വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവൻ പുനഃസ്ഥാപിക്കുന്നവൻ

ജീവൻ പുനഃസ്ഥാപിക്കുന്നവൻ

ദൈവത്തോട്‌ അടുത്തുചെല്ലുക

ജീവൻ പുനഃസ്ഥാപിക്കുന്നവൻ

ലൂക്കൊസ്‌ 7:11-15

പ്രിയപ്പെട്ട ആരെയെങ്കിലും നിങ്ങൾക്കു മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ, ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഒരനുഭവത്തിലൂടെ നിങ്ങൾ കടന്നുപോയിരിക്കുന്നു. ആ ദുഃഖത്തിന്റെ തീവ്രത എത്രത്തോളമാണെന്നു നമ്മുടെ സ്രഷ്ടാവിന്‌ അറിയാം. അതിലുപരി, മരണത്തിന്റെ തിക്തഫലങ്ങളെ ഇല്ലായ്‌മ ചെയ്യാനും അവനാകും. യഹോവ ജീവദാതാവ്‌ മാത്രമല്ല ജീവൻ പുനഃസ്ഥാപിക്കുന്നവനും കൂടിയാണെന്നു പുനരുത്ഥാനങ്ങളെക്കുറിച്ചുള്ള ബൈബിൾ രേഖകൾ തെളിയിക്കുന്നു. മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തി യഹോവ തന്റെ പുത്രനായ യേശുക്രിസ്‌തുവിനു നൽകുകയുണ്ടായി. അവൻ നടത്തിയ പുനരുത്ഥാനങ്ങളിലൊന്ന്‌ ലൂക്കൊസ്‌ 7:11-15-ൽ രേഖപ്പെടുത്തിയിരിക്കുന്നു. നമുക്കിപ്പോൾ ആ വിവരണമൊന്നു പരിചിന്തിക്കാം.

വർഷം എ.ഡി. 31, യേശു ഗലീലയിലെ നയിൻ എന്ന പട്ടണത്തിലേക്കു പോകുകയായിരുന്നു. (വാക്യം 11) അവൻ പട്ടണത്തിന്റെ അടുത്തെത്തിയപ്പോൾ സന്ധ്യയാകാറായി. ബൈബിൾ പറയുന്നു: “അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മെക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.” (വാക്യം 12) വിധവയായ ആ അമ്മയുടെ മനോവ്യഥ നിങ്ങൾക്ക്‌ ഊഹിക്കാമോ? ഏകപുത്രന്റെ മരണത്തോടെ, ഇതു രണ്ടാം തവണയാണു തനിക്കു താങ്ങും തണലുമായിരുന്ന ഒരാളെ അവർക്കു നഷ്ടപ്പെടുന്നത്‌.

ശവമഞ്ചത്തെ അനുഗമിച്ചിരുന്ന ദുഃഖാർത്തയായ ആ അമ്മയിലേക്കായി യേശുവിന്റെ ശ്രദ്ധ. വിവരണം തുടരുന്നു: “അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു.” (വാക്യം 13) അവരുടെ ദുരവസ്ഥയിൽ യേശുവിന്റെ മനസ്സലിഞ്ഞു. തന്റെ അമ്മയെക്കുറിച്ച്‌ യേശു അപ്പോൾ ചിന്തിച്ചുപോയിരിക്കാം. ഒരുപക്ഷേ അപ്പോഴേക്കും വിധവ ആയിത്തീർന്നിരുന്ന തന്റെ അമ്മ താമസിയാതെതന്നെ തന്നെക്കുറിച്ചു വിലപിക്കേണ്ടി വരുമല്ലോ എന്ന ചിന്ത ആയിരുന്നിരിക്കാം അവന്റെ മനസ്സിൽ.

യേശു മഞ്ചത്തിനടുത്തേക്കു ചെന്നു, പക്ഷേ വിലാപയാത്രയിൽ പങ്കുചേരാനായിരുന്നില്ല അത്‌. അധികാരത്തോടെ അവൻ “മഞ്ചം തൊട്ടു,” അപ്പോൾ ചുമക്കുന്നവർ ഉൾപ്പെടെ എല്ലാവരും നിന്നു. മരണത്തിനുമേൽ അധികാരം ലഭിച്ചവൻ എന്ന നിലയിൽ അവൻ പറഞ്ഞു: “ബാല്യക്കാരാ എഴുന്നേല്‌ക്ക എന്നു ഞാൻ നിന്നോടു പറയുന്നു . . . മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്‌പിച്ചുകൊടുത്തു.” (വാക്യം 14, 15) മരണം അവനെ തട്ടിയെടുത്തപ്പോൾ അവൻ അമ്മയുടേത്‌ അല്ലാതായി. അതുകൊണ്ട്‌ യേശു അവനെ ‘അമ്മയ്‌ക്കു ഏൽപ്പിച്ചുകൊടുത്തപ്പോൾ’ അവർ വീണ്ടും ഒരു കുടുംബമായി. ആ വിധവയുടെ ദുഃഖാശ്രുക്കൾ ഇപ്പോൾ സന്തോഷാശ്രുക്കളായി മാറി.

മരിച്ചുപോയ പ്രിയപ്പെട്ടവരുമായി ഒന്നിക്കുമ്പോഴുള്ള ആ സന്തോഷം അനുഭവിക്കാൻ നിങ്ങൾ വാഞ്‌ഛിക്കുന്നുണ്ടോ? യഹോവ നിങ്ങളെ മനസ്സിലാക്കുന്നു. യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ചതിനാൽ, ദുഃഖാർത്തയായ ആ വിധവയോടു യേശുവിനു തോന്നിയ സമാനുഭാവം യഥാർഥത്തിൽ യഹോവയുടെ തന്നെ അനുകമ്പയുടെ പ്രതിഫലനമായിരുന്നു. (യോഹന്നാൻ 14:9) തന്റെ ഓർമയിൽ സൂക്ഷിക്കുന്നവരെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ ദൈവത്തിന്‌ അതിയായ താത്‌പര്യമുണ്ടെന്നു ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 14:14, 15) പറുദീസാഭൂമിയിൽ ജീവിക്കാനും മരിച്ചുപോയ പ്രിയപ്പെട്ടവർ പുനരുത്ഥാനത്തിൽ വരുന്നതു കാണാനുമുള്ള അത്ഭുതകരമായ പ്രത്യാശ അവന്റെ വചനമായ ബൈബിൾ നമുക്കു നൽകുന്നു. (ലൂക്കൊസ്‌ 23:43; യോഹന്നാൻ 5:28, 29) ഈ പ്രത്യാശ നിങ്ങളുടെ സ്വന്തമാക്കാനും മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്ന യഹോവയെക്കുറിച്ചു കൂടുതൽ അറിയാനും ശ്രമിക്കരുതോ?

[11-ാം പേജിലെ ചിത്രം]

“മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്‌പിച്ചുകൊടുത്തു”