വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”

അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”

അവരുടെ വിശ്വാ​സം അനുക​രി​ക്കു​ക

അവൻ “യഹോ​വ​യു​ടെ സന്നിധി​യിൽ വളർന്നു​വന്നു”

ഗിൽഗാൽ പട്ടണത്തിൽ കൂടി​വ​ന്നി​രി​ക്കു​ക​യാണ്‌ ആ ജനം. വേനൽക്കാ​ലം തുടങ്ങി​യിട്ട്‌ കുറച്ചാ​യി; ഇന്നത്തെ കലണ്ടറ​നു​സ​രിച്ച്‌ മേയ്‌മാ​സ​മോ ജൂൺമാ​സ​മോ ആയിരി​ക്കണം. ഗോത​മ്പു​വ​യ​ലു​ക​ളെ​ല്ലാം നന്നേ വിളഞ്ഞ്‌, കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു. ദശാബ്ദ​ങ്ങ​ളോ​ളം പ്രവാ​ച​ക​നും ന്യായാ​ധി​പ​നു​മാ​യി സേവിച്ച വിശ്വ​സ്‌ത​നായ ശമൂ​വേ​ലാണ്‌ ജനത്തെ വിളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്നത്‌. ശമൂവേൽ തന്റെ മുമ്പിൽ നിൽക്കു​ന്ന​വ​രു​ടെ മുഖ​ത്തേക്കു നോക്കി. ശ്വാസ​മ​ടക്കി നിൽക്കു​ക​യാണ്‌ എല്ലാവ​രും.

ആ ജനം വലി​യൊ​രു പാതകം ചെയ്‌തി​രി​ക്കു​ക​യാണ്‌. പക്ഷേ തെറ്റിന്റെ ഗൗരവം അവർക്കു മനസ്സി​ലാ​യി​ട്ടില്ല. തങ്ങളെ ഭരിക്കാൻ ഒരു മാനു​ഷ​രാ​ജാ​വി​നെ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാണ്‌ അവർ. അതുവഴി തങ്ങളുടെ രാജാ​വായ യഹോ​വ​യാം ദൈവ​ത്തെ​യാണ്‌ അവർ തിരസ്‌ക​രി​ച്ചി​രി​ക്കു​ന്നത്‌. അവന്റെ പ്രവാ​ച​ക​നോ​ടും അവർ കടുത്ത അനാദ​രവു കാണി​ച്ചി​രി​ക്കു​ന്നു! തെറ്റിന്റെ ഗൗരവം ജനത്തെ ബോധ്യ​പ്പെ​ടു​ത്താൻ ശമൂവേൽ എന്താണു ചെയ്യാൻ പോകു​ന്നത്‌? ശമൂ​വേ​ലിന്‌ അവരുടെ ഹൃദയ​ങ്ങ​ളിൽ അനുതാ​പം ഉളവാ​ക്കാ​നാ​കു​മോ?

“ഞാനോ വൃദ്ധനും നരച്ചവ​നു​മാ​യി,” ശമൂവേൽ സംസാ​രി​ച്ചു​തു​ടങ്ങി. അവന്റെ നരച്ച തലമുടി ആ വാക്കു​കൾക്ക്‌ ഗാംഭീ​ര്യം പകർന്നു. “എന്റെ ബാല്യം​മു​തൽ ഇന്നുവ​രെ​യും ഞാൻ നിങ്ങൾക്കു നായക​നാ​യി​രു​ന്നു,” അവൻ പറഞ്ഞു. (1 ശമൂവേൽ 11:14, 15; 12:2) വാർധ​ക്യ​ത്തി​ലും ശമൂ​വേ​ലി​ന്റെ മനസ്സിലെ ബാല്യ​കാ​ല​സ്‌മ​ര​ണ​കൾക്ക്‌ മങ്ങലേ​റ്റി​ട്ടില്ല. അന്ന്‌, ബാലനാ​യി​രി​ക്കെ അവൻ എടുത്ത തീരു​മാ​ന​ങ്ങ​ളാണ്‌ യഹോ​വ​യോ​ടുള്ള ഭക്തിയും വിശ്വ​സ്‌ത​ത​യും ഇന്നോളം മുറു​കെ​പ്പി​ടി​ക്കാൻ അവനെ പ്രാപ്‌ത​നാ​ക്കി​യത്‌.

ചുറ്റു​മു​ള്ള ആളുകൾ ദൈവ​ഭ​യ​മി​ല്ലാ​ത്തവർ ആയിരു​ന്ന​തി​നാൽ തന്റെ വിശ്വാ​സം കരുത്തു​റ്റ​താ​ക്കി നിറു​ത്താൻ ശമൂവേൽ നല്ല ശ്രമം ചെയ്യേ​ണ്ടി​യി​രു​ന്നു. ദൈവ​ഭ​ക്തി​യി​ല്ലാത്ത, ദുഷിച്ച ഈ ലോക​ത്തിൽ ജീവി​ക്കുന്ന നമുക്കും ഇതേ വെല്ലു​വി​ളി ഉണ്ട്‌. അതു​കൊണ്ട്‌ ശമൂ​വേ​ലി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ എന്തു പാഠം ഉൾക്കൊ​ള്ളാ​നാ​കു​മെന്ന്‌ നമുക്കു നോക്കാം.

യഹോ​വ​യു​ടെ സന്നിധി​യിൽ ശുശ്രൂഷ ചെയ്‌തു​പോന്ന ബാലൻ

ശമൂ​വേ​ലി​ന്റേത്‌ ഒരു അസാധാ​രണ ബാല്യ​മാ​യി​രു​ന്നു. മുലകു​ടി മാറി അധികം വൈകാ​തെ (ഏകദേശം നാലു​വ​യ​സ്സു​ള്ള​പ്പോൾ) ശീലോ​വി​ലുള്ള യഹോ​വ​യു​ടെ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്യാ​നാ​യി മാതാ​പി​താ​ക്കൾ അവനെ അവിടെ കൊണ്ടു​ചെ​ന്നാ​ക്കി. റാമയി​ലെ അവന്റെ വീട്ടിൽനിന്ന്‌ 30 കിലോ​മീ​റ്റി​ല​ധി​കം ദൂരമു​ണ്ടാ​യി​രു​ന്നു ശീലോ​വി​ലേക്ക്‌. മാതാ​പി​താ​ക്ക​ളായ എൽക്കാ​നാ​യും ഹന്നായും തങ്ങളുടെ കുഞ്ഞിനെ ആജീവ​നാന്ത ശുശ്രൂ​ഷ​യ്‌ക്കാ​യി​ട്ടാണ്‌ യഹോ​വ​യ്‌ക്ക്‌ സമർപ്പി​ച്ചത്‌; സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ഒരു നാസീർവ്ര​ത​സ്ഥ​നാ​യി അവൻ സേവനം ചെയ്‌തു​പോ​ന്നു. a എന്തു​കൊ​ണ്ടാണ്‌ ആ മാതാ​പി​താ​ക്കൾ അവനെ ഇത്ര ചെറു​പ്പ​ത്തി​ലേ തങ്ങളിൽനിന്ന്‌ അകന്നു​താ​മ​സി​ക്കാൻ അനുവ​ദി​ച്ചത്‌? അവർക്ക്‌ അവനോ​ടു സ്‌നേ​ഹ​മി​ല്ലാ​യി​രു​ന്നോ?

ശീലോ​വിൽ മകന്‌ ഒരു കുറവും വരി​ല്ലെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. കാരണം, മഹാപു​രോ​ഹി​ത​നായ ഏലി​യോ​ടൊ​പ്പ​മാണ്‌ ശമൂവേൽ ശുശ്രൂഷ ചെയ്‌തി​രു​ന്നത്‌. അതു​കൊണ്ട്‌ അവന്റെ കാര്യങ്ങൾ ഏലി പ്രത്യേ​കം ശ്രദ്ധി​ക്കു​മാ​യി​രു​ന്നു. ഇതിനു​പു​റമേ, സമാഗ​മ​ന​കൂ​ടാ​ര​വു​മാ​യി ബന്ധപ്പെട്ട ചില ജോലി​കൾ ചെയ്യുന്ന കുറെ സ്‌ത്രീ​ക​ളും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.—1 ശമൂവേൽ 2:22.

മാത്രമല്ല, ഒരുപാ​ടു കാലത്തെ പ്രാർഥ​ന​കൾക്കും കാത്തി​രി​പ്പി​നും ശേഷം ലഭിച്ച കടിഞ്ഞൂൽ പുത്രനെ ഹന്നായ്‌ക്കും എൽക്കാ​നാ​യ്‌ക്കും എങ്ങനെ മറക്കാ​നാ​കും! ഒരു പുത്രനെ നൽകി​യാൽ അവനെ ജീവപ​ര്യ​ന്തം ദൈവ​സേ​വ​ന​ത്തി​നാ​യി സമർപ്പി​ച്ചു​കൊ​ള്ളാ​മെന്ന്‌ ഹന്നാ യഹോ​വ​യ്‌ക്ക്‌ നേർച്ച നേർന്നി​രു​ന്നു. ഓരോ വർഷവും ശീലോ​വി​ലേക്കു വരു​മ്പോൾ, ഹന്നാ ശമൂ​വേ​ലി​നു​വേണ്ടി കയ്യില്ലാത്ത ഒരു കൊച്ചു​കു​പ്പാ​യം തുന്നി​ക്കൊ​ണ്ടു​വ​രു​മാ​യി​രു​ന്നു. സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽ സേവ​ചെ​യ്യു​മ്പോൾ ഇടാനാ​യി​രു​ന്നു അത്‌. മാതാ​പി​താ​ക്ക​ളു​ടെ ആ സന്ദർശനം കൊച്ചു​ശ​മൂ​വേ​ലി​നെ എത്ര സന്തോ​ഷി​പ്പി​ച്ചി​ട്ടു​ണ്ടാ​കും! അപ്പോ​ഴൊ​ക്കെ, ആ വിശുദ്ധ സ്ഥലത്ത്‌ യഹോ​വയെ സേവി​ക്കാൻ ലഭിച്ച അതുല്യ പദവിയെ വിലമ​തി​ക്കാൻ മാതാ​പി​താ​ക്കൾ തീർച്ച​യാ​യും അവനെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കണം. മാതാ​പി​താ​ക്ക​ളിൽനി​ന്നുള്ള ഉപദേ​ശ​ങ്ങ​ളും മാർഗ​ദർശ​ന​വും കൈ​ക്കൊണ്ട്‌ ആ ബാലൻ ദൈവ​പ്രീ​തി​യിൽ വളർന്നു​വന്നു.

ഇന്നത്തെ മാതാ​പി​താ​ക്കൾക്ക്‌ ഹന്നായിൽനി​ന്നും എൽക്കാ​നാ​യിൽനി​ന്നും ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നുണ്ട്‌. കുട്ടി​കൾക്കു​വേണ്ടി ഭൗതി​ക​മാ​യി കരുതാ​നുള്ള വ്യഗ്ര​ത​യിൽ അവരുടെ ആത്മീയ ആവശ്യങ്ങൾ അവഗണി​ക്കുന്ന രീതി​യാണ്‌ മാതാ​പി​താ​ക്കൾക്കി​ട​യിൽ പൊതു​വിൽ കണ്ടുവ​രു​ന്നത്‌. എന്നാൽ ശമൂ​വേ​ലി​ന്റെ മാതാ​പി​താ​ക്കൾ ആത്മീയ കാര്യ​ങ്ങൾക്കാണ്‌ ഒന്നാം സ്ഥാനം കൊടു​ത്തത്‌. അവരുടെ ആ വീക്ഷണം ശമൂ​വേ​ലി​നെ സ്വാധീ​നി​ച്ചു എന്നതിൽ സംശയ​മില്ല. ശമൂവേൽ ദൈവ​ഭ​ക്തി​യുള്ള ഒരു വ്യക്തി​യാ​യി വളർന്നു​വ​ന്നത്‌ അതിനു തെളി​വാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 22:6.

ശീലോ​യ്‌ക്ക്‌ അടുത്തുള്ള കുന്നു​ക​ളിൽനി​ന്നു നോക്കി​യാൽ താഴെ പട്ടണവും പട്ടണത്തി​ന്റെ ഒരുവ​ശ​ത്താ​യി താഴ്‌വാ​ര​വും കാണാ​മാ​യി​രു​ന്നു. ആ കുന്നു​ക​ളി​ലൂ​ടെ കാഴ്‌ചകൾ കണ്ടുന​ട​ക്കുന്ന ശമൂവേൽ ബാലനെ മനസ്സിൽ കാണുക. പെട്ടെന്ന്‌ യഹോ​വ​യു​ടെ സമാഗ​മ​ന​കൂ​ടാ​രം കണ്ണിൽപ്പെ​ടു​മ്പോൾ അവന്റെ മുഖത്തു വിരി​യുന്ന ആഹ്ലാദ​വും അഭിമാ​ന​വും നിങ്ങൾക്ക്‌ വിഭാവന ചെയ്യാ​നാ​കു​മോ? സമാഗ​മ​ന​കൂ​ടാ​രം വിശു​ദ്ധ​മായ ഒരിട​മാ​യി​രു​ന്നു. b ഏതാണ്ട്‌ 400 വർഷം​മുമ്പ്‌ മോശ​യു​ടെ മേൽനോ​ട്ട​ത്തിൻകീ​ഴിൽ പണിയ​പ്പെട്ട ആ കൂടാരം ഭൂമി​യി​ലെ സത്യാ​രാ​ധ​ന​യു​ടെ ഏക കേന്ദ്ര​മാ​യി​രു​ന്നു.

ശമൂവേൽ ഈ വിശു​ദ്ധ​കൂ​ടാ​രത്തെ വളരെ​യേറെ പ്രിയ​പ്പെ​ട്ടി​രു​ന്നു. “ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ചു യഹോ​വ​യു​ടെ സന്നിധി​യിൽ ശുശ്രൂഷ ചെയ്‌തു​പോ​ന്നു” എന്ന്‌ അവൻതന്നെ പിന്നീട്‌ എഴുതി. (1 ശമൂവേൽ 2:18) ശമൂവേൽ ധരിച്ചി​രുന്ന കയ്യില്ലാത്ത കുപ്പായം, കൂടാ​ര​ത്തിൽ അവൻ—പുരോ​ഹി​ത​ഗോ​ത്ര​ത്തിൽപ്പെ​ട്ടവൻ അല്ലായി​രു​ന്നെ​ങ്കി​ലും—പുരോ​ഹി​ത​ന്മാ​രെ സഹായി​ച്ചി​രു​ന്നു എന്നതിനു തെളി​വാണ്‌. രാവിലെ അങ്കണത്തി​ലേ​ക്കുള്ള വാതിൽ തുറന്നു​കൊ​ടു​ക്കു​ന്ന​തും വൃദ്ധനായ മഹാപു​രോ​ഹി​തനെ സഹായി​ക്കു​ന്ന​തും അവന്റെ ജോലി​ക​ളിൽപ്പെ​ട്ടി​രു​ന്നു. അവിടത്തെ സേവനം അവൻ ആസ്വദി​ച്ചി​രു​ന്നെ​ങ്കി​ലും അവിടെ നടന്നി​രുന്ന ചില കാര്യങ്ങൾ അവന്റെ കുരു​ന്നു​മ​ന​സ്സി​നെ അസ്വസ്ഥ​മാ​ക്കി.

അവൻ കളങ്കമി​ല്ലാ​ത്ത​വ​നാ​യി നില​കൊ​ണ്ടു

വളരെ ചെറു​പ്പ​ത്തിൽത്തന്നെ പല ദുഷ്‌കൃ​ത്യ​ങ്ങൾക്കും സാക്ഷി​യാ​കേ​ണ്ടി​വന്നു ശമൂ​വേ​ലിന്‌. ഏലിക്ക്‌ രണ്ടു പുത്ര​ന്മാ​രു​ണ്ടാ​യി​രു​ന്നു, ഹൊഫ്‌നി​യും ഫീനെ​ഹാ​സും. “ഏലിയു​ടെ പുത്ര​ന്മാർ നീചന്മാ​രും യഹോ​വയെ ഓർക്കാ​ത്ത​വ​രും ആയിരു​ന്നു” എന്ന്‌ വിവരണം പറയുന്നു. (1 ശമൂവേൽ 2:12) അവർ നീചന്മാർ ആയിരു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഈ വാക്യം വ്യക്തമാ​ക്കു​ന്നു: അവർ യഹോ​വയെ ഓർക്കാ​ത്ത​വ​രാ​യി​രു​ന്നു; അതായത്‌, ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ നിയമ​ങ്ങ​ളും ചട്ടങ്ങളും അവർ ഗൗനി​ച്ച​തേ​യില്ല. അവർ ചെയ്‌തു​കൂ​ട്ടിയ പാപങ്ങ​ളു​ടെ മൂലകാ​രണം അതായി​രു​ന്നു.

പുരോ​ഹി​ത​ന്മാ​രു​ടെ കർത്തവ്യ​ങ്ങ​ളെ​ക്കു​റി​ച്ചും സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ അവർ യാഗങ്ങൾ അർപ്പി​ക്കേ​ണ്ടത്‌ എങ്ങനെ​യാണ്‌ എന്നതി​നെ​ക്കു​റി​ച്ചും വ്യക്തമായ നിയമങ്ങൾ ദൈവം നൽകി​യി​രു​ന്നു. അതിന്‌ തക്കതായ കാരണ​വു​മു​ണ്ടാ​യി​രു​ന്നു. ജനത്തിന്റെ പാപങ്ങൾ പോക്കി ദൈവ​ദൃ​ഷ്ടി​യിൽ അവരെ ശുദ്ധീ​ക​രി​ക്കാ​നും അങ്ങനെ ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹ​ങ്ങ​ളും മാർഗ​ദർശ​ന​വും പ്രാപി​ക്കാൻ അവരെ യോഗ്യ​രാ​ക്കാ​നു​മുള്ള ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​മാ​യി​രു​ന്നു ആ യാഗങ്ങൾ. എന്നാൽ ഹൊഫ്‌നി​യും ഫീനെ​ഹാ​സും ഈ യാഗങ്ങ​ളോട്‌ കടുത്ത അനാദ​രവു കാണി​ക്കു​ക​യും അങ്ങനെ ചെയ്യാൻ മറ്റു പുരോ​ഹി​ത​ന്മാ​രെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. c

ഇതെല്ലാം കണ്ട്‌ അമ്പരന്നു​നിൽക്കുന്ന കൊച്ചു​ശ​മൂ​വേ​ലി​നെ നിങ്ങൾക്ക്‌ മനസ്സിൽ കാണാ​നാ​കു​മോ? എളിയ​വ​രും ദരി​ദ്ര​രു​മായ എത്ര​യെത്ര ആളുക​ളാണ്‌ ആശ്വാ​സ​വും ആത്മീയ കരുത്തും കൈ​ക്കൊ​ള്ളാ​മെന്ന പ്രതീ​ക്ഷ​യിൽ വന്ന്‌ നിരാ​ശ​രും അപമാ​നി​ത​രു​മാ​യി തിരി​ച്ചു​പോ​യി​രു​ന്നത്‌! മാത്ര​മോ, സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ശുശ്രൂഷ ചെയ്‌തി​രുന്ന സ്‌ത്രീ​ക​ളു​മാ​യി അസന്മാർഗിക പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ ഹൊഫ്‌നി​യും ഫീനെ​ഹാ​സും യഹോ​വ​യു​ടെ ധാർമിക നിയമങ്ങൾ കാറ്റിൽപ്പ​റത്തി. ഇതെല്ലാം കാണേ​ണ്ടി​വന്ന ശമൂ​വേ​ലി​ന്റെ മാനസി​കാ​വസ്ഥ എന്തായി​രി​ക്കു​മെന്ന്‌ ഊഹി​ക്കുക! (1 ശമൂവേൽ 2:22) ഏലി എന്തെങ്കി​ലും ചെയ്യു​മെന്ന്‌ അവൻ പ്രത്യാ​ശി​ച്ചി​രി​ക്കാം.

ഈ പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യാ​നാ​കു​മാ​യി​രു​ന്നത്‌ ഏലിക്കു​മാ​ത്ര​മാണ്‌. മഹാപു​രോ​ഹി​ത​നെ​ന്ന​നി​ല​യിൽ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ നടക്കുന്ന ഏതു കാര്യ​ത്തി​ന്റെ​യും ഉത്തരവാ​ദി​ത്വം വഹി​ക്കേ​ണ്ടി​യി​രു​ന്നത്‌ ഏലിയാണ്‌. മാത്രമല്ല, തങ്ങൾക്കും ദേശത്തെ മറ്റുള്ള​വർക്കും ദോഷം​വ​രു​ത്തുന്ന നടപടി​ക​ളിൽ ഏർപ്പെ​ട്ടി​രുന്ന മക്കളെ തിരു​ത്തേണ്ട കടമയും പിതാ​വെ​ന്ന​നി​ല​യിൽ ഏലിക്കു​ണ്ടാ​യി​രു​ന്നു. പക്ഷേ നിസ്സാ​ര​മ​ട്ടി​ലുള്ള ഒരു ശാസന​യാണ്‌ ഏലി തന്റെ പുത്ര​ന്മാർക്കു നൽകി​യത്‌. (1 ശമൂവേൽ 2:23-25) വാസ്‌ത​വ​ത്തിൽ, ഏലി അവർക്ക്‌ കടുത്ത ശിക്ഷണം നൽകേ​ണ്ട​താ​യി​രു​ന്നു. കാരണം മരണാർഹ​മായ പാപങ്ങ​ളാണ്‌ അവർ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌! അങ്ങനെ, ഒരു പിതാ​വി​ന്റെ​യും മഹാപു​രോ​ഹി​ത​ന്റെ​യും കർത്തവ്യ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തിൽ ഏലി ഒരു​പോ​ലെ പരാജ​യ​പ്പെട്ടു.

ഒടുവിൽ, സ്ഥിതി​ഗ​തി​കൾ തീർത്തും വഷളാ​യ​പ്പോൾ, യഹോവ ഒരു പ്രവാ​ച​കനെ (പേരു വെളി​പ്പെ​ടു​ത്തി​യി​ട്ടില്ല) ശക്തമായ ന്യായ​വി​ധി ദൂതു​മാ​യി ഏലിയു​ടെ അടുക്ക​ലേക്ക്‌ അയച്ചു. ‘നീ നിന്റെ പുത്ര​ന്മാ​രെ എന്നെക്കാൾ ബഹുമാ​നി​ക്കു​ന്നത്‌ എന്ത്‌?’ എന്ന്‌ യഹോവ ഏലി​യോ​ടു ചോദി​ച്ചു. ഏലിയു​ടെ കുടും​ബ​ത്തിൽ വലിയ ദുരന്തങ്ങൾ സംഭവി​ക്കു​മെന്ന്‌ ദൈവം പറഞ്ഞു: അവന്റെ ദുർമാർഗി​ക​ളായ പുത്ര​ന്മാർ ഒരേ ദിവസം​തന്നെ കൊല്ല​പ്പെ​ടും; അവന്റെ കുടും​ബ​ത്തിന്‌ പൗരോ​ഹി​ത്യ പദവി നഷ്ടപ്പെ​ടും. എന്നാൽ യഹോ​വ​യു​ടെ മുന്നറി​യി​പ്പിന്‌ ആ കുടും​ബം ചെവി​കൊ​ടു​ത്തോ? അതിന്റെ യാതൊ​രു സൂചന​യും വിവര​ണ​ത്തിൽ കാണു​ന്നില്ല.—1 ശമൂവേൽ 2:27–3:1.

ഈ ദുഷിച്ച അന്തരീക്ഷം ബാലനായ ശമൂ​വേ​ലി​നെ സ്വാധീ​നി​ച്ചോ? സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ ദുഷ്‌ചെ​യ്‌തി​ക​ളെ​ക്കു​റി​ച്ചുള്ള വിവര​ണ​ങ്ങൾക്കി​ട​യി​ലും ശമൂ​വേ​ലി​ന്റെ ആത്മീയ പുരോ​ഗ​തി​യെ​ക്കു​റി​ച്ചുള്ള ചില സദ്വർത്ത​മാ​നങ്ങൾ നമുക്കു കാണാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, “ശമൂവേൽ എന്ന ബാലനോ . . . യഹോ​വ​യു​ടെ സന്നിധി​യിൽ ശുശ്രൂഷ ചെയ്‌തു​പോ​ന്നു” എന്ന്‌ 1 ശമൂവേൽ 2:18-ൽ പറഞ്ഞി​രി​ക്കു​ന്ന​താ​യി നാം കണ്ടുവ​ല്ലോ. ചെറു​പ്രാ​യ​ത്തിൽത്തന്നെ ശമൂ​വേ​ലി​ന്റെ ജീവിതം ദൈവ​സേ​വ​നത്തെ കേന്ദ്രീ​ക​രി​ച്ചു​ള്ള​താ​യി​രു​ന്നു. അതേ അധ്യാ​യ​ത്തി​ന്റെ 21-ാം വാക്യം ഇങ്ങനെ പറയുന്നു: “ശമൂ​വേൽബാ​ല​നോ യഹോ​വ​യു​ടെ സന്നിധി​യിൽ വളർന്നു​വന്നു.” വളരു​ന്തോ​റും സ്വർഗീയ പിതാ​വു​മാ​യുള്ള അവന്റെ ബന്ധവും കരുത്തു​റ്റ​താ​യി​ക്കൊ​ണ്ടി​രു​ന്നു. അതെ, യഹോ​വ​യു​മാ​യുള്ള അത്തര​മൊ​രു അടുത്ത​ബന്ധം ഏതു ദുഷിച്ച സ്വാധീ​ന​ത്തെ​യും ചെറു​ക്കാൻ ഒരുവനെ പ്രാപ്‌ത​നാ​ക്കും.

‘മഹാപു​രോ​ഹി​ത​നും പുത്ര​ന്മാർക്കും ഇങ്ങനെ​യൊ​ക്കെ ചെയ്യാ​മെ​ങ്കിൽ എനിക്കും എന്തു​കൊണ്ട്‌ ആയിക്കൂ​ടാ’ എന്നു വേണ​മെ​ങ്കിൽ ശമൂ​വേ​ലി​നു ചിന്തി​ക്കാ​മാ​യി​രു​ന്നു. എന്നാൽ മറ്റുള്ളവർ, അവർ അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രാ​യാൽപ്പോ​ലും, ദുഷ്‌കൃ​ത്യ​ങ്ങൾ ചെയ്യുന്നു എന്നത്‌ നമുക്കു പാപം ചെയ്യാ​നുള്ള ലൈസൻസ്‌ നൽകു​ന്നില്ല. ഇന്ന്‌ പല ക്രിസ്‌തീയ യുവാ​ക്ക​ളും ശമൂ​വേ​ലി​നെ​പ്പോ​ലെ യഹോ​വ​യ്‌ക്ക്‌ പ്രസാ​ദ​ക​ര​മായ വിധത്തിൽ വളർന്നു​വ​രു​ന്ന​വ​രാണ്‌, അവർക്ക്‌ മാതൃക വെക്കേ​ണ്ടവർ അതിൽ പരാജ​യ​പ്പെ​ടു​മ്പോൾപ്പോ​ലും.

ശമൂ​വേ​ലി​ന്റെ ഈ ജീവി​ത​ഗ​തിക്ക്‌ എന്തു ഫലമു​ണ്ടാ​യി? “ശമൂ​വേൽബാ​ല​നോ വളരു​ന്തോ​റും യഹോ​വെ​ക്കും മനുഷ്യർക്കും പ്രീതി​യു​ള്ള​വ​നാ​യി വളർന്നു” എന്ന്‌ തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (1 ശമൂവേൽ 2:26) അതെ, യഹോ​വ​യ്‌ക്കും യഹോ​വയെ സ്‌നേ​ഹി​ച്ചി​രുന്ന മറ്റാളു​കൾക്കും അവൻ പ്രിയ​ങ്ക​ര​നാ​യി​രു​ന്നു. ശീലോ​വിൽ നടക്കുന്ന കൊള്ള​രു​താ​യ്‌മ​കൾക്കെ​തി​രെ തന്റെ ദൈവം നടപടി സ്വീക​രി​ക്കും എന്ന്‌ ശമൂ​വേ​ലിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു, പക്ഷേ അത്‌ എപ്പോ​ഴാ​ണെന്ന്‌ അവൻ ചിന്തി​ച്ചി​രി​ക്കാം.

“അരുളി​ച്ചെ​യ്യേ​ണമേ; അടിയൻ കേൾക്കു​ന്നു”

ഒരു രാത്രി, ശമൂ​വേ​ലി​ന്റെ മനസ്സിലെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടി. നേരം പുലരാ​റാ​യി​രു​ന്നെ​ങ്കി​ലും പുറത്ത്‌ ഇരുട്ടു​ണ്ടാ​യി​രു​ന്നു. കൂടാ​ര​ത്തി​ലെ വിളക്ക്‌ അപ്പോ​ഴും കത്തി​ക്കൊ​ണ്ടി​രു​ന്നു. ആ നിശ്ശബ്ദ​ത​യിൽ തന്നെ ആരോ വിളി​ക്കു​ന്ന​താ​യി ശമൂ​വേ​ലി​നു തോന്നി. എന്തെങ്കി​ലും സഹായ​ത്തി​നാ​യി ഏലി വിളി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നാണ്‌ അവൻ ആദ്യം കരുതി​യത്‌. വൃദ്ധനായ ഏലിയു​ടെ കാഴ്‌ച ഏതാണ്ട്‌ നഷ്ടപ്പെ​ട്ടി​രു​ന്നു. ശമൂവേൽ എഴു​ന്നേറ്റ്‌ ധൃതി​യിൽ ഏലിയു​ടെ അടുക്ക​ലേക്ക്‌ പോയി. ചെരി​പ്പി​ടാ​നൊ​ന്നും നിൽക്കാ​തെ ഏലിയു​ടെ അടു​ത്തേക്ക്‌ ധൃതി​പ്പെട്ട്‌ ഓടുന്ന കൊച്ചു​ശ​മൂ​വേ​ലി​നെ നിങ്ങൾക്ക്‌ മനസ്സിൽ കാണാ​നാ​കു​ന്നു​ണ്ടോ? ഏലി​യോട്‌ എത്ര ആദര​വോ​ടും ദയയോ​ടും കൂടെ​യാണ്‌ അവൻ ഇടപെ​ട്ടി​രു​ന്നത്‌! ഏലിയു​ടെ ഭാഗത്തു​നിന്ന്‌ വലിയ വീഴ്‌ചകൾ സംഭവി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഏലി അപ്പോ​ഴും യഹോ​വ​യു​ടെ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു. അക്കാര്യം ശമൂവേൽ ഒരിക്ക​ലും വിസ്‌മ​രി​ച്ചില്ല.—1 ശമൂവേൽ 3:2-5.

ശമൂവേൽ ചെന്ന്‌ ഏലിയെ വിളി​ച്ചു​ണർത്തി, “അടിയൻ ഇതാ; എന്നെ വിളി​ച്ചു​വ​ല്ലോ” എന്നു പറഞ്ഞു. “ഞാൻ വിളി​ച്ചില്ല; പോയി കിടന്നു​കൊൾക” എന്നു പറഞ്ഞ്‌ ഏലി അവനെ തിരി​ച്ച​യച്ചു. എന്നാൽ വീണ്ടും വീണ്ടും അതുതന്നെ സംഭവി​ച്ചു! ഒടുവിൽ ഏലിക്ക്‌ കാര്യം മനസ്സി​ലാ​യി. അക്കാലത്ത്‌ യഹോ​വ​യിൽനി​ന്നുള്ള അരുള​പ്പാ​ടു​കൾ ചുരു​ക്ക​മാ​യി​ട്ടേ ലഭിച്ചി​രു​ന്നു​ള്ളൂ; ദർശന​ങ്ങ​ളും വിരള​മാ​യി​രു​ന്നു. കാരണം ദേശം അത്ര അധഃപ​തി​ച്ചി​രു​ന്നു. എന്നാൽ ഇപ്പോൾ യഹോവ എന്തോ പറയാൻ ഉദ്ദേശി​ക്കു​ന്നു​ണ്ടെന്ന്‌ ഏലിക്കു മനസ്സി​ലാ​യി, ശമൂവേൽ എന്ന ബാലനി​ലൂ​ടെ​യാണ്‌ അവൻ അതു പറയാൻപോ​കു​ന്ന​തെ​ന്നും. ഇനി ആ സ്വരം കേൾക്കു​മ്പോൾ എന്തു മറുപടി പറയണം എന്നു നിർദേ​ശി​ച്ചിട്ട്‌ ഏലി അവനെ പറഞ്ഞയച്ചു. പിന്നെ​യും അവൻ ആ സ്വരം കേട്ടു. “ശമൂ​വേലേ, ശമൂ​വേലേ” എന്ന്‌ ആരോ അവനെ വിളി​ക്കു​ന്നു. “അരുളി​ച്ചെ​യ്യേ​ണമേ; അടിയൻ കേൾക്കു​ന്നു” എന്ന്‌ ശമൂവേൽ പറഞ്ഞു.—1 ശമൂവേൽ 3:1, 5-10.

ഒടുവി​ലി​താ, തന്റെ വചനം കൈ​ക്കൊ​ള്ളാൻ മനസ്സുള്ള ഒരു ദാസനെ യഹോവ ശീലോ​വിൽ കണ്ടെത്തി​യി​രി​ക്കു​ന്നു! ജീവി​ത​കാ​ല​ത്തു​ട​നീ​ളം ശമൂവേൽ യഹോ​വ​യു​ടെ വചനം മനസ്സോ​ടെ കൈ​ക്കൊ​ണ്ടു. നിങ്ങൾ അങ്ങനെ​യാ​ണോ? ഇന്ന്‌, യഹോ​വ​യു​ടെ വചസ്സുകൾ കേൾക്കാൻ നമുക്ക്‌ രാത്രി​യിൽ ഉറക്കമി​ളച്ചു കാത്തി​രി​ക്കേ​ണ്ട​തില്ല. ഏതു സമയത്തു വേണ​മെ​ങ്കി​ലും ദൈവ​ത്തി​ന്റെ ശബ്ദം നമുക്കു കേൾക്കാ​നാ​കും, അവന്റെ വചനമായ ബൈബി​ളി​ലൂ​ടെ. ദൈവ​ത്തി​ന്റെ വാക്കു കേൾക്കു​ക​യും അത്‌ കൈ​ക്കൊ​ള്ളു​ക​യും ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ നമ്മുടെ വിശ്വാ​സം വർധി​ക്കും. ശമൂ​വേ​ലി​ന്റെ കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു.

ശീലോ​വി​ലെ ആ രാത്രി ശമൂ​വേ​ലി​ന്റെ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രി​വാ​യി​രു​ന്നു. അപ്പോൾമു​തൽ അവൻ യഹോ​വ​യു​ടെ പ്രവാ​ച​ക​നും വക്താവു​മാ​യി. യഹോ​വ​യു​ടെ സന്ദേശം ഏലിയെ അറിയി​ക്കാൻ ശമൂ​വേ​ലിന്‌ ആദ്യം ഭയമാ​യി​രു​ന്നു. കാരണം, ആ കുടും​ബ​ത്തി​നു ഭവിക്കാ​നി​രുന്ന ദുരന്ത​ത്തെ​ക്കു​റി​ച്ചുള്ള അന്തിമ പ്രഖ്യാ​പ​ന​മാ​യി​രു​ന്നു അത്‌; യഹോവ മുമ്പ്‌ അരുളി​ച്ചെയ്‌ത ന്യായ​വി​ധി ഉടനെ നിവൃ​ത്തി​യേ​റു​മാ​യി​രു​ന്നു. ശമൂവേൽ ധൈര്യം സംഭരിച്ച്‌ ഏലിയു​ടെ അടുക്കൽ ചെന്നു. ദൈവ​ത്തിൽനി​ന്നുള്ള ന്യായ​വി​ധി ഏലി താഴ്‌മ​യോ​ടെ കൈ​ക്കൊ​ണ്ടു. താമസി​യാ​തെ, യഹോവ പറഞ്ഞ​തെ​ല്ലാം അക്ഷരം​പ്രതി സംഭവി​ച്ചു. ഇസ്രാ​യേൽ ഫെലി​സ്‌ത്യ​രു​മാ​യി യുദ്ധം ചെയ്‌തു; ഹൊഫ്‌നി​യും ഫീനെ​ഹാ​സും ഒരുദി​വ​സം​തന്നെ കൊല്ല​പ്പെട്ടു. യഹോ​വ​യു​ടെ വിശു​ദ്ധ​പെ​ട്ടകം പിടി​ക്ക​പ്പെ​ട്ടെന്ന വാർത്ത​കേട്ട്‌ ഏലിയും മരിച്ചു.—1 ശമൂവേൽ 3:10-18; 4:1-18.

വിശ്വ​സ്‌ത​നാ​യ പ്രവാ​ചകൻ എന്ന ശമൂ​വേ​ലി​ന്റെ ഖ്യാതി നാൾക്കു​നാൾ വർധി​ച്ചു​വന്നു. “യഹോവ അവനോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു; അവന്റെ വചനങ്ങ​ളിൽ ഒന്നും നിഷ്‌ഫ​ല​മാ​കു​വാൻ (യഹോവ) ഇടവരു​ത്തി​യില്ല” എന്ന്‌ വിവരണം പറയുന്നു.—1 ശമൂവേൽ 3:19.

“ശമൂവേൽ യഹോ​വ​യോ​ടു അപേക്ഷി​ച്ചു”

ശമൂ​വേ​ലി​ന്റെ നല്ല നേതൃ​ത്വ​ത്തിൻകീ​ഴിൽ ഇസ്രാ​യേ​ല്യർ ആത്മീയ​മ​ന​സ്‌ക​രും വിശ്വ​സ്‌ത​രു​മാ​യി​ത്തീർന്നു എന്നാണോ? അല്ല. തങ്ങൾക്ക്‌ ന്യായ​പാ​ലനം ചെയ്യാൻ ഒരു പ്രവാ​ചകൻ പോ​രെന്ന്‌ കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾ അവർക്കു തോന്നി. ചുറ്റു​മുള്ള ജനതക​ളെ​പ്പോ​ലെ തങ്ങളെ ഭരിക്കാൻ ഒരു മാനു​ഷ​രാ​ജാവ്‌ വേണ​മെന്ന്‌ അവർ ആഗ്രഹി​ച്ചു. യഹോ​വ​യു​ടെ നിർദേ​ശ​പ്ര​കാ​രം ശമൂവേൽ അവരുടെ ആഗ്രഹ​ത്തി​നു വഴങ്ങി. പക്ഷേ, അവരുടെ പാപത്തി​ന്റെ കാഠി​ന്യം അവരെ ബോധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കേ​ണ്ടത്‌ അവന്റെ കർത്തവ്യ​മാ​യി​രു​ന്നു. അവർ തിരസ്‌ക​രി​ച്ചത്‌ വെറു​മൊ​രു മനുഷ്യ​നെ​യ​ല്ലാ​യി​രു​ന്നു, ദൈവ​മായ യഹോ​വയെ ആയിരു​ന്നു! അങ്ങനെ​യാണ്‌ ശമൂവേൽ ഇസ്രാ​യേൽ ജനതയെ ഗിൽഗാ​ലിൽ വിളി​ച്ചു​കൂ​ട്ടി​യത്‌.

ഇസ്രാ​യേ​ല്യ​രെ സംബോ​ധന ചെയ്‌തു​കൊണ്ട്‌ ശമൂവേൽ സംസാ​രി​ച്ചു​തു​ടങ്ങി. വൃദ്ധനായ ശമൂവേൽ ആദ്യം തന്റെ വിശ്വസ്‌ത ജീവി​ത​ഗ​തി​യെ​ക്കു​റിച്ച്‌ ജനത്തെ അനുസ്‌മ​രി​പ്പി​ച്ചു. തുടർന്ന്‌, യഹോ​വ​യോട്‌ അമ്പരപ്പി​ക്കുന്ന ഒരു അപേക്ഷ നടത്തി. ഇടിയും മഴയും അയയ്‌ക്ക​ണ​മേ​യെന്ന്‌ അവൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു.—1 ശമൂവേൽ 12:17, 18.

വേനൽക്കാ​ലത്ത്‌ ഒരിക്ക​ലും അവിടെ ഇടിയും മഴയും ഉണ്ടായി​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ ശമൂ​വേ​ലി​ന്റെ അപേക്ഷ പലരി​ലും ചിരി​യു​ണർത്തി​യി​രി​ക്കാം. പക്ഷേ ഏവരെ​യും ഞെട്ടി​ച്ചു​കൊണ്ട്‌ ആകാശം പെട്ടെന്ന്‌ കറുത്തി​രു​ണ്ടു. ശക്തിയായ കാറ്റിൽ വയലേ​ലകൾ ആടിയു​ലഞ്ഞു. കാർമേ​ഘങ്ങൾ ഗർജിച്ചു. മഴ കോരി​ച്ചൊ​രി​ഞ്ഞു. ആളുക​ളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? “ജനമെ​ല്ലാം യഹോ​വ​യെ​യും ശമൂ​വേ​ലി​നെ​യും ഏറ്റവും ഭയപ്പെട്ടു.” ഒടുവിൽ തങ്ങളുടെ പാപത്തി​ന്റെ ഗൗരവം അവർ തിരി​ച്ച​റി​ഞ്ഞു!—1 ശമൂവേൽ 12:18, 19.

ശമൂ​വേ​ലല്ല, അവന്റെ ദൈവ​മായ യഹോ​വ​യാണ്‌ മത്സരി​ക​ളായ ആ ജനത്തെ അനുത​പി​ക്കാൻ പ്രേരി​പ്പി​ച്ചത്‌. ബാല്യം​മു​തൽ ജീവി​താ​വ​സാ​നം​വരെ ശമൂവേൽ തന്റെ ദൈവ​ത്തിൽ അടിയു​റച്ചു വിശ്വ​സി​ച്ചു. യഹോവ അവന്‌ പ്രതി​ഫലം നൽകു​ക​യും ചെയ്‌തു. യഹോവ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌. ശമൂ​വേ​ലി​നെ​പ്പോ​ലെ വിശ്വ​സ്‌ത​ത​യോ​ടെ തന്നെ സേവി​ക്കു​ന്ന​വരെ ഇന്നും അവൻ തുണയ്‌ക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a നാസീർവ്രതസ്ഥർ ലഹരി​പാ​നീ​യങ്ങൾ ഉപയോ​ഗി​ക്കു​ക​യോ മുടി മുറി​ക്കു​ക​യോ ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു. മിക്കവ​രും ഒരു നിശ്ചിത കാല​ത്തേ​ക്കാണ്‌ വ്രതം സ്വീക​രി​ച്ചി​രു​ന്നത്‌. എന്നാൽ, ശിം​ശോൻ, ശമൂവേൽ, സ്‌നാപക യോഹ​ന്നാൻ തുടങ്ങി​യവർ ആജീവ​നാ​ന്തം നാസീർവ്രതം അനുഷ്‌ഠി​ച്ച​വ​രാണ്‌.

b വിശുദ്ധമന്ദിരം ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള ഒരു നിർമി​തി ആയിരു​ന്നു; തടി​കൊ​ണ്ടുള്ള ചട്ടക്കൂ​ടിൽ തീർത്ത വലി​യൊ​രു കൂടാരം. നീർനാ​യ​ത്തോൽ, ചിത്ര​പ്പണി ചെയ്‌ത തുണി, സ്വർണ​ത്തി​ലും വെള്ളി​യി​ലും പൊതിഞ്ഞ വിലകൂ​ടിയ മരപ്പല​കകൾ എന്നിങ്ങനെ ഏറ്റവും മുന്തിയ സാമ​ഗ്രി​ക​ളാണ്‌ അതിന്റെ നിർമാ​ണ​ത്തി​നാ​യി ഉപയോ​ഗി​ച്ചത്‌. ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള ഒരു അങ്കണത്തി​ലാ​യി​രു​ന്നു ഈ വിശു​ദ്ധ​മ​ന്ദി​രം. യാഗങ്ങൾ അർപ്പി​ക്കാൻ സവി​ശേ​ഷ​മാ​യൊ​രു യാഗപീ​ഠ​വും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. കാലാ​ന്ത​ര​ത്തിൽ, പുരോ​ഹി​ത​ന്മാ​രു​ടെ ഉപയോ​ഗാർഥം കൂടാ​ര​ത്തി​ന്റെ വശങ്ങളിൽ അറകൾ നിർമി​ക്കു​ക​യു​ണ്ടാ​യി. ഇത്തര​മൊ​രു അറയി​ലാ​യി​രി​ക്കണം ശമൂവേൽ ഉറങ്ങി​യി​രു​ന്നത്‌.

c അത്തരം അനാദ​ര​വി​ന്റെ രണ്ട്‌ ഉദാഹ​ര​ണങ്ങൾ വിവര​ണ​ത്തിൽ കാണാം. യാഗവ​സ്‌തു​വി​ന്റെ ഏതു ഭാഗമാണ്‌ പുരോ​ഹി​തന്‌ അവകാ​ശ​പ്പെ​ട്ട​തെന്ന്‌ ന്യായ​പ്ര​മാ​ണ​ത്തിൽ വ്യക്തമാ​യി പറഞ്ഞി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 18:3) എന്നാൽ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ നീചരായ പുരോ​ഹി​ത​ന്മാർ മറ്റൊരു സമ്പ്രദാ​യം കൊണ്ടു​വന്നു: ആളുകൾ യാഗം കഴിക്കാൻ ഒരുങ്ങു​മ്പോൾ ഈ പുരോ​ഹി​ത​ന്മാർ അവരുടെ പരിചാ​ര​കരെ പറഞ്ഞു​വി​ടും. അവർ ചെന്ന്‌ അടുപ്പ​ത്തി​രി​ക്കുന്ന ഉരുളി​യിൽനിന്ന്‌ മുപ്പല്ലി​കൊണ്ട്‌ മാംസം കുത്തി​യെ​ടു​ക്കും. മുപ്പല്ലി​യിൽ പിടിച്ച നല്ല മാംസ​ക്ക​ഷ​ണങ്ങൾ അവർ പുരോ​ഹി​തന്‌ കൊണ്ടു​വന്നു കൊടു​ക്കും. മറ്റൊരു സമ്പ്രദാ​യ​വും അവർക്കു​ണ്ടാ​യി​രു​ന്നു: യാഗപീ​ഠ​ത്തി​ന്മേൽ യാഗവ​സ്‌തു ദഹിപ്പി​ക്കാൻ കൊണ്ടു​വ​രു​മ്പോൾ ഈ പുരോ​ഹി​ത​ന്മാർ ബാല്യ​ക്കാ​രെ അയച്ച്‌ യാഗം കഴിക്കാ​നെ​ത്തു​ന്ന​വരെ ഭീഷണി​പ്പെ​ടു​ത്തി, മേദസ്സ്‌ യഹോ​വ​യ്‌ക്കു കാഴ്‌ച​വെ​ക്കു​ന്ന​തി​നു​മു​മ്പു​തന്നെ പച്ചമാം​സം പിടി​ച്ചു​വാ​ങ്ങും.—ലേവ്യ​പു​സ്‌തകം 3:3-5; 1 ശമൂവേൽ 2:13-17.

[17-ാം പേജിലെ ചിത്രം]

ഭയമുണ്ടായിരുന്നെങ്കിലും ശമൂവേൽ യഹോ​വ​യിൽനി​ന്നുള്ള ന്യായ​വി​ധി സന്ദേശം ഏലിയെ അറിയി​ച്ചു

[18-ാം പേജിലെ ചിത്രം]

ശമൂവേൽ വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ച്ചു; ഇടിയും മഴയും അയച്ച്‌ യഹോവ ഉത്തരമ​രു​ളി