ലൂക്കോസ്‌ എഴുതിയത്‌ 12:1-59

12  ഇതിനിടെ, അനേകാ​യി​രങ്ങൾ അവിടെ തിങ്ങി​ക്കൂ​ടി. കാലു കുത്താൻപോ​ലും ഇടമി​ല്ലാ​യി​രു​ന്നു. യേശു ആദ്യം ശിഷ്യ​ന്മാ​രോ​ടാ​യി ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “പരീശ​ന്മാ​രു​ടെ കപടഭ​ക്തി​യെന്ന പുളിച്ച മാവി​നെ​ക്കു​റിച്ച്‌ ജാഗ്രത വേണം.+  എന്നാൽ മറച്ചു​വെ​ച്ചി​രി​ക്കു​ന്ന​തൊ​ന്നും എന്നെന്നും മറഞ്ഞി​രി​ക്കില്ല. രഹസ്യ​മാ​യ​തൊ​ന്നും വെളി​ച്ചത്ത്‌ വരാതി​രി​ക്കു​ക​യു​മില്ല.+  നിങ്ങൾ ഇരുട്ടത്ത്‌ പറയു​ന്നതു വെളി​ച്ചത്ത്‌ കേൾക്കും. നിങ്ങൾ മുറി​ക്കു​ള്ളിൽ ഇരുന്ന്‌ മന്ത്രിക്കുന്നതു* പുരമു​ക​ളിൽനിന്ന്‌ വിളി​ച്ചു​പ​റ​യും.  സ്‌നേ​ഹി​തരേ,+ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ശരീരത്തെ കൊല്ലു​ന്ന​വരെ നിങ്ങൾ പേടി​ക്കേണ്ടാ. അവർക്ക്‌ അതു മാത്ര​മല്ലേ ചെയ്യാൻ കഴിയൂ.+  എന്നാൽ ആരെ പേടി​ക്ക​ണ​മെന്നു ഞാൻ പറഞ്ഞു​ത​രാം: കൊന്നിട്ട്‌ ഗീഹെന്നയിൽ എറിയാൻ അധികാ​ര​മു​ള്ള​വ​നെ​യാ​ണു പേടിക്കേണ്ടത്‌.+ അതെ, ഞാൻ പറയുന്നു, ആ വ്യക്തി​യെ​യാ​ണു നിങ്ങൾ പേടിക്കേണ്ടത്‌.+  നിസ്സാ​ര​വി​ല​യുള്ള രണ്ടു നാണയ​ത്തു​ട്ടി​നല്ലേ അഞ്ചു കുരു​വി​കളെ വിൽക്കുന്നത്‌? എങ്കിലും അവയിൽ ഒന്നി​നെ​പ്പോ​ലും ദൈവം മറക്കുന്നില്ല.*+  എന്നാൽ നിങ്ങളു​ടെ കാര്യ​മോ, നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ പേടി​ക്കേണ്ടാ. അനേകം കുരു​വി​ക​ളെ​ക്കാൾ എത്രയോ വിലയു​ള്ള​വ​രാ​ണു നിങ്ങൾ!+  “ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മറ്റുള്ള​വ​രു​ടെ മുന്നിൽ എന്നെ അംഗീ​ക​രി​ക്കുന്ന ഏതൊരാളെയും+ ദൈവ​ദൂ​ത​ന്മാ​രു​ടെ മുന്നിൽ മനുഷ്യ​പു​ത്ര​നും അംഗീ​ക​രി​ക്കും.+  മറ്റുള്ള​വ​രു​ടെ മുന്നിൽ എന്നെ തള്ളിപ്പ​റ​യു​ന്ന​വ​രെ​യോ ദൈവ​ദൂ​ത​ന്മാ​രു​ടെ മുന്നിൽ മനുഷ്യ​പു​ത്ര​നും തള്ളിപ്പ​റ​യും.+ 10  മനുഷ്യ​പു​ത്രന്‌ എതിരെ ആരെങ്കി​ലും എന്തെങ്കി​ലും പറഞ്ഞാൽ അത്‌ അവനോ​ടു ക്ഷമിക്കും. എന്നാൽ പരിശു​ദ്ധാ​ത്മാ​വി​നെ നിന്ദി​ക്കു​ന്ന​വ​നോട്‌ അക്കാര്യം ക്ഷമിക്കില്ല.+ 11  അവർ നിങ്ങളെ പൊതുസദസ്സിന്റെയോ ഭരണാ​ധി​കാ​രി​ക​ളു​ടെ​യോ മറ്റ്‌ ഏതെങ്കി​ലും അധികാ​രി​ക​ളു​ടെ​യോ മുമ്പാകെ ഹാജരാ​ക്കു​മ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ ചിന്തിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടാ.+ 12  എന്തു പറയണ​മെന്നു പരിശു​ദ്ധാ​ത്മാവ്‌ ആ സമയത്ത്‌ നിങ്ങളെ പഠിപ്പി​ക്കും.”+ 13  അപ്പോൾ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ ഒരാൾ യേശു​വി​നോട്‌, “ഗുരുവേ, പിതൃ​സ്വ​ത്തു വീതിച്ച്‌ എന്റെ പങ്കു തരാൻ അങ്ങ്‌ എന്റെ സഹോ​ദ​ര​നോ​ടു പറയണം” എന്നു പറഞ്ഞു. 14  യേശു അയാ​ളോട്‌, “മനുഷ്യാ, നിങ്ങൾ രണ്ടു പേരും ഉൾപ്പെട്ട പ്രശ്‌ന​ത്തിൽ എന്നെ ആരെങ്കി​ലും ന്യായാ​ധി​പ​നോ മധ്യസ്ഥ​നോ ആയി നിയമി​ച്ചി​ട്ടു​ണ്ടോ” എന്നു ചോദി​ച്ചു. 15  പിന്നെ യേശു അവരോ​ടു പറഞ്ഞു: “സൂക്ഷി​ച്ചു​കൊ​ള്ളുക. എല്ലാ തരം അത്യാ​ഗ്ര​ഹ​ത്തി​നും എതിരെ ജാഗ്രത വേണം.+ ഒരാൾക്ക്‌ എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്‌.”+ 16  എന്നിട്ട്‌ യേശു അവരോട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “ധനിക​നായ ഒരാളു​ടെ ഭൂമി നല്ല വിളവ്‌ നൽകി. 17  അപ്പോൾ അയാൾ, ‘ഞാൻ എന്തു ചെയ്യും, വിളവ്‌ ശേഖരി​ച്ചു​വെ​ക്കാൻ എനിക്കു സ്ഥലം പോര​ല്ലോ’ എന്നു ചിന്തിച്ചു. 18  അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും:+ എന്റെ സംഭര​ണ​ശാ​ലകൾ പൊളിച്ച്‌ കൂടുതൽ വലിയവ പണിയും. എന്റെ ധാന്യ​വും എനിക്കു​ള്ള​തൊ​ക്കെ​യും ഞാൻ അവിടെ സംഭരി​ച്ചു​വെ​ക്കും. 19  എന്നിട്ട്‌ എന്നോ​ടു​തന്നെ ഇങ്ങനെ പറയും: “അനേക​വർഷ​ത്തേക്കു വേണ്ട​തെ​ല്ലാം നീ സ്വരു​ക്കൂ​ട്ടി​യി​രി​ക്കു​ന്നു. ഇനി വിശ്ര​മി​ച്ചു​കൊ​ള്ളുക. തിന്നുക, കുടി​ക്കുക, ആനന്ദി​ക്കുക.”’ 20  എന്നാൽ ദൈവം അയാ​ളോ​ടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോ​ടു ചോദി​ക്കും. പിന്നെ നീ ഈ സമ്പാദി​ച്ചു​വെ​ച്ച​തൊ​ക്കെ ആര്‌ അനുഭ​വി​ക്കാ​നാണ്‌?’+ 21  തനിക്കു​വേണ്ടി സമ്പത്തു സ്വരൂ​പി​ക്കു​ക​യും എന്നാൽ ദൈവ​മു​മ്പാ​കെ സമ്പന്നനാ​കാ​തി​രി​ക്കു​ക​യും ചെയ്യുന്നവന്റെ കാര്യ​വും ഇങ്ങനെ​ത​ന്നെ​യാ​കും.”+ 22  പിന്നെ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “അതു​കൊണ്ട്‌ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്തു തിന്നും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ജീവ​നെ​ക്കു​റി​ച്ചും എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ശരീര​ത്തെ​ക്കു​റി​ച്ചും ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌.+ 23  ആഹാര​ത്തെ​ക്കാൾ ജീവനും വസ്‌ത്ര​ത്തെ​ക്കാൾ ശരീര​വും എത്ര വില​യേ​റി​യ​താണ്‌! 24  കാക്കയു​ടെ കാര്യം​തന്നെ എടുക്കുക: അതു വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, അതിനു പത്തായ​പ്പു​ര​യോ സംഭര​ണ​ശാ​ല​യോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റു​ന്നു.+ പക്ഷിക​ളെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ?+ 25  ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​ലൂ​ടെ ആയുസ്സി​നോട്‌ ഒരു മുഴ​മെ​ങ്കി​ലും കൂട്ടാൻ ആർക്കെ​ങ്കി​ലും കഴിയുമോ? 26  ഈ ചെറി​യൊ​രു കാര്യം​പോ​ലും ചെയ്യാൻ കഴിയി​ല്ലെ​ങ്കിൽപ്പി​ന്നെ മറ്റു കാര്യങ്ങൾ ഓർത്ത്‌ നിങ്ങൾ എന്തിന്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടണം?+ 27  ലില്ലി​ച്ചെ​ടി​കൾ എങ്ങനെ വളരു​ന്നെന്നു നോക്കുക. അവ അധ്വാ​നി​ക്കു​ന്നില്ല, നൂൽ നൂൽക്കു​ന്നു​മില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോ​മോൻ പ്രതാ​പ​ത്തി​ലി​രു​ന്ന​പ്പോൾപ്പോ​ലും അവയി​ലൊ​ന്നി​നോ​ളം അണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടില്ല.+ 28  ഇന്നു കാണു​ന്ന​തും നാളെ തീയി​ലി​ടു​ന്ന​തും ആയ ഈ ചെടി​കളെ ദൈവം ഇങ്ങനെ അണിയി​ച്ചൊ​രു​ക്കു​ന്നെ​ങ്കിൽ അൽപ്പം വിശ്വാ​സ​മു​ള്ള​വരേ, നിങ്ങളെ എത്രയ​ധി​കം! 29  അതു​കൊണ്ട്‌ എന്തു കഴിക്കും, എന്തു കുടി​ക്കും എന്ന്‌ അന്വേ​ഷി​ക്കു​ന്നതു മതിയാ​ക്കുക. ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തും ഒഴിവാ​ക്കുക.+ 30  ലോകത്തെ ജനതക​ളാണ്‌ ഇത്തരം കാര്യ​ങ്ങൾക്കു പിന്നാലെ വേവലാ​തി​യോ​ടെ പരക്കം​പാ​യു​ന്നത്‌. പക്ഷേ ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യ​മാ​ണെന്നു നിങ്ങളു​ടെ പിതാ​വിന്‌ അറിയാ​മ​ല്ലോ.+ 31  അതു​കൊണ്ട്‌ ദൈവ​രാ​ജ്യം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക. അപ്പോൾ ഇപ്പറഞ്ഞ​തെ​ല്ലാം നിങ്ങൾക്കു കിട്ടും.+ 32  “ചെറിയ ആട്ടിൻകൂ​ട്ടമേ, പേടി​ക്കേണ്ടാ.+ രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളു​ടെ പിതാവ്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.+ 33  നിങ്ങൾക്കു​ള്ളതു വിറ്റ്‌ ദാനം ചെയ്യുക.+ നശിച്ചു​പോ​കാത്ത പണസ്സഞ്ചി ഉണ്ടാക്കിക്കൊള്ളുക. അതെ, ഒരിക്ക​ലും തീർന്നു​പോ​കാത്ത നിക്ഷേപം സ്വർഗ​ത്തിൽ സ്വരൂപിക്കുക.+ അവിടെ കള്ളൻ കയറു​ക​യോ കീടങ്ങൾ നാശം വരുത്തു​ക​യോ ഇല്ലല്ലോ. 34  നിങ്ങളു​ടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും. 35  “നിങ്ങൾ വസ്‌ത്രം ധരിച്ച്‌ തയ്യാറാ​യി​രി​ക്കുക.+ നിങ്ങളു​ടെ വിളക്ക്‌ എപ്പോ​ഴും കത്തിനിൽക്കട്ടെ.+ 36  വിവാഹത്തിനു* പോയിട്ട്‌ മടങ്ങി​വ​രുന്ന യജമാനൻ വാതി​ലിൽ മുട്ടു​മ്പോൾത്തന്നെ വാതിൽ തുറന്നു​കൊ​ടു​ക്കാൻ കാത്തി​രി​ക്കു​ന്ന​വ​രെ​പ്പോ​ലെ​യാ​യി​രി​ക്കണം നിങ്ങൾ.+ 37  യജമാനൻ വരു​മ്പോൾ ഉണർന്നി​രി​ക്കു​ന്ന​താ​യി കാണുന്ന ദാസന്മാർക്കു സന്തോ​ഷി​ക്കാം. അയാൾ അവരെ മേശയ്‌ക്കൽ ഭക്ഷണത്തിന്‌ ഇരുത്തു​ക​യും വസ്‌ത്രം മാറി അരികെ നിന്ന്‌ വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കു​ക​യും ചെയ്യും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 38  ഇനി അയാൾ വരുന്നതു രണ്ടാം യാമത്തി​ലോ മൂന്നാം യാമത്തി​ലോ ആയാലും അവർ തയ്യാറാ​യി​നിൽക്കു​ന്നെ​ങ്കിൽ അവർക്കു സന്തോഷിക്കാം. 39  ഇത്‌ ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടു​കാ​രന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ കള്ളൻ വീടു കവർച്ച ചെയ്യാ​തി​രി​ക്കാൻ അയാൾ നോക്കി​ല്ലാ​യി​രു​ന്നോ?+ 40  മനുഷ്യ​പു​ത്രൻ വരുന്ന​തും നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും. അതു​കൊണ്ട്‌ നിങ്ങൾ ഒരുങ്ങി​യി​രി​ക്കണം.”+ 41  അപ്പോൾ പത്രോസ്‌ ചോദി​ച്ചു: “കർത്താവേ, അങ്ങ്‌ ഈ ദൃഷ്ടാന്തം പറയു​ന്നതു ഞങ്ങൾക്കു​വേണ്ടി മാത്ര​മോ? അതോ എല്ലാവർക്കും​വേ​ണ്ടി​യോ?” 42  അപ്പോൾ കർത്താവ്‌ പറഞ്ഞു: “തന്റെ പരിചാ​ര​ക​ഗ​ണ​ത്തി​നു തക്കസമ​യത്ത്‌ മുടങ്ങാ​തെ ആഹാര​വി​ഹി​തം കൊടു​ക്കാൻ യജമാനൻ അവരുടെ മേൽ നിയമി​ക്കുന്ന വിശ്വ​സ്‌ത​നും വിവേ​കി​യും ആയ കാര്യസ്ഥൻ ആരാണ്‌?+ 43  ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യു​ന്ന​താ​യി, യജമാനൻ വരു​മ്പോൾ കാണു​ന്നെ​ങ്കിൽ ആ അടിമ​യ്‌ക്കു സന്തോ​ഷി​ക്കാം. 44  യജമാനൻ തന്റെ എല്ലാ സ്വത്തു​ക്ക​ളു​ടെ​യും ചുമതല അയാളെ ഏൽപ്പി​ക്കും എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 45  എന്നാൽ ആ അടിമ എന്നെങ്കി​ലും, ‘എന്റെ യജമാനൻ വരാൻ വൈകു​ന്നു’+ എന്നു ഹൃദയ​ത്തിൽ പറഞ്ഞ്‌ ദാസന്മാ​രെ​യും ദാസി​മാ​രെ​യും അടിക്കാ​നും തിന്നു​കു​ടിച്ച്‌ മത്തനാ​കാ​നും തുടങ്ങുന്നെങ്കിൽ+ 46  അയാൾ പ്രതീ​ക്ഷി​ക്കാത്ത ദിവസം, അയാൾക്ക്‌ അറിയി​ല്ലാത്ത സമയത്ത്‌ യജമാനൻ വന്ന്‌ അയാളെ കഠിന​മാ​യി ശിക്ഷിച്ച്‌ വിശ്വ​സ്‌ത​ര​ല്ലാ​ത്ത​വ​രു​ടെ കൂട്ടത്തി​ലേക്കു തള്ളും. 47  യജമാനന്റെ ഇഷ്ടം മനസ്സി​ലാ​ക്കി​യി​ട്ടും ഒരുങ്ങി​യി​രി​ക്കാ​തെ​യും അദ്ദേഹം ആവശ്യ​പ്പെ​ട്ടതു ചെയ്യാതെയും* ഇരുന്ന ആ അടിമ ഒരുപാട്‌ അടികൊള്ളും.+ 48  എന്നാൽ അടി കിട്ടേണ്ട കാര്യ​മാ​ണു ചെയ്‌ത​തെ​ങ്കി​ലും കാര്യം മനസ്സി​ലാ​കാ​ഞ്ഞി​ട്ടാണ്‌ അങ്ങനെ ചെയ്‌ത​തെ​ങ്കിൽ അവനു കുറച്ച്‌ അടിയേ കിട്ടൂ. ഏറെ കൊടു​ത്ത​വ​നോട്‌ ഏറെ ആവശ്യ​പ്പെ​ടും. അധികം ഏൽപ്പി​ച്ച​വ​നോട്‌ അധികം ചോദി​ക്കും.+ 49  “ഭൂമിയിൽ ഒരു തീ കൊളു​ത്താ​നാ​ണു ഞാൻ വന്നത്‌. അതു കൊളു​ത്തി​ക്ക​ഴിഞ്ഞ സ്ഥിതിക്കു ഞാൻ കൂടു​ത​ലാ​യി എന്ത്‌ ആഗ്രഹി​ക്കാ​നാണ്‌? 50  എനിക്ക്‌ ഒരു സ്‌നാനം+ ഏൽക്കേ​ണ്ട​തുണ്ട്‌. അതു കഴിയു​ന്ന​തു​വരെ ഞാൻ ആകെ അസ്വസ്ഥ​നാണ്‌.+ 51  ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താൻ വന്നു എന്നാണോ നിങ്ങൾ കരുതു​ന്നത്‌? അല്ല, ഭിന്നത വരുത്താ​നാണ്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.+ 52  ഇനിമു​തൽ ഒരു വീട്ടി​ലുള്ള അഞ്ചു പേരിൽ, രണ്ടു പേർക്കെ​തി​രെ മൂന്നു പേരും മൂന്നു പേർക്കെ​തി​രെ രണ്ടു പേരും തിരി​യും. അങ്ങനെ അവർക്കി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​കും. 53  അപ്പൻ മകനോ​ടും മകൻ അപ്പനോ​ടും, അമ്മ മകളോ​ടും മകൾ അമ്മയോ​ടും, അമ്മായി​യമ്മ മരുമ​ക​ളോ​ടും മരുമകൾ അമ്മായി​യ​മ്മ​യോ​ടും ഭിന്നി​ച്ചി​രി​ക്കും.”+ 54  പിന്നെ യേശു ജനക്കൂ​ട്ട​ത്തോ​ടു പറഞ്ഞു: “പടിഞ്ഞാ​റു​നിന്ന്‌ ഒരു മേഘം ഉയരു​ന്നതു കാണുന്ന ഉടനെ, ‘ശക്തമായ കാറ്റും മഴയും വരുന്നു’ എന്നു നിങ്ങൾ പറയും. അങ്ങനെ സംഭവി​ക്കു​ക​യും ചെയ്യും. 55  ഒരു തെക്കൻ കാറ്റു വീശു​ന്നതു കാണു​മ്പോൾ ‘കടുത്ത ചൂടു​ണ്ടാ​കും’ എന്നു നിങ്ങൾ പറയുന്നു. അതും സംഭവി​ക്കു​ന്നു. 56  കപടഭ​ക്തരേ, ഭൂമി​യു​ടെ​യും ആകാശത്തിന്റെയും ഭാവമാ​റ്റങ്ങൾ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയു​ന്നുണ്ട്‌. എന്നാൽ ഈ കാലത്തെ വിവേ​ചി​ച്ച​റി​യാൻ നിങ്ങൾക്കു കഴിയാ​ത്തത്‌ എന്താണ്‌?+ 57  നീതി​യാ​യത്‌ എന്തെന്നു നിങ്ങൾ സ്വയം വിവേ​ചി​ച്ചെ​ടു​ക്കാ​ത്തത്‌ എന്താണ്‌? 58  ഉദാഹ​ര​ണ​ത്തിന്‌, നിനക്ക്‌ എതിരെ കേസ്‌ കൊടുത്ത ആളിന്റെകൂടെ അധികാ​രി​യു​ടെ അടു​ത്തേക്കു പോകു​മ്പോൾ വഴിയിൽവെ​ച്ചു​തന്നെ അയാളു​മാ​യുള്ള പ്രശ്‌നം പരിഹ​രി​ക്കുക. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ അയാൾ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാ​ക്കും. ന്യായാ​ധി​പൻ നിന്നെ സേവകനെ ഏൽപ്പി​ക്കും. സേവകൻ നിന്നെ ജയിലിൽ അടയ്‌ക്കു​ക​യും ചെയ്യും.+ 59  അവസാ​നത്തെ ചില്ലി​ക്കാ​ശും കൊടു​ത്തു​തീർത്താ​ലേ നിനക്ക്‌ അവി​ടെ​നിന്ന്‌ പുറത്ത്‌ ഇറങ്ങാ​നാ​കൂ എന്നു ഞാൻ പറയുന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “ചെവി​യിൽ പറയു​ന്നത്‌.”
അഥവാ “ഒന്നി​നെ​പ്പോ​ലും ദൈവം അവഗണി​ക്കു​ന്നില്ല; ഒന്നു​പോ​ലും ദൈവ​ത്തി​ന്റെ ശ്രദ്ധയിൽപ്പെ​ടാ​തി​രി​ക്കില്ല.”
അഥവാ “വിവാ​ഹ​വി​രു​ന്നിന്‌.”
അഥവാ “അദ്ദേഹം ആഗ്രഹി​ച്ചതു ചെയ്യാ​തെ​യും.”

പഠനക്കുറിപ്പുകൾ

അനേകാ​യി​രങ്ങൾ: അക്ഷ. “പതിനാ​യി​രങ്ങൾ.” ഇവിടെ കാണുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “പതിനാ​യി​ര​ത്തി​ന്റെ കൂട്ടം” എന്നാ​ണെ​ങ്കി​ലും ക്ലിപ്‌ത​മ​ല്ലാത്ത, വലി​യൊ​രു സംഖ്യയെ കുറി​ക്കാ​നും അതിനാ​കും.

പുളിച്ച മാവ്‌: അഥവാ “യീസ്റ്റ്‌.” ഈ പദപ്ര​യോ​ഗം പലപ്പോ​ഴും പാപത്തിന്റെയും വഷളത്തത്തിന്റെയും പ്രതീ​ക​മാ​യി ബൈബി​ളിൽ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇവിടെ അതു കുറി​ക്കു​ന്നതു ദുഷിച്ച ഉപദേ​ശ​ങ്ങ​ളെ​യും സ്വാധീ​ന​ത്തെ​യും ആണ്‌.​—മത്ത 16:6, 11, 12; 1കൊ 5:6-8.

വെളി​ച്ചത്ത്‌ കേൾക്കും: അതായത്‌, പരസ്യ​മാ​കും; എല്ലാവ​രും കേൾക്കും.

ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രാ​യ​വാ​ക്കു​ക​ളിൽനിന്ന്‌ വന്ന പദപ്ര​യോ​ഗം. “ഹിന്നോ​മി​ന്റെ താഴ്‌വര” എന്നാണ്‌ ഇതിന്റെ അർഥം. പുരാ​ത​ന​യ​രു​ശ​ലേ​മി​ന്റെ പടിഞ്ഞാ​റും തെക്കും ആയി വ്യാപിച്ചുകിടന്ന ഒരു താഴ്‌വരയായിരുന്നു ഇത്‌. (അനു. ബി12-ലെ “യരുശ​ലേ​മും സമീപ​പ്ര​ദേ​ശ​വും” എന്ന ഭൂപടം കാണുക.) യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ താഴ്‌വര ചപ്പുച​വ​റു​കൾ കത്തിക്കാ​നുള്ള ഒരു സ്ഥലമായി മാറി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണ​നാ​ശ​ത്തി​ന്റെ ഉചിത​മായ ഒരു പ്രതീ​ക​മാ​യി​രു​ന്നു.​—പദാവലി കാണുക.

കുരു​വി​കൾ: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌റ്റ്രുതീ​യൊൻ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അൽപ്പതാ​വാ​ചി​രൂ​പം (diminutive form) സൂചി​പ്പി​ക്കു​ന്നത്‌ ഈ പദത്തിന്‌ ഏതൊരു ചെറിയ പക്ഷി​യെ​യും കുറി​ക്കാ​നാ​കും എന്നാണ്‌. പക്ഷേ ഇതു മിക്ക​പ്പോ​ഴും കുരു​വി​ക​ളെ​യാണ്‌ അർഥമാ​ക്കി​യി​രു​ന്നത്‌. ഭക്ഷ്യ​യോ​ഗ്യ​മായ പക്ഷിക​ളിൽ ഏറ്റവും വില കുറഞ്ഞ​വ​യാ​യി​രു​ന്നു ഇവ.

നിസ്സാ​ര​വി​ല​യുള്ള രണ്ടു നാണയ​ത്തുട്ട്‌: അക്ഷ. “രണ്ട്‌ അസ്സാറി​യൊൻ.” മുമ്പ്‌ ഗലീല​യിൽ മൂന്നാം പര്യടനം നടത്തിയ സന്ദർഭ​ത്തിൽ, ഒരു അസ്സാറി​യൊ​നി​നു രണ്ടു കുരു​വി​കളെ വാങ്ങാ​മെന്നു യേശു പറഞ്ഞി​രു​ന്നു. (മത്ത 10:29) 45 മിനിട്ട്‌ ജോലി ചെയ്യു​ന്ന​തിന്‌ ഒരാൾക്കു കിട്ടി​യി​രുന്ന കൂലി​യാ​യി​രു​ന്നു ഒരു അസ്സാറി​യൊൻ. (അനു. ബി14 കാണുക.) ഇപ്പോൾ ഏതാണ്ട്‌ ഒരു വർഷത്തി​നു ശേഷം, സാധ്യ​ത​യ​നു​സ​രിച്ച്‌ യഹൂദ്യ​യി​ലെ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌, രണ്ട്‌ അസ്സാറി​യൊ​നിന്‌ അഞ്ചു കുരു​വി​കളെ കിട്ടു​മെന്നു യേശു പറഞ്ഞതാ​യി ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ രണ്ടു വിവര​ണങ്ങൾ താരത​മ്യം ചെയ്‌താൽ ഒരു കാര്യം വ്യക്തം: വ്യാപാ​രി​കൾ കുരു​വി​കളെ തീരെ വിലയി​ല്ലാ​ത്ത​താ​യി കണ്ടിരു​ന്നു. കാരണം അഞ്ചാമത്തെ കുരു​വി​യെ അവർ സൗജന്യ​മാ​യാ​ണു കൊടു​ത്തി​രു​ന്നത്‌.

കുരുവികൾ: മത്ത 10:29-ന്റെ പഠനക്കു​റി​പ്പു കാണുക.

നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: ഒരു മനുഷ്യ​ന്റെ തലയിൽ ശരാശരി 1,00,000-ത്തിലേറെ മുടി​യി​ഴ​ക​ളു​ണ്ടെ​ന്നാ​ണു കണക്കാ​ക്കു​ന്നത്‌. അത്ര സൂക്ഷ്‌മ​മായ വിശദാം​ശ​ങ്ങൾപോ​ലും യഹോ​വ​യ്‌ക്കു നന്നായി അറിയാം എന്നത്‌ ഒരു കാര്യ​ത്തിന്‌ ഉറപ്പേ​കു​ന്നു: ക്രിസ്‌തു​വി​ന്റെ ഓരോ അനുഗാ​മി​യു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ ആഴമായ താത്‌പ​ര്യ​മുണ്ട്‌.

നിങ്ങളുടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: മത്ത 10:30-ന്റെ പഠനക്കു​റി​പ്പു കാണുക.

കോടതി: സുനേ​ദ്രി​ഒൻ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ “കോടതി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഈ പദം ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു യരുശ​ലേ​മിൽ സ്ഥിതി​ചെ​യ്യുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യായ സൻഹെ​ദ്രി​നെ കുറി​ക്കാ​നാണ്‌. (പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” എന്നതും മത്ത 5:22; 26:59 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക.) എന്നാൽ കുറെ​ക്കൂ​ടെ വിശാ​ല​മായ ഒരർഥ​ത്തിൽ, ആളുക​ളു​ടെ ഒരു കൂടി​വ​ര​വി​നെ​യോ യോഗ​ത്തെ​യോ കുറി​ക്കാ​നും ഇത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. ഇവിടെ അതു സിന​ഗോ​ഗു​ക​ളോ​ടു ചേർന്ന്‌ പ്രവർത്തി​ച്ചി​രുന്ന പ്രാ​ദേ​ശി​ക​കോ​ട​തി​കളെ കുറി​ക്കു​ന്നു. ആളുകളെ മതഭ്ര​ഷ്ട​രാ​ക്കാ​നും ചാട്ടയ്‌ക്ക​ടി​പ്പി​ക്കാ​നും ഇത്തരം കോട​തി​കൾക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു.​—മത്ത 23:34; മർ 13:9; ലൂക്ക 21:12; യോഹ 9:22; 12:42; 16:2.

പൊതു​സ​ദസ്സ്‌: മറ്റൊരു സാധ്യത, “സിന​ഗോഗ്‌.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സുന​ഗോ​ഗേ എന്ന ഗ്രീക്കു​നാ​മ​ത്തി​ന്റെ അക്ഷരാർഥം “വിളിച്ചുകൂട്ടൽ; കൂടി​വ​രവ്‌” എന്നൊ​ക്കെ​യാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്ക​പ്പോ​ഴും ആ പദം കുറിക്കുന്നത്‌, ജൂതന്മാർ തിരു​വെ​ഴു​ത്തു വായി​ക്കാ​നും പഠിപ്പി​ക്കാ​നും പ്രസം​ഗി​ക്കാ​നും പ്രാർഥി​ക്കാ​നും കൂടി​വ​ന്നി​രുന്ന കെട്ടി​ട​ത്തെ​യോ സ്ഥലത്തെ​യോ ആണ്‌. (പദാവ​ലി​യിൽ “സിന​ഗോഗ്‌” കാണുക.) ഈ വാക്യ​ത്തി​ലും ആ പദത്തിനു “സിന​ഗോഗ്‌” എന്ന അർഥം വരാം. സിന​ഗോ​ഗു​ക​ളോ​ടു ചേർന്ന്‌ ജൂതന്മാ​രു​ടെ പ്രാ​ദേ​ശി​ക​കോ​ട​തി​കൾ പ്രവർത്തി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (മത്ത 10:17-ന്റെ പഠനക്കു​റി​പ്പു കാണുക.) പക്ഷേ ഇവിടെ സുന​ഗോ​ഗേ എന്ന പദം കുറെ​ക്കൂ​ടെ വിശാ​ല​മായ അർഥത്തി​ലാ​യി​രി​ക്കാം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌, ജൂതന്മാ​രും ജൂതന്മാ​ര​ല്ലാ​ത്ത​വ​രും ഉൾപ്പെടെ എല്ലാവർക്കും പ്രവേ​ശ​ന​മു​ണ്ടാ​യി​രുന്ന ചില പൊതു​സ​ദ​സ്സു​ക​ളെ​യാണ്‌ ഇവിടെ അതു കുറി​ക്കു​ന്നത്‌. ഒരു ക്രിസ്‌ത്യാ​നി​യെ നിയമ​പ​ര​മാ​യി വിചാരണ ചെയ്യാൻവേണ്ടി ആളുകൾ അത്തരത്തിൽ കൂടി​വ​രു​മാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​യാ​ണെ​ന്ന​തി​ന്റെ പേരിൽ ഒരാൾക്കു ശിക്ഷ വിധി​ക്കാൻപോ​ലും ഇത്തരം കൂട്ടങ്ങൾക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു.

പിതൃ​സ്വത്ത്‌ വീതിച്ച്‌ എന്റെ പങ്കു തരാൻ: സഹോ​ദ​ര​ങ്ങൾക്ക്‌ ഇടയിൽ പിതൃ​സ്വത്ത്‌ പങ്കു​വെ​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു മോശ​യു​ടെ നിയമം വളരെ വ്യക്തമാ​യി പറഞ്ഞി​രു​ന്നു. കുടും​ബ​നാ​ഥന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കേ​ണ്ടതു മൂത്ത മകനാ​യി​രു​ന്ന​തു​കൊണ്ട്‌, അയാൾക്കു സ്വത്തിന്റെ ഇരട്ടി ഓഹരി ലഭിക്കു​മാ​യി​രു​ന്നു. (ആവ 21:17) ബാക്കി​യുള്ള സ്വത്ത്‌ മറ്റ്‌ അനന്തരാ​വ​കാ​ശി​കൾക്കു വീതി​ച്ചു​കൊ​ടു​ക്കും. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന വ്യക്തി, തനിക്കു നിയമ​പ​ര​മാ​യി അർഹത​പ്പെട്ട ഓഹരി​യെ​ക്കാൾ കൂടുതൽ വേണ​മെന്ന്‌ ആഗ്രഹിച്ച ഒരു അത്യാ​ഗ്രഹി ആയിരു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം യേശു നടത്തി​ക്കൊ​ണ്ടി​രുന്ന ആത്മീയ​ചർച്ച തടസ്സ​പ്പെ​ടു​ത്തി, ഇത്തര​മൊ​രു ഭൗതി​ക​വി​ഷയം എടുത്തി​ടാൻ അയാൾ മുതിർന്നത്‌. ആ തർക്കത്തിൽ ഉൾപ്പെ​ടാൻ ബുദ്ധി​പൂർവം വിസമ്മ​തിച്ച യേശു പക്ഷേ, അത്യാ​ഗ്ര​ഹ​ത്തിന്‌ എതിരെ മുന്നറി​യി​പ്പു കൊടു​ക്കു​ന്ന​താ​യി തുടർന്നുള്ള ഭാഗത്ത്‌ കാണാം.

മധ്യസ്ഥൻ: അഥവാ “വിഭാ​ഗി​ച്ചു​കൊ​ടു​ക്കു​ന്ന​യാൾ; വീതം​വെ​ച്ചു​കൊ​ടു​ക്കു​ന്ന​യാൾ.” മോശ​യു​ടെ നിയമം കൃത്യ​മാ​യി പറഞ്ഞി​ട്ടുള്ള ഒരു കാര്യ​ത്തിൽ താൻ ഉൾപ്പെ​ടേ​ണ്ട​തി​ല്ലെന്നു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു യേശു ഇവിടെ. മാത്രമല്ല, സാമ്പത്തി​ക​തർക്ക​ങ്ങ​ളിൽ മധ്യസ്ഥ​രാ​യി​രി​ക്കാൻ മോശ​യു​ടെ നിയമം ചുമത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ളതു മൂപ്പന്മാ​രെ​യാ​യി​രു​ന്നു. ഇനി, തന്നെ ഭൂമി​യി​ലേക്ക്‌ അയച്ചി​രി​ക്കു​ന്നത്‌ ഇത്തരം കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​നല്ല, മറിച്ച്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നാണ്‌ എന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.

അത്യാ​ഗ്രഹം: അഥവാ “അർഹമ​ല്ലാ​ത്ത​തി​നു​വേ​ണ്ടി​യുള്ള എല്ലാ തരം അതി​മോ​ഹ​വും.” ഇവിടെ കാണുന്ന പ്ലെയൊ​നെ​ക്‌സിയ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം, “ഇനിയു​മി​നി​യും സ്വന്തമാ​ക്കുക” എന്നാണ്‌. ഇപ്പോ​ഴു​ള്ള​തി​ലും കൂടുതൽ സ്വന്തമാ​ക്കാ​നുള്ള അടങ്ങാത്ത ആഗ്രഹ​ത്തെ​യാണ്‌ അതു കുറി​ക്കു​ന്നത്‌. എഫ 4:19; 5:3 എന്നീ വാക്യ​ങ്ങ​ളി​ലും ഇതേ ഗ്രീക്കു​പദം കാണാം. കൊലോ 3:5-ൽ ‘അത്യാ​ഗ്ര​ഹത്തെ’ പൗലോസ്‌ വിളി​ച്ചി​രി​ക്കു​ന്നതു “വിഗ്ര​ഹാ​രാ​ധന” എന്നാണ്‌.

നിന്റെ ജീവൻ: അഥവാ “നിന്റെ ദേഹി.” ലൂക്ക 12:19-ന്റെ പഠനക്കു​റി​പ്പിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അത്‌ ഒരാളു​ടെ ജീവനെ കുറി​ക്കു​ന്നു.​—പദാവ​ലി​യിൽ “ദേഹി” കാണുക.

എന്നോ​ടു​തന്നെ: അഥവാ “എന്റെ ദേഹി​യോ​ടു​തന്നെ.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം 19, 20 വാക്യ​ങ്ങ​ളിൽ മൂന്നു പ്രാവ​ശ്യം കാണാം. സന്ദർഭം നോക്കി​യാണ്‌ ഈ പദത്തിന്റെ അർഥം തീരു​മാ​നി​ക്കാ​റു​ള്ളത്‌. (പദാവ​ലി​യിൽ “ദേഹി” കാണുക.) ഇവിടെ ഈ പദം കുറി​ക്കു​ന്നത്‌ ആ വ്യക്തി​യെ​ത്ത​ന്നെ​യാണ്‌. അതായത്‌, ആളുകൾക്കു കാണു​ക​യും സ്‌പർശി​ക്കു​ക​യും ചെയ്യാ​വുന്ന, ആ വ്യക്തിയെ മുഴു​വ​നു​മാണ്‌. അല്ലാതെ മനുഷ്യ​ശ​രീ​ര​ത്തിന്‌ അകത്തുള്ള, കാണാ​നോ സ്‌പർശി​ക്കാ​നോ കഴിയാത്ത എന്തി​നെ​യെ​ങ്കി​ലു​മല്ല. അതു​കൊണ്ട്‌, “എന്നോ​ടു​തന്നെ” എന്ന പദപ്ര​യോ​ഗ​ത്തി​നും “എന്റെ ദേഹി​യോ​ടു​തന്നെ” എന്ന പദപ്ര​യോ​ഗ​ത്തി​നും അടിസ്ഥാ​ന​പ​ര​മാ​യി ഒരേ അർഥമാണ്‌.​—ഈ വാക്യ​ത്തി​ലെ നീ എന്നതിന്റെ പഠനക്കു​റി​പ്പും ലൂക്ക 12:20-ന്റെ പഠനക്കു​റി​പ്പും കാണുക.

നീ: അഥവാ “ദേഹീ നീ.” ബുദ്ധി​ശൂ​ന്യ​നായ ആ മനുഷ്യൻ ഇവിടെ തന്നോ​ടു​തന്നെ സംസാ​രി​ക്കു​ക​യാണ്‌. ഈ വാക്യ​ത്തി​ലെ എന്നോ​ടു​തന്നെ എന്നതിന്റെ പഠനക്കു​റി​പ്പിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ ആ വ്യക്തി​യെ​ത്ത​ന്നെ​യാ​ണു കുറി​ക്കു​ന്നത്‌.​—പദാവ​ലി​യിൽ “ദേഹി” കാണുക.

എന്നോ​ടു​തന്നെ: അഥവാ “എന്റെ ദേഹി​യോ​ടു​തന്നെ.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം 19, 20 വാക്യ​ങ്ങ​ളിൽ മൂന്നു പ്രാവ​ശ്യം കാണാം. സന്ദർഭം നോക്കി​യാണ്‌ ഈ പദത്തിന്റെ അർഥം തീരു​മാ​നി​ക്കാ​റു​ള്ളത്‌. (പദാവ​ലി​യിൽ “ദേഹി” കാണുക.) ഇവിടെ ഈ പദം കുറി​ക്കു​ന്നത്‌ ആ വ്യക്തി​യെ​ത്ത​ന്നെ​യാണ്‌. അതായത്‌, ആളുകൾക്കു കാണു​ക​യും സ്‌പർശി​ക്കു​ക​യും ചെയ്യാ​വുന്ന, ആ വ്യക്തിയെ മുഴു​വ​നു​മാണ്‌. അല്ലാതെ മനുഷ്യ​ശ​രീ​ര​ത്തിന്‌ അകത്തുള്ള, കാണാ​നോ സ്‌പർശി​ക്കാ​നോ കഴിയാത്ത എന്തി​നെ​യെ​ങ്കി​ലു​മല്ല. അതു​കൊണ്ട്‌, “എന്നോ​ടു​തന്നെ” എന്ന പദപ്ര​യോ​ഗ​ത്തി​നും “എന്റെ ദേഹി​യോ​ടു​തന്നെ” എന്ന പദപ്ര​യോ​ഗ​ത്തി​നും അടിസ്ഥാ​ന​പ​ര​മാ​യി ഒരേ അർഥമാണ്‌.​—ഈ വാക്യ​ത്തി​ലെ നീ എന്നതിന്റെ പഠനക്കു​റി​പ്പും ലൂക്ക 12:20-ന്റെ പഠനക്കു​റി​പ്പും കാണുക.

നീ: അഥവാ “ദേഹീ നീ.” ബുദ്ധി​ശൂ​ന്യ​നായ ആ മനുഷ്യൻ ഇവിടെ തന്നോ​ടു​തന്നെ സംസാ​രി​ക്കു​ക​യാണ്‌. ഈ വാക്യ​ത്തി​ലെ എന്നോ​ടു​തന്നെ എന്നതിന്റെ പഠനക്കു​റി​പ്പിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ ആ വ്യക്തി​യെ​ത്ത​ന്നെ​യാ​ണു കുറി​ക്കു​ന്നത്‌.​—പദാവ​ലി​യിൽ “ദേഹി” കാണുക.

മൂഢാ: ബൈബി​ളിൽ “മൂഢൻ” എന്നതു​പോ​ലുള്ള പദപ്ര​യോ​ഗങ്ങൾ പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മാനസി​ക​മായ കഴിവു​ക​ളോ ബുദ്ധി​യോ കുറഞ്ഞ​വരെ കുറി​ക്കാ​നല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളു​മാ​യി യോജി​ക്കാത്ത, വിവേ​ക​ശൂ​ന്യ​മായ തീരു​മാ​നങ്ങൾ എടുക്കു​ന്ന​വ​രെ​യാണ്‌.

അവർ നിന്റെ ജീവൻ നിന്നോ​ടു ചോദി​ക്കും: ഈ ദൃഷ്ടാ​ന്ത​ത്തിൽ “അവർ” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌, ഏതെങ്കി​ലു​മൊ​രു കൂട്ടം മനുഷ്യ​രെ​യോ ദൂതന്മാ​രെ​യോ ഉദ്ദേശി​ച്ചല്ല. വാസ്‌ത​വ​ത്തിൽ ഇവിടെ, “ചോദിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ ക്രിയാരൂപത്തിന്റെ ധർമം, ആ മനുഷ്യന്‌ എന്തു സംഭവിക്കാൻപോകുന്നു എന്നു സൂചിപ്പിക്കുക മാത്രമാണ്‌. അതുകൊണ്ടുതന്നെ ഈ പദപ്ര​യോ​ഗത്തെ (“അവർ” എന്ന പദം ഒഴിവാ​ക്കി) “നിന്റെ ജീവൻ നിന്നോ​ടു ചോദി​ക്കും” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. ഈ ദൃഷ്ടാ​ന്ത​ത്തി​ലെ ധനിക​നായ മനുഷ്യൻ മരിക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കു​മെ​ന്നോ അദ്ദേഹ​ത്തി​ന്റെ ജീവ​നെ​ടു​ക്കു​ന്നത്‌ ആരായി​രി​ക്കു​മെ​ന്നോ യേശു പറഞ്ഞില്ല എന്ന കാര്യം ശ്രദ്ധി​ക്കുക. മരിക്കു​ന്നത്‌ എങ്ങനെ​യാ​യാ​ലും, ആ രാത്രി​തന്നെ അയാൾക്കു മരണം സംഭവി​ക്കും എന്നതി​നാ​യി​രു​ന്നു ഇവിടെ പ്രാധാ​ന്യം.

നിന്റെ ജീവൻ: അഥവാ “നിന്റെ ദേഹി.” ലൂക്ക 12:19-ന്റെ പഠനക്കു​റി​പ്പിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അത്‌ ഒരാളു​ടെ ജീവനെ കുറി​ക്കു​ന്നു.​—പദാവ​ലി​യിൽ “ദേഹി” കാണുക.

ദൈവ​മു​മ്പാ​കെ സമ്പന്നൻ: അഥവാ “ദൈവ​ത്തി​ന്റെ നോട്ട​ത്തിൽ സമ്പന്നൻ.” ദൈവം പ്രാധാ​ന്യ​മു​ള്ള​താ​യി കാണുന്ന കാര്യ​ങ്ങ​ളിൽ സമ്പന്നൻ എന്നാണ്‌ അതിന്റെ അർഥം.

ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌: അഥവാ “ആകുല​പ്പെ​ടു​ന്നതു നിറു​ത്തുക.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​ക്രി​യ​യു​ടെ കാലം, ഇപ്പോൾത്തന്നെ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഒരു കാര്യം നിറു​ത്തു​ന്ന​തി​നെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ‘ഉത്‌കണ്‌ഠ’ എന്നതിന്റെ ഗ്രീക്കു​പ​ദ​ത്തിന്‌, ഒരാളു​ടെ മനസ്സിനെ കലുഷി​ത​മാ​ക്കുന്ന, അയാളു​ടെ ശ്രദ്ധ പതറി​ക്കുന്ന തരം ആകുല​തയെ കുറി​ക്കാ​നാ​കും. ഇത്‌ അയാളു​ടെ സന്തോഷം കവർന്നെ​ടു​ക്കും. മത്ത 6:27, 28, 31, 34 വാക്യ​ങ്ങ​ളി​ലും ഇതേ പദം കാണാം.

നിങ്ങളു​ടെ ജീവൻ: അഥവാ “നിങ്ങളു​ടെ ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ ഒരാളു​ടെ ജീവനെ കുറി​ക്കു​ന്നു.​—പദാവ​ലി​യിൽ “ദേഹി” കാണുക.

ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌: അഥവാ “ആകുല​പ്പെ​ടു​ന്നതു നിറു​ത്തുക.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മെറി​മ്‌നാ​ഓ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ കാലം, ഇപ്പോൾത്തന്നെ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഒരു കാര്യം നിറു​ത്തു​ന്ന​തി​നെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ‘ഉത്‌ക​ണ്‌ഠ​പ്പെ​ടുക’ എന്നതിന്റെ ഗ്രീക്കു​പ​ദ​ത്തിന്‌, ഒരാളു​ടെ മനസ്സിനെ കലുഷി​ത​മാ​ക്കുന്ന, അയാളു​ടെ ശ്രദ്ധ പതറി​ക്കുന്ന തരം ആകുല​തയെ കുറി​ക്കാ​നാ​കും. ഇത്‌ അയാളു​ടെ സന്തോഷം കവർന്നെ​ടു​ക്കും. ലൂക്ക 12:11, 25, 26 എന്നീ വാക്യ​ങ്ങ​ളി​ലും ലൂക്കോസ്‌ ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. 1കൊ 7:32-34; ഫിലി 4:6 എന്നിവി​ട​ങ്ങ​ളിൽ പൗലോ​സും ഇതേ ക്രിയാ​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം.​—മത്ത 6:25-ന്റെ പഠനക്കു​റി​പ്പു കാണുക.

ജീവൻ: അഥവാ “ദേഹി.” കഴിഞ്ഞ വാക്യ​ത്തി​ലെ​പ്പോ​ലെ ഇവി​ടെ​യും സൈക്കി എന്ന ഗ്രീക്കു​പദം ഒരാളു​ടെ ജീവ​നെ​യാ​ണു കുറി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഇവിടെ, ജീവനും (ദേഹി​യും) ശരീര​വും ചേരു​ന്ന​താണ്‌ ഒരു വ്യക്തി.

കാക്ക: അക്ഷ. “മലങ്കാക്ക.” ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പക്ഷി​യെ​ക്കു​റിച്ച്‌ ഇവിടെ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ ഇതി​നോ​ടു സമാന​മായ ഒരു നിർദേശം കൊടു​ത്ത​പ്പോൾ യേശു ഏതെങ്കി​ലും ഒരു പ്രത്യേ​ക​പ​ക്ഷി​യെ​ക്കു​റിച്ച്‌ എടുത്തു​പ​റ​ഞ്ഞില്ല. (മത്ത 6:26) ഗലീല​യിൽ ഗിരി​പ്ര​ഭാ​ഷണം നടത്തി ഏതാണ്ട്‌ 18 മാസം കഴിഞ്ഞ്‌, യഹൂദ്യ​യി​ലെ ശുശ്രൂ​ഷ​യു​ടെ സമയത്താ​ണു ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​ലെ ഈ ഭാഗം യേശു പറഞ്ഞത്‌. യേശു ഇവിടെ കാക്ക​യെ​ക്കു​റിച്ച്‌ എടുത്തു​പ​റ​ഞ്ഞ​തി​ലൂ​ടെ, താൻ പറയുന്ന കാര്യ​ത്തിന്‌ കൂടുതൽ ഊന്നൽ നൽകു​ക​യാ​യി​രു​ന്നു. എങ്ങനെ? നിയമ​യു​ട​മ്പ​ടി​യിൽ മലങ്കാ​ക്കയെ അശുദ്ധ​മാ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. (ലേവ 11:13, 15) ഈ അശുദ്ധ​പ​ക്ഷി​ക്കു​വേ​ണ്ടി​പ്പോ​ലും ദൈവം കരുതു​ന്നെ​ങ്കിൽ തന്നിൽ ആശ്രയി​ക്കുന്ന തന്റെ ജനത്തെ ദൈവം ഒരിക്ക​ലും ഉപേക്ഷി​ക്കില്ല എന്ന പാഠമാ​യി​രി​ക്കാം യേശു ഇതിലൂ​ടെ പഠിപ്പി​ച്ചത്‌.

ആയുസ്സ്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു ഇവിടെ ജീവി​തത്തെ ഒരു യാത്ര​യോട്‌ ഉപമി​ക്കു​ക​യാണ്‌. ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​ലൂ​ടെ ആയുസ്സി​നോട്‌ അഥവാ ജീവി​ത​ത്തി​ന്റെ നീള​ത്തോട്‌ അൽപ്പം​പോ​ലും കൂട്ടാ​നാ​കി​ല്ലെ​ന്നാ​ണു യേശു പറയു​ന്നത്‌.

ഒരു മുഴം: നീളത്തി​ന്റെ ഒരു ചെറിയ അളവിനെ കുറി​ക്കുന്ന വാക്കാണു യേശു ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ (അക്ഷ. “ഒരു മുഴങ്കൈ.”). അത്‌ ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്‌) വരും.​—പദാവ​ലി​യിൽ “മുഴം” എന്നതും അനു. ബി14-ഉം കാണുക.

ഈ ചെറി​യൊ​രു കാര്യം​പോ​ലും: അഥവാ “ഇത്ര നിസ്സാ​ര​മാ​യൊ​രു കാര്യം​പോ​ലും.” അക്ഷ. “ഏറ്റവും ചെറിയ കാര്യം​പോ​ലും.” ഒരാളു​ടെ ആയുസ്സി​നോട്‌ ഒരു മുഴ​മെ​ങ്കി​ലും കൂട്ടു​ന്ന​തി​നെ​ക്കു​റിച്ച്‌ മുൻവാ​ക്യ​ത്തിൽ പറഞ്ഞതി​നെ​യാ​യി​രി​ക്കാം ചെറി​യൊ​രു കാര്യം എന്ന്‌ ഇവിടെ പരാമർശി​ച്ചി​രി​ക്കു​ന്നത്‌. മനുഷ്യർക്ക്‌ അവരുടെ ആയുസ്സ്‌ അൽപ്പം​പോ​ലും, അതായത്‌ ഒരു മുഴം​പോ​ലും, കൂട്ടാൻ കഴിയി​ല്ലെ​ങ്കിൽപ്പി​ന്നെ അവർ എന്തിന്‌ ധാരാളം സമ്പത്തും ഭക്ഷ്യവ​സ്‌തു​ക്ക​ളും വസ്‌ത്ര​ങ്ങ​ളും വാരി​ക്കൂ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചും അനേകം വീടു​ക​ളും നിലങ്ങ​ളും സ്വന്തമാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ചിന്തിച്ച്‌ ഇത്രമാ​ത്രം ഉത്‌ക​ണ്‌ഠ​പ്പെ​ടണം?

ലില്ലി​ച്ചെടി: ഇത്‌ അനെമണി പൂവാ​ണെ​ന്നാ​ണു ചിലരു​ടെ അഭി​പ്രാ​യം. എന്നാൽ ഇതു ടൂലിപ്പ്‌, ഹൈയാ​സിന്ത്‌, ഐറിസ്‌, ഗ്ലാഡി​യോ​ലസ്‌ എന്നിവ​പോ​ലെ ലില്ലി​പ്പൂ​ക്ക​ളോ​ടു സാമ്യ​മുള്ള മറ്റേ​തെ​ങ്കി​ലും പൂക്കളും ആകാം. ആ പ്രദേ​ശത്ത്‌ കാണ​പ്പെ​ടുന്ന വിവി​ധ​തരം കാട്ടു​പൂ​ക്ക​ളെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞ​തെന്ന്‌ അഭി​പ്രാ​യ​പ്പെ​ടുന്ന ചിലർ, ഇവിടെ കാണുന്ന ഗ്രീക്കു​പ​ദത്തെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു കുറെ​ക്കൂ​ടെ വിശാ​ല​മായ അർഥത്തിൽ “പൂക്കൾ,” “കാട്ടു​പൂ​ക്കൾ” എന്നൊ​ക്കെ​യാണ്‌.

ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കുക: അഥവാ “ആകുല​പ്പെ​ടു​ന്നതു നിറു​ത്തുക.” മെറ്റി​യോ​റി​സോ​മായ്‌ എന്ന ഗ്രീക്കു​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ. ഗ്രീക്കു സാഹി​ത്യ​ഭാ​ഷ​യിൽ അതിന്റെ അർഥം “പൊങ്ങി ഉയർന്നു​നിൽക്കുക; (വായുവിൽ എന്നപോ​ലെ) തൂങ്ങി​നിൽക്കുക” എന്നൊ​ക്കെ​യാ​യി​രു​ന്നു. പ്രക്ഷു​ബ്ധ​മായ കടലിൽ കപ്പൽ ആടിയു​ല​യു​ന്ന​തി​നെ കുറി​ക്കാൻപോ​ലും ഈ പദം ഉപയോ​ഗി​ക്കാ​റുണ്ട്‌. എന്നാൽ ഇവിടെ അത്‌ ഉത്‌ക​ണ്‌ഠ​യെ​യോ മനസ്സിന്റെ അസ്വസ്ഥ​ത​യെ​യോ സൂചി​പ്പി​ക്കാൻ ആലങ്കാ​രി​ക​മായ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സന്ദേഹ​മോ ഉത്‌ക​ണ്‌ഠ​യോ കാരണം ആടിയു​ല​യുന്ന അഥവാ ചഞ്ചലപ്പെട്ട ഒരു മനസ്സിനെ അതു കുറി​ക്കു​ന്നു.

ദാനം: കാലങ്ങ​ളാ​യി “ദാനധർമം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള എലെയീ​മൊ​സു​നേ എന്ന ഗ്രീക്കു​പ​ദ​ത്തി​നു “കരുണ,” ”കരുണ കാണി​ക്കുക” എന്നിവ​യു​ടെ ഗ്രീക്കു​പ​ദ​ങ്ങ​ളു​മാ​യി ബന്ധമുണ്ട്‌. ദരി​ദ്രർക്ക്‌ ആശ്വാ​സ​മാ​യി പണമോ ആഹാര​മോ സൗജന്യ​മാ​യി കൊടു​ക്കു​ന്ന​തി​നെ​യാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.

വസ്‌ത്രം ധരിച്ച്‌ തയ്യാറാ​യി​രി​ക്കുക: അക്ഷ. “അര കെട്ടി ഇരിക്കുക.” ഇതൊരു ഭാഷാ​ശൈ​ലി​യാണ്‌. കായി​കാ​ധ്വാ​നം ഉൾപ്പെട്ട ജോലി ചെയ്യാ​നോ ഓടാ​നോ ഒക്കെയുള്ള സൗകര്യ​ത്തി​നാ​യി നീണ്ട പുറങ്കു​പ്പാ​യ​ത്തി​ന്റെ താഴത്തെ അറ്റം കാലു​കൾക്ക്‌ ഇടയി​ലൂ​ടെ മുകളി​ലേക്ക്‌ എടുത്ത്‌ ഒരു അരപ്പട്ട​കൊണ്ട്‌ അരയിൽ കെട്ടി​നി​റു​ത്തു​ന്ന​തി​നെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. ക്രമേണ അത്‌, ഒരു കാര്യം ചെയ്യാ​നുള്ള ഒരുക്കത്തെ സൂചി​പ്പി​ക്കുന്ന പദപ്ര​യോ​ഗ​മാ​യി മാറി. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും സമാന​മായ പദപ്ര​യോ​ഗങ്ങൾ കാണാം. (ഉദാഹ​ര​ണങ്ങൾ: പുറ 12:11, അടിക്കു​റിപ്പ്‌; 1രാജ 18:46, അടിക്കു​റിപ്പ്‌; 2രാജ 3:21; 4:29; സുഭ 31:17, അടിക്കു​റിപ്പ്‌; യിര 1:17, അടിക്കു​റിപ്പ്‌) ഈ വാക്യ​ത്തിൽ ആ ക്രിയ​യു​ടെ രൂപം സൂചി​പ്പി​ക്കു​ന്നത്‌, ആത്മീയ​പ്ര​വർത്ത​നങ്ങൾ ചെയ്യാൻ ദൈവ​സേ​വ​കർക്ക്‌ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കേണ്ട മനസ്സൊ​രു​ക്ക​ത്തെ​യാണ്‌. ലൂക്ക 12:37-ൽ (അടിക്കു​റിപ്പ്‌) ഇതേ ഗ്രീക്കു​ക്രിയ, “സേവനം ചെയ്‌തു​കൊ​ടു​ക്കാൻ അര കെട്ടി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 1പത്ര 1:13-ലെ, “മനസ്സു​കളെ ശക്തമാ​ക്കുക” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “മനസ്സിന്റെ അര കെട്ടുക” എന്നാണ്‌.

വസ്‌ത്രം ധരിച്ച്‌ തയ്യാറാ​യി​രി​ക്കുക: അക്ഷ. “അര കെട്ടി ഇരിക്കുക.” ഇതൊരു ഭാഷാ​ശൈ​ലി​യാണ്‌. കായി​കാ​ധ്വാ​നം ഉൾപ്പെട്ട ജോലി ചെയ്യാ​നോ ഓടാ​നോ ഒക്കെയുള്ള സൗകര്യ​ത്തി​നാ​യി നീണ്ട പുറങ്കു​പ്പാ​യ​ത്തി​ന്റെ താഴത്തെ അറ്റം കാലു​കൾക്ക്‌ ഇടയി​ലൂ​ടെ മുകളി​ലേക്ക്‌ എടുത്ത്‌ ഒരു അരപ്പട്ട​കൊണ്ട്‌ അരയിൽ കെട്ടി​നി​റു​ത്തു​ന്ന​തി​നെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. ക്രമേണ അത്‌, ഒരു കാര്യം ചെയ്യാ​നുള്ള ഒരുക്കത്തെ സൂചി​പ്പി​ക്കുന്ന പദപ്ര​യോ​ഗ​മാ​യി മാറി. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും സമാന​മായ പദപ്ര​യോ​ഗങ്ങൾ കാണാം. (ഉദാഹ​ര​ണങ്ങൾ: പുറ 12:11, അടിക്കു​റിപ്പ്‌; 1രാജ 18:46, അടിക്കു​റിപ്പ്‌; 2രാജ 3:21; 4:29; സുഭ 31:17, അടിക്കു​റിപ്പ്‌; യിര 1:17, അടിക്കു​റിപ്പ്‌) ഈ വാക്യ​ത്തിൽ ആ ക്രിയ​യു​ടെ രൂപം സൂചി​പ്പി​ക്കു​ന്നത്‌, ആത്മീയ​പ്ര​വർത്ത​നങ്ങൾ ചെയ്യാൻ ദൈവ​സേ​വ​കർക്ക്‌ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കേണ്ട മനസ്സൊ​രു​ക്ക​ത്തെ​യാണ്‌. ലൂക്ക 12:37-ൽ (അടിക്കു​റിപ്പ്‌) ഇതേ ഗ്രീക്കു​ക്രിയ, “സേവനം ചെയ്‌തു​കൊ​ടു​ക്കാൻ അര കെട്ടി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 1പത്ര 1:13-ലെ, “മനസ്സു​കളെ ശക്തമാ​ക്കുക” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “മനസ്സിന്റെ അര കെട്ടുക” എന്നാണ്‌.

വസ്‌ത്രം മാറി: “വസ്‌ത്രം മാറി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പെരി​സോ​നി​മായ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “അര കെട്ടുക” എന്നാണ്‌. വസ്‌ത്ര​ത്തിൽ അഴുക്കു പിടി​ക്കാ​തി​രി​ക്കാൻ ഒരു പ്രത്യേ​ക​തരം മേൽവ​സ്‌ത്രം (apron) കെട്ടി​ക്കൊ​ണ്ടോ അരപ്പട്ട​കൊ​ണ്ടും മറ്റും വസ്‌ത്രം മുറി​ക്കി​ക്കെ​ട്ടി​ക്കൊ​ണ്ടോ ഒരു സേവനം ചെയ്യാൻ തയ്യാ​റെ​ടു​ക്കു​ന്ന​തി​നെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. ഈ ഗ്രീക്കു​പദം ലൂക്ക 12:35, 37-ലും എഫ 6:14-ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—ലൂക്ക 12:35, 37 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

വസ്‌ത്രം മാറി: അക്ഷ. “സേവനം ചെയ്‌തു​കൊ​ടു​ക്കാൻ അര കെട്ടി.”​—ലൂക്ക 12:35; 17:8 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

നാലാം യാമം: അതായത്‌, അതിരാ​വി​ലെ ഏകദേശം 3 മണിമു​തൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കു​ന്ന​തു​വ​രെ​യുള്ള സമയം. രാത്രി​യെ നാലു യാമങ്ങ​ളാ​യി തിരി​ച്ചി​രുന്ന ഗ്രീക്ക്‌, റോമൻ സമ്പ്രദാ​യ​മാണ്‌ ഇതിന്‌ ആധാരം. എന്നാൽ മുമ്പ്‌ എബ്രാ​യ​രു​ടെ രീതി, രാത്രി​യെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങ​ളാ​യി തിരി​ക്കു​ന്ന​താ​യി​രു​ന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ ഈ സമയമാ​യ​പ്പോ​ഴേ​ക്കും അവരും റോമൻ സമ്പ്രദാ​യം സ്വീക​രി​ച്ചി​രു​ന്നു.

അർധരാത്രിക്കോ: ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ച്‌ ഇതു രാത്രിയുടെ രണ്ടാം യാമത്തെ കുറിക്കുന്നു. രാത്രി ഏകദേശം 9 മണിമുതൽ അർധരാത്രിവരെ നീളുന്നതായിരുന്നു ഇത്‌.​—ഈ വാക്യത്തിലെ സന്ധ്യക്കോ എന്നതിന്റെ പഠനക്കുറിപ്പു കാണുക.

നേരം പുലരുംമുമ്പോ: അക്ഷ. “കോഴി കൂകുന്ന നേരത്തോ.” ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ചുള്ള (രാത്രിയുടെ) മൂന്നാം യാമം ഇങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌. അർധരാത്രിമുതൽ അതിരാവിലെ ഏകദേശം 3 മണിവരെ നീളുന്നതായിരുന്നു ഇത്‌. (ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.) സാധ്യതയനുസരിച്ച്‌, ‘കോഴി കൂകിയതായി’ പറഞ്ഞിരിക്കുന്ന സംഭവം നടന്നത്‌ ഈ സമയത്തായിരിക്കാം. (മർ 14:72) മെഡിറ്ററേനിയനു കിഴക്കുള്ള നാടുകളിൽ സമയം കണക്കാക്കാൻ ആളുകൾ പണ്ടുമുതലേ കോഴിയുടെ കൂകൽ ഉപയോഗപ്പെടുത്തിയിരുന്നതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. തെളിവനുസരിച്ച്‌ ഇന്നും ആ രീതി ഉപയോഗത്തിലുണ്ട്‌.​—മത്ത 26:34; മർ 14:30, 72 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

രണ്ടാം യാമം: അതായത്‌, രാത്രി ഏകദേശം 9 മണിമു​തൽ അർധരാ​ത്രി​വ​രെ​യുള്ള സമയം. രാത്രി​യെ നാലു യാമങ്ങ​ളാ​യി തിരി​ച്ചി​രുന്ന ഗ്രീക്ക്‌, റോമൻ സമ്പ്രദാ​യ​മാണ്‌ ഇതിന്‌ ആധാരം. എന്നാൽ മുമ്പ്‌ എബ്രാ​യ​രു​ടെ രീതി, രാത്രി​യെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങ​ളാ​യി തിരി​ക്കു​ന്ന​താ​യി​രു​ന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ എ.ഡി. ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും അവരും റോമൻ സമ്പ്രദാ​യം സ്വീക​രി​ച്ചി​രു​ന്നു.​—മത്ത 14:25; മർ 13:35 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മൂന്നാം യാമം: അതായത്‌, അർധരാ​ത്രി​മു​തൽ അതിരാ​വി​ലെ ഏകദേശം 3 മണിവ​രെ​യുള്ള സമയം.​—മർ 13:35-ന്റെ പഠനക്കു​റി​പ്പു കാണുക.

പരിചാ​ര​ക​ഗണം: അഥവാ “വീട്ടിലെ പണിക്കാർ.” മത്ത 24:45-ലെ “വീട്ടു​ജോ​ലി​ക്കാർ” (ഗ്രീക്കിൽ, ഒയി​ക്കേ​റ്റെ​യിയ) എന്ന പദപ്ര​യോ​ഗം​പോ​ലെ​തന്നെ ഈ പദപ്ര​യോ​ഗ​വും (ഗ്രീക്കിൽ, തെറാ​പെ​യിയ) യജമാ​നന്റെ വീട്ടിൽ ജോലി ചെയ്യുന്ന എല്ലാവ​രെ​യും കുറി​ക്കു​ന്നു. മത്തായി ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദത്തിന്റെ ഏതാണ്ട്‌ അതേ അർഥം​വ​രുന്ന ഒരു പദംത​ന്നെ​യാ​ണു ലൂക്കോ​സും ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​ലേത്‌, ഗ്രീക്ക്‌ സാഹി​ത്യ​ഭാ​ഷ​യിൽ പൊതു​വേ കാണുന്ന ഒരു പദമാണ്‌. ലൂക്കോസ്‌ ഈ പദം ഉപയോ​ഗി​ക്കാ​നുള്ള കാരണം അദ്ദേഹ​ത്തി​ന്റെ വിദ്യാ​ഭ്യാ​സ​വും പശ്ചാത്ത​ല​വും ഒക്കെയാ​യി​രി​ക്കാം.

വിവേകി: അഥവാ “ബുദ്ധി​മാൻ.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഫ്രോ​നി​മൊസ്‌ എന്ന ഗ്രീക്ക്‌ നാമവി​ശേ​ഷണം കുറി​ക്കു​ന്നത്‌, ഗ്രാഹ്യ​ത്തോ​ടൊ​പ്പം ഉൾക്കാ​ഴ്‌ച​യും ദീർഘ​വീ​ക്ഷ​ണ​വും വകതി​രി​വും വിവേ​ച​ന​യും പ്രാ​യോ​ഗി​ക​ജ്ഞാ​ന​വും ചേരുന്ന ഒരു ഗുണ​ത്തെ​യാണ്‌. ഇതേ ഗ്രീക്കു​പ​ദ​ത്തി​ന്റെ മറ്റൊരു രൂപം ലൂക്ക 16:8-ൽ കാണാം. അവിടെ അതു ‘ബുദ്ധി​ശാ​ലി​കൾ’ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. മത്ത 7:24; 25:2, 4, 8, 9 എന്നീ വാക്യ​ങ്ങ​ളിൽ ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉൽ 41:33, 39-ൽ യോ​സേ​ഫി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റി​ലും ഇതേ പദമാണു കാണു​ന്നത്‌.

കാര്യസ്ഥൻ: അഥവാ “വീട്ടിലെ കാര്യം നോക്കി​ന​ട​ത്തു​ന്ന​യാൾ.” ഇവിടെ കാണുന്ന ഓയി​കൊ​നോ​മൊസ്‌ എന്ന ഗ്രീക്കു​പദം, വീട്ടിലെ ജോലി​ക്കാ​രു​ടെ മേൽനോ​ട്ട​ത്തി​നാ​യി നിയമി​ച്ചി​രുന്ന ഒരാ​ളെ​യാ​ണു കുറി​ക്കു​ന്നത്‌. എന്നാൽ അയാളും ആ വീട്ടിലെ ഒരു ജോലി​ക്കാ​രൻത​ന്നെ​യാ​യി​രു​ന്നു. പുരാ​ത​ന​കാ​ലത്ത്‌, പൊതു​വേ വിശ്വ​സ്‌ത​നായ ഒരു അടിമ​യെ​യാണ്‌ ആ സ്ഥാനത്ത്‌ നിയമി​ച്ചി​രു​ന്നത്‌. തന്റെ യജമാ​നന്റെ കാര്യ​ങ്ങ​ളെ​ല്ലാം നോക്കി​ന​ട​ത്താ​നുള്ള ചുമതല അയാൾക്കാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഒരാളെ വളരെ​യ​ധി​കം വിശ്വ​സി​ച്ചേൽപ്പി​ച്ചി​രുന്ന ഒരു ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു അത്‌. അബ്രാ​ഹാ​മി​നു​ള്ളതു “മുഴുവൻ നോക്കി​ന​ട​ത്തി​യി​രുന്ന” ദാസൻ അഥവാ ജോലി​ക്കാ​രൻ അങ്ങനെ​യൊ​രു കാര്യ​സ്ഥ​നാ​യി​രു​ന്നു. (ഉൽ 24:2) യോ​സേ​ഫും അത്തര​മൊ​രു കാര്യ​സ്ഥ​നാ​യി​രു​ന്നെന്ന്‌ ഉൽ 39:4 പറയുന്നു. യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ ‘കാര്യ​സ്ഥ​നെ​ക്കു​റിച്ച്‌’ ഏകവച​ന​ത്തി​ലാ​ണു പറഞ്ഞി​രി​ക്കു​ന്ന​തെ​ങ്കി​ലും ആ കാര്യസ്ഥൻ ഒരൊറ്റ വ്യക്തിയെ മാത്ര​മാ​ണു ചിത്രീ​ക​രി​ക്കു​ന്ന​തെന്ന്‌ അതിന്‌ അർഥമില്ല. പലർ ചേർന്ന ഒരു കൂട്ടത്തെ സൂചി​പ്പി​ക്കാൻ ഏകവച​ന​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഉദാഹ​ര​ണങ്ങൾ തിരു​വെ​ഴു​ത്തു​ക​ളി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽ ജനത​യോ​ടു സംസാ​രി​ച്ച​പ്പോൾ യഹോവ പറഞ്ഞ വാക്കുകൾ ശ്രദ്ധി​ക്കുക. “നിങ്ങൾ എന്റെ സാക്ഷികൾ (ബഹുവ​ചനം) . . . അതെ, ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ദാസൻ (ഏകവചനം)” എന്നാണു ദൈവം പറഞ്ഞത്‌. (യശ 43:10) സമാന​മാ​യി, ഈ ദൃഷ്ടാ​ന്ത​ത്തി​ലെ കാര്യ​സ്ഥ​നും പലർ ചേർന്ന​താണ്‌. മത്ത 24:45-ൽ കാണുന്ന സമാന്ത​ര​വി​വ​ര​ണ​ത്തി​ലെ ദൃഷ്ടാ​ന്ത​ത്തിൽ ഈ കാര്യ​സ്ഥനെ, “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്നു വിളി​ച്ചി​രി​ക്കു​ന്നു.

കാര്യസ്ഥൻ: അഥവാ “വീട്ടിലെ കാര്യം നോക്കി​ന​ട​ത്തു​ന്ന​യാൾ.” ഇവിടെ കാണുന്ന ഓയി​കൊ​നോ​മൊസ്‌ എന്ന ഗ്രീക്കു​പദം, വീട്ടിലെ ജോലി​ക്കാ​രു​ടെ മേൽനോ​ട്ട​ത്തി​നാ​യി നിയമി​ച്ചി​രുന്ന ഒരാ​ളെ​യാ​ണു കുറി​ക്കു​ന്നത്‌. എന്നാൽ അയാളും ആ വീട്ടിലെ ഒരു ജോലി​ക്കാ​രൻത​ന്നെ​യാ​യി​രു​ന്നു. പുരാ​ത​ന​കാ​ലത്ത്‌, പൊതു​വേ വിശ്വ​സ്‌ത​നായ ഒരു അടിമ​യെ​യാണ്‌ ആ സ്ഥാനത്ത്‌ നിയമി​ച്ചി​രു​ന്നത്‌. തന്റെ യജമാ​നന്റെ കാര്യ​ങ്ങ​ളെ​ല്ലാം നോക്കി​ന​ട​ത്താ​നുള്ള ചുമതല അയാൾക്കാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഒരാളെ വളരെ​യ​ധി​കം വിശ്വ​സി​ച്ചേൽപ്പി​ച്ചി​രുന്ന ഒരു ഉത്തരവാ​ദി​ത്വ​മാ​യി​രു​ന്നു അത്‌. അബ്രാ​ഹാ​മി​നു​ള്ളതു “മുഴുവൻ നോക്കി​ന​ട​ത്തി​യി​രുന്ന” ദാസൻ അഥവാ ജോലി​ക്കാ​രൻ അങ്ങനെ​യൊ​രു കാര്യ​സ്ഥ​നാ​യി​രു​ന്നു. (ഉൽ 24:2) യോ​സേ​ഫും അത്തര​മൊ​രു കാര്യ​സ്ഥ​നാ​യി​രു​ന്നെന്ന്‌ ഉൽ 39:4 പറയുന്നു. യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ ‘കാര്യ​സ്ഥ​നെ​ക്കു​റിച്ച്‌’ ഏകവച​ന​ത്തി​ലാ​ണു പറഞ്ഞി​രി​ക്കു​ന്ന​തെ​ങ്കി​ലും ആ കാര്യസ്ഥൻ ഒരൊറ്റ വ്യക്തിയെ മാത്ര​മാ​ണു ചിത്രീ​ക​രി​ക്കു​ന്ന​തെന്ന്‌ അതിന്‌ അർഥമില്ല. പലർ ചേർന്ന ഒരു കൂട്ടത്തെ സൂചി​പ്പി​ക്കാൻ ഏകവച​ന​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഉദാഹ​ര​ണങ്ങൾ തിരു​വെ​ഴു​ത്തു​ക​ളി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽ ജനത​യോ​ടു സംസാ​രി​ച്ച​പ്പോൾ യഹോവ പറഞ്ഞ വാക്കുകൾ ശ്രദ്ധി​ക്കുക. “നിങ്ങൾ എന്റെ സാക്ഷികൾ (ബഹുവ​ചനം) . . . അതെ, ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ദാസൻ (ഏകവചനം)” എന്നാണു ദൈവം പറഞ്ഞത്‌. (യശ 43:10) സമാന​മാ​യി, ഈ ദൃഷ്ടാ​ന്ത​ത്തി​ലെ കാര്യ​സ്ഥ​നും പലർ ചേർന്ന​താണ്‌. മത്ത 24:45-ൽ കാണുന്ന സമാന്ത​ര​വി​വ​ര​ണ​ത്തി​ലെ ദൃഷ്ടാ​ന്ത​ത്തിൽ ഈ കാര്യ​സ്ഥനെ, “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്നു വിളി​ച്ചി​രി​ക്കു​ന്നു.

ആ അടിമ: ലൂക്ക 12:42-ൽ പറഞ്ഞി​രി​ക്കുന്ന കാര്യ​സ്ഥ​നെ​ക്കു​റി​ച്ചാണ്‌ ഇവിടെ അടിമ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. വിശ്വ​സ്‌ത​നാ​യി​രു​ന്നാൽ ‘ആ അടിമ​യ്‌ക്കു’ പ്രതി​ഫലം ലഭിക്കും. (ലൂക്ക 12:43, 44) എന്നാൽ അവിശ്വ​സ്‌ത​നെ​ങ്കിൽ അയാളെ ‘കഠിന​മാ​യി ശിക്ഷി​ക്കും.’ (ലൂക്ക 12:46) വാസ്‌ത​വ​ത്തിൽ യേശു​വി​ന്റെ വാക്കുകൾ, വിശ്വ​സ്‌ത​നായ കാര്യ​സ്ഥ​നുള്ള ഒരു മുന്നറി​യി​പ്പാണ്‌. ഇനി, മത്ത 24:45-51-ൽ കാണുന്ന സമാന്ത​ര​വി​വ​ര​ണ​ത്തി​ലെ ദൃഷ്ടാ​ന്ത​ത്തിൽ ‘ദുഷ്ടനായ ആ അടിമ എന്നെങ്കി​ലും . . . ഹൃദയ​ത്തിൽ പറഞ്ഞാൽ’ എന്ന വാക്കു​ക​ളു​ടെ അർഥവും ഇതി​നോ​ടു സമാന​മാണ്‌. ഭാവി​യിൽ ‘ആ അടിമ ദുഷ്ടനാ​യി​ത്തീ​രും’ എന്നു പ്രവചി​ക്കു​ക​യാ​യി​രു​ന്നില്ല യേശു; ‘ദുഷ്ടനായ ഒരു അടിമയെ’ യേശു നിയമി​ക്കു​ക​യു​മ​ല്ലാ​യി​രു​ന്നു. മറിച്ച്‌ വിശ്വ​സ്‌ത​നായ അടിമ എന്നെങ്കി​ലും ദുഷ്ടനായ ഒരു അടിമ​യു​ടെ സ്വഭാ​വ​വി​ശേ​ഷ​തകൾ കാണി​ച്ചു​തു​ട​ങ്ങി​യാൽ എന്തു സംഭവി​ക്കും എന്ന മുന്നറി​യി​പ്പു നൽകു​ക​യാ​യി​രു​ന്നു.

അടിമ: 42-ാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​സ്ഥ​നെ​യാണ്‌ ഇവിടെ “അടിമ” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. (ലൂക്ക 12:42-ന്റെ പഠനക്കു​റി​പ്പു കാണുക.) വിശ്വ​സ്‌ത​നാ​യി​രു​ന്നാൽ ആ ‘അടിമ​യ്‌ക്കു’ പ്രതി​ഫലം ലഭിക്കു​മാ​യി​രു​ന്നു. (ലൂക്ക 12:44) മത്ത 24:45-47-ൽ കാണുന്ന സമാന്ത​ര​വി​വ​ര​ണ​ത്തി​ലെ ദൃഷ്ടാ​ന്ത​ത്തിൽ ഈ കാര്യ​സ്ഥനെ, “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.​—ലൂക്ക 12:45-ന്റെ പഠനക്കു​റി​പ്പു കാണുക.

ആ അടിമ: ലൂക്ക 12:42-ൽ പറഞ്ഞി​രി​ക്കുന്ന കാര്യ​സ്ഥ​നെ​ക്കു​റി​ച്ചാണ്‌ ഇവിടെ അടിമ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. വിശ്വ​സ്‌ത​നാ​യി​രു​ന്നാൽ ‘ആ അടിമ​യ്‌ക്കു’ പ്രതി​ഫലം ലഭിക്കും. (ലൂക്ക 12:43, 44) എന്നാൽ അവിശ്വ​സ്‌ത​നെ​ങ്കിൽ അയാളെ ‘കഠിന​മാ​യി ശിക്ഷി​ക്കും.’ (ലൂക്ക 12:46) വാസ്‌ത​വ​ത്തിൽ യേശു​വി​ന്റെ വാക്കുകൾ, വിശ്വ​സ്‌ത​നായ കാര്യ​സ്ഥ​നുള്ള ഒരു മുന്നറി​യി​പ്പാണ്‌. ഇനി, മത്ത 24:45-51-ൽ കാണുന്ന സമാന്ത​ര​വി​വ​ര​ണ​ത്തി​ലെ ദൃഷ്ടാ​ന്ത​ത്തിൽ ‘ദുഷ്ടനായ ആ അടിമ എന്നെങ്കി​ലും . . . ഹൃദയ​ത്തിൽ പറഞ്ഞാൽ’ എന്ന വാക്കു​ക​ളു​ടെ അർഥവും ഇതി​നോ​ടു സമാന​മാണ്‌. ഭാവി​യിൽ ‘ആ അടിമ ദുഷ്ടനാ​യി​ത്തീ​രും’ എന്നു പ്രവചി​ക്കു​ക​യാ​യി​രു​ന്നില്ല യേശു; ‘ദുഷ്ടനായ ഒരു അടിമയെ’ യേശു നിയമി​ക്കു​ക​യു​മ​ല്ലാ​യി​രു​ന്നു. മറിച്ച്‌ വിശ്വ​സ്‌ത​നായ അടിമ എന്നെങ്കി​ലും ദുഷ്ടനായ ഒരു അടിമ​യു​ടെ സ്വഭാ​വ​വി​ശേ​ഷ​തകൾ കാണി​ച്ചു​തു​ട​ങ്ങി​യാൽ എന്തു സംഭവി​ക്കും എന്ന മുന്നറി​യി​പ്പു നൽകു​ക​യാ​യി​രു​ന്നു.

അയാളെ കഠിന​മാ​യി ശിക്ഷിച്ച്‌: അക്ഷ. “അയാളെ രണ്ടായി മുറിച്ച്‌.” ഭയാന​ക​മായ ഒരു ചിത്ര​മാണ്‌ ഇതു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്ന​തെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ പദപ്ര​യോ​ഗം അക്ഷരാർഥ​ത്തിൽ എടുക്കേണ്ട ഒന്നല്ല. കടുത്ത ശിക്ഷ​യെ​യാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.

അയാളെ കഠിന​മാ​യി ശിക്ഷിച്ച്‌: മത്ത 24:51-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒരു തീ കൊളു​ത്താൻ: യേശു​വി​ന്റെ വരവ്‌, ജൂതന്മാർക്കു പ്രക്ഷു​ബ്ധ​മായ ഒരു സമയത്തി​നു തുടക്കം കുറിച്ചു. ആ കാലഘട്ടം അവർക്ക്‌, ഒരു ആലങ്കാ​രി​കാർഥ​ത്തിൽ തീപോ​ലെ അനുഭ​വ​പ്പെട്ടു. യേശു എങ്ങനെ​യാണ്‌ ആ തീ കൊളു​ത്തി​യത്‌? യേശു ജനശ്ര​ദ്ധ​യി​ലേക്കു കൊണ്ടു​വന്ന പല വിഷയ​ങ്ങ​ളും ചൂടു​പി​ടിച്ച വാഗ്വാ​ദ​ങ്ങൾക്കു വഴി​വെച്ചു. പല വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും ആ അഗ്നിയിൽ കത്തിയ​മർന്നു. ഉദാഹ​ര​ണ​ത്തിന്‌, മിശിഹ ഇസ്രാ​യേൽ രാഷ്‌ട്രത്തെ റോമൻ ഭരണത്തിൽനിന്ന്‌ വിടു​വി​ക്കു​മെ​ന്നാ​യി​രു​ന്നു യേശു ഭൂമി​യി​ലു​ണ്ടാ​യി​രുന്ന സമയത്ത്‌ ജൂതന്മാ​രു​ടെ പ്രതീക്ഷ. എന്നാൽ ആ ദേശീ​യ​ത്വ​ചി​ന്താ​ഗ​തി​ക​ളെ​യെ​ല്ലാം അസ്ഥാന​ത്താ​ക്കി​ക്കൊണ്ട്‌ യേശു ലജ്ജാക​ര​മായ മരണത്തി​നു കീഴടങ്ങി. ഇനി, മനുഷ്യ​രു​ടെ മുമ്പി​ലുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട വിഷയം ദൈവ​രാ​ജ്യ​മാ​ണെന്നു തീക്ഷ്‌ണ​മായ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ യേശു കാണി​ച്ചു​കൊ​ടു​ത്ത​തും ആ ദേശ​ത്തെ​ങ്ങും ചൂടു​പി​ടിച്ച തർക്കങ്ങൾക്കു തിരി​കൊ​ളു​ത്തി.​—1കൊ 1:23.

അവസാ​നത്തെ ചില്ലി​ക്കാശ്‌: അക്ഷ. “അവസാ​നത്തെ ലെപ്‌ടോൺ.” ലെപ്‌ടോൺ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “ചെറുത്‌, കനം കുറഞ്ഞത്‌” എന്നൊ​ക്കെ​യാണ്‌. ഒരു ദിനാ​റെ​യു​ടെ 1/128 ആയിരു​ന്നു ഒരു ലെപ്‌ടോൺ. ഇതു തെളി​വ​നു​സ​രിച്ച്‌ ഇസ്രാ​യേ​ലിൽ ഉപയോ​ഗ​ത്തി​ലി​രുന്ന, ചെമ്പോ വെങ്കല​മോ കൊണ്ടുള്ള നാണയ​ങ്ങ​ളിൽ ഏറ്റവും ചെറു​താ​യി​രു​ന്നു.​—പദാവ​ലി​യിൽ ലെപ്‌ടോൺ എന്നതും അനു. ബി14-ഉം കാണുക.

ദൃശ്യാവിഷ്കാരം

ഇന്നത്തെ ഹിന്നോം താഴ്‌വര
ഇന്നത്തെ ഹിന്നോം താഴ്‌വര

ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഗീഹെന്ന എന്നു വിളി​ച്ചി​രി​ക്കുന്ന ഹിന്നോം താഴ്‌വര (1). ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം (2). ഒന്നാം നൂറ്റാ​ണ്ടി​ലെ ജൂത​ദേ​വാ​ലയം ഇവി​ടെ​യാ​യി​രു​ന്നു. ഇന്ന്‌ അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേ​യ​മായ നിർമി​തി ഡോം ഓഫ്‌ ദ റോക്ക്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു മുസ്ലീം ആരാധ​നാ​ല​യ​മാണ്‌.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.

മലങ്കാക്ക
മലങ്കാക്ക

ബൈബി​ളിൽ പേരെ​ടു​ത്തു​പ​റ​ഞ്ഞി​രി​ക്കുന്ന ആദ്യത്തെ പക്ഷി മലങ്കാ​ക്ക​യാണ്‌. (ഉൽ 8:7) സാഹച​ര്യ​ങ്ങ​ളു​മാ​യി ഒത്തു​പോ​കു​ന്ന​തിൽ മറ്റു പല പക്ഷിക​ളെ​ക്കാ​ളും ബഹുമി​ടു​ക്ക​രായ ഇവർ പറക്കൽവി​ദ​ഗ്‌ധ​രു​മാണ്‌. ഏറ്റവും കൗശല​ക്കാ​രായ പക്ഷിക​ളു​ടെ കൂട്ടത്തിൽപ്പെ​ടു​ന്ന​വ​രു​മാണ്‌ ഇവർ. സൃഷ്ടി​ക്രി​യ​ക​ളിൽ കാണുന്ന ദൈവി​ക​ജ്ഞാ​ന​ത്തെ​ക്കു​റിച്ച്‌ ഇയ്യോ​ബി​നെ പഠിപ്പി​ച്ച​പ്പോൾ, ‘മലങ്കാ​ക്ക​യ്‌ക്ക്‌ ആഹാരം ഒരുക്കി​ക്കൊ​ടു​ക്കു​ന്നതു’ താനാ​ണെന്ന്‌ യഹോവ പറഞ്ഞു. (ഇയ്യ 38:41) ഒരു കാക്ക അതിന്റെ വിശന്നു​ക​ര​യുന്ന കുഞ്ഞു​ങ്ങൾക്കു ഭക്ഷണം എത്തിക്കു​മ്പോൾ വാസ്‌ത​വ​ത്തിൽ യഹോ​വ​യാണ്‌ അതിനു പിന്നി​ലെന്നു സങ്കീർത്ത​ന​ക്കാ​രൻ സൂചി​പ്പി​ച്ചു. (സങ്ക 147:9) അത്തരം പക്ഷികൾക്കു​വേണ്ടി യഹോവ കരുതു​ന്നെ​ങ്കിൽ തന്റെ ദാസന്മാ​രായ മനുഷ്യർക്കു​വേണ്ടി യഹോവ എത്രയ​ധി​കം കരുതു​മെന്ന്‌ ഉറപ്പു​കൊ​ടു​ക്കാൻ യേശു​വും കാക്ക​യെ​ക്കു​റിച്ച്‌ ഇതു​പോ​ലൊ​രു കാര്യം പറഞ്ഞു. മോശ​യി​ലൂ​ടെ കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ കാക്കകൾ ഭക്ഷ്യ​യോ​ഗ്യ​മ​ല്ലാത്ത അശുദ്ധ​ജീ​വി​ക​ളാ​യി​രു​ന്നു. (ലേവ 11:13, 15) ഈ അശുദ്ധ​പ​ക്ഷി​ക്കു​വേ​ണ്ടി​പ്പോ​ലും ദൈവം കരുതു​ന്നെ​ങ്കിൽ തന്നിൽ ആശ്രയി​ക്കു​ന്ന​വരെ ദൈവം ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

പറമ്പിലെ ലില്ലി​ച്ചെ​ടി​കൾ
പറമ്പിലെ ലില്ലി​ച്ചെ​ടി​കൾ

‘ലില്ലി​ച്ചെ​ടി​കൾ എങ്ങനെ വളരു​ന്നെന്നു നോക്കി’ അവയിൽനിന്ന്‌ ‘പഠിക്കാൻ’ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ പൊതു​വേ ‘ലില്ലി​ച്ചെ​ടി​കൾ’ എന്നു തർജമ ചെയ്‌തി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ത്തി​നു സാധ്യ​ത​യ​നു​സ​രിച്ച്‌ ടൂലിപ്പ്‌, അനെമണി, ഹൈയാ​സിന്ത്‌, ഐറിസ്‌, ഗ്ലാഡി​യോ​ലസ്‌ എന്നിങ്ങ​നെ​യുള്ള പൂക്കളിൽ ഏതിനെ വേണ​മെ​ങ്കി​ലും കുറി​ക്കാ​നാ​കു​മാ​യി​രു​ന്നു. യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ അനെമണി എന്ന ലില്ലി​ച്ചെ​ടി​യാ​യി​രി​ക്കാം എന്നാണു ചില പണ്ഡിത​ന്മാർ പറയു​ന്നത്‌. എന്നാൽ യേശു ലില്ലി​വർഗ​ത്തിൽപ്പെട്ട ചെടി​ക​ളെ​ക്കു​റിച്ച്‌ പൊതു​വാ​യി നടത്തിയ ഒരു പ്രസ്‌താ​വന മാത്ര​മാ​യി​രി​ക്കാം അത്‌. കടുഞ്ചു​വപ്പു നിറമുള്ള ക്രൗൺ അനെമണി ആണ്‌ (അനെമണി കൊ​റോ​നേ​റിയ) ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും നീല, റോസ്‌, പർപ്പിൾ, വെള്ള എന്നീ നിറങ്ങ​ളി​ലും ഇവ കാണ​പ്പെ​ടാ​റുണ്ട്‌. ഇസ്രാ​യേ​ലിൽ ഇത്തരം ലില്ലി​ച്ചെ​ടി​കൾ സർവസാ​ധാ​ര​ണ​മാണ്‌.