വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹാമാ​രി​യെ പേടി​ച്ചുള്ള ജീവിതം നിങ്ങൾക്കു മടുത്തോ? എങ്കിൽ എന്തു ചെയ്യാം?

മഹാമാ​രി​യെ പേടി​ച്ചുള്ള ജീവിതം നിങ്ങൾക്കു മടുത്തോ? എങ്കിൽ എന്തു ചെയ്യാം?

 കോവിഡ്‌-19-നെ ഭയന്നുള്ള ഈ ജീവിതം നിങ്ങൾക്കു മടുത്തു തുടങ്ങി​യോ? എങ്കിൽ, നിങ്ങൾക്കു മാത്രമല്ല അങ്ങനെ തോന്നു​ന്നത്‌. മാസങ്ങ​ളാ​യി ലോക​ത്തെ​ല്ലാ​യി​ട​ത്തു​മുള്ള ആളുകൾ ഈ ജീവി​ത​രീ​തി​യു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ യൂറോ​പ്പി​ന്റെ റീജണൽ ഡയറക്ടർ ഹാൻസ്‌ ഗ്ലൂഗെ ഇങ്ങനെ പറയുന്നു: “കോവിഡ്‌-19 പടരു​ന്നതു തടയാൻ ആളുകൾ അവരുടെ പല കാര്യ​ങ്ങ​ളും വേണ്ടെന്നു വെച്ചി​രി​ക്കു​ന്നു. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ഉന്മേഷ​ക്കു​റ​വും വിരസ​ത​യും ഒക്കെ തോന്നുക സ്വാഭാ​വി​ക​മാണ്‌. അതു പലർക്കും മടുപ്പു​ണ്ടാ​ക്കു​ന്നു.”

 നിങ്ങൾക്ക്‌ അങ്ങനെ​യൊ​രു മടുപ്പു തോന്നു​ന്നു​ണ്ടെ​ങ്കിൽ വിഷമി​ക്കേണ്ട. ഈ സാഹച​ര്യം നേരി​ടാൻ ബൈബിൾ പലരെ​യും സഹായി​ക്കു​ന്നുണ്ട്‌. അതിനു നിങ്ങ​ളെ​യും സഹായി​ക്കാ​നാ​കും.

 മഹാമാ​രി ആളുകൾക്കു മടുപ്പു​ണ്ടാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

 മഹാമാ​രി കൊണ്ടു​ണ്ടാ​കുന്ന മടുപ്പ്‌ ഒരു രോഗാ​വ​സ്ഥ​യൊ​ന്നു​മല്ല. ഈ മഹാമാ​രി​യും അതിന്റെ പ്രശ്‌ന​ങ്ങ​ളും എത്രനാൾ ഇങ്ങനെ തുടർന്നു​പോ​കും എന്ന്‌ അറിയാ​ത്ത​തു​കൊണ്ട്‌ ആളുകൾക്ക്‌ ഉണ്ടാകുന്ന സ്വാഭാ​വി​ക​മായ അസ്വസ്ഥ​തകൾ മാത്ര​മാ​ണിത്‌. ആളുകളെ അത്‌ പല തരത്തി​ലാ​ണു ബാധി​ക്കു​ന്നത്‌. അതിൽ ചില കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു നോക്കാം:

  •   ഉത്സാഹ​ക്കു​റവ്‌

  •   താളം തെറ്റിയ ഭക്ഷണ​ക്ര​മ​വും ഉറക്കവും

  •   ദേഷ്യം

  •   സാധാരണ എളുപ്പ​ത്തിൽ ചെയ്യാ​റുള്ള ജോലി​പോ​ലും ബുദ്ധി​മു​ട്ടാ​യി തോന്നുക

  •   ഏകാഗ്രത കുറയുക

  •   നിരാശ

 ഈ മടുപ്പി​നെ ഗൗരവ​മു​ള്ള​താ​യി കാണേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ഈ മഹാമാ​രി ഉണ്ടാക്കുന്ന മടുപ്പ്‌ നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും സുരക്ഷ​യ്‌ക്ക്‌ ഒരു വലിയ ഭീഷണി​യാണ്‌. അത്‌ എങ്ങനെ​യാണ്‌? കാരണം, ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ പതു​ക്കെ​പ്പ​തു​ക്കെ കോവി​ഡി​ന്റെ സുരക്ഷാ മുന്നറി​യി​പ്പു​കൾ നമ്മൾ അവഗണി​ക്കാൻ തുടങ്ങി​യേ​ക്കാം. ക്രമേണ, നമുക്ക്‌ ഈ വൈറ​സി​നെ പേടി​യി​ല്ലാ​താ​കും, അതു പടർന്ന്‌ അനേക​രു​ടെ​യും ജീവ​നെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോൾ പോലും. കൂട്ടിൽ അടയ്‌ക്ക​പ്പെ​ട്ട​തു​പോ​ലെ ജീവി​ക്കു​മ്പോൾ കൂടുതൽ സ്വാത​ന്ത്ര്യം വേണ​മെന്നു നമുക്കു തോന്നി​യേ​ക്കാം എന്നതു ശരിയാണ്‌. പക്ഷേ, അത്തരം സ്വാത​ന്ത്ര്യം നമ്മു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവൻ അപകട​ത്തി​ലാ​ക്കും.

 പ്രശ്‌ന​ങ്ങൾ നിറഞ്ഞ ഈ സമയത്ത്‌ ബൈബി​ളി​ലെ ഈ വാക്യം സത്യമാ​ണെന്ന്‌ അനേക​രും സമ്മതി​ക്കു​ന്നു: “കഷ്ടതയു​ടെ ദിവസം നീ തളർന്നു​പോ​യാൽ നിന്റെ ശക്തി​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.” (സുഭാ​ഷി​തങ്ങൾ 24:10) നമ്മളെ തളർത്തി​ക്ക​ള​യുന്ന സാഹച​ര്യ​ങ്ങ​ളിൽ സഹായി​ക്കുന്ന നിരവധി തത്ത്വങ്ങൾ ബൈബി​ളിൽ ഉണ്ട്‌. ഈ മഹാമാ​രി​യു​ടെ കാലത്തും ആ തത്ത്വങ്ങൾ പ്രയോ​ജനം ചെയ്യും.

 ഏതൊക്കെ ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ നിങ്ങളെ സഹായി​ക്കാ​നാ​കും?

  •   അകലം പാലി​ക്കുക, എങ്കിലും അടുപ്പം നിലനി​റു​ത്തു​ക

     ബൈബിൾ പറയു​ന്നത്‌: ‘യഥാർഥ​സ്‌നേ​ഹി​തൻ കഷ്ടതക​ളു​ടെ സമയത്ത്‌ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.’—സുഭാ​ഷി​തങ്ങൾ 17:17.

     എന്തു​കൊണ്ട്‌ പ്രധാനം: യഥാർഥ സുഹൃ​ത്തു​ക്കൾ നിങ്ങളെ ബലപ്പെ​ടു​ത്തും. (1 തെസ്സ​ലോ​നി​ക്യർ 5:11) എന്നാൽ കുറേ​നാൾ ഒറ്റപ്പെട്ടു കഴിയു​ന്നത്‌ നമ്മുടെ ആരോ​ഗ്യ​ത്തെ​പ്പോ​ലും ബാധി​ച്ചേ​ക്കാം.—സുഭാ​ഷി​തങ്ങൾ 18:1.

     ഇങ്ങനെ ചെയ്‌തു നോക്കാം: വീഡി​യോ ചാറ്റ്‌, ഫോൺകോൾ, ഇ-മെയിൽ, ടെക്‌സ്റ്റ്‌ മെസേജ്‌ എന്നിവ​യി​ലൂ​ടെ സുഹൃ​ത്തു​ക്ക​ളു​മാ​യി എപ്പോ​ഴും ബന്ധം നിലനി​റു​ത്തുക. നിങ്ങൾക്ക്‌ എന്തെങ്കി​ലും വിഷമ​മോ ഉത്സാഹ​ക്കു​റ​വോ ഒക്കെ തോന്നു​മ്പോൾ സുഹൃ​ത്തു​ക്കളെ വിളിച്ച്‌ സംസാ​രി​ക്കുക. അവരുടെ കാര്യ​ങ്ങ​ളൊ​ക്കെ എങ്ങനെ പോകു​ന്നു​വെന്ന്‌ ഇടയ്‌ക്കി​ട​യ്‌ക്ക്‌ അന്വേ​ഷി​ക്കു​ക​യും വേണം. ഈ മഹാമാ​രി​യു​ടെ പ്രശ്‌ന​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നിങ്ങളെ സഹായിച്ച ടിപ്പു​ക​ളൊ​ക്കെ അവർക്കും പറഞ്ഞു​കൊ​ടു​ക്കാ​നാ​കു​മോ? നിങ്ങളു​ടെ സുഹൃ​ത്തിന്‌ എന്തെങ്കി​ലു​മൊ​ക്കെ ഉപകാ​രങ്ങൾ ചെയ്‌തു കൊടു​ക്കാം. അതു നിങ്ങൾക്കു രണ്ടു പേർക്കും സന്തോഷം തരും.

  •   ഇപ്പോ​ഴത്തെ ഈ സാഹച​ര്യം പ്രയോ​ജ​ന​പ്പെ​ടു​ത്തുക

     ബൈബിൾ പറയു​ന്നത്‌: “സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെസ്യർ 5:16.

     എന്തു​കൊണ്ട്‌ പ്രധാനം: സമയം ഒട്ടും പാഴാക്കി കളയാതെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കു​ന്നത്‌ അനാവ​ശ്യ​മായ ടെൻഷൻ ഒഴിവാ​ക്കാ​നും മനസ്സിനു സന്തോഷം കിട്ടാ​നും സഹായി​ക്കും.—ലൂക്കോസ്‌ 12:25.

     ഇങ്ങനെ ചെയ്‌തു നോക്കാം: നിങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആലോ​ചിച്ച്‌ സമയം കളയു​ന്ന​തി​നു പകരം ഈ സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാം എന്നു ചിന്തി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, സമയം കിട്ടു​മ്പോൾ ചെയ്യണ​മെന്ന്‌ ആഗ്രഹിച്ച എന്തെങ്കി​ലും കാര്യം നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​മോ? അല്ലെങ്കിൽ, നിങ്ങളു​ടെ ഏതെങ്കി​ലും ഇഷ്ടപ്പെട്ട ഹോബി​യിൽ ഏർപ്പെ​ടാൻ ഈ സമയം ഉപയോ​ഗി​ച്ചു​കൂ​ടെ? ഇനി, കുടും​ബ​ത്തോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ക്കാൻ ഏറ്റവും പറ്റിയ സമയമല്ലേ ഇത്‌?

  •   ദിനചര്യ നിലനി​റു​ത്തു​ക

     ബൈബിൾ പറയു​ന്നത്‌: ‘എല്ലാം ചിട്ട​യോ​ടെ നടക്കട്ടെ.’—1 കൊരി​ന്ത്യർ 14:40.

     എന്തു​കൊണ്ട്‌ പ്രധാനം: ദിനചര്യ കൃത്യ​മാ​യി പാലി​ക്കുന്ന ആളുകൾ നല്ല സന്തോ​ഷ​വും സംതൃ​പ്‌തി​യും ആസ്വദി​ക്കു​ന്നു.

     ഇങ്ങനെ ചെയ്‌തു നോക്കാം: നിങ്ങളു​ടെ ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിന്‌ യോജിച്ച ഒരു ടൈം​ടേ​ബിൾ തയ്യാറാ​ക്കുക. പഠനത്തി​നും ജോലി​ക്കും വീട്ടു​കാ​ര്യ​ങ്ങൾ ചെയ്യാ​നും പ്രത്യേ​കം സമയം എഴുതി വെക്കുക. ആത്മീയ​കാ​ര്യ​ങ്ങൾക്കും സമയം മാറ്റി വെക്കണം. കൂടാതെ, കുടും​ബ​ത്തോ​ടൊ​പ്പം ചെലവ​ഴി​ക്കാ​നും പുറത്തി​റങ്ങി നടക്കാ​നും വ്യായാ​മം ചെയ്യാ​നും സമയം ഉൾപ്പെ​ടു​ത്തു​ന്നതു നല്ലതാണ്‌. ഇടയ്‌ക്കൊ​ക്കെ ടൈം​ടേ​ബിൾ പരി​ശോ​ധിച്ച്‌ ആവശ്യ​മെ​ങ്കിൽ മാറ്റങ്ങൾ വരുത്തുക.

  •   മാറുന്ന കാലാ​വ​സ്ഥ​യു​മാ​യി പൊരു​ത്ത​പ്പെ​ടു​ക

     ബൈബിൾ പറയു​ന്നത്‌: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു;”—സുഭാ​ഷി​തങ്ങൾ 22:3.

     എന്തു​കൊണ്ട്‌ പ്രധാനം: ശുദ്ധവാ​യു​വും സൂര്യ​പ്ര​കാ​ശ​വും നമ്മുടെ ശരീര​ത്തി​നും മനസ്സി​നും നല്ലതാണ്‌. പക്ഷേ, നമ്മൾ താമസി​ക്കുന്ന സ്ഥലവും കാലാ​വ​സ്ഥ​യും അനുസ​രിച്ച്‌ ചില​പ്പോൾ പുറത്തി​റ​ങ്ങാ​നുള്ള അവസരങ്ങൾ കുറ​ഞ്ഞേ​ക്കാം.

     ഇങ്ങനെ ചെയ്‌തു നോക്കാം: തണുപ്പു​കാ​ലത്ത്‌ സൂര്യ​പ്ര​കാ​ശം കൂടുതൽ കിട്ടുന്ന മുറികൾ ഉപയോ​ഗി​ക്കാൻ ശ്രമി​ക്കാം. നല്ല തണുപ്പു​ള്ള​പ്പോ​ഴും പുറത്തു​നിന്ന്‌ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ പ്ലാൻ ചെയ്യുക. കഴിയു​മെ​ങ്കിൽ തണുപ്പുള്ള കാലാ​വ​സ്ഥ​യി​ലും പുറത്ത്‌ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ സഹായി​ക്കുന്ന വസ്‌ത്രങ്ങൾ കരുതി വെക്കുക.

     വേനൽക്കാ​ലം അടുക്കു​മ്പോൾ ആളുകൾ കൂടുതൽ സമയം പുറത്താ​യി​രി​ക്കും. അതു​കൊണ്ട്‌ സൂക്ഷി​ക്കണം. പുറത്തു പോകു​മ്പോൾ ആളുകൾ അധികം കൂട്ടം​കൂ​ടാത്ത സ്ഥലവും സമയവും തിര​ഞ്ഞെ​ടു​ക്കുക.

  •   കോവിഡ്‌ സുരക്ഷാ നിർദേ​ശങ്ങൾ പാലി​ക്കു​ന്നത്‌ ശീലമാ​ക്കു​ക

     ബൈബിൾ പറയു​ന്നത്‌: “വിഡ്‌ഢി അതിരു കവിഞ്ഞ ആത്മവി​ശ്വാ​സ​മു​ള്ള​വ​നും എടുത്തു​ചാ​ട്ട​ക്കാ​ര​നും ആണ്‌.”—സുഭാ​ഷി​തങ്ങൾ 14:16.

     എന്തു​കൊണ്ട്‌ പ്രധാനം: കോവിഡ്‌-19 മാരക​മായ ഒരു രോഗ​മാണ്‌. ആവശ്യ​മായ സുരക്ഷാ മുൻക​രു​ത​ലു​കൾ സ്വീക​രി​ച്ചി​ല്ലെ​ങ്കിൽ രോഗം പകരാ​നുള്ള സാധ്യത കൂടും.

     ഇങ്ങനെ ചെയ്‌തു നോക്കാം: പ്രാ​ദേ​ശിക അധികാ​രി​ക​ളിൽനി​ന്നുള്ള അതാതു സമയത്തെ നിർദേ​ശങ്ങൾ പാലി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. നിങ്ങളു​ടെ പ്രവൃ​ത്തി​കൾ നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും മറ്റുള്ള​വ​രെ​യും എങ്ങനെ ബാധി​ക്കും എന്നും ചിന്തി​ക്കണം.

  •   ദൈവ​ത്തോട്‌ അടുക്കാൻ വേണ്ടത്‌ ചെയ്യുക

     ബൈബിൾ പറയു​ന്നത്‌: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8.

     എന്തു​കൊണ്ട്‌ പ്രധാനം: ഏതു പ്രതി​സ​ന്ധി​യെ​യും നേരി​ടാൻ ദൈവ​ത്തി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.—യശയ്യ 41:13.

     ഇങ്ങനെ ചെയ്‌തു നോക്കാം: ദൈവ​വ​ച​ന​മായ ബൈബിൾ ദിവസ​വും വായി​ക്കുക. ഈ ബൈബിൾ വായന​യ്‌ക്കുള്ള പട്ടിക നിങ്ങളെ അതിനു സഹായി​ക്കും.

 കോവിഡ്‌-19-ന്റെ ഈ കാലത്ത്‌ ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ വിഡി​യോ കോൺഫ​റൻസി​ങ്ങി​ലൂ​ടെ ആണ്‌ തങ്ങളുടെ സഭാ​യോ​ഗ​ങ്ങ​ളും യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​വും വാർഷിക കൺ​വെൻ​ഷ​നും എല്ലാം നടത്തു​ന്നത്‌. ഈ പരിപാ​ടി​ക​ളിൽ നിങ്ങൾക്കും എങ്ങനെ പങ്കെടു​ക്കാ​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ച്ച​റി​ഞ്ഞു​കൂ​ടെ?

 പ്രയോ​ജനം ചെയ്യുന്ന ചില ബൈബിൾ വാക്യങ്ങൾ

 യശയ്യ 30:15: ‘ശാന്തരാ​യി​രുന്ന്‌ ദൈവ​ത്തിൽ ആശ്രയി​ക്കുക; അതാണു നിങ്ങളു​ടെ ബലം.’

 അർഥം: ദൈവ​ത്തി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തിൽ ആശ്രയി​ക്കു​ന്നത്‌ പ്രശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌ ശാന്തരാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും.

 സുഭാ​ഷി​ത​ങ്ങൾ 15:15: “മനോ​വി​ഷ​മ​മു​ള്ള​വന്റെ നാളു​ക​ളെ​ല്ലാം കഷ്ടത നിറഞ്ഞത്‌; എന്നാൽ ഹൃദയ​ത്തിൽ സന്തോ​ഷ​മു​ള്ള​വന്‌ എന്നും വിരുന്ന്‌.”

 അർഥം: ഓരോ ദിവസ​ത്തെ​യും നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചാൽ ബുദ്ധി​മു​ട്ടേ​റിയ ഈ സമയത്തും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ നമുക്ക്‌ കഴിയും.

 സുഭാ​ഷി​ത​ങ്ങൾ 14:15: “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു; എന്നാൽ വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”

 അർഥം: സുരക്ഷാ മുന്നറി​യി​പ്പു​കൾ അനുസ​രി​ക്കുക. ഇത്തരം നിയ​ന്ത്ര​ണങ്ങൾ ആവശ്യ​മില്ല എന്നതു​പോ​ലുള്ള ചിന്തകൾ ഒഴിവാ​ക്കുക.

 യശയ്യ 33:24: “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”

 അർഥം: എല്ലാ തരം രോഗ​ങ്ങ​ളും ഇല്ലാതാ​ക്കു​മെന്ന്‌ ദൈവം ഉറപ്പു തന്നിട്ടുണ്ട്‌.