഞ യജമാനന്റെ കോപം ജ്വലിച്ചു. “എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിന്റെ സഹദാസനോടു നിനക്കും കരുണ തോന്നേണ്ടതല്ലായിരുന്നോ?” അദ്ദേഹം ചോദിച്ചു. “യജമാനൻ അത്യധികം കോപിച്ചു; തന്റെ കടം മുഴുവൻ തന്നുതീർക്കുന്നതുവരെ അവനെ (ക്ഷമിക്കാൻ മനസ്സില്ലാതിരുന്ന അടിമയെ) കാരാഗൃഹപ്രമാണിമാർക്ക്‌ ഏൽപ്പിച്ചുകൊടുത്തു.”—മത്താ. 18:21-34.

5 ഈ ദൃഷ്ടാന്തത്തിലൂടെ യേശു എന്താണ്‌ പഠിപ്പിക്കാൻ ശ്രമിച്ചത്‌? അവൻ പറഞ്ഞു: “നിങ്ങൾ ഓരോരുത്തനും തന്റെ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ ഇങ്ങനെതന്നെ എന്റെ സ്വർഗീയപിതാവ്‌ നിങ്ങളോടും ചെയ്യും.” (മത്താ. 18:35) യേശു ഉദ്ദേശിച്ചത്‌ എന്താണെന്നു വ്യക്തമല്ലേ? യഹോവയുടെ നിലവാരങ്ങൾ പൂർണമായി അനുസരിക്കാൻ സാധിക്കാത്ത അപൂർണരായ നാം ജീവിതകാലത്ത്‌ എത്രയോ പാപങ്ങൾ ചെയ്യുന്നു! യഹോവ ആ പാപങ്ങളെല്ലാം ക്ഷമിച്ചുതരാൻ തയ്യാറാണ്‌, അതും പൂർണമായി. അതുകൊണ്ട്‌ യഹോവയുടെ സഖിത്വം ആഗ്രഹിക്കുന്നവർ സഹമനുഷ്യരുടെ കുറവുകൾ ക്ഷമിക്കാൻ കടപ്പെട്ടവരാണ്‌. ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞതും അതാണ്‌: “നിങ്ങൾ മറ്റുള്ളവരുടെ പിഴവുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയ പിതാവ്‌ നിങ്ങളോടും ക്ഷമിക്കും. എന്നാൽ നിങ്ങൾ അവരുടെ പിഴവുകൾ ക്ഷമിക്കാതിരുന്നാലോ, നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ പിഴവുകളും ക്ഷമിക്കുകയില്ല.”—മത്താ. 6:14, 15.

6. ക്ഷമിക്കുക എല്ലായ്‌പോഴും എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

6 ‘ആദർശമൊക്കെ കൊള്ളാം, പക്ഷേ പ്രയോഗത്തിൽവരുത്താനാണു ബുദ്ധിമുട്ട്‌!’ നിങ്ങൾ പറഞ്ഞേക്കാം. ആരെങ്കിലും നമ്മെ വ്രണപ്പെടുത്തുമ്പോൾ നമ്മിൽ ഉളവാകുന്ന വികാരങ്ങൾ അത്ര ശക്തമാണെന്നതാണ്‌ കാരണം. ദേഷ്യവും വഞ്ചിക്കപ്പെട്ടതായുള്ള തോന്നലും ഒക്കെ നമുക്കുണ്ടാകും; നമ്മുടെ ഭാഗത്തെ നീതി തെളിയിക്കാനോ ആ വ്യക്തിയോടു പ്രതികാരം ചെയ്യാനോ നാം തുനിഞ്ഞേക്കാം. വ്രണപ്പെടുത്തിയ വ്യക്തിയോടു ക്ഷമിക്കാൻ ഒരിക്കലും കഴിയില്ലെന്നുപോലും ചിലർക്കു തോന്നാനിടയുണ്ട്‌. ഇങ്ങനെയൊക്കെയാണോ നിങ്ങൾക്കു തോന്നുന്നത്‌? എങ്കിൽ യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നതുപോലെ ക്ഷമിക്കാനുള്ള മനസ്സൊരുക്കം നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാം?

നിങ്ങളുടെ വികാരങ്ങൾ വിലയിരുത്തുക

7, 8. മറ്റുള്ളവരുടെ ദയാരഹിതമായ പെരുമാറ്റം നമ്മെ വിഷമിപ്പിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കാൻ എന്തു സഹായിക്കും?

7 മറ്റൊരാൾ നമ്മോടു മോശമായി പെരുമാറിയെന്നുള്ളതു സത്യമാണെങ്കിലും നാം വെറുതെ ചിന്തിച്ചെടുത്തതാണെങ്കിലും അതു നമ്മിൽ തീവ്രവികാരങ്ങൾ ഉണർത്തും. കടുത്തദേഷ്യം വന്നപ്പോഴുള്ള ഒരു യുവാവിന്റെ പ്രതികരണം ശ്രദ്ധിക്കുക: ‘ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു പറഞ്ഞ്‌ ഞാൻ വീടുവിട്ട്‌ ഇറങ്ങി. തെളിഞ്ഞ ഒരു വേനൽക്കാലദിനമായിരുന്നു അത്‌. മനോഹരമായ ഒരു കൊച്ചുവഴിയിലൂടെ ഞാൻ നടന്നു. സുന്ദരമായ ആ പ്രകൃതിയുടെ പ്രശാന്തതയിൽ എന്റെ പിരിമുറുക്കമെല്ലാം അലിഞ്ഞില്ലാതെയായി. ഏതാനും മണിക്കൂറുകൾക്കു ശേഷം ഞാൻ മനസ്‌താപത്തോടെ വീട്ടിലേക്കുമടങ്ങി; എന്റെ ദേഷ്യമെല്ലാം ആറിത്തണുത്തിരുന്നു.’ ഈ അനുഭവം കാണിക്കുന്നതുപോലെ, പ്രകോപിതരാകുമ്പോൾ മനസ്സൊന്നുതണുക്കാൻ അൽപ്പം സമയം നൽകുകയും കാര്യങ്ങൾ ഒന്നു വിലയിരുത്തുകയും ചെയ്യുക. പിന്നീട്‌ ഖേദിക്കേണ്ടിവരാത്തവിധം ക്ഷമയോടെ പെരുമാറാൻ അപ്പോൾ നിങ്ങൾക്കാകും.—സങ്കീ. 4:4; സദൃ. 14:29; യാക്കോ. 1:19, 20.

8 എന്നാൽ, ഉള്ളിലെ നിഷേധവികാരങ്ങൾ കെട്ടടങ്ങുന്നില്ലെങ്കിലോ? നിങ്ങൾ അസ്വസ്ഥനാകുന്നത്‌ എന്തുകൊണ്ടാണെന്നു ചിന്തിക്കുക. അന്യായമോ പരുഷമോ ആയ പെരുമാറ്റത്തിന്‌ ഇരയായതുകൊണ്ടാണോ? അല്ലെങ്കിൽ, മറ്റേയാൾ മനഃപൂർവം നിങ്ങളെ വേദനിപ്പിക്കാൻ ശ്രമിച്ചതായി തോന്നിയതുകൊണ്ടാണോ? വാസ്‌തവത്തിൽ, അത്ര മോശമായാണോ ആ വ്യക്തി നിങ്ങളോടു പെരുമാറിയത്‌? അസ്വസ്ഥനാകുന്നതിന്റെ കാരണം ഇങ്ങനെ വിലയിരുത്തുന്നെങ്കിൽ തിരുവെഴുത്തുകൾക്കു ചേർച്ചയിൽ ശരിയായ വിധത്തിൽ പ്രതികരിക്കാൻ നിങ്ങൾക്കു കഴിയും. (സദൃശവാക്യങ്ങൾ 15:28; 17:27 വായിക്കുക.) ഈ സമീപനം, വികാരങ്ങൾക്കുപരിയായി ചിന്തിക്കാനും ക്ഷമിക്കാനും നിങ്ങളെ സഹായിക്കും. അത്ര എളുപ്പമല്ലെങ്കിലും ഇങ്ങനെ ചെയ്യുന്നെങ്കിൽ, “ഹൃദയവിചാരങ്ങളെയും അന്തർഗതങ്ങളെയും വിവേചിക്കാ”ൻ ദൈവവചനത്തെ അനുവദിക്കുകയായിരിക്കും നിങ്ങൾ. കൂടാതെ, യഹോവയുടെ ക്ഷമാശീലം അനുകരിക്കാനും നിങ്ങൾ പഠിക്കും.—എബ്രാ. 4:12.

അത്ര ഗൗരവത്തോടെ കാണേണ്ടതുണ്ടോ?

9, 10. (എ) ആരെങ്കിലും നമ്മെ വ്രണപ്പെടുത്തിയതായി തോന്നുന്നെങ്കിൽ എങ്ങനെ പ്രതികരിക്കണം? (ബി) ക്രിയാത്മകമനോഭാവം കാണിച്ചുകൊണ്ട്‌ ക്ഷമിക്കുന്നതിന്‌ എന്തു ഫലമുണ്ട്‌?

9 നമ്മിൽ നിഷേധവികാരങ്ങൾ ഉണർത്തുന്ന പല സാഹചര്യങ്ങൾ ജീവിതത്തിലുണ്ടാകാം. ഉദാഹരണത്തിന്‌, നിങ്ങൾ വാഹനമോടിച്ചുപോകുമ്പോൾ മറ്റൊരു വാഹനം നിങ്ങളുടെ വാഹനത്തെ ‘തൊട്ടുതൊട്ടില്ല’ എന്നമട്ടിൽ അടുത്തേക്കുവന്നെന്നു കരുതുക. നിങ്ങൾ എങ്ങനെ പ്രതികരിക്കും? റോഡുകളിൽ, ഇത്തരം പ്രശ്‌നങ്ങളുടെ പേരിലുള്ള രോഷപ്രകടനങ്ങളും കയ്യാങ്കളികളും പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു ക്രിസ്‌ത്യാനിയായ നിങ്ങൾ അവരെപ്പോലെ പെരുമാറാൻ എന്തായാലും ആഗ്രഹിക്കുകയില്ല.

10 അങ്ങനെയൊരു സംഭവമുണ്ടായാൽ, ഒരു നിമിഷം കാര്യങ്ങളൊന്നു വിശകലനം ചെയ്‌തുനോക്കുക. ഒരുപക്ഷേ ശ്രദ്ധ കുറച്ചൊന്നു പതറിയതുനിമിത്തം നിങ്ങളുടെ ഭാഗത്തും ചെറിയൊരു പിഴവു സംഭവിച്ചിട്ടുണ്ടാകാം. ഇനി, വാഹനത്തിന്റെ യന്ത്രത്തകരാറുനിമിത്തം മറ്റേ ഡ്രൈവർക്ക്‌ ഉദ്ദേശിച്ചതുപോലെ വാഹനം നിയന്ത്രിക്കാൻ പറ്റിയിട്ടുണ്ടാകില്ല. പാഠം ഇതാണ്‌: കുറച്ചൊരു പരിഗണനയും വിശാലമനഃസ്ഥിതിയും ക്ഷമിക്കാനുള്ള സന്നദ്ധതയും ഉണ്ടെങ്കിൽ ദേഷ്യം, നിരാശ തുടങ്ങിയ നിഷേധവികാരങ്ങളുടെ തീവ്രത കുറയ്‌ക്കാൻ നമുക്കു കഴിയും. സഭാപ്രസംഗി 7:9 പറയുന്നു: “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നത്‌.” ഇങ്ങനെയുള്ള കാര്യങ്ങൾക്ക്‌ കണക്കിലധികം ഗൗരവം കൊടുക്കരുതെന്നു സാരം. പലപ്പോഴും, മനഃപൂർവദ്രോഹമെന്ന്‌ നമ്മൾ കരുതുന്ന കാര്യങ്ങൾ യഥാർഥത്തിൽ അങ്ങനെയൊന്നുമായിരിക്കില്ല; അപൂർണത നിമിത്തമോ തെറ്റിദ്ധാരണയുടെ പേരിലോ സംഭവിച്ച ഒരു ചെറിയ പിഴവ്‌, അത്രയേ കാണൂ. പരിഗണനയില്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തെന്നുതോന്നിയാൽ അക്കാര്യം ഒരു തുറന്നമനസ്സോടെ വിലയിരുത്തുകയും സ്‌നേഹത്താൽ ക്ഷമിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നത്‌ നിങ്ങളുടെ സന്തോഷം വർധിപ്പിക്കും.—1 പത്രോസ്‌ 4:8 വായിക്കുക.

‘നിങ്ങളുടെ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ’

11. സുവാർത്തയോടുള്ള ആളുകളുടെ മനോഭാവം എന്തായിരുന്നാലും നമ്മുടെ പ്രതികരണം എന്തായിരിക്കണം?

11 ശുശ്രൂഷയിലായിരിക്കെ ആരെങ്കിലും പരുഷമായി പെരുമാറിയാൽ ആത്മസംയമനം പാലിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? യേശു 70 പേരെ പ്രസംഗവേലയ്‌ക്ക്‌ അയച്ചപ്പോൾ, ചെല്ലുന്ന എല്ലാ ഭവനത്തിലും സമാധാനം ആശംസിക്കാൻ അവരോടു നിർദേശിച്ചു. “അവിടെ ഒരു സമാധാനപ്രിയൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്റെമേൽ വസിക്കും; ഇല്ലെങ്കിലോ അത്‌ നിങ്ങളിലേക്കു മടങ്ങിപ്പോരും” എന്ന്‌ അവൻ പറഞ്ഞു. (ലൂക്കോ. 10:1, 5, 6) ആളുകൾ നമ്മുടെ സന്ദേശം കേൾക്കാൻ മനസ്സുകാണിച്ചാൽ നാം സന്തോഷിക്കും. കാരണം, അവർക്കു നന്മ വരുത്താൻ നമ്മുടെ സന്ദേശത്തിനു കഴിയും. എന്നാൽ ചിലപ്പോഴെങ്കിലും അനുകൂലമല്ലാത്ത പ്രതികരണം ആളുകളിൽനിന്നുണ്ടാകാം. അപ്പോഴോ? യേശു പറഞ്ഞതുപോലെ, അപ്പോഴും നാം നമ്മുടെ സമാധാനം നിലനിറുത്തണം. വീട്ടുകാരൻ എത്ര മോശമായി പ്രതികരിച്ചാലും സമാധാനം കൈവിടാതെ വേണം നാം ആ വീട്ടിൽനിന്നു പോരാൻ. ആളുകൾ മോശമായി പ്രതികരിക്കുമ്പോൾ നാം പ്രകോപിതരാകുന്നെങ്കിൽ നമ്മുടെ സമാധാനം നിലനിറുത്താൻ നമുക്കു കഴിയില്ല.

12. എഫെസ്യർ 4:31, 32-ലെ പൗലോസിന്റെ വാക്കുകൾ അനുസരിച്ച്‌ നാം എങ്ങനെ പ്രവർത്തിക്കണം?

12 ക്രിസ്‌തീയശുശ്രൂഷയിൽ മാത്രമല്ല എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ സമാധാനം നിലനിറുത്താൻ ശ്രദ്ധിക്കുക. ക്ഷമിച്ചുകൊടുക്കാനുള്ള മനസ്സൊരുക്കം കാണിക്കുക എന്നതിന്റെ അർഥം മറ്റുള്ളവരുടെ തെറ്റായ ചെയ്‌തികൾ അംഗീകരിക്കുകയോ തെറ്റിന്റെ തിക്തഫലങ്ങൾ നിസ്സാരീകരിക്കുകയോ ചെയ്യുക എന്നല്ല. പകരം, ക്ഷമിക്കുമ്പോൾ ഒരാൾ തെറ്റിനെപ്രതിയുള്ള നീരസം മനസ്സിൽനിന്നു നീക്കിക്കളഞ്ഞുകൊണ്ട്‌ സ്വന്തം മനസ്സമാധാനം കാത്തുസൂക്ഷിക്കുകയാണ്‌. ചിലർ വ്രണിതവികാരങ്ങൾ വെച്ചുകൊണ്ടിരിക്കും, സംഭവിച്ചതിനെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കും; അങ്ങനെ സ്വന്തം സന്തോഷം തല്ലിക്കെടുത്താൻ അവർ മറ്റുള്ളവരുടെ പെരുമാറ്റത്തെ അനുവദിക്കും. അത്തരം ചിന്തകൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്‌. നീരസം വെച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക്‌ സന്തോഷവാനായിരിക്കാൻ കഴിയില്ല. അതുകൊണ്ട്‌ ക്ഷമിക്കാൻ മനസ്സുള്ളവരായിരിക്കുക!—എഫെസ്യർ 4:31, 32 വായിക്കുക.

യഹോവയ്‌ക്കു പ്രസാദകരമായ വിധത്തിൽ പ്രതികരിക്കുക

13. (എ) ശത്രുവിന്റെ ‘തലമേൽ തീക്കനൽ കൂട്ടാൻ’ ഒരു ക്രിസ്‌ത്യാനിക്ക്‌ എങ്ങനെ കഴിയും? (ബി) പ്രകോപനമുണ്ടാകുമ്പോഴും മര്യാദയോടെ പെരുമാറുന്നതുകൊണ്ട്‌ എന്തു പ്രയോജനമുണ്ട്‌?

13 നിങ്ങളെ മുറിപ്പെടുത്തിയത്‌ വിശ്വാസിയല്ലാത്ത ഒരാളാണോ? എങ്കിൽ ആ വ്യക്തിയിൽ ബൈബിൾസത്യത്തോടു താത്‌പര്യം ജനിപ്പിക്കാൻ നിങ്ങളുടെ പെരുമാറ്റത്തിലൂടെ സാധിച്ചേക്കും. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: ‘“നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവനു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ അവനു കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിനാൽ നീ അവന്റെ തലമേൽ തീക്കനൽ കൂട്ടും.” തിന്മയ്‌ക്കു കീഴടങ്ങാതെ നന്മയാൽ തിന്മയെ കീഴടക്കുക.’ (റോമ. 12:20, 21) പ്രകോപനമുണ്ടാകുമ്പോൾ മര്യാദ വിടാതെ പെരുമാറുന്നെങ്കിൽ ഏതു പരുക്കൻ സ്വഭാവക്കാരെയും മയപ്പെടുത്താനും അവരിലെ നന്മ പുറത്തുകൊണ്ടുവരാനും കഴിയും. മുറിപ്പെടുത്തിയ ആളോട്‌ പരിഗണനയും സമാനുഭാവവും അനുകമ്പയും കാണിക്കുന്നെങ്കിൽ ബൈബിൾസത്യം മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിക്കാനായേക്കും. നിങ്ങൾക്ക്‌ ആ ലക്ഷ്യം സാധിക്കാനായാലും ഇല്ലെങ്കിലും നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച്‌ ചിന്തിക്കാൻ അത്‌ അദ്ദേഹത്തിന്‌ ഒരു അവസരം നൽകും.—1 പത്രോ. 2:12; 3:16.

14. ഒരാൾ നിങ്ങളോട്‌ എത്ര മോശമായി പെരുമാറിയാലും അദ്ദേഹത്തോട്‌ നീരസം വെച്ചുകൊണ്ടിരിക്കാൻ പാടില്ലാത്തത്‌ എന്തുകൊണ്ട്‌?

14 ചില സാഹചര്യങ്ങളിൽ ചിലരുമായി സഹവസിക്കുന്നത്‌ അനുചിതമായിരിക്കും. പാപം ചെയ്‌തിട്ട്‌ അനുതപിക്കാതിരുന്നതിനാൽ സഭയിൽനിന്നു പുറത്താക്കപ്പെട്ടവർ ഈ ഗണത്തിൽപ്പെടും. അങ്ങനെയൊരാൾ നിങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ പിന്നീട്‌ അദ്ദേഹം അനുതപിച്ചാലും ക്ഷമിക്കാൻ നിങ്ങൾക്കു വളരെ ബുദ്ധിമുട്ടായിരിക്കാം; കാരണം, അദ്ദേഹം വരുത്തിവെച്ച വൈകാരികവടുക്കൾ ഉണങ്ങാൻ സമയമെടുക്കും. അത്തരം സാഹചര്യങ്ങളിൽ, അനുതാപം കാണിക്കുന്ന വ്യക്തിയോടു ക്ഷമിക്കാൻ സഹായിക്കണമേയെന്ന്‌ നമുക്ക്‌ യഹോവയോട്‌ ആവർത്തിച്ചു പ്രാർഥിക്കാനാകും. കാരണം, ആ വ്യക്തിയുടെ ഹൃദയത്തിലുള്ളത്‌ യഹോവയ്‌ക്കല്ലാതെ മറ്റാർക്കും അറിയില്ലല്ലോ! അന്തർഗതങ്ങൾ ആരാഞ്ഞറിയുന്ന അവൻ തെറ്റുചെയ്യുന്ന വ്യക്തികളോട്‌ ക്ഷമയോടെയാണ്‌ ഇടപെടുന്നത്‌. (സങ്കീ. 7:9; സദൃ. 17:3) അതുകൊണ്ട്‌ തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “ആർക്കും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. സകലരുടെയും ദൃഷ്ടിയിൽ ശ്രേഷ്‌ഠമായതു ചെയ്യാൻ മനസ്സുവെക്കുവിൻ. സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ. പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന്‌ ഇടംകൊടുക്കുവിൻ. “യഹോവ അരുളിച്ചെയ്യുന്നു: പ്രതികാരം എനിക്കുള്ളത്‌; ഞാൻ പകരം ചെയ്യും.” (റോമ. 12:17-19) മറ്റൊരാളെ കുറ്റംവിധിക്കാൻ നമുക്ക്‌ അധികാരമുണ്ടോ? ഇല്ല. (മത്താ. 7:1, 2) പക്ഷേ, ദൈവം നീതിയോടെ വിധിക്കും എന്ന്‌ ഉറപ്പുണ്ടായിരിക്കുക!

15. ഏതു വസ്‌തുത തിരിച്ചറിയുന്നത്‌ അനീതി പ്രവർത്തിക്കുന്നവരോടുള്ള നമ്മുടെ മനോഭാവത്തെ ബാധിക്കും?

15 നിങ്ങൾ അനീതിക്ക്‌ ഇരയായതായി തോന്നുകയും നിങ്ങളെ ദ്രോഹിച്ച, എന്നാൽ ഇപ്പോൾ അനുതപിക്കുന്ന വ്യക്തിയോടു ക്ഷമിക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെടുകയും ചെയ്യുന്നെങ്കിലോ? നിങ്ങളോട്‌ അനീതി കാട്ടിയ വ്യക്തിയും ഒരുതരത്തിൽ ഒരു ഇരയാണെന്ന്‌ ഓർക്കുക, കൈമാറിക്കിട്ടിയ പാപത്തിന്റെ ഇര. (റോമ. 3:23) അപൂർണരായ എല്ലാ മനുഷ്യരോടും അനുകമ്പയുള്ളവനാണ്‌ യഹോവ. അതുകൊണ്ട്‌ തെറ്റുചെയ്‌ത വ്യക്തിക്കുവേണ്ടി പ്രാർഥിക്കുന്നത്‌ ഉചിതമാണ്‌. നാം ഒരു വ്യക്തിക്കുവേണ്ടി പ്രാർഥിക്കുന്നെങ്കിൽ ആ വ്യക്തിയോടുള്ള ദേഷ്യം അധികംനാൾ മനസ്സിൽ നിൽക്കാൻ സാധ്യതയില്ല. നമ്മെ ഉപദ്രവിക്കുന്നവരോടുപോലും നീരസം വെച്ചുകൊണ്ടിരിക്കരുതെന്ന്‌ യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു: “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ.”—മത്താ. 5:44.

16, 17. ഒരു പാപി അനുതപിച്ചിരിക്കുന്നതായി മൂപ്പന്മാർ വിധിക്കുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കണം, എന്തുകൊണ്ട്‌?

16 ആരെങ്കിലും ഗുരുതരമായ പാപം ചെയ്‌താൽ അതു കൈകാര്യം ചെയ്യാൻ സഭയിൽ യഹോവ ക്രിസ്‌തീയമൂപ്പന്മാരെ നിയോഗിച്ചിട്ടുണ്ട്‌. ഈ സഹോദരന്മാർക്ക്‌ ദൈവം കാണുന്നതുപോലെ കാര്യങ്ങൾ മുഴുവനായി കാണാൻ കഴിയില്ലെന്നത്‌ ശരിതന്നെ. പക്ഷേ, പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ ദൈവവചനത്തിൽ നൽകിയിരിക്കുന്ന മാർഗനിർദേശം അനുസരിച്ച്‌ തീരുമാനമെടുക്കാനാണ്‌ അവർ ശ്രമിക്കുക. അതുകൊണ്ട്‌, യഹോവയുടെ സഹായത്തിനായി പ്രാർഥിച്ചശേഷം അവർ എടുക്കുന്ന തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നത്‌ യഹോവയുടെ വീക്ഷണമായിരിക്കും.—മത്താ. 18:18.

17 ഇവിടെയാണ്‌ നമ്മുടെ വിശ്വസ്‌തത മാറ്റുരയ്‌ക്കപ്പെടുന്നത്‌. ഒരു വ്യക്തി അനുതപിച്ചതായി മൂപ്പന്മാർ വിധിക്കുന്നപക്ഷം നാം ആ വ്യക്തിയോടു ക്ഷമിക്കുകയും അയാളെ തുടർന്നും സ്‌നേഹിക്കുകയും ചെയ്യുമോ? (2 കൊരി. 2:5-8) അത്‌ അത്ര എളുപ്പമായിരിക്കില്ല. വിശേഷിച്ച്‌, നിങ്ങളോ കുടുംബാംഗങ്ങളോ അയാളുടെ തെറ്റിന്റെ തിക്തഫലം അനുഭവിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ. എന്നാൽ, യഹോവയിലും അവൻ സഭയിലൂടെ കാര്യങ്ങൾ നടത്തുന്ന വിധത്തിലും നിങ്ങൾ ആശ്രയം അർപ്പിക്കുന്നെങ്കിൽ നിങ്ങൾ ഉചിതമായി പ്രവർത്തിക്കും. ഉദാരമായി ക്ഷമിക്കാൻ നിങ്ങൾ തയ്യാറാകും.—സദൃ. 3:5, 6.

18. ഉദാരമായി ക്ഷമിക്കുന്നതുകൊണ്ട്‌ എന്തെല്ലാം പ്രയോജനങ്ങളുണ്ട്‌?

18 ക്ഷമിക്കാൻ മനസ്സുകാണിക്കുന്നതിന്റെ പ്രയോജനങ്ങൾ മാനസികാരോഗ്യ വിദഗ്‌ധരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ക്ഷമിക്കുന്നതിലൂടെ ആരോഗ്യത്തിനു ഹാനികരമായ, അടക്കിവെച്ചിരിക്കുന്ന അന്തർസംഘർഷങ്ങൾ അഴിച്ചുവിടാനാകും; സന്തുഷ്ടകരമായ നല്ല ബന്ധങ്ങൾക്ക്‌ അതു വഴിതുറക്കും. ക്ഷമിക്കാനുള്ള മനഃസ്ഥിതി നമുക്കില്ലെങ്കിലോ? ആരോഗ്യപ്രശ്‌നങ്ങൾ, ശിഥിലബന്ധങ്ങൾ, മാനസികപിരിമുറുക്കം, സംസാരിക്കാനുള്ള വിമുഖത തുടങ്ങിയ അനഭിലഷണീയമായ സ്ഥിതിവിശേഷങ്ങൾക്ക്‌ അതു കാരണമാകും. എന്നാൽ ക്ഷമിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം മറ്റൊന്നാണ്‌. സ്വർഗീയപിതാവായ യഹോവയുമായി ഒരു നല്ലബന്ധം അതു നമുക്കു നേടിത്തരും.—കൊലോസ്യർ 3:12-14 വായിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രം]

യേശു ഉപയോഗിച്ച ദൃഷ്ടാന്തത്തിന്റെ കാതൽ എന്ത്‌?

[30-ാം പേജിലെ ചിത്രം]

ക്ഷമിച്ചുകൊടുക്കണം എന്നത്‌ ഒരു ക്രിസ്‌തീയ നിബന്ധനയാണ്‌