വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ആളുകൾ എന്നെക്കു​റിച്ച്‌ അപവാദം പറയു​മ്പോൾ എന്തു ചെയ്യും?

ആളുകൾ എന്നെക്കു​റിച്ച്‌ അപവാദം പറയു​മ്പോൾ എന്തു ചെയ്യും?

എന്തുകൊണ്ടാണ്‌ അതു മനസ്സിനെ വിഷമി​പ്പി​ക്കു​ന്നത്‌?

 ചില അപവാ​ദ​ങ്ങൾ വളരെ ദോഷം ചെയ്യു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ആരെങ്കി​ലും നിങ്ങളു​ടെ സത്‌പേര്‌ നശിപ്പി​ക്കാൻവേ​ണ്ടി മനഃപൂർവം ഒരു നുണ പറഞ്ഞു​പ​ര​ത്തി​യാൽ അതു നിങ്ങളെ ഒരുപാട്‌ വേദനി​പ്പി​ക്കും. ഇനി, പറഞ്ഞ കാര്യം അത്ര ഗൗരവ​മു​ള്ള​ത​ല്ലെ​ങ്കിൽപ്പോ​ലും നമുക്കു വിഷമം തോന്നി​യേ​ക്കാം. നിങ്ങ​ളോ​ടു വളരെ അടുപ്പ​മു​ള്ള ഒരാളാണ്‌ അതു പറഞ്ഞു​പ​ര​ത്തി​യ​തെ​ങ്കിൽപ്പി​ന്നെ പറയു​ക​യും വേണ്ടാ.—സങ്കീർത്ത​നം 55:12-14.

“എനിക്കു മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ഒരു ചിന്തയു​മി​ല്ലെന്ന്‌ എന്റെ ഒരു കൂട്ടു​കാ​രി വേറെ ഒരാ​ളോ​ടു പറഞ്ഞതാ​യി ഞാൻ അറിഞ്ഞു. അത്‌ എന്നെ ഒത്തിരി വേദനി​പ്പി​ച്ചു. അവൾ അതു പറഞ്ഞത്‌ എന്തിനാ​ണെ​ന്നു എനിക്കു മനസ്സി​ലാ​യി​ല്ല.”ആഷ്‌ലി.

വാസ്‌തവം: അപവാദം പറയു​ന്ന​യാൾ അടുത്ത കൂട്ടു​കാ​ര​നാ​ണെ​ങ്കി​ലും അല്ലെങ്കി​ലും മറ്റുള്ളവർ നിങ്ങ​ളെ​ക്കു​റിച്ച്‌ മോശ​മാ​യ കാര്യങ്ങൾ പറയുന്നു എന്ന്‌ അറിയു​ന്നത്‌ അത്ര സുഖമുള്ള കാര്യമല്ല.

ഒരു ദുഃഖ​സ​ത്യം—അപവാ​ദ​ങ്ങ​ളെ തടയാ​നാ​കി​ല്ല

 ആളുകൾ നിങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​തി​നു പല കാരണങ്ങൾ കാണും. അവയിൽ ചിലതാണ്‌ താഴെ പറഞ്ഞി​രി​ക്കു​ന്നത്‌:

ആത്മാർഥമായ താത്‌പ​ര്യം. മനുഷ്യർ സാമൂ​ഹ്യ​ജീ​വി​ക​ളാണ്‌. അതു​കൊണ്ട്‌ നമ്മൾ മറ്റുള്ള​വ​രോ​ടും മറ്റുള്ള​വ​രെ​ക്കു​റി​ച്ചും ഒക്കെ സംസാ​രി​ക്കു​ന്ന​തു സ്വാഭാ​വി​ക​മാണ്‌. ഒരുപ​രി​ധി​വ​രെ “മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം” എന്നാണ്‌ ബൈബി​ളും നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌.—ഫിലി​പ്പി​യർ 2:4.

“മറ്റ്‌ ആളുക​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​താണ്‌ ഏറ്റവും രസമു​ള്ളൊ​രു കാര്യം!”ബിയാങ്ക.

“മറ്റുള്ള​വ​രു​ടെ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയുക, അതു വേറെ ആളുക​ളോ​ടു പറയുക ഇതൊക്കെ എനിക്ക്‌ ഇഷ്ടമുള്ള കാര്യ​ങ്ങ​ളാണ്‌; ഞാൻ അതു സമ്മതി​ക്കു​ന്നു! അത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ചോദി​ച്ചാൽ എനിക്ക്‌ അറിയില്ല! ഒരു രസം!”—കെയ്‌റ്റി.

ബോറടി മാറ്റാൻ. ബൈബിൾക്കാ​ല​ങ്ങ​ളിൽ, ചില ആളുകൾ “പുതു​മ​യു​ള്ള കാര്യങ്ങൾ കേൾക്കാ​നും പറയാ​നും ആണ്‌ ഒഴിവു​സ​മ​യ​ങ്ങൾ മുഴുവൻ ചെലവ​ഴി​ച്ചി​രു​ന്നത്‌.” (പ്രവൃത്തികൾ 17:21) ഇന്നും അങ്ങനെ​യു​ള്ള ആളുക​ളുണ്ട്‌!

“ഒന്നും ചെയ്യാ​നി​ല്ലാ​തെ ഇരിക്കു​മ്പോൾ, ആളുകൾത്ത​ന്നെ എന്തെങ്കി​ലും കഥക​ളൊ​ക്കെ മെനഞ്ഞ്‌ അങ്ങോ​ട്ടും ഇങ്ങോ​ട്ടും പറയും.”ജൊവാന.

ആത്മവിശ്വാസക്കുറവ്‌. മറ്റുള്ള​വ​രു​മാ​യി നമ്മളെ താരത​മ്യം ചെയ്യാ​നു​ള്ള പ്രവണ​തയ്‌ക്കെ​തി​രെ ബൈബിൾ മുന്നറി​യി​പ്പു തരുന്നു. (ഗലാത്യർ 6:4) ആത്മവി​ശ്വാ​സ​മി​ല്ലാ​ത്ത ചില ആളുകൾ തങ്ങളുടെ കുറവു​ക​ളെ മറയ്‌ക്കാൻ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ അപവാ​ദ​ങ്ങൾ പറഞ്ഞു​പ​ര​ത്തും.

“അപവാ​ദ​ങ്ങൾ, അവ പറഞ്ഞു​പ​ര​ത്തു​ന്ന ആളെക്കു​റിച്ച്‌ പലതും വെളി​പ്പെ​ടു​ത്തും. അവർ ആരെക്കു​റി​ച്ചാ​ണോ അപവാദം പറയു​ന്നത്‌ ആ ആളോട്‌ അവർക്ക്‌ ഉള്ളി​ന്റെ​യു​ള്ളിൽ അസൂയ​യു​ണ്ടെ​ന്നാണ്‌ അതിനർഥം. എന്തു​കൊ​ണ്ടും അയാ​ളെ​ക്കാൾ മെച്ചം ഞാൻത​ന്നെ​യാ​ണെ​ന്നു വരുത്തി​ത്തീർക്കാൻ അവർ മറ്റേയാ​ളെ കരിവാ​രി​ത്തേ​ക്കു​ന്നു.”ഫിൽ.

വാസ്‌തവം: നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും, ആളുകൾ നിങ്ങ​ളെ​ക്കു​റി​ച്ചും മറ്റുള്ള​വ​രെ​ക്കു​റി​ച്ചും ഒക്കെ സംസാ​രി​ക്കും.

സന്തോഷകരമായ കാര്യം—അപവാ​ദ​ങ്ങൾക്ക്‌ ഇരയാ​കു​മ്പോൾ തളർന്നു​പോ​കാ​തെ നേരി​ടാ​നാ​കും

 അപവാദങ്ങളെല്ലാം തടയാൻ നിങ്ങൾക്കാ​വി​ല്ല. പക്ഷേ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്ക​ണം എന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം. നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തെങ്കി​ലും അപവാദം പ്രചരി​ക്കു​ന്ന​താ​യി അറിഞ്ഞാൽ നിങ്ങളു​ടെ മുന്നിൽ രണ്ടു വഴിക​ളാ​ണു​ള്ളത്‌.

ഒന്നാമത്തെ മാർഗം: പ്രശ്‌നം വിട്ടു​ക​ള​യു​ക. പലപ്പോ​ഴും ഏറ്റവും നല്ല പരിഹാ​ര​മാർഗം അപവാ​ദ​ത്തെ മൈൻഡ്‌ ചെയ്യാ​തി​രി​ക്കു​ന്ന​താണ്‌. പ്രത്യേ​കി​ച്ചും, ആ അപവാ​ദ​ത്തിൽ കഴമ്പൊ​ന്നു​മി​ല്ലെ​ങ്കിൽ. “പെട്ടെന്നു നീരസ​പ്പെ​ട​രുത്‌” എന്ന ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കു​ക.—സഭാ​പ്ര​സം​ഗ​കൻ 7:9.

“ഞാൻ ഒരിക്കൽപ്പോ​ലും കണ്ടിട്ടി​ല്ലാ​ത്ത ഒരു പയ്യനു​മാ​യി ഞാൻ പ്രേമ​ത്തി​ലാ​ണെന്ന്‌ ആരോ പറഞ്ഞു​പ​ര​ത്തി! അതു കേട്ട​പ്പോൾ ശരിക്കും പൊട്ടി​ച്ചി​രി​ക്കാ​നാ തോന്നി​യത്‌! ഞാൻ അതു കേട്ടതാ​യി​പ്പോ​ലും ഭാവി​ച്ചി​ല്ല.”എലീസെ.

“അപവാ​ദ​ത്തെ നേരി​ടാ​നു​ള്ള ഏറ്റവും നല്ല ആയുധ​മാണ്‌ സത്‌പേര്‌. നിങ്ങൾക്ക്‌ ഒരു നല്ല പേരു​ണ്ടെ​ങ്കിൽ, നിങ്ങ​ളെ​പ്പ​റ്റി അപവാ​ദ​ങ്ങൾ പ്രചരി​ച്ചാ​ലും ആരും അതു വിശ്വ​സി​ക്കി​ല്ല. സത്യമേ ജയിക്കൂ.”അലിസെൻ.

ചെയ്യാനാകുന്നത്‌: (1) നിങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞു കേട്ട കാര്യ​വും (2) അതു കേട്ട​പ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി​യെ​ന്നും എഴുതി​വെ​ക്കു​ക. ആ കാര്യം ‘മനസ്സിൽ പറഞ്ഞു​ക​ഴി​യു​മ്പോൾ’ അതു വിട്ടു​ക​ള​യാൻ എളുപ്പ​മാ​യി​രി​ക്കും.—സങ്കീർത്ത​നം 4:4.

രണ്ടാമത്തെ മാർഗം: അപവാദം പറഞ്ഞു​ണ്ടാ​ക്കി​യ ആളെ നേരിൽക്കണ്ട്‌ സംസാ​രി​ക്കു​ക. ചില അപവാ​ദ​ങ്ങൾ വളരെ ഗൗരവ​മർഹി​ക്കു​ന്ന​താ​യി​രി​ക്കും. അങ്ങനെ​യു​ള്ള സാഹച​ര്യ​ത്തിൽ അതു പറഞ്ഞു​ണ്ടാ​ക്കി​യ ആളെ നേരിൽക്കണ്ട്‌ സംസാ​രി​ക്കേ​ണ്ടി വന്നേക്കാം.

“നിങ്ങ​ളെ​ക്കു​റിച്ച്‌ അപവാദം പറഞ്ഞവരെ നേരിൽക്കണ്ട്‌ സംസാ​രി​ച്ചാൽ രണ്ടു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ഒന്ന്‌, അവർ പറഞ്ഞു​പ​ര​ത്തു​ന്ന കാര്യങ്ങൾ ഒടുവിൽ നമ്മുടെ ചെവി​യി​ലും എത്തു​മെന്ന്‌ അവർക്കു മനസ്സി​ലാ​കും. രണ്ട്‌, പ്രശ്‌നം ചില​പ്പോൾ പറഞ്ഞു​തീർക്കാ​നും പറ്റും.”—എലീസെ.

നിങ്ങളെക്കുറിച്ച്‌ അപവാദം പറഞ്ഞവരെ നേരിൽക്കാ​ണു​ന്ന​തി​നു മുമ്പ്‌ താഴെ​പ്പ​റ​യു​ന്ന ബൈബിൾത​ത്ത്വ​ങ്ങ​ളെ​യും ചോദ്യ​ങ്ങ​ളെ​യും കുറിച്ച്‌ നന്നായി ചിന്തി​ക്കു​ക.

  • “വസ്‌തു​ത​ക​ളെ​ല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്ന​തു വിഡ്‌ഢി​ത്തം.” (സുഭാഷിതങ്ങൾ 18:13) ‘കാര്യ​ങ്ങ​ളു​ടെ സത്യാവസ്ഥ എനിക്കു ശരിക്കും അറിയാ​മോ? ആ അപവാ​ദ​ത്തെ​ക്കു​റിച്ച്‌ എന്നോടു പറഞ്ഞയാൾക്ക്‌ എന്തെങ്കി​ലും തെറ്റു പറ്റിയ​താ​ണോ? കേട്ട കാര്യങ്ങൾ അയാൾ തെറ്റി​ദ്ധ​രി​ച്ച​താ​യി​രി​ക്കു​മോ?’

  • “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌, പെട്ടെന്നു കോപി​ക്കു​ക​യു​മ​രുത്‌.” (യാക്കോബ്‌ 1:19) ‘അപവാദം പറഞ്ഞയാ​ളോ​ടു സംസാ​രി​ക്കാൻ പറ്റിയ സമയമാ​ണോ ഇപ്പോൾ? ഞാൻ വികാ​ര​പ​ര​മാ​യല്ല ഈ കാര്യത്തെ കൈകാ​ര്യം ചെയ്യു​ന്ന​തെന്ന്‌ ഉറപ്പാ​ണോ? ദേഷ്യ​വും സങ്കടവും ഒക്കെ ഒന്ന്‌ ആറിത്ത​ണു​ക്കു​ന്ന​തു​വ​രെ കാത്തി​രി​ക്കു​ന്ന​താ​ണോ ബുദ്ധി?’

  • “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെ​ന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കും ചെയ്‌തു​കൊ​ടു​ക്ക​ണം.” (മത്തായി 7:12) ‘അയാളു​ടെ സ്ഥാനത്ത്‌ ഞാനാ​യി​രു​ന്നെ​ങ്കിൽ എന്നോട്‌ എങ്ങനെ പെരു​മാ​റാ​നാ​യി​രി​ക്കും ഞാൻ പ്രതീ​ക്ഷി​ക്കു​ന്നത്‌? പ്രശ്‌നം എങ്ങനെ ചർച്ച ചെയ്യാ​നാ​യി​രി​ക്കും ഞാൻ ഇഷ്ടപ്പെ​ടു​ന്നത്‌? എങ്ങനെ​യു​ള്ള സംസാ​ര​വും പെരു​മാ​റ്റ​വും ആയിരി​ക്കും കൂടുതൽ ഗുണം ചെയ്യുക?’

ചെയ്യാനാകുന്നത്‌: അപവാദം പറഞ്ഞയാ​ളെ നേരിൽക്കാ​ണു​ന്ന​തി​നു മുമ്പ്‌, അദ്ദേഹ​ത്തോട്‌ എന്താണ്‌ പറയാൻ ഉദ്ദേശി​ക്കു​ന്ന​തെന്ന്‌ എഴുതി​വെ​ക്കു​ക. എന്നിട്ട്‌ ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞ്‌ വീണ്ടും അതു വായി​ച്ചു​നോ​ക്കു​ക. എന്തെങ്കി​ലും മാറ്റം വരുത്ത​ണോ എന്നു ചിന്തി​ക്കു​ക. മാതാ​പി​താ​ക്ക​ളോ​ടോ പക്വത​യു​ള്ള ഒരു സുഹൃ​ത്തി​നോ​ടോ ഇതെക്കു​റിച്ച്‌ ചർച്ച ചെയ്യുക. അവർക്കു പറയാ​നു​ള്ള​തു കേൾക്കുക.

വാസ്‌തവം: ജീവി​ത​ത്തി​ലെ പല കാര്യ​ങ്ങ​ളും നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ലല്ല. അപവാ​ദ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും അതു സത്യമാണ്‌. ആളുകൾ പറയുന്ന അപവാ​ദ​ങ്ങ​ളൊ​ന്നും നമുക്കു നിയ​ന്ത്രി​ക്കാ​നാ​വി​ല്ല. അപവാ​ദ​ങ്ങൾ നമ്മളെ നിയ​ന്ത്രി​ക്കാൻ നമ്മൾ അനുവ​ദി​ക്കു​ക​യും ചെയ്യരുത്‌.