വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്‌?

ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്‌?

ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്‌?

എന്തുകൊണ്ടാണ്‌ ഈ ചോദ്യം പ്രസക്തമായിരിക്കുന്നത്‌? ജീവിതത്തിന്‌ ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ലെന്ന ചിന്തപോലെ മനുഷ്യമനസ്സിനെ തളർത്തിക്കളയുന്ന അധികം കാര്യങ്ങളില്ല. നേരെമറിച്ച്‌ വ്യക്തമായ ജീവിതലക്ഷ്യമുള്ള ഒരു വ്യക്തി ഏതൊരു പ്രതിസന്ധിയിലും പിടിച്ചുനിൽക്കും. നാസി കൂട്ടക്കൊലയെ അതിജീവിച്ച നാഡീശാസ്‌ത്രജ്ഞനായ വിക്ടർ ഇ. ഫ്രാങ്കൽ ഇങ്ങനെയെഴുതി: “ജീവിതത്തിന്‌ അർഥമുണ്ടെന്നുള്ള അറിവുപോലെ, ഏറ്റവും വഷളായ അവസ്ഥകളെപ്പോലും അതിജീവിക്കാൻ വളരെ ഫലകരമായി ഒരുവനെ സഹായിക്കുന്ന മറ്റൊന്നും ലോകത്തിലില്ലെന്ന്‌ എനിക്കു പറയാനാകും.”

എന്നിരുന്നാലും പരസ്‌പര വിരുദ്ധമായ നിരവധി അഭിപ്രായങ്ങൾ ഇക്കാര്യത്തിലുണ്ട്‌. ഓരോരുത്തരുടെയും ജീവിതോദ്ദേശ്യം നിർണയിക്കുന്നത്‌ അവരവർ തന്നെയാണെന്നാണ്‌ അനേകരും കരുതുന്നത്‌. അതേസമയം ജീവിതത്തിന്‌ പ്രത്യേകിച്ച്‌ ലക്ഷ്യങ്ങളൊന്നുമില്ലെന്ന്‌ പരിണാമത്തിൽ വിശ്വസിക്കുന്ന ചിലർ പഠിപ്പിക്കുന്നു.

എന്നാൽ ജീവിതോദ്ദേശ്യം കണ്ടെത്താനുള്ള ഏറ്റവും യുക്തിസഹമായ മാർഗം ജീവദാതാവായ യഹോവയാം ദൈവത്തിലേക്കു തിരിയുക എന്നതാണ്‌. ഇക്കാര്യം സംബന്ധിച്ച്‌ അവന്റെ വചനത്തിനു പറയാനുള്ളതു ശ്രദ്ധിക്കുക.

ബൈബിൾ എന്തു പറയുന്നു?

ആദ്യ മനുഷ്യജോഡിയെ സൃഷ്ടിച്ചപ്പോൾ യഹോവയാം ദൈവത്തിന്‌ വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. ആ ആദിമാതാപിതാക്കൾക്ക്‌ അവൻ ഈ കൽപ്പന നൽകി:

ഉല്‌പത്തി 1:28. “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.”

ആദാമും ഹവ്വായും അവരുടെ മക്കളും ചേർന്ന്‌ മുഴുഭൂമിയെയും ഒരു പറുദീസയാക്കണമെന്നായിരുന്നു യഹോവയുടെ ഉദ്ദേശ്യം. മനുഷ്യർ വയസ്സുചെന്നു മരിക്കണമെന്നോ മനുഷ്യവർഗം പരിസ്ഥിതിയെ നശിപ്പിക്കണമെന്നോ അവൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ നമ്മുടെ ആദിമാതാപിതാക്കളുടെ തെറ്റായ തീരുമാനത്തിന്റെ ഫലമായി പാപവും മരണവും മനുഷ്യന്റെ സന്തതസഹചാരികളായിത്തീർന്നു. (ഉല്‌പത്തി 3:2-6; റോമർ 5:12) എങ്കിലും യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റംവന്നിട്ടില്ല. പെട്ടെന്നുതന്നെ ഈ ഭൂമി ഒരു പറുദീസയായിത്തീരും!—യെശയ്യാവു 55:10, 11.

ദൈവോദ്ദേശ്യം നിറവേറ്റാനാവശ്യമായ ശാരീരികവും ബൗദ്ധികവുമായ പ്രാപ്‌തിയോടെയാണ്‌ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും തന്നെക്കൂടാതെ ജീവിക്കാനല്ല യഹോവ നമ്മെ സൃഷ്ടിച്ചത്‌. പിൻവരുന്ന ബൈബിൾഭാഗങ്ങൾ നമ്മെക്കുറിച്ചുള്ള ദൈവോദ്ദേശ്യം വെളിപ്പെടുത്തുന്നതെങ്ങനെയെന്നു നോക്കുക.

സഭാപ്രസംഗി 12:13. “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്‌.”

മീഖാ 6:8. “ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്‌?”

മത്തായി 22:37-39. “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.”

ബൈബിളിന്റെ വിശദീകരണം യഥാർഥ മനശ്ശാന്തി കൈവരുത്തുന്ന വിധം

സങ്കീർണമായ ഏതൊരു യന്ത്രവും ശരിയായി പ്രവർത്തിക്കണമെങ്കിൽ അതു സംബന്ധിച്ചുള്ള നിർമാതാവിന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിലും അദ്ദേഹം നിർദേശിച്ചിട്ടുള്ള വിധത്തിലും അതുപയോഗിക്കേണ്ടതുണ്ട്‌. സമാനമായി ആത്മീയമോ മാനസികമോ വൈകാരികമോ ശാരീരികമോ ആയി ഹാനിതട്ടാതിരിക്കാൻ നമ്മുടെ സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ നാം ജീവിതം നയിക്കണം. ദൈവോദ്ദേശ്യം തിരിച്ചറിയുന്നത്‌ പിൻവരുന്ന മേഖലകളിൽ നമുക്കു മനശ്ശാന്തി പ്രദാനംചെയ്യുന്നത്‌ എങ്ങനെയെന്നു നോക്കാം.

മുൻഗണനകൾ വെക്കുമ്പോൾ . . . എങ്ങനെയും പണം സമ്പാദിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്‌ പലരുമിന്ന്‌. എന്നാൽ “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു” എന്ന്‌ ബൈബിൾ ഓർമിപ്പിക്കുന്നു.—1 തിമൊഥെയൊസ്‌ 6:9, 10.

എന്നാൽ സമ്പത്തു വാരിക്കൂട്ടുന്നതിനു പകരം ദൈവത്തെ സ്‌നേഹിക്കാൻ പഠിക്കുന്നവർ സംതൃപ്‌തിയുടെ രഹസ്യം കണ്ടെത്തുന്നു. (1 തിമൊഥെയൊസ്‌ 6:7, 8) അവർ കഠിനാധ്വാനത്തിന്റെ മൂല്യം തിരിച്ചറിയുകയും സ്വന്തം ഭൗതികാവശ്യങ്ങൾക്കുള്ള വകകണ്ടെത്താൻ തങ്ങൾ കടപ്പെട്ടവരാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നു. (എഫെസ്യർ 4:28) “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്‌താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല” എന്ന യേശുവിന്റെ മുന്നറിയിപ്പും അവർ കാര്യമായെടുക്കുന്നു.—മത്തായി 6:24.

അതുകൊണ്ട്‌ ദൈവത്തെ സ്‌നേഹിക്കുന്നവർ തൊഴിലിനോ പണസമ്പാദനത്തിനോ പകരം അവന്റെ ഇഷ്ടം ചെയ്യുന്നതിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നു. ദൈവേഷ്ടം ചെയ്യുക എന്ന ലക്ഷ്യത്തെ കേന്ദ്രീകരിച്ചു ജീവിതം നയിക്കുന്നപക്ഷം യഹോവയാം ദൈവം തങ്ങളെ പരിപാലിക്കുമെന്ന്‌ അവർക്കറിയാം. അതു തന്റെ കടമയായിട്ടാണ്‌ യഹോവ വീക്ഷിക്കുന്നത്‌.—മത്തായി 6:25-33.

മറ്റുള്ളവരുമായി ഇടപെടുമ്പോൾ . . . എവിടെയും ഒന്നാമനാകണമെന്നാണ്‌ പലരുടെയും ആഗ്രഹം. അനേകരും “സ്വസ്‌നേഹികളും . . . വാത്സല്യമില്ലാത്തവരും” ആയിത്തീർന്നിരിക്കുന്നു എന്നതാണ്‌ ഇന്നു ലോകത്തിൽ സമാധാനം ഇല്ലാത്തതിന്റെ മുഖ്യകാരണം. (2 തിമൊഥെയൊസ്‌ 3:2, 3) ആരെങ്കിലും അവരെ നിരാശപ്പെടുത്തുകയോ അവരുടെ വീക്ഷണങ്ങളോടു യോജിക്കാതിരിക്കുകയോ ചെയ്യുമ്പോൾ “കോപവും ക്രോധവും കൂറ്റാരവും ദൂഷണവും” ആയിരിക്കും അനന്തരഫലം. (എഫെസ്യർ 4:31) ആത്മനിയന്ത്രണമില്ലാതെയുള്ള അത്തരം സ്വഭാവവിശേഷം മനശ്ശാന്തിക്കു പകരം “കലഹം ഉണ്ടാക്കു”കയേ ഉള്ളൂ.—സദൃശവാക്യങ്ങൾ 15:18.

നേരെമറിച്ച്‌ സഹമനുഷ്യനെ തന്നെപ്പോലെ സ്‌നേഹിക്കാനുള്ള ദിവ്യകൽപ്പന അനുസരിക്കുന്നവർ ‘തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി അന്യോന്യം ക്ഷമിക്കുന്നവർ’ ആയിരിക്കും. (എഫെസ്യർ 4:32; കൊലൊസ്സ്യർ 3:13) മറ്റുള്ളവർ ദയാരഹിതമായി പെരുമാറുമ്പോഴും, “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെ”യിരുന്ന യേശുവിനെ അനുകരിക്കാൻ അവർ ശ്രമിക്കും. (1 പത്രൊസ്‌ 2:23) മറ്റുള്ളവരെ, ചെയ്യുന്ന ഉപകാരങ്ങൾക്കു വിലമതിപ്പില്ലാത്തവരെപ്പോലും, സേവിക്കുന്നത്‌ യഥാർഥ സംതൃപ്‌തി കൈവരുത്തുമെന്ന്‌ യേശുവിനെപ്പോലെ അവർക്കും അറിയാം. (മത്തായി 20:25-28; യോഹന്നാൻ 13:14, 15; പ്രവൃത്തികൾ 20:35) തന്റെ പുത്രനെ അനുകരിക്കുന്നവർക്ക്‌ യഹോവ പരിശുദ്ധാത്മാവിനെ നൽകുന്നു, ആ ആത്മാവ്‌ അവർക്കു മനശ്ശാന്തി പകരുകയും ചെയ്യുന്നു.—ഗലാത്യർ 5:22.

എന്നാൽ മനശ്ശാന്തിക്ക്‌ ഭാവി സംബന്ധിച്ച നിങ്ങളുടെ വീക്ഷണവുമായി എന്തു ബന്ധമാണുള്ളത്‌?

[6-ാം പേജിലെ ആകർഷക വാക്യം]

വ്യക്തമായ ഒരു ജീവിതലക്ഷ്യം അനുപേക്ഷണീയമാണ്‌

[7-ാം പേജിലെ ചിത്രം]

മനശ്ശാന്തി നേടാനുള്ള മാർഗം യേശു കാണിച്ചുതന്നു