വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ച്‌

മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ച്‌

യേശുവിൽ നിന്നു പഠിക്കുക

മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ച്‌

സ്വർഗത്തിൽ ജീവിക്കാനുള്ള പ്രത്യാശ യേശു നൽകിയോ?

തീർച്ചയായും അങ്ങനെയൊരു പ്രത്യാശ യേശു നൽകിയിട്ടുണ്ട്‌! മരണത്തിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ട യേശു സ്വർഗത്തിലേക്ക്‌, തന്റെ പിതാവിന്റെ അടുക്കലേക്ക്‌, പോയതായി ബൈബിളിൽനിന്നു നാം മനസ്സിലാക്കുന്നു. അതുപോലെ, മരണത്തിനുമുമ്പ്‌ യേശു വിശ്വസ്‌തരായ തന്റെ 11 അപ്പൊസ്‌തലന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്‌; . . . ഞാൻ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നു.” (യോഹന്നാൻ 14:2) എന്നാൽ ചുരുക്കം ചിലർക്കേ ഈ പദവി ലഭിക്കുമായിരുന്നുള്ളൂ. “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടേണ്ട. നിങ്ങളുടെ പിതാവ്‌ രാജ്യം നിങ്ങൾക്കു നൽകാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ യേശു അതു വ്യക്തമാക്കി.—ലൂക്കോസ്‌ 12:32.

‘ചെറിയ ആട്ടിൻക്കൂട്ടത്തിൽ’പ്പെട്ടവർ സ്വർഗത്തിൽ എന്തു ചെയ്യും?

യേശുവിന്റെ സഹഭരണാധികാരികളെന്നനിലയിൽ ഒരു സ്വർഗീയ ഗവൺമെന്റിന്റെ ഭാഗമായിരിക്കാൻ ദൈവം ഈ ചെറിയ കൂട്ടത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്‌. നമുക്ക്‌ അതെങ്ങനെ അറിയാം? തന്റെ അനുഗാമികളിൽ ചിലർ, “ഭൂമിമേൽ രാജാക്കന്മാരായി വാഴും” എന്ന്‌ മരണത്തിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടശേഷം യേശു അപ്പൊസ്‌തലനായ യോഹന്നാന്‌ വെളിപ്പെടുത്തിക്കൊടുത്തു. (വെളിപാട്‌ 1:1; 5:9, 10) ഇത്‌ ഒരു സുവാർത്തയാണ്‌. മനുഷ്യരുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ്‌ ഒരു നല്ല ഭരണകൂടം. യേശുവിന്റെ നേതൃത്വത്തിലുള്ള ഈ ഗവൺമെന്റ്‌ എന്തു നേട്ടം കൈവരിക്കും? “പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും പന്ത്രണ്ടുസിംഹാസനങ്ങളിലിരുന്ന്‌ . . . ന്യായംവിധിക്കും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 19:28) യേശുവിന്റെയും അവന്റെ അനുഗാമികളുടെയും ഭരണം മുഖാന്തരം, പാപം ചെയ്യുന്നതിനുമുമ്പ്‌ ആദ്യ മനുഷ്യജോഡി ആസ്വദിച്ചിരുന്ന പൂർണതയുള്ള അവസ്ഥ ഭൂമിയിൽ ‘പുനഃസൃഷ്ടിക്കപ്പെടും’ അഥവാ പുനഃസ്ഥാപിക്കപ്പെടും.

മറ്റു മനുഷ്യർക്ക്‌ യേശു എന്തു പ്രത്യാശ നൽകി?

യേശു സൃഷ്ടിക്കപ്പെട്ടത്‌ സ്വർഗത്തിൽ ജീവിക്കാനാണ്‌, മനുഷ്യരാകട്ടെ ഭൂമിയിലും. (സങ്കീർത്തനം 115:16) അതുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ താഴെനിന്നുള്ളവർ; ഞാനോ ഉയരങ്ങളിൽനിന്നുള്ളവൻ.” (യോഹന്നാൻ 8:23) എന്നാൽ മനുഷ്യർക്ക്‌ ഭൂമിയിൽ അനുഗൃഹീതമായ ഒരു ജീവിതം ലഭിക്കാൻ പോകുകയാണെന്നും യേശു പറഞ്ഞു. “സൗമ്യതയുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ അവർ ഭൂമിയെ അവകാശമാക്കും” എന്ന്‌ ഒരിക്കൽ അവൻ പറയുകയുണ്ടായി. (മത്തായി 5:5) സങ്കീർത്തനപുസ്‌തകത്തിലെ പിൻവരുന്ന വാക്കുകളെ ആധാരമാക്കിയായിരുന്നു യേശു സംസാരിച്ചത്‌: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:11, 29.

അതെ, സ്വർഗത്തിലേക്കു പോകുന്ന ‘ചെറിയ ആട്ടിൻകൂട്ടത്തിനു’ മാത്രമല്ല നിത്യജീവൻ ലഭിക്കുക. ദശലക്ഷക്കണക്കിനുവരുന്ന മനുഷ്യർക്ക്‌ നൽകപ്പെട്ടിരിക്കുന്ന പ്രത്യാശയെക്കുറിച്ചും യേശു സംസാരിച്ചു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു.”—യോഹന്നാൻ 3:16.

ദൈവം മനുഷ്യകുലത്തെ കഷ്ടങ്ങളിൽനിന്ന്‌ എങ്ങനെ വിടുവിക്കും?

“ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു. ഇപ്പോൾ ഈ ലോകത്തിന്റെ അധിപതിയെ പുറന്തള്ളും.” കഷ്ടതകൾക്കിടയാക്കുന്ന രണ്ടുഘടകങ്ങളിൽനിന്നുള്ള വിടുതലിനെക്കുറിച്ചാണ്‌ യേശു ഇവിടെ പരാമർശിക്കുന്നത്‌. (യോഹന്നാൻ 12:31) ഒന്നാമതായി, കഷ്ടങ്ങൾ വരുത്തിവെക്കുന്ന ദുഷ്ടരായ മനുഷ്യരെ ദൈവം ന്യായംവിധിച്ച്‌ നിഗ്രഹിക്കും. രണ്ടാമതായി, സാത്താനെ ദൈവം നശിപ്പിക്കും. മനുഷ്യവർഗത്തെ വഴിതെറ്റിക്കാൻ മേലാൽ അവൻ ഉണ്ടായിരിക്കില്ല.

ദൈവത്തെയും ക്രിസ്‌തുവിനെയും കുറിച്ച്‌ മനസ്സിലാക്കാനോ അവരിൽ വിശ്വസിക്കാനോ അവസരം ലഭിക്കാതെ മരിച്ചുപോയവർക്ക്‌ എന്തെങ്കിലും പ്രത്യാശയുണ്ടോ? തന്നോടൊപ്പം വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട കുറ്റവാളിയോട്‌ യേശു പറഞ്ഞു: “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.” (ലൂക്കോസ്‌ 23:43) പറുദീസാഭൂമിയിൽ ഉയിർത്തെഴുന്നേൽക്കുന്ന മറ്റ്‌ ദശലക്ഷങ്ങളോടൊപ്പം ഈ വ്യക്തിക്കും ദൈവത്തെക്കുറിച്ചു പഠിക്കാൻ അവസരം ലഭിക്കും. അങ്ങനെ ഭൂമിയിൽ നിത്യമായി ജീവിക്കാൻ അവസരം ലഭിക്കുന്ന സൗമ്യരും നീതിനിഷ്‌ഠരുമായ ആളുകളുടെ കൂട്ടത്തിൽ അവനും ഉണ്ടായിരിക്കും.—പ്രവൃത്തികൾ 24:15.

കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? * എന്ന പുസ്‌തകത്തിന്റെ 3-ഉം, 7-ഉം അധ്യായങ്ങൾ കാണുക.

[അടിക്കുറിപ്പ്‌]

^ ഖ. 13 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[29-ാം പേജിലെ ചിത്രം]

“നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29